സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ബാന്‍ഡുകളും സ്മാര്‍ട്ട് റിങുകളും അടക്കിവാഴുന്ന വിപണിയിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു ഉപകരണവുമായി എത്തിയിരിക്കുകയാണ് സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍. 'ടെമ്പിള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഗാഡ്ജെറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാസങ്ങളായി അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ഉപകരണം ഉടന്‍ തന്നെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്താണ് ടെമ്പിള്‍?
നെറ്റിക്കും ചെവിക്കും ഇടയിലുള്ള തലയുടെ ഭാഗത്താണ് ഈ ചെറിയ ഉപകരണം ധരിക്കുന്നത്. തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ കഴിയുന്ന, കായികതാരങ്ങള്‍ക്കായുള്ള മികച്ച ട്രാക്കറായാണ് കമ്പനി ഇതിനെ അവതരിപ്പിക്കുന്നത്. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു അടക്കമുള്ള പ്രമുഖ കായികതാരങ്ങള്‍ നിലവില്‍ ഇത് ധരിച്ച് പരിശീലനം നടത്തുന്നുണ്ട്. ദീപിന്ദര്‍ ഗോയലിന്റെ ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ ടെമ്പിളിന് കീഴില്‍ പരീക്ഷണ ഘട്ടത്തിലായിരുന്നു ഈ ഉപകരണം.
രാജ് ഷമാനി നടത്തുന്ന 'ഫിഗറിങ് ഔട്ട്' പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോഴാണ് ദീപിന്ദര്‍ ഗോയല്‍ ആദ്യമായി ഈ ഉപകരണം പരസ്യമായി ധരിച്ചത്. ഉപകരണത്തിന്റെ വലിപ്പം പകുതിയായി കുറച്ചതായും കൂടുതല്‍ മികച്ച പതിപ്പാണ് ഇനി വരാനിരിക്കുന്നതെന്നും എക്സിലെ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. വിപണിയിലെ ഏറ്റവും ചെറിയ വെയറബിള്‍ ഉപകരണമാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. 'ടെമ്പിളിനൊപ്പമുള്ള ജീവിതവും പരിശീലനവും നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കും', ഗോയല്‍ കുറിച്ചു.
പ്രവര്‍ത്തനം എങ്ങനെ?
കൈത്തണ്ടയില്‍ അണിയുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ നിന്ന് വ്യത്യസ്തമായി തലച്ചോറിലെ രക്തയോട്ടം, ഓക്‌സിജന്റെ അളവ്, ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ എന്നിവ കൃത്യമായി മനസിലാക്കാന്‍ തലയുടെ വശങ്ങളിലുള്ള ഭാഗമാണ് ഏറ്റവും അനുയോജ്യമെന്ന് കമ്പനി പറയുന്നു. തലച്ചോറിലെയും ശരീരത്തിലെയും മാറ്റങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഇതിന് സാധിക്കും. വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം, വിശ്രമം, ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയം എന്നിവയിലെല്ലാം ശരീരത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഇതിലൂടെ തിരിച്ചറിയാം.
ടെമ്പിള്‍ ഉപകരണത്തിന്റെ പ്രധാന സവിശേഷതയായി ദീപിന്ദര്‍ ഗോയല്‍ ചൂണ്ടിക്കാണിക്കുന്നത് 'എന്‍ട്രോപ്പി' എന്ന ബയോമാര്‍ക്കറാണ്. 'ശരീരത്തെ ജീവനോടെ നിലനിര്‍ത്താന്‍ ഓരോ സെക്കന്‍ഡിലും നല്‍കേണ്ടിവരുന്ന തത്സമയ വിലയാണ് എന്‍ട്രോപ്പി', ഗോയല്‍ വിശദീകരിച്ചു. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങള്‍ എന്നിവയാണ് ഇത് അളക്കുന്നത്. ഉറക്കം, മാനസിക സമ്മര്‍ദ്ദം, വ്യായാമം, ഭക്ഷണം, ധ്യാനം, ഐസ് ബാത്ത് എന്നിവയെല്ലാം എന്‍ട്രോപ്പിയെ സ്വാധീനിക്കുന്നു.
ആദ്യ ഘട്ടത്തില്‍ 100 ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായി നല്‍കിയിരുന്നു. തുടര്‍ന്നുള്ള ലിമിറ്റഡ് എഡിഷന്‍ പ്രീ-ഓര്‍ഡറുകള്‍ ഉടന്‍ ആരംഭിക്കുമെന്നും 2026 അവസാനത്തോടെ വിതരണം ചെയ്യുമെന്നും ഗോയല്‍ വ്യക്തമാക്കി. ഉപകരണത്തിന്റെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ 72,000 രൂപയോളമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഏകദേശം 1,000 ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ 1 ലക്ഷം രൂപ) ആയിരിക്കും ടെമ്പിളിന്റെ വിലയെന്നാണ് സൂചന.
Zomato founder Deepinder Goyal is preparing to launch a new wearable device called Temple, designed to monitor both brain and body activity. Unlike smartwatches, fitness bands and smart rings, the small device is worn on the side of the head between the forehead and ear. Developed under Goyal's health-tech startup Temple, the device is aimed particularly at athletes and fitness enthusiasts. Badminton star P. V. Sindhu is among the athletes reported to be testing the device during training. The company says the location of the device allows it to monitor factors such as blood flow, oxygen levels and the body's rapid physiological responses.