സ്ഥാപനങ്ങളിലെയും തൊഴിലിടങ്ങളിലെയും സങ്കീര്‍ണ്ണവും ഘട്ടംഘട്ടമായതുമായ ജോലികള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന 'ജെമിനി 4 നിയോണ്‍' (Gemini 4 Neon) എന്ന പുതിയ എ ഐ മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി ആപ്പില്‍ ജെമിനി 4 ആര്‍ഗണിന് പകരമായി ഈ മോഡല്‍ എത്തുകയും ജെമിനി 3.1 പ്രോ മോഡല്‍ ഗൂഗിള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. കോഡിംഗ്, ഡാറ്റാ അനാലിസിസ്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് ജെമിനി 4 നിയോണ്‍ ലക്ഷ്യംവെക്കുന്നത്.
സ്വതന്ത്ര ബെഞ്ച്മാര്‍ക്കിങ് പ്ലാറ്റ്ഫോമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡക്സില്‍ 61 സ്കോറോടെ മൂന്നാം സ്ഥാനത്ത് എത്താന്‍ ജെമിനി 4 നിയോണിന് കഴിഞ്ഞുവെന്നു ഗൂഗിള്‍ അറിയിച്ചു. വാല്‍സ് ഇന്‍ഡക്സില്‍ രണ്ടാം സ്ഥാനം നേടിയ ഈ മോഡല്‍, നിയമ ഗവേഷണം, നികുതി സംബന്ധമായ ജോലികള്‍ എന്നിവയ്ക്കുള്ള ബെഞ്ച്മാര്‍ക്കുകളില്‍ ഒന്നാമതെത്തി. ഒരു ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഉപയോക്താവ് നിര്‍ദ്ദേശങ്ങള്‍ മാറ്റുകയോ തിരുത്തുകയോ ചെയ്യുമ്പോള്‍ അതിനനുസരിച്ച് വേഗത്തില്‍ പൊരുത്തപ്പെടാനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ ഏജന്റ് അരീന ഇന്‍ഡക്സില്‍ നിയോണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, ഘട്ടംഘട്ടമായ ജോലികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയോണ്‍ മികച്ചുനില്‍ക്കുന്നുവെന്നും തെറ്റായ വിവരങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുക്കുന്ന നിരക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും കുറവാണെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
വേഗതയും ചെലവുചുരുക്കലും
ജെമിനി 4 കാര്‍ബണിനേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ നിയോണിന് കഴിയുമെന്നും അതിനാല്‍ തന്നെ മൊത്തത്തിലുള്ള ചെലവ് 60 ശതമാനം കുറയ്ക്കാന്‍ ജെമിനി 4 നിയോണിന് സാധിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. വിവിധ ഫോര്‍മാറ്റുകളിലുള്ള വ്യത്യസ്ത രേഖകള്‍ ഉള്‍പ്പെടുന്ന സങ്കീര്‍ണ്ണമായ തൊഴിലിടങ്ങളിലെ ജോലികള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഈ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. പി.ഡി.എഫുകള്‍, ചാര്‍ട്ടുകള്‍, ഓഡിയോ, വീഡിയോ എന്നിവ വിശകലനം ചെയ്യാനും ഇവയെല്ലാം ഒരുമിച്ച് പരിശോധിച്ച് സാമ്പത്തിക മോഡലുകള്‍, റിപ്പോര്‍ട്ടുകള്‍, ഗവേഷണ രേഖകള്‍ എന്നിവയായി മാറ്റാനും ഇതിന് കഴിയും. ഒരേസമയം 10 ലക്ഷം ടോക്കണുകള്‍ വരെയുള്ള വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിക്കുന്നത് സ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ബിസിനസുകള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍
ഫിനാന്‍സ്, അക്കൗണ്ടിങ്, സ്പ്രെഡ്ഷീറ്റ് മോഡലിങ് തുടങ്ങിയ മേഖലകളിലും മോഡല്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സാമ്പത്തിക രേഖകള്‍ വിശകലനം ചെയ്യാനും നികുതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും നിയമരേഖകള്‍ ഗവേഷണം ചെയ്യാനും സങ്കീര്‍ണ്ണമായ സ്പ്രെഡ്ഷീറ്റുകള് നിര്‍മ്മിക്കാനും ആഗ്രഹിക്കുന്ന വിവിധ ബിസിനസുകള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. സങ്കീര്‍ണ്ണമായ ചാര്‍ട്ടുകളും ഗ്രാഫുകളും വായിക്കാനും വിശദമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിയോണിന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.
ഏജന്റ് വര്ക്ക്ഫ്ളോകളും ഗവേഷണ മികവും
ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ഏജന്റ് വര്ക്ക്ഫ്ളോകള്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ മോഡല്‍. സങ്കീര്‍ണ്ണവും നിരവധി ടൂളുകള്‍ ആവശ്യമുള്ളതുമായ ജോലികള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചെയ്യുമ്പോള്‍ പ്രകടനം നിലനിര്‍ത്താന്‍ മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. അനാവശ്യമായ ഫയല്‍ വായനകള്‍ കുറയ്ക്കാനും ജോലി ചെയ്യുന്നതിനനുസരിച്ച് പുരോഗതി ഉപയോക്താക്കളെ അറിയിക്കാനും ദീര്‍ഘമായ സെഷനുകളില്‍ വിവരങ്ങള്‍ കൃത്യമായി സംഗ്രഹിച്ചു സൂക്ഷിക്കാനും ഇതിന് കഴിയും. ഡെവലപ്പര്‍മാര്‍ക്കും ഗവേഷകര്‍ക്കും ഈ വിഭാഗത്തിലെ മറ്റ് മുന്‍നിര മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് നിയോണ്‍ നല്‍കുന്നത് എന്നും ഗൂഗിള്‍ അവകാശപ്പെട്ടു.
സൗജന്യ ജെമിനി പ്ലാനില്‍ ജെമിനി 4 നിയോണ്‍ ലഭ്യമല്ല. ജെമിനി എ.പി.ഐയുടെ പെയ്ഡ് ടയറിലൂടെ ജെമിനി 4 നിയോണ്‍ ലഭ്യമാകും. 10 ലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 3മൂന്നു ഡോളറും 10 ലക്ഷം ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 15 ഡോളറുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പ്രോസസ്സ് ചെയ്ത വിവരങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ സഹായിക്കുന്ന കാഷ്ഡ് ഇന്‍പുട്ടിന് 10 ലക്ഷം ടോക്കണുകള്‍ക്ക് 0.15 ഡോളറാണ് നിരക്ക്. ജെമിനി ആപ്പിലൂടെയും ഗൂഗിള്‍ ആന്റിഗ്രാവിറ്റിയിലൂടെയും ഗൂഗിള്‍ എ ഐ പ്രോ, അള്‍ട്രാ വരിക്കാര്‍ക്കും ഈ മോഡല്‍ ലഭ്യമാകും. ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ എ ഐ സ്റ്റുഡിയോ വഴിയും ബിസിനസുകള്‍ക്ക് ജെമിനി ഫോര്‍ ബിസിനസ് വഴിയും ഇത് ഉപയോഗിക്കാം.
Google has introduced Gemini 4 Neon, a new AI model designed to handle complex, multi-step workplace tasks more efficiently. The model focuses on improving performance in coding, data analysis, financial modelling, legal research and other business applications. According to Google, Gemini 4 Neon secured third place on the Artificial Intelligence Index with a score of 61 and second place on the Vals Index. It also performed strongly in benchmarks for legal research and tax-related tasks. Google claims the model can process information three times faster than Gemini 4 Carbon while reducing overall costs by 60%.