സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മെറ്റ 'ഡോണ്ട് ആസ്‌ക്, ഡോണ്ട് ടെല്‍' (ചോദിക്കരുത്, പറയരുത്) എന്ന തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മെറ്റ മുന്‍ സേഫ്റ്റി എന്‍ജിനീയറും വിസില്‍ബ്ലോവറുമായ അര്‍തുറോ ബെജാര്‍ യുഎസ് കോടതിയില്‍. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കമ്പനിക്കെതിരെ നടന്ന ചരിത്രപരമായ കേസിന്റെ വിചാരണയ്ക്കിടെയാണ് അദ്ദേഹം ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നുവെന്നും ലൈംഗിക വേട്ടക്കാരുടെ കണ്ടന്റുകളും അക്രമാസക്തവും ഭയപ്പെടുത്തുന്നതുമായ ഗ്രാഫിക് ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അര്‍തുറോ ബെജാര്‍ പറഞ്ഞു. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉന്നത ഉദ്യോഗസ്ഥരെ ഈ വിഷയം പലതവണ ധരിപ്പിച്ചിട്ടും അത് പരിഹരിക്കാന്‍ അവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ നൂറിലധികം തവണ നേരിട്ട് കണ്ട് വിശദീകരിച്ചിട്ടുണ്ടെന്ന് ബെജാര്‍ പറഞ്ഞു. 2021-ല്‍ സക്കര്‍ബര്‍ഗിന് അയച്ച ഇമെയിലില്‍, ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഹാനികരമായ ഉള്ളടക്കങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചും അത് കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലാഭത്തേക്കാള്‍ സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് സക്കര്‍ബര്‍ഗ് പരസ്യമായി പ്രസ്താവിച്ചതിന് ശേഷമാണ് താന്‍ ഈ ഇമെയില്‍ അയച്ചതെന്ന് ബെജാര്‍ കൂട്ടിച്ചേര്‍ത്തു.
'യുവതലമുറയോടുള്ള ഫേസ്ബുക്കിന്റെ പ്രതിബദ്ധതയെക്കുറിച്ച് അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ഒരു പ്രതിച്ഛായയാണ് സൃഷ്ടിച്ചതെന്ന് എനിക്ക് തോന്നി,' ബെജാര്‍ കോടതിയില്‍ പറഞ്ഞു. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരു വിഷയം പരിഗണിച്ചാല്‍ അത് വേഗത്തില്‍ നടപ്പാക്കും എന്ന അനുഭവപരിചയം ഉള്ളത് കൊണ്ടാണ് ഈ റിപ്പോര്‍ട്ടുകള്‍ താന്‍ നേരിട്ട് അദ്ദേഹത്തിന് അയച്ചതെന്നും എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും ബെജാര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പരസ്യങ്ങളെ ആശ്രയിച്ചുള്ള മെറ്റയുടെ വരുമാന രീതിയെക്കുറിച്ചും ബെജാര്‍ വിശദീകരിച്ചു. ഉപയോക്താക്കളെ തുടര്‍ച്ചയായി പ്ലാറ്റ്ഫോമുകളില്‍ നിലനിര്‍ത്തുന്ന 'ഇന്‍ഫിനിറ്റ് സ്‌ക്രോള്‍' പോലുള്ള ഫീച്ചറുകള്‍ കമ്പനിക്ക് വലിയ ലാഭമുണ്ടാക്കിക്കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പരസ്യങ്ങള്‍ കാണിക്കുകയും അതിലൂടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
തന്റെ സ്വന്തം മകള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നേരിടേണ്ടി വന്ന അപമാനകരമായ അനുഭവങ്ങളാണ് ഈ വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കൗമാരക്കാരായ ഉപയോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ 51% പേരും കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മോശമായ അനുഭവങ്ങള്‍ നേരിട്ടതായി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 0.02% പരാതികളില്‍ മാത്രമാണ് നടപടിയുണ്ടായതെന്നും ഈ വിവരങ്ങള്‍ താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നതായും ബെജാര്‍ വെളിപ്പെടുത്തി.
യുഎസിലെ ഓക്ലാന്‍ഡില്‍ ആരംഭിച്ച ഫെഡറല്‍ വിചാരണയില്‍ സാക്ഷിപ്പട്ടികയില്‍ ആദ്യം ഹാജരായത് ബെജാര്‍ ആണ്. കുട്ടികളെ പ്ലാറ്റ്ഫോമുകളില്‍ എത്തിച്ച് കൂടുതല്‍ സമയം അവിടെ തുടരാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതിനും മാതാപിതാക്കളുടെ അനുമതിയില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിനും 29 യുഎസ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാര്‍ ചേര്‍ന്നാണ് മെറ്റയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും എന്നാല്‍ മെറ്റ തങ്ങളുടെ പങ്കു നിര്‍വഹിച്ചില്ലെന്നും കാലിഫോര്‍ണിയ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ മേഗന്‍ ഒ നീല്‍ വാദത്തിനിടെ പറഞ്ഞു. സക്കര്‍ബര്‍ഗ്, ഇന്‍സ്റ്റാഗ്രാം സി.ഇ.ഒ ആദം മോസേരി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദ്ധര്‍ എന്നിവരെ വരും ദിവസങ്ങളില്‍ വിസ്തരിക്കും. ഏകദേശം ആറാഴ്ചയോളം വിചാരണ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മെറ്റ നിഷേധിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ അത് പരിഹരിക്കാനുള്ള ടൂളുകള്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും മെറ്റയുടെ അഭിഭാഷകന്‍ പോള്‍ സ്മിത്ത് പറഞ്ഞു. 13 വയസ്സിന് താഴെയുള്ള കുട്ടികളെ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കാറില്ലെന്നും ഇത്തരം ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വിചാരണയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഏകദേശം 200 ബില്യണ്‍ ഡോളര്‍ വരെ പിഴയായി മെറ്റ നല്‍കേണ്ടി വരും. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ പ്ലാറ്റ്‌ഫോമുകളുടെ ഘടന മാറ്റുകയും വേണം. ഇത് കമ്പനിയുടെ ബിസിനസ് മോഡലിനെ കാര്യമായി ബാധിച്ചേക്കാം.
Former Meta safety engineer and whistleblower Arturo Bejar has told a US federal court that the company allegedly followed a “don’t ask, don’t tell” approach toward child safety on its social media platforms. Testifying in a landmark case against Meta, Bejar said the company was aware of harmful content affecting children and teenagers, including content linked to sexual predators, violence and disturbing graphic material, but failed to take adequate action. Bejar said he repeatedly raised concerns with senior Facebook and Instagram executives and had directly discussed platform safety issues with Meta CEO Mark Zuckerberg on numerous occasions. He also reportedly sent Zuckerberg an email in 2021 warning about harmful experiences on Facebook and Instagram and their potential impact on teenagers' mental health, but said he received no response.