Technology

'സീറോ-ക്ലിക്ക്' സ്‌പൈവെയറുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളെ ആയുധങ്ങളാകുന്നു, ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ചോര്‍ത്താം; മുന്നറിയിപ്പുമായി സിറ്റിസണ്‍ ലാബ്

സാധാരണയായ കസ്റ്റം പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ, ഉപയോക്താവിന്റെ ഐഡന്റിറ്റിയും ഐപി വിലാസവും ശേഖരിക്കാന്‍ കണ്‍ട്രോളിയത്തിന് സാധിക്കും. 'അല്‍ ജസീറ'യിലെ മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നു ഈ രീതിയില്‍ വിവരങ്ങള്‍ ചോര്‍ത്തി

Madism Desk

നമ്മള്‍ അനുദിനം കാണുന്ന സാധാരണ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വ്യക്തികളെ രഹസ്യമായി നിരീക്ഷിക്കാനും അവരുടെ വിവരങ്ങള്‍ ചോര്‍ത്താനുമുള്ള മാരക സാങ്കേതികവിദ്യയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ഇസ്രായേലി പരസ്യ ഏജന്‍സി ദശലക്ഷക്കണക്കിന് ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ 'സീറോ-ക്ലിക്ക്' സ്‌പൈവെയറുകള്‍ വ്യക്തികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സ്ഥാപിച്ചതായി ടൊറന്റോ സര്‍വകലാശാലയിലെ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിസര്‍ച്ച് യൂണിറ്റായ 'സിറ്റിസണ്‍ ലാബ്' നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ 'അല്‍ ജസീറ'യിലെ ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നു ഈ രീതിയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സിറ്റിസണ്‍ ലാബ് പറയുന്നു. 'ഡിസ്‌കവര്‍-ടെക്' എന്ന ഡിജിറ്റല്‍ പരസ്യ ഏജന്‍സി വികസിപ്പിച്ച 'കണ്‍ട്രോളിയം' എന്ന സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമാണ് ഈ സുരക്ഷാ ഭീഷണിക്ക് പിന്നില്‍. സാധാരണയായി ഏതെങ്കിലും ലിങ്കുകളിലോ ഫയലുകളിലോ ക്ലിക്ക് ചെയ്യുമ്പോഴാണ് ഫോണുകളിലും കമ്പ്യൂട്ടറുകളിലും സ്‌പൈവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാറുള്ളത്. എന്നാല്‍, ഉപയോക്താവിന്റെ യാതൊരുവിധ ഇടപെടലുമില്ലാതെ, നിമിഷങ്ങള്‍ക്കുള്ളില്‍ ഡിവൈസുകളെ ബാധിക്കാന്‍ കഴിയും എന്നതാണ് സീറോ-ക്ലിക്ക് സാങ്കേതികവിദ്യയുടെ പ്രത്യേകത.

ഡിജിറ്റല്‍ ഗെയിമുകള്‍ അല്ലെങ്കില്‍ ടെലികോം സേവനങ്ങള്‍ പോലെയുള്ള സാധാരണയായ കസ്റ്റം പരസ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ, ഉപയോക്താവിന്റെ ഐഡന്റിറ്റിയും ഐപി വിലാസവും ശേഖരിക്കാന്‍ കണ്‍ട്രോളിയത്തിന് സാധിക്കും. ഉപയോക്താവിനെ ലക്ഷ്യമിട്ടു കഴിഞ്ഞാല്‍, ഹാക്കിംഗ് സ്ഥാപനങ്ങള്‍ക്ക് സ്‌പൈവെയര്‍ അടങ്ങിയ കോഡുകള്‍ ഇവരുടെ ഫോണുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ എളുപ്പത്തില്‍ അയക്കാന്‍ കഴിയും. ഈ സ്‌പൈവെയറുകള്‍ ഉപയോഗിച്ച് ഡിവൈസിലുള്ള സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഇമെയിലുകള്‍ എന്നിവ പൂര്‍ണ്ണമായി ചോര്‍ത്താനും, കോള്‍ റെക്കോര്‍ഡിംഗ്, മൈക്രോഫോണ്‍ രഹസ്യമായി പ്രവര്‍ത്തിപ്പിക്കല്‍ തുടങ്ങിയവ ചെയ്യാനും സാധിക്കും.

ആഗോള സുരക്ഷയ്ക്ക് വന്‍ ഭീഷണി

2024 മുതല്‍ യമന്‍, ബ്രസീല്‍, മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലായി കോടിക്കണക്കിന് ആളുകള്‍ക്ക് ഇത്തരം പരസ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സിറ്റിസണ്‍ ലാബ് പറയുന്നു. ഇതിനുപുറമേ യൂറോപ്പിലെയും യുഎസിലെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നെറ്റ്വര്‍ക്കുകള്‍, ഐക്യരാഷ്ട്രസഭ, നാറ്റോ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി തുടങ്ങിയ വന്‍കിട അന്താരാഷ്ട്ര സംഘടനകളിലെ ഉപയോക്താക്കളിലേക്കും ഈ പരസ്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് 'കോണ്‍ഫിയന്റ്' എന്ന റിസര്‍ച്ച് ഗ്രൂപ്പും വ്യക്തമാക്കുന്നു.

''പ്രധാന പരസ്യദാതാക്കള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും വര്‍ഷങ്ങളായി ഈ കമ്പനിയുടെ ദുരുദ്ദേശ്യപരമായ പരസ്യങ്ങള്‍ കണ്ടെത്താനോ തടയാനോ കഴിഞ്ഞില്ല എന്നത് വലിയൊരു ദുരന്തമാണ്. ഇന്നത്തെ ഓണ്‍ലൈന്‍ പരസ്യ സിസ്റ്റം രാജ്യങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ സുരക്ഷാ ഭീഷണിയാണ്', സിറ്റിസണ്‍ ലാബ് ഗവേഷകന്‍ വോള്‍ഫി ക്രിസ്റ്റല്‍ പറഞ്ഞു.

നിയന്ത്രണമില്ലാത്ത ലേല വിപണി

നമ്മള്‍ ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ നൂറുകണക്കിന് കമ്പനികള്‍ പങ്കെടുക്കുന്ന ഒരു ഓട്ടോമേറ്റഡ് 'ലേലം' അവിടെ നടക്കുന്നുണ്ട്. ഉപയോക്താവിന്റെ മുന്‍കാല തിരച്ചിലുകള്‍, പ്രായം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് കമ്പനികള്‍ 'ലേലം' വിളിച്ച് സ്‌ക്രീനില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നത്. നിയന്ത്രണങ്ങളില്ലാത്ത ഈ ലേല വിപണിയാണ് ഇപ്പോള്‍ കുറ്റവാളികളും ഹാക്കര്‍മാരും ദുരുപയോഗം ചെയ്യുന്നത്.

മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുടെ വലിയൊരു ശതമാനം വരുമാനവും വ്യാജ പരസ്യങ്ങള്‍, നിയമവിരുദ്ധ ചൂതാട്ടം, അശ്ലീലസാഹിത്യം എന്നിവയില്‍ നിന്നാണെന്ന് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ആളുകളുടെ സഞ്ചാരം ട്രാക്ക് ചെയ്യാന്‍ യുഎസ് കുടിയേറ്റ വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇത്തരത്തിലുള്ള ഡാറ്റ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ വാങ്ങുന്നതായും വ്യക്തമായിട്ടുണ്ട്.

ഇത്തരം സങ്കീര്‍ണ്ണമായ ഹാക്കിംഗ് സാങ്കേതികവിദ്യകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ പ്രയോഗിക്കപ്പെടുന്നു എന്നതിന് കൃത്യമായ തെളിവ് ലഭിക്കുന്നത് ഇതാദ്യമായാണെന്ന് സിറ്റിസണ്‍ ലാബിലെ ബില്‍ മാര്‍ക്‌സാക്ക് ചൂണ്ടിക്കാണിക്കുന്നു. ഓണ്‍ലൈന്‍ പരസ്യരംഗത്തെ ഇത്തരം വ്യവസ്ഥാപരമായ അപകടസാധ്യതകള്‍ പരിഹരിക്കാനും ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ നിയമനിര്‍മ്മാതാക്കളും സൈബര്‍ സുരക്ഷാ ഏജന്‍സികളും ഉടനടി ഇടപെടണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു.

A new investigation by Citizen Lab, a digital research unit at the University of Toronto, has revealed how ordinary online advertisements may be exploited to deliver sophisticated zero-click spyware to digital devices without users clicking on links or downloading files. The investigation links the alleged operation to an Israeli advertising agency and a platform called “Conotrolium,” developed by digital advertising company Discover-Tech. According to Citizen Lab, the system can collect information such as users’ identities and IP addresses when targeted advertisements appear on their screens. This information may then be used to help hacking firms deliver spyware capable of accessing messages, photos and emails, recording calls, and activating microphones remotely. The report also alleges that dozens of journalists working for Qatar-based Al Jazeera had their devices compromised through this method.