മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി റോബോട്ടുകൾ എഐക്ക് എതിരെ പ്രതിഷേധിക്കുന്നു. കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും എഐ നിയന്ത്രണങ്ങളെ കുറിച്ചും ഓട്ടോമേഷൻ കാരണം മനുഷ്യരുടെ തൊഴിലുകൾക്ക് നേരിടുന്ന ഭീഷണിയെക്കുറിച്ചും ആശങ്ക ഉന്നയിച്ചുകൊണ്ട് പോളണ്ടിൽ ഏകദേശം മുപ്പതോളം റോബോട്ടുകളാണ് തെരുവിലിറങ്ങിയത്. ഈ ആഴ്ച ആദ്യം പോളണ്ടിൻ്റെ തലസ്ഥാനമായ വാർസോയിലെ ഡിജിറ്റൽ അഫയേഴ്സ് മന്ത്രാലയത്തിന് പുറത്താണ് ഈ വേറിട്ട പ്രതിഷേധം നടന്നത്.
എഐക്ക് മേൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐ സാങ്കിതികവിദ്യയിൽ പ്രവർത്തിക്കുന്ന മനുഷ്യരൂപമുള്ള അജിബോട്ട് എ3 ഉൾപ്പെടെ വ്യത്യസ്ത തരം യന്ത്രങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. രണ്ടുകാലിൽ നടക്കുന്ന റോബോട്ടുകൾ മുതൽ നായക്കളെ പോലെ നാലുകാലുള്ള റോബോട്ടുകൾ വരെ ഈ കൂട്ടത്തിലുണ്ടായിരുന്നു.
റോബോട്ടുകൾ പ്ലക്കാർഡുകളും കൊടികളും പിടിച്ച് നിൽക്കുന്നതിൻ്റെ വീഡിയോകൾ ഇപ്പോൾ ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "തൊഴിലിടങ്ങൾ സംരക്ഷിക്കുക", "നിയമങ്ങൾ കൊണ്ടുവരാൻ സമയമായി", "ഇനിയും കാത്തിരിക്കരുത്, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉച്ചഭാഷിണിയിലൂടെ ഈ പ്രകടനത്തിൽ മുഴങ്ങിക്കേൾക്കാം.
എഐയും റോബോട്ടിക്സും എത്ര വേഗത്തിലാണ് വികസിക്കുന്നത് എന്നതിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് ഈ പ്രതിഷേധമെന്ന് സമരത്തിന് നേതൃത്വം നൽകിയ ഗ്രിഗോർസ് കുലിസ് പറഞ്ഞു. ബുദ്ധിപരമായ ജോലികളിൽ മനുഷ്യർക്ക് പകരം റോബോട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കടന്നുവരാൻ സാധ്യതയുള്ള വലിയൊരു പ്രശ്നത്തെയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. "നമ്മൾ ഇപ്പോൾ തന്നെ പ്രതികരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരും. അതുകൊണ്ട് തൊഴിലാളികളെ സംരക്ഷിക്കാൻ കവചമായി നിൽക്കുന്ന കർശന നിയമങ്ങളും നിയന്ത്രണങ്ങളും ഉടൻ കൊണ്ടുവരണം," അദ്ദേഹം വ്യക്തമാക്കി.
എന്തിനാണ് ഈ പ്രകടനത്തിൽ റോബോട്ടുകളെ തന്നെ അണിനിരത്തിയത് എന്നും കുലിസ് വിശദീകരിച്ചു. ശ്രദ്ധ ആകർഷിക്കാൻ മാത്രമല്ല, മറിച്ച്, ഈ യന്ത്രങ്ങൾക്ക് നിലവിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് നേരിട്ട് കാണിച്ചുകൊടുക്കാനും ഈ വിഷയത്തിന്റെ ഗൗരവം ജനങ്ങളെ വേഗത്തിൽ ബോധ്യപ്പെടുത്താനും കൂടിയാണ് റോബോട്ടുകളെ തന്നെ സമരമുഖത്ത് ഉപയോഗിച്ചത്.
എഐ സാങ്കേതികവിദ്യയെ നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായി പോളണ്ട് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്ന സമയത്താണ് ഈ പ്രതിഷേധം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2024ൽ പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ എഐ നിയമം, അപകടസാധ്യതകൾ വിലയിരുത്തിയുള്ള ഒരു സമീപനമാണ് പ്രധാനമായും പിന്തുടരുന്നത്. സമൂഹത്തിന് കൂടുതൽ ദോഷം ചെയ്യാൻ സാധ്യതയുള്ള എഐ സംവിധാനങ്ങൾക്ക് ഇതിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിത എഐ ഉപയോഗങ്ങൾ, സുതാര്യത, പൊതുവായ എഐ മോഡലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഈ നിയമങ്ങൾ 2026 ഓഗസ്റ്റ് മുതൽ കർശനമായി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനായി പോളണ്ട് സ്വന്തമായി ഒരു നിയമവും പാസാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ പോളിഷ് പ്രസിഡന്റ് കരോൾ നവ്റോക്കി എഐ സിസ്റ്റംസ് നിയമത്തിൽ ഒപ്പുവെച്ചിരുന്നു. എഐ സാങ്കേതികവിദ്യയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു ദേശീയ സംവിധാനവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വികസനത്തിനും സുരക്ഷയ്ക്കുമായി ഒരു പുതിയ കമ്മീഷനും ഈ നിയമം വഴി രൂപീകരിച്ചു. പോളണ്ടിൽ എഐ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഈ കമ്മീഷൻ നിരീക്ഷിക്കുകയും, ദോഷകരമായേക്കാവുന്ന എഐ സംവിധാനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്യും.
In an unusual event in Warsaw, Poland, around 30 robots—including humanoids and robot dogs—were used to stage a protest outside the Digital Affairs Ministry. Organized by the group Democratism, the demonstration aimed to highlight the urgent need for strict AI regulations to protect human jobs from rapid automation. The event coincides with Poland's steps to implement the European Union's AI Act and establish a national framework for AI safety.