Technology

നെറ്റ്‌വര്‍ക്കില്ലെങ്കിലും ഇനി പണമയയ്ക്കാം! എന്താണ് ടാപ് ആന്‍ഡ് പേ സംവിധാനം?

ആദ്യഘട്ടത്തില്‍ യുപിഐ ലൈറ്റ് വാലറ്റ് ബാലന്‍സില്‍ നിന്നായിരിക്കും പരമാവധി 2,000 രൂപ വരെയുള്ള ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുക

Madism Desk

വിമാനയാത്രയ്ക്കിടയിലോ അല്ലെങ്കില്‍ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനിലെ തിരക്കിലോ പെട്ടുപോയെന്ന് കരുതുക. യാത്രയ്ക്കുശേഷമുള്ള ബില്ലോ കാപ്പിയുടെ പണമോ നല്‍കാന്‍ ഫോണ്‍ എടുത്തപ്പോള്‍ കയ്യില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ല. അല്ലെങ്കില്‍ കടയിലെ നെറ്റ്‌വര്‍ക്ക് തകരാര്‍ കാരണം യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ആകുന്നില്ല. ഡിജിറ്റല്‍ പണമിടപാടുകളെ മാത്രം ആശ്രയിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും വലിയ തലവേദനയായ ഈ പ്രശ്‌നത്തിനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശാശ്വതപരിഹാരം കാണുന്നത്.

ഡിജിറ്റല്‍ പണമിടപാടുകളില്‍ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഇന്ത്യയില്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ പരിമിതികള്‍ക്കു വിരാമമിടാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. മൊബൈല്‍ ഫോണിലോ വ്യാപാരികളുടെ പോയിന്റ് ഓഫ് സെയില്‍സ് ടെര്‍മിനലുകളിലോ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും തടസ്സമില്ലാതെ പണമിടപാടുകള്‍ സാധ്യമാക്കുന്ന 'ടാപ് ആന്‍ഡ് പേ' ഓഫ്‌ലൈന്‍ സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചെടുക്കുന്നത്.

'ടാപ് ആന്‍ഡ് പേ'? പ്രവര്‍ത്തനം എങ്ങനെ?

പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത അത് ലളിതമാണെന്നുള്ളതാണ്. ഉപയോക്താക്കള്‍ തങ്ങളുടെ എന്‍എഫ്‌സി പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വ്യാപാരിയുടെ പോയിന്റ് ഓഫ് സെയില്‍സ് ടെര്‍മിനലില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താല്‍ മാത്രം മതി, ഇടപാട് നിമിഷനേരം കൊണ്ട് പൂര്‍ത്തിയാകും. ഇതിനായി ഉപയോക്താവോ വ്യാപാരിയോ ഇന്റര്‍നെറ്റ് കണക്ഷന്റെ ലഭ്യതയെ ആശ്രയിക്കേണ്ടതില്ല.

ടെര്‍മിനലുകള്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലോക്കലായി സ്‌റ്റോര്‍ ചെയ്യുകയും പിന്നീട് നെറ്റ്‌വര്‍ക്ക് ലഭ്യമാകുമ്പോള്‍ അവ ബാങ്ക് സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് സ്ഥിരീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ യുപിഐ ലൈറ്റ് വാലറ്റ് ബാലന്‍സില്‍ നിന്നായിരിക്കും പരമാവധി 2,000 രൂപ വരെയുള്ള ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുക. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് ലഭ്യമായ സമയത്ത് മുന്‍കൂട്ടി തുക യുപിഐ ലൈറ്റ് വാലറ്റില്‍ ലോഡ് ചെയ്യേണ്ടതുണ്ട്.

യാത്രാവേളകളിലും ഗ്രാമങ്ങളിലും അനുഗ്രഹം

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വലിയൊരു വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരമായാണ് എന്‍പിസിഐയുടെ ഓഫ്‌ലൈന്‍ ടാപ് ആന്‍ഡ് പേ എത്തുന്നത്. പ്രത്യേകിച്ച് വിമാനയാത്രകളില്‍, ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളില്‍, നെറ്റ്‌വര്‍ക്ക് കവറേജ് തീരെ കുറവുള്ള ഗ്രാമപ്രദേശങ്ങളില്‍ എന്നിവടങ്ങളിലെല്ലാം ഈ സേവനം ഉപയോക്താക്കള്‍ക്ക് ഏറെ സഹായകരമാകും. ഇന്റര്‍നെറ്റ് ഇല്ലെന്ന ഒറ്റക്കാരണത്താല്‍ മാത്രം പണമിടപാടുകള്‍ നടക്കില്ലെന്ന ആശങ്ക ഇനി ഉപയോക്താക്കള്‍ക്ക് വേണ്ടിവരില്ല.

വിപണിയിലെ മുന്നൊരുക്കങ്ങളും സുരക്ഷിതത്വവും

ഈ നൂതന സംവിധാനം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, അനുയോജ്യമായ PoS ടെര്‍മിനലുകളെ എന്‍പിസിഐ നേരിട്ട് സര്‍ട്ടിഫൈ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ ടെര്‍മിനല്‍ നിര്‍മാതാക്കളുടെ ഉപകരണങ്ങള്‍ ഇതിനായി സജ്ജമായി വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കുറഞ്ഞ തുകയുള്ള ഇടപാടുകള്‍ അതിവേഗം നടപ്പിലാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Imagine you're on a flight or caught in the rush of an underground metro station. When it's time to pay for your coffee or settle the bill after your journey, you take out your phone—only to find there's no internet connection. Or perhaps the shop's network is down, making it impossible to scan the UPI QR code. For a generation that relies almost entirely on digital payments, this has become one of the biggest everyday frustrations.

Now, the National Payments Corporation of India (NPCI) is working on a long-term solution. As digital payments continue to evolve across India, NPCI is introducing a new technology designed to eliminate the limitations of internet connectivity. The new offline "Tap and Pay" system will enable seamless digital transactions even when there is no network available on a mobile phone or a merchant's point-of-sale (POS) terminal.