ഇന്ത്യയിലെ കോടിക്കണക്കിന് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്ര ടെലികോം വകുപ്പ്. 2027 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് 'സിം ബൈന്‍ഡിംഗ്' നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിങ്ങള്‍ ഒരു ഫോണില്‍ വാട്സ്ആപ്പോ ടെലിഗ്രാമോ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാര്‍ഡ് ആ ഫോണില്‍ തന്നെ ഉപയോഗിച്ചിരിക്കണം എന്നതാണ് ഈ പുതിയ നിയമത്തിന്റെ ചുരുക്കം.
നിലവില്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണില്‍ സിം കാര്‍ഡ് ഇല്ലെങ്കിലും വൈഫൈ കണക്ഷന് ഉപയോഗിച്ച് വാട്സ്ആപ്പ് പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ രീതിക്ക് വിരാമമാകും. വിദേശ യാത്രകള്‍ നടത്തുന്നവര്‍, സിം കാര്‍ഡുകളും ഫോണുകളും അടിക്കടി മാറ്റുന്നവര്‍, വൈഫൈ ടാബ്ലെറ്റുകള് ഉപയോഗിക്കുന്നവര്‍ എന്നിവരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
എന്താണ് സിം ബൈന്‍ഡിംഗ്
നിങ്ങളുടെ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ മെസേജിംഗ് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍/ടാബ് തുടങ്ങിയവയില്‍ തന്നെ ഉണ്ടായിരിക്കണം എന്ന സാങ്കേതിക നിയന്ത്രണമാണ് സിം ബൈന്‍ഡിംഗ്. 2025 നവംബര്‍ 28-നാണ് ഇത് സംബന്ധിച്ച് ടെലികോം വകുപ്പ് ആദ്യ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെസേജിംഗ് ആപ്പുകള്‍, ഉപയോക്താവിന്റെ സിം കാര്‍ഡ് അതേ ഫോണില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവില്‍ ഒ.ടി.പി വഴി ഒരിക്കല്‍ വെരിഫൈ ചെയ്താല്‍ സിം ഊരിമാറ്റിയാലും ആപ്പ് തുടര്‍ന്ന് ഉപയോഗിക്കാമായിരുന്നു. നിങ്ങളുടെ സിം കാര്‍ഡ് സ്മാര്‍ട്ട്ഫോണിലും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ടാബ്ലെറ്റിലുമാണെങ്കില് പുതിയ നിയമപ്രകാരം ആ ടാബ്ലെറ്റില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല.
ബാങ്കിംഗ്, യുപിഐ പെയ്മെന്റ് ആപ്പുകളില്‍ സിം ബൈന്‍ഡിംഗ് നിലവിലുണ്ട്. ബന്ധിപ്പിച്ച സിം കാര്‍ഡ് ഫോണില്‍ ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ പെയ്മെന്റുകളോ പണമിടപാടുകളോ നടത്താന്‍ സാധിക്കില്ല.
ആപ്പുകള്‍ ഇത് എങ്ങനെ നടപ്പാക്കും?
രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഫോണില്‍ സജീവമായിട്ടുണ്ടോ എന്ന് ആപ്പുകള്‍ തുടര്‍ച്ചയായി പരിശോധിച്ച് ബോധ്യപ്പെടേണ്ടി വരും. വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയ്ക്ക് പുറമെ സ്നാപ്ചാറ്റ്, അരട്ടൈ, ഷെയര്‍ചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നല്‍ തുടങ്ങിയ പ്രമുഖ ആപ്പുകള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്. ഈ വര്‍ഷം ഡിസംബര്‍ 31-നകം സജീവവും കെ.വൈ.സി പൂര്‍ത്തിയാക്കിയതുമായ സിം കാര്‍ഡുകളുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷമേ കൃത്യമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയെ എങ്ങനെ ബാധിക്കും
മെസേജിംഗ് ആപ്പുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഫോണില്‍ നിലനിര്‍ത്തേണ്ടി വരും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ഇതിനായുള്ള 'ബീറ്റാ ടെസ്റ്റിംഗ്' ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, ഐഫോണില്‍ സിം കാര്‍ഡ് ഇല്ലെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഐ.ഒ.എസ് സോഫ്റ്റ്വെയര് അപ്ഡേറ്റ് സെപ്റ്റംബറില്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഓരോ ആപ്പുകളും ഇത് എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.
ആദ്യ ഘട്ടത്തില്‍, വാട്സ്ആപ്പ് വെബ് സെഷനുകള്‍ ഓരോ ആറു മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ആകുമെന്നും വീണ്ടും ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടെലികോം വകുപ്പ് ഈ ആറു മണിക്കൂര്‍ നിര്‍ബന്ധിത ലോഗ് ഔട്ട് വ്യവസ്ഥ പിന്‍വലിച്ചു. പകരം തട്ടിപ്പുകള്‍ സംശയിക്കുന്ന സാഹചര്യങ്ങളില്‍ മാത്രം അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യുന്ന സുരക്ഷാ രീതിയായിരിക്കും ഉണ്ടാകുക. അതേസമയം, രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള സിം കാര്‍ഡ് ഫോണില്‍ സജീവമായി വേണം എന്നതുകൊണ്ട് തന്നെ ഇ-സിം ഉപയോഗിക്കുന്നവരും അത് ആ ഫോണില്‍ തന്നെ നിലനിര്‍ത്തേണ്ടി വരും. എന്നാല്‍ ഇ-സിം സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇനിയും പുറപ്പെടുവിക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ഈ പുതിയ നിയമം?
വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുകയാണ് ഈ നീക്കത്തിന് പിന്നില്‍. സിം ബൈന്‍ഡിംഗ് ഇല്ലാത്തതിനാല്‍, സിം കാര്‍ഡ് ഫോണില്‍ നിന്ന് ഊരിമാറ്റിയാലോ ഡിആക്റ്റിവേറ്റ് ചെയ്താലോ പോലും അക്കൗണ്ടുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമായിരുന്നു. ദീര്‍ഘനേരം ലോഗിന്‍ ചെയ്തിരിക്കുന്ന വെബ്/ഡെസ്ക് ടോപ്പ് സെഷനുകള്‍ വഴി ഇന്ത്യയില്‍ വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ വിദേശത്തിരുന്ന് പോലും ദുരുപയോഗം ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചിരുന്നു. ഓണ്‍ലൈന്‍ ഫിഷിംഗ് (വ്യാജ സന്ദേശങ്ങളോ ഇമെയിലുകളോ അയച്ച് പാസ്വേഡുകളും ഒടിപികളും തട്ടിയെടുക്കുന്നു), ആള്‍മാറാട്ടം, വ്യാജ ലോണ്‍ ആപ്പുകള്‍, 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ എന്നിവയ്ക്കായി ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ മാത്രം 22,800 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പുകളാണ് രാജ്യത്ത് നടന്നത്.
India is preparing to introduce mandatory SIM binding for messaging apps from January 1, 2027, in a move aimed at curbing cyber fraud and financial crimes. Under the proposed requirement, users will need to keep the SIM card linked to their Indian mobile number active on the same device on which they use messaging apps such as WhatsApp and Telegram.