ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ അപ്ഡേറ്റുകളുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. ഇനി ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ബ്രൗസറില്‍ നിന്ന് നേരിട്ട് ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും. വിവിധ ഉപകരണങ്ങളിലൂടെയുള്ള വാട്‌സ്ആപ്പ് ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം കോൾ ട്രാൻസ്ഫർ, ഗ്രൂപ്പ് കോളുകൾക്കായുള്ള പുതിയ ഓപ്ഷനുകൾ, വെയിറ്റിങ് റൂം തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ ഘട്ടംഘട്ടമായാണ് പുറത്തിറക്കുന്നത്
ഗൂഗിൾ ക്രോം, സഫാരി തുടങ്ങിയ വെബ് ബ്രൗസറുകളിൽ വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്താൽ ഇനി നേരിട്ട് വിളിക്കാം. വിൻഡോസിനോ മാക്കിനോ വേണ്ടിയുള്ള ഡെസ്ക്ടോപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
ഗ്രൂപ്പ് കോളുകൾക്കും വൺ-ടു-വൺ കോളുകൾക്കും ഈ ഫീച്ചർ ലഭ്യമാണ്. ഡെസ്ക്ടോപ്പ് ആപ്പിലേത് പോലെ തന്നെ സ്ക്രീൻ ഷെയറിങ് ചെയ്യാനും കോളുകൾക്കിടയിൽ ഇമോജി റിയാക്ഷനുകൾ നൽകാനും ഇതിൽ സാധിക്കും. കൂടാതെ, മുൻപ് നടത്തിയ കോളുകളുടെ വിവരങ്ങളും ഫേവറിറ്റുകളും എളുപ്പത്തില്‍ കണ്ടെത്താന്‍ പ്രത്യേക കോള്‍സ് ടേബും ഒരുക്കിയിട്ടുണ്ട്.
മറ്റുള്ളവരുമായി പങ്കിട്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും, ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതിയില്ലാത്ത ഓഫീസ് ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ബ്രൗസറില്‍ നിന്ന് തന്നെ കോളുകളില്‍ പങ്കെടുക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
കോള്‍ ട്രാന്‍സ്ഫര്‍ ഫീച്ചറും
പുതിയ കോള്‍ ട്രാന്‍സ്ഫര്‍ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു ഗ്രൂപ്പ് കോള്‍ അവസാനിപ്പിക്കാതെ തന്നെ ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയും. ഉദാഹരണത്തിന്, മൊബൈല്‍ ഫോണില്‍ ആരംഭിച്ച കോള്‍ ഡെസ്‌ക്ടോപ്പിലേക്ക് എളുപ്പത്തില്‍ മാറ്റാം. വീണ്ടും കോളില്‍ നിന്ന് പുറത്തുകടന്ന് ജോയിന്‍ ചെയ്യേണ്ട ആവശ്യമില്ല. ഉപകരണങ്ങൾ മാറുമ്പോഴും തടസ്സമില്ലാതെ സംഭാഷണം തുടരാൻ ഉപയോക്താക്കളെ സഹായിക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
ഗ്രൂപ്പ് കോളുകള്‍ക്ക് വെയിറ്റിങ് റൂം
ഗ്രൂപ്പ് കോളുകളുടെ സുരക്ഷയും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിനായി വെയിറ്റിങ്ങ്‌റൂം സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. കോള്‍ ലിങ്ക് സൃഷ്ടിക്കുമ്പോള്‍ റിക്വയര്‍ അപ്രൂവല്‍ ടു ജോയിന്‍ ഓപ്ഷന്‍ ഓണ്‍ ചെയ്താല്‍, പങ്കെടുക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം വെര്‍ച്വല്‍ വെയിറ്റിങ് ഏരിയയില്‍ പ്രവേശിക്കും. ഹോസ്റ്റ് അനുമതി നല്‍കിയതിന് ശേഷം മാത്രമേ അവര്‍ക്ക് കോളില്‍ ചേരാനാകൂ. ഇതുവഴി അനുമതിയില്ലാത്തവർ കോളിൽ പ്രവേശിക്കുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനും കഴിയും.
വീഡിയോയും ഓഡിയോയും കൂടുതല്‍ മികച്ചതാക്കും
കോള്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രണ്ട് സാങ്കേതിക സൗകര്യങ്ങളും വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ക്വിക്ക് എച്ച് ഡി ഫീച്ചര്‍ ഉപയോഗിച്ച് കോള്‍ ആരംഭിക്കുന്ന നിമിഷം മുതല്‍ തന്നെ ഹൈ ഡെഫിനിഷന്‍ വീഡിയോ ലഭ്യമാക്കാനാണ് ലക്ഷ്യം.
അതേസമയം, നോയിസ് സപ്രഷന്‍ സംവിധാനം പരിസരത്തെ അനാവശ്യ ശബ്ദങ്ങള്‍ കുറച്ച് ഉപയോക്താവിന്റെ ശബ്ദം കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നോ ശബ്ദമുള്ള അന്തരീക്ഷത്തില്‍ നിന്നോ വിളിക്കുമ്പോഴും മികച്ച ഓഡിയോ അനുഭവം നല്‍കുകയാണ് ലക്ഷ്യം. പുതിയ വെബ് കോളിങ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
WhatsApp has introduced browser-based audio and video calling, allowing users to make and receive calls directly through WhatsApp Web without installing the desktop app. The update also adds new features such as Call Transfer, Waiting Room for group calls, QuickHD video, and Noise Suppression to improve call quality and make switching between devices easier. The features are rolling out gradually to users worldwide.