Technology

വൈറ്റ് കോളർ ജോലികളെ വിഴുങ്ങുമ്പോൾ എഐ കോളടിച്ചത് ഇവർക്ക്; കോടികൾ വരുമാനമെത്തും

എഐ ഡാറ്റാ സെന്ററുകളുടെ വ്യാപനത്തോടെ ഇലക്ട്രീഷ്യൻമാരുടെയും മറ്റ് ബ്ലൂ കോളർ തൊഴിലാളികളുടെയും ഡിമാൻഡ് കുതിച്ചുയരുകയാണ്

Madism Desk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ലോകത്താകെ തൊഴിൽ മേഖലകളിലാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അത് തൊഴിൽ വിപണിയെ ആകെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം മാത്രം, പ്രമുഖ കമ്പനികളിലായി 1,20,000ത്തിലധികം ടെക് തൊഴിലാളികൾക്ക് എഐ കാരണം ജോലി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ആമസോൺ, മെറ്റ, ഒറാക്കിൾ, ടിസിഎസ് തുടങ്ങി ജോലി നഷ്ടപ്പെട്ടവരുടെ പട്ടിക വളരെ നീണ്ടതാണ്. എഐ ഉപകരണങ്ങളുടെ വ്യാപനം കാരണം നിരവധി വൈറ്റ് കോളർ ജോലികൾ വെല്ലുവിളി നേരിടുമ്പോൾ സാങ്കേതിക രംഗവുമായി നേരിട്ട് ബന്ധപ്പെട്ട ചില ബ്ലൂ കോളർ ജോലികൾക്ക് വൻ ഡിമാൻഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിൽ വലിയ ഡിമാൻഡുള്ള ജോലിയാണ് ഇലക്ട്രീഷ്യൻമാർ. 'ഡേർട്ടി ജോബ്സ്' എന്ന ടിവി ഷോയുടെ സ്ഥാപകനായ മൈക്ക് റോവിന്റെ അഭിപ്രായത്തിൽ, വിവിധ എഐ കമ്പനികൾ ജെൻസീ ഇലക്ട്രീഷ്യൻമാർക്ക് കോടികൾ നൽകി ജോലി നൽകാൻ തയ്യാറാണ്. എഐ ഉപകരണങ്ങളുടെ ആവശ്യകത വർധിച്ചതോടെ വൈറ്റ് കോളർ ജോലികൾക്ക് തിരിച്ചടി നേരിട്ട ഈ കാലത്ത്, ഇലക്ട്രീഷ്യൻമാർ ഉൾപ്പെടെയുള്ള ബ്ലൂ കോളർ ജോലികൾക്ക് വീണ്ടും ഡിമാൻഡ് വന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

രണ്ട് മാസം മുമ്പ് ടെക്സസിലെ പ്ലാനോയിലെ ഒരു ഡാറ്റാ സെന്ററിൽ താൻ നടത്തിയ അഭിമുഖത്തിലൂടെ കണ്ടുമുട്ടിയ ഇലക്ട്രീഷ്യൻമാരെല്ലാം 30 വയസ്സിന് താഴെയുള്ളവരാണെന്നും എല്ലാവരും പ്രതിവർഷം ഏകദേശം 2.3 കോടി രൂപ മുതൽ ഏകദേശം 2.7 കോടി രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനറേഷൻ ഇസഡ് ഇലക്ട്രീഷ്യൻമാർക്ക് വിദ്യാർത്ഥി വായ്പകളെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ലെന്നും മറ്റ് സ്ഥാപനങ്ങൾ നിരന്തരം അവരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

എഐ കമ്പനികൾ ഇലക്ട്രീഷ്യന്മാർക്ക് വമ്പൻ ശമ്പളം വാഗ്ദാനം ചെയ്യുന്നതെന്തിന്?

ഐഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിന് കമ്പനികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ച് ആയിരക്കണക്കിന് ജിപിയുകളുള്ള എഐ ഡാറ്റാ സെന്ററുകൾ ആവശ്യമാണ്. അതിനായി കമ്പനികൾ കൂടുതൽ കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നു. ഇത് ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ എന്നിവരുടെ ഡിമാൻഡ് വർധിപ്പിച്ചു.

ചില റിപ്പോർട്ടുകൾ പ്രകാരം, ഡാറ്റാ സെന്റർ പ്രോജക്ടുകളിലെ നിർമ്മാണ തൊഴിലാളികൾ യുഎസിലെ പരമ്പരാഗത നിർമ്മാണ തൊഴിലാളികളേക്കാൾ ഏകദേശം 32 ശതമാനമോ അല്ലെങ്കിൽ ഏകദേശം 78 ലക്ഷം രൂപയോ സമ്പാദിക്കുന്നുണ്ട്.

ഇന്ത്യയിലും ഡാറ്റാ സെന്ററുകളുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. വിശാഖപട്ടണത്ത് ഗൂഗിൾ 15 ബില്യൺ ഡോളറിന്റെ ഗൂഗിൾ എഐ ഹബ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ, റിലയൻസ് ജിയോയുമായി സഹകരിച്ച് ഡാറ്റാ സെന്ററുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. അതേസമയം, ആഗോളതലത്തിൽ ഡാറ്റ സെന്റർ നിർമാണ മേഖല തൊഴിലാളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. 2023നും 2025നും ഇടയിൽ ഡാറ്റാ സെന്റർ ജോലി പോസ്റ്റിങ്ങുകൾ 64 ശതമാനം വർധിച്ചതായും ഇലക്ട്രിക്കൽ ടെക്നീഷ്യൻമാരുടെ പോസ്റ്റിങ്ങുകൾ 180 ശതമാനത്തിലധികം വർധിച്ചുവെന്നുമാണ് റിപ്പോർട്ട്.

Artificial Intelligence is reshaping the global job market, reducing demand for many white-collar roles while boosting opportunities for skilled trades. The rapid expansion of AI data centres has created a surge in demand for electricians and other blue-collar workers, with some earning exceptionally high salaries as tech companies invest heavily in AI infrastructure.