Analysis

മുഹമ്മദ് അലി 'ദ ഗ്രേറ്റസ്റ്റ്': റിങ്ങിലെ നര്‍ത്തകന്‍, ജീവിതത്തിലെ വിപ്ലവകാരി, മരണമില്ലാത്ത പൈതൃകത്തിന് പത്താണ്ട്

ടൈസണ്‍ ഫ്യൂറിയെപ്പോലുള്ള താരങ്ങള്‍ തങ്ങളുടെ ഭീമാകാരമായ ശരീരം വെച്ച് റിങ്ങില്‍ നടത്തുന്ന ചടുലമായ നീക്കങ്ങള്‍ കാണുമ്പോള്‍ ബോക്‌സിങ് പ്രേമികള്‍ക്ക് അലിയെ ഓര്‍ക്കാതിരിക്കാനാവില്ല

Madism Desk

ബോക്‌സിങ് ലോകവും കോടിക്കണക്കിന് ജനങ്ങളും ഒരു മഹാപ്രതിഭയ്ക്ക് മുന്നില്‍ കണ്ണീരോടെ സ്തംഭിച്ചുനിന്നിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. റിങ്ങിലെ ചാമ്പ്യന്‍, ജീവിതത്തില്‍ വിപ്ലവകാരി, സമാനതകളില്ലാത്ത പോരാളി, അതായിരുന്നു മുഹമ്മദ് അലി. 2016 ജൂണ്‍ മൂന്നിന്, ഫീനിക്‌സിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് സ്‌പോര്‍ട്‌സ് ലോകത്തെ അതികായകന്റെ ഹൃദയമിടിപ്പ് അവസാനിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തോടുള്ള പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഒരു പതിറ്റാണ്ടിനപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍, വലിയൊരു കാലഘാട്ടത്തിന്റെ ചരിത്രമായി മുഹമ്മദ് അലി എന്ന പേര് നിറഞ്ഞുനില്‍ക്കുകയാണ്.

മുഹമ്മദ് അലി എന്ന പോരാളി

ബെത്നാല്‍ ഗ്രീന്‍ മുതല്‍ ഡെട്രോയിറ്റ് വരെയുള്ള ഏതൊരു ബോക്‌സിങ് ജിമ്മിലും കയറി നോക്കിയാല്‍ അലിയുടെ ശൈലി ഇന്നും കാണാന്‍ കഴിയും. 56 വിജയങ്ങളും അഞ്ച് പരാജയങ്ങളും ലോക ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങളും 1960 ലെ റോം ഒളിമ്പിക്‌സിലെ സ്വര്‍ണ്ണവും അടങ്ങുന്ന അദ്ദേഹത്തിന്റെ കരിയര്‍ ഹെവിവെയ്റ്റ് ബോക്‌സിങ്ങിന്റെ രീതികളെതന്നെ മാറ്റിമറിച്ചു. ഹെവിവെയ്റ്റ് ബോക്‌സിങ്ങില്‍ അലിക്ക് മുമ്പും ശേഷവും എന്ന കാലം തന്നെയുണ്ട്. അലിക്ക് മുന്‍പ് ഹെവിവെയ്റ്റ് ബോക്‌സര്‍മാര്‍ കേവലം ശരീരത്തിന്റെ കരുത്ത് മാത്രം ഉപയോഗിച്ച് ഇടിക്കുന്നവരായിരുന്നു. എന്നാല്‍ അലി അതിനെ ഒരു നൃത്തരൂപമാക്കി മാറ്റി. ഒരു ഫെതര്‍വെയ്റ്റ് താരത്തിന്റെ ചടുലതയും, മിഡില്‍വെയ്റ്റ് താരത്തിന്റെ വേഗതയും, ഹെവിവെയ്റ്റ് താരത്തിന്റെ കരുത്തും അദ്ദേഹം റിങ്ങില്‍ ഒരേസമയം പുറത്തെടുത്തു.

ടൈസണ്‍ ഫ്യൂറിയെപ്പോലുള്ള താരങ്ങള്‍ തങ്ങളുടെ ഭീമാകാരമായ ശരീരം വെച്ച് റിങ്ങില്‍ നടത്തുന്ന ചടുലമായ നീക്കങ്ങള്‍ കാണുമ്പോള്‍ ബോക്‌സിങ് പ്രേമികള്‍ക്ക് അലിയെ ഓര്‍ക്കാതിരിക്കാനാവില്ല. 'റംബിള്‍ ഇന്‍ ദി ജംഗിള്‍' മത്സരത്തില്‍ ജോര്‍ജ്ജ് ഫോര്‍മാനെതിരെ അദ്ദേഹം പുറത്തെടുത്ത 'റോപ്പ്-എ-ഡോപ്പ്' (ബോക്‌സിങ് റിങ്ങിലെ കയറുകളില്‍ ചാരിനിന്നു എതിരാളിയുടെ പഞ്ചുകള്‍ പ്രതിരോധിക്കുന്ന തന്ത്രം) പുതുതലമുറയിലെ ബോക്‌സര്‍മാരും പ്രയോഗിക്കുന്ന ഒന്നാണ്.

വിപ്ലവകാരി

1967-ല്‍ വിയറ്റ്‌നാം യുദ്ധം നടക്കുമ്പോള്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ അലി വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടത് തന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് വര്‍ഷങ്ങളാണ് (25 മുതല്‍ 28 വയസ്സ് വരെ). അതോടൊപ്പം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടവും സമ്പാദ്യവും നഷ്ടമായി. അന്നത്തെ കാലത്ത് അത് വലിയ വിവാദമുണ്ടാക്കിയ പലരെയും ചൊടിപ്പിച്ച ഒരു തീരുമാനമായിരുന്നു.

അറുപതുകളിലും എഴുപതുകളിലും യാഥാസ്ഥിതികരായ വെള്ളക്കാരായ അമേരിക്കക്കാരുടെ കണ്ണിലെ വലിയ കരടായിരുന്നു അലി. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് അദ്ദേഹം ഒരു രക്ഷകനായിരുന്നു. 1996-ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ പാര്‍ക്കിന്‍സണ്‍സ് ബാധിച്ച് വിറയ്ക്കുന്ന കൈകളോടെ അദ്ദേഹം ഒളിമ്പിക് ദീപം തെളിയിച്ചപ്പോള്‍, ലോകം അദ്ദേഹത്തെ ധീരതയുടെ പ്രതീകമായി നെഞ്ചിലേറ്റി.

ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ ലൂയിസ്വില്ലിലെ 'മുഹമ്മദ് അലി സെന്റര്‍' സാമൂഹിക നീതിക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള വലിയൊരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്ന ഇന്നത്തെ കായികതാരങ്ങള്‍ നടന്നുനീങ്ങുന്നത് അലി ചവിട്ടിത്തുറന്ന വഴിയിലൂടെയാണ്. ഒരു കായികതാരത്തിന്റെ ശബ്ദത്തിന് സര്‍ക്കാരിന്റെ ഉത്തരവുകളേക്കാള്‍ ശക്തിയുണ്ടാകുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരിക്കല്‍ അദ്ദേഹത്തെ ജയിലിലടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ഭരണകൂടം ഇന്ന് അദ്ദേഹത്തിന്റെ പേരില്‍ 'ഫോറെവര്‍ സ്റ്റാമ്പ്' (Forever Stamp) ഇറക്കി ആദരിക്കുന്നു.

അലി ദ ബ്രാന്‍ഡ്

അലിയുടെ പേര് ഇന്ന് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു കോര്‍പ്പറേറ്റ് ബ്രാന്‍ഡാണ്. അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ (Intellectual Property) GOAT LLC എന്ന കമ്പനിയുടെ കീഴിലാക്കിയിരുന്നു. പിന്നീട് ഇത് പ്രശസ്ത ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന 'ഒതന്റിക് ബ്രാന്‍ഡ്‌സ് ഗ്രൂപ്പ്' (ABG) ഏറ്റെടുത്തു. ഇതില്‍ 20 ശതമാനം ഓഹരി അലിയുടെ കുടുംബത്തിനുണ്ട്.

അണ്ടര്‍ ആര്‍മര്‍ പോലുള്ള വന്‍കിട കമ്പനികളുമായുള്ള വസ്ത്രവ്യാപാര കരാറുകള്‍ മുതല്‍ ലക്ഷ്വറി ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ വരെ ഇന്ന് അലിയുടെ പേരിലിറങ്ങുന്നുണ്ട്. സോണി ലിസ്റ്റണെയും ജോര്‍ജ്ജ് ഫോര്‍മാനെയും വീഴ്ത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍ ഇന്നും ലോകമെമ്പാടും വിറ്റഴിക്കപ്പെടുന്നു. കായികതാരമെന്ന നിലയില്‍ നിന്നും ഒരു ആഗോള സാംസ്‌കാരിക പ്രതീകമായി അലി മാറി കഴിഞ്ഞു.

ഇന്ന് നമ്മള്‍ അലിയെ കാണുന്നത് കേവലം രോഗബാധിതനായി വീണുപോയ ഒരു പഴയ പോരാളിയായല്ല, മറിച്ച് ആധുനിക കായിക സംസ്‌കാരത്തിന്റെ ശില്‍പിയായാണ്. റിങ്ങില്‍ സ്വന്തം പ്രതിഫലത്തിനായി വിലപേശുന്ന ഏതൊരു ബോക്‌സറും സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ നിലപാട് പറയുന്ന ഏതൊരു കായികതാരവും അലിയുടെ പിന്‍ഗാമികളാണ്. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നടക്കുന്ന 'അലി ഫെസ്റ്റും' 'കാരുണ്യ ദിനവും' അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. വരുംകാലങ്ങളില്‍ റിങ്ങില്‍ വരാനിരിക്കുന്ന ഏതൊരു ഹെവിവെയ്റ്റ് താരത്തെയും അളക്കാനുള്ള ഒരേയൊരു അളവുകോല്‍ മുഹമ്മദ് അലി മാത്രമായിരിക്കും.

English Summary: Ten years after the death of legendary boxer Muhammad Ali, his influence continues to resonate across sports and society. Widely regarded as one of the greatest heavyweight boxers of all time, Ali revolutionized the sport with his speed, agility, and innovative tactics. Beyond the ring, he became a symbol of courage and social justice after refusing military service during the Vietnam War. Today, his legacy lives on through athletes who speak out on social and political issues, while his name remains one of the most valuable brands in sports history.