Analysis

ഛദ്ദ പുകഞ്ഞ കൊള്ളി, 'യൂദാസാ'യി മാറി മിത്തൽ, കടുത്ത ഷോക്ക് പഥക്കിൽനിന്ന്; എഎപിയില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ കെജ്‌രിവാളിനു മുന്നില്‍ വഴിയെന്ത്?

മദ്യനയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പദം രാജിവച്ച് ഔദ്യോഗിക വസതി വിട്ട കെജ്‌രിവാളിനും കുടുംബത്തിനും ആതിഥേയത്വം വഹിച്ചത് അശോക് മിത്തൽ

Political Desk

ബിജെപിയിലേക്കുള്ള രാഘവ് ഛദ്ദയുടെ കൂടുമാറ്റം ആം ആദ്മി പാര്‍ട്ടിയെയും ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെയും അത്ര ഞെട്ടിച്ചിരിക്കില്ല. അത് ഏറെക്കുറെ ഉറപ്പായിരുന്നുവെന്നതു തന്നെ കാരണം. എന്നാല്‍ മറ്റു രണ്ടു രാജ്യസഭ എംപിമാര്‍ പാര്‍ട്ടി വിട്ടത് അരവിന്ദ് കെജ്‌രിവാളിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അശോക് മിത്തലും സന്ദീപ് പഥക്കുമാണ് ആ രണ്ടുപേര്‍. അശോക് മിത്തലാവട്ടെ, കെജ്‌രിവാളിനെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ വിശ്വസ്തതയുടെ മറുവാക്കായിരുന്നു, നിര്‍ണായക ഘട്ടത്തില്‍ തനിക്ക് അഭയം നല്‍കിയ ആള്‍.

രാഘവ് ഛദ്ദയെ ഏപ്രില്‍ രണ്ടിന് രാജ്യസഭാ പാര്‍ട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് കെജ്‌രിവാള്‍ നീക്കിയതോടെ എഎപിയില്‍ പിളര്‍പ്പിന്റെ ആദ്യ ലക്ഷണങ്ങള്‍ പുറത്തുവന്നിരുന്നു. ഒറ്റയ്ക്കു ബിജെപിയില്‍ ചേരുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്കു കാരണമാകുമെന്നതിനാല്‍ അതൊഴിവാക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു രാഘവ് ഛദ്ദയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒടുവിൽ വളരെ നിശബ്ദമായി തന്റെ എംപി സ്ഥാനത്തിന് സുരക്ഷിതത്വം ഉറപ്പാക്കി ആറ് എംപിമാരെക്കൂടെക്കൂട്ടാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഭരണഘടനയനുസരിച്ച് ഒരു പാര്‍ട്ടിയുടെ മൊത്തം എംപിമാരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല. എഎപിയുടെ 10 രാജ്യസഭ എംപിരാരില്‍ ഏഴുപേരാണ് ഇപ്പോള്‍ ബിജെപിയില്‍ എത്തിയിരിക്കുന്നത്. അശോക് മിത്തല്‍, സന്ദീപ് പഥക്, സ്വാതി മലിവാള്‍, ഹര്‍ഭജന്‍ സിങ്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നീ മറ്റ് ആറുപേര്‍.

വെള്ളപ്പൊക്ക ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള പഞ്ചാബുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങള്‍ക്കു പകരം തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന വിമാനത്താവളത്തിലെ സമൂസയുടെ കൊള്ളവില ഉൾപ്പെടെയുള്ള വിഷയങ്ങള്‍ രാജ്യസഭയിൽ ഉന്നയിക്കുന്നതിനു മുന്‍ഗണന നല്‍കിയെന്നതായിരുന്നു ഛദ്ദയ്‌ക്കെതിരായ എഎപി നടപടിക്കു കാരണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളില്‍ ഛദ്ദ മൗനം പുലര്‍ത്തിയെന്നും ആരോപണമുയര്‍ന്നു.

ഒരിക്കൽ വിശ്വസ്തൻ, എന്നിട്ടും കെജ്‌രിവാളിനെ കൈവിട്ട മിത്തൽ

രാഘവ് ഛദ്ദയ്ക്കു പകരം തന്റെ വിശ്വസ്തന്‍ അശോക് മിത്തലിനെയാണ് രാജ്യസഭാ പാര്‍ട്ടി ഉപനേതാവ് സ്ഥാനത്ത് കെജ്‌രിവാള്‍ കൊണ്ടുവന്നത്. 2024-ല്‍ മദ്യനയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പദം രാജിവച്ച് ഔദ്യോഗിക വസതി വിട്ട കെജ്‌രിവാളിനും കുടുംബത്തിനും ആതിഥേയത്വം വഹിച്ചത് അശോക് മിത്തലായിരുന്നു. ഡല്‍ഹിയിലെ മണ്ഡി ഹൗസിനടുത്തുള്ള ഫിറോസ്ഷാ റോഡിലെ മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കായിരുന്നു കെജ്‌രിവാള്‍ പ്രായമായ മാതാപിതാക്കളുടെ കൈപിടിച്ചെത്തിയത്.

രാജ്യസഭാ എംപിയെന്ന നിലയില്‍ മിത്തലിന് അനുവദിച്ചുകിട്ടിയ ഈ വസതിയില്‍ ഒരു വര്‍ഷമാണ് കെജ്‌രിവാളും കുടുംബവും കഴിഞ്ഞത്. ഏപ്രില്‍ 24ന്, കെജ്രിവാള്‍ മിത്തലിന്റെ വീട്ടില്‍നിന്ന് മാറി ലോധി എസ്റ്റേറ്റിലെ ടൈപ്പ്-7 സര്‍ക്കാര്‍ ബംഗ്ലാവിലേക്ക് താമസം മാറുകയായിരുന്നു. ദേശീയ പാര്‍ട്ടിയുടെ തലവനെന്ന നിലയിലാണ് കെജ്‌രിവാളിന് ഈ വസതി സര്‍ക്കാര്‍ അനുവദിച്ചത്. കെജ്‌രിവാള്‍ വീടുമാറി മണിക്കൂറുകള്‍ക്കുള്ളിലാണ് അശോക് മിത്തല്‍ ബിജെപിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

സന്ദീപ് പഥക്: എഎപിയിലെ 'അമിത് ഷാ'

അശോക് മിത്തലിനേക്കാള്‍ അപ്രതീക്ഷിതമായിരുന്നു സന്ദീപ് പഥക്കിന്റെ മാറ്റം. എഎപി നിരയിലെ ബിജെപിയുടെ ഏറ്റവും ശക്തമായ വിമര്‍ശകരില്‍ ഒരാളായിരുന്ന പഥക്കില്‍നിന്ന് ഇങ്ങനെയൊരു ചതി കെജ്‌രിവാള്‍ പ്രതീക്ഷിച്ചതേയില്ല. എഎപിയുടെ 'ബാക്ക്റൂം ഓപ്പറേറ്ററാ'യി അറിയപ്പെട്ടിരുന്ന പഥക്, 2022 മുതല്‍ കണിശതയുള്ള സംഘടനാ തന്ത്രജ്ഞന്‍ എന്ന ഖ്യാതി നേടിയെടുത്തയാളാണ്. രാഷ്ട്രീയ ആസൂത്രണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം, തിരഞ്ഞെടുപ്പ് കണക്കുകള്‍, സര്‍വേകള്‍, ഫലങ്ങള്‍ എന്നിവയില്‍ എഎപിക്ക് പകരം വെയ്ക്കാനില്ല ആളാണ്. കെജ്‌രിവാളിന്റെ 'ചാണക്യന്‍' ആയി അറിയപ്പെട്ടിരുന്ന അശോക് മിത്തലിന് എഎപിയിലെ അമിത് ഷായുടെ പതിപ്പ് എന്ന വിശേഷണം കൂടിയുണ്ടായിരുന്നു.

മദ്യനയക്കേില്‍ കെജ്‌രിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ സംഘടനാ തീരുമാനങ്ങള്‍ നയിക്കുന്നതില്‍ പ്രധാന ശബ്ദം മിത്തലിന്റേതായിരുന്നു. ഹരിയാന തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുമായി നെടന്ന ചര്‍ച്ചകളിലും പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ 2025 മുതല്‍ കെജ്‌രിവാളില്‍നിന്നുള്ള അദ്ദേഹത്തിന്റെ അകല്‍ച്ച പ്രകടമായി. ഇത് പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങളില്‍നിന്നുള്ള വിട്ടുനില്‍ക്കലിലും പ്രതിഫലിച്ചു.

അതേസമയം, സ്വാതി മലിവാളിന്റെ മറുകണ്ടം ചാടല്‍ എഎപി പ്രതീക്ഷിച്ചതു തന്നെയായിരുന്നു. 2024 മേയില്‍ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ ആക്രമിച്ചതായി സ്വാതി മലിവാള്‍ ആരോപണമുയര്‍ത്തിയതു മുതൽ അവരും എഎപിയും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നില്ല. പിന്നിടുള്ള ഓരോ ഘട്ടത്തിലും സ്വാതി കെജ്‌രിവാളിനും എഎപിക്കുമെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

അവസാനഘട്ടത്തിലും ഐക്യത്തിനു ശ്രമിച്ച് കെജ്‌രിവാള്‍

പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായപ്പോഴും ഐക്യത്തിനു ശ്രമം നടത്തി അരവിന്ദ് കെജ്‌രിവാള്‍. ഇപ്പോള്‍ ബിജെപിയിലേക്കു പോയ എംപിമാര്‍, ഏതെങ്കിലും കാരണത്താല്‍ പാര്‍ട്ടിയില്‍ സന്തുഷ്ടരല്ലെങ്കില്‍ രാജിവക്കുകയാണെങ്കില്‍ അഞ്ച് പേര്‍ക്കെങ്കിലും അടുത്ത ടേമില്‍ ടിക്കറ്റ് നല്‍കുമെന്നായിരുന്നു കെജ്‌രിവാളിന്റെ വാഗ്ദാനം. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി എംപിമാരെ വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചിരുന്നു. എന്നാല്‍ അതിനു മുന്‍പ് തന്നെ ബിജെപിയില്‍ ചേരുന്നതായി കാണിച്ച് ഏഴ് എംപിമാരും ഒപ്പിട്ട കത്ത് രാജ്യസഭ ചെയര്‍മാന് ലഭിച്ചു.

എന്താകും എഎപിയുടെ ഭാവി?

പുതിയ സംഭവവികാസങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക എഎപിക്കുണ്ട്. പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചവരില്‍ പ്രധാനികളാണ് സന്ദീപ് പഥക്കും അശോക് മിത്തലും രാഘവ് ഛദ്ദയുമെന്നതാണ് ഇതിനു പ്രധാനകാരണം. ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പഞ്ചാബ് സര്‍ക്കാരിനെ ബിജെപി വീഴ്ത്താനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അറുപതിലധികം എംഎൽഎമാർ ബിജെപിയിലേക്കെന്ന റിപ്പോർട്ടുകളുണ്ട്. ഇതു മറികടക്കാൻ എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ യോഗം നടത്താനുള്ള തീരുമാനത്തിലാണ് എഎപി.

അതേസമയം, ഏഴ് എംപിമാര്‍ എത്തിയതോടെ രാജ്യസഭയില്‍ ബിജെപിയായി കൂടുതല്‍ ശക്തിമായ സ്ഥിതിയിലേക്കു മാറി. എഎപിയുടെ അംഗസംഖ്യ മൂന്നായി കുറയുകയും ചെയ്തു. ബിജെപിയുടെ 106 അംഗങ്ങള്‍ ഉള്‍പ്പെടെ രാജ്യസഭയില്‍ എന്‍ഡിഎ അംഗസംഖ്യ 141 ആണ് (നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏഴ് പേര്‍ ഉള്‍പ്പെടെ). ഏഴ് അംഗങ്ങളെ കൂടി ലഭിച്ചതോടെ അംഗസംഖ്യ യഥാക്രമം 113 ഉം 148 ഉം ആയി ഉയര്‍ന്നു. വര്‍ഷാവസാനത്തോടെ ഒഴിവ് വരുന്ന മുപ്പതിലധികം സീറ്റുകളില്‍ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും നേടാനാവുമെന്നാണ് ബിജെപി പ്രതീക്ഷ. അങ്ങനെയാവുന്നതോടെ എന്‍ഡിഎ ബലം മൂന്നില്‍ രണ്ട് അംഗസംഖ്യയായ 163-ലേക്ക് അടുക്കും.

പാർട്ടിക്കുള്ളിൽ ആത്മവിശ്വാസം പുനർനിർമിക്കുകയെന്നതാണ് കെജ്‌രിവാളിനു മുന്നിലുള്ള അടിയന്തര വെല്ലുവിളി. ഗ്രൗണ്ട് ലെവൽ കേഡർ നിര ശക്തിപ്പെടുത്തുന്നതും പുറത്തുപോയ ജനപ്രീതിയുള്ള നേതാക്കൾക്കുപകരം പുതിയ മുഖങ്ങൾക്കും യുവ നേതാക്കൾക്കും അവസരം നൽകുന്നതും ജനവിശ്വാസം വീണ്ടെടുക്കുന്നതിൽ നിർണായകമാകും. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന നരേറ്റീവ് ഉയർത്തി ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയർത്താൻ കഴിയുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുന്നതിൽ പ്രധാനമാകും.

ലോക്‌സഭയില്‍ മൂന്ന് അംഗങ്ങളും പഞ്ചാബിൽ 92 ഉം ഡല്‍ഹിയില്‍ 22 ഉം ഗുജറാത്തില്‍ നാലും ഗോവയില്‍ രണ്ടും ജമ്മു കശ്മീരില്‍ ഒന്നും എംഎല്‍എമാരുമാണ് എഎപിക്കുള്ളത്.

English summary: The developments point to a deeper structural crisis within Aam Aadmi Party (AAP)rather than routine defections: while Raghav Chadha’s exit was expected, the departure of core insiders like Ashok Mittal and Sandeep Pathak signals erosion of trust around Arvind Kejriwal and a breakdown in the party’s strategic core, weakening both its organizational machinery and electoral readiness—especially ahead of Punjab polls—while simultaneously strengthening the BJP in Parliament and politically framing AAP as a party in decline.