Analysis

ബം​ഗാൾ, കേരളം, തമിഴ്നാട്; ഭരണവിരുദ്ധ വികാരം അലയടിച്ച തിരഞ്ഞെടുപ്പ് ഫലം, തകർന്നടിഞ്ഞ് കോട്ടകൾ

എം.കെ സ്റ്റാലിന്‍, പിണറായി വിജയന്‍, മമത ബാനർജി, തിരിച്ചടിയേറ്റവരെല്ലാം ബിജെപി വിരുദ്ധ ചേരിയിലുള്ളവരാണ്

Political Desk

മൂന്ന് സംസ്ഥാനങ്ങൾ, മൂന്ന് രാഷ്ട്രീയ പാരമ്പര്യം, വ്യത്യസ്ത പശ്ചാത്തലം എന്നിട്ടും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്, ഒരേ വികാരം. ഭരണവിരുദ്ധ വികാരത്തിൽ മൂന്ന് സംസ്ഥാനങ്ങളിലും തുടർഭരണം ഭരണ പാർട്ടികൾക്ക് നിഷേധിക്കപ്പെട്ടു. അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് തമിഴ്നാട്ടിലും കേരളത്തിലുമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ തമിഴ്നാട്ടിൽ എംകെ സ്റ്റാലിന്റെ ഡിഎംകെയ്ക്ക് മുൻതൂക്കം പ്രവചിച്ചപ്പോൾ കേരളത്തിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇത് രണ്ടും ഫലിച്ചില്ല.

കേരളത്തിലെ ഇടതുകോട്ടകളിൽ പോലും വമ്പൻ തകർച്ചയാണ് പാർട്ടി അഭിമുഖീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയന്റെ വിശ്വസ്ത മണ്ഡലമായ ധർമടത്ത് അഞ്ച് റൗണ്ടുകളിൽ പിന്നിട്ടുനിന്നു. ഇടതു വിമത സ്ഥാനാർത്ഥികൾ പയ്യന്നൂരിലും തളിപറമ്പിലും അമ്പലപ്പുഴയിലും അപ്രതീക്ഷിത വിജയം സ്വന്തമാക്കി. നിലവിൽ 101 സീറ്റുകളിലാണ് ഐക്യജനാധിപത്യ മുന്നണി ലീഡ് ചെയ്യുന്നത്. മറുവശത്ത് എൽഡിഎഫ് ആകട്ടെ 37 മണ്ഡലങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു. എട്ടിലധികം മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ തന്നെ പിന്നിലായതോടെ കേരളത്തിലെ ട്രെൻഡ് വളരെ വ്യക്തമായിരുന്നു. കളമശേരി, തൃത്താല, ആറന്മുള മണ്ഡലങ്ങളിൽ തിരിച്ചുവരില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

തമിഴകത്ത് ആദ്യമായി മത്സരിക്കുന്ന വിജയിയുടെ തമിഴക വെട്രി കഴകം 109 സീറ്റുകളിലാണ് മുന്നേറുന്നത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഡിഎംകെ വെറും 61 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. എഐഡിഎംകെ-ബിജെപി സഖ്യം 64 സീറ്റിലും മുന്നേറുന്നുണ്ട്. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ട്രെൻഡ് തമിഴ്നാട്ടിലില്ല എന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടതെങ്കിലും വിജയിയുടെ വരവ് ഡിഎംകെയുടെ അടിവേരറുത്തു. പ്രതിപക്ഷമായി ബിജെപിയെ മുൻനിർത്തിയാണ് ഡിഎംകെ പ്രചരണം നടത്തിയത്. മറുവശത്താകട്ടെ എംകെ സ്റ്റാലിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും നേരിട്ട് കടന്നാക്രമിച്ചാണ് വിജയ് മുന്നേറിയത്. ഇത് ഒരു പരിധിവരെ ലക്ഷ്യം കണ്ടു. കരൂർ ദുരന്തവും വിജയിയുടെ വ്യക്തി ജീവിതവുമായി ഉയർന്ന വിവാദങ്ങളും കൊഴിഞ്ഞുപോക്കും ജനം മുഖംവിലയ്ക്കെടുത്തില്ലെന്നാണ് ഫലം അടിവരയിടുന്നത്. കേവല ഭൂരിപക്ഷത്തിലേക്ക് ടിവികെ എത്തിയില്ലെങ്കിലും വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

പശ്ചിമ ബം​ഗാളിന് 'മമത' ഇല്ല

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അമിത ആത്മവിശ്വാസത്തിലായിരുന്നു മമത ബാനർജിയും സംഘവും, വോട്ടെടുപ്പ് വേളയിൽ വരെ തൃണമൂൽ പ്രവർത്തകരുടെ ഭാ​ഗത്തുനിന്നുണ്ടായ അക്രമസംഭവങ്ങൾ ഇതിനെ പിൻപറ്റിയാണ്. എന്നാൽ ഫലം മമയുടെ ഭരണത്തെ തൂത്തെറിയുന്നതാണ്. ബിജെപി 193 മണ്ഡലങ്ങളിലാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. വെറും 94 സീറ്റുകളിലേക്ക് തൃണമൂൽ കോൺ​ഗ്രസ് ഒതുങ്ങി. സിപിഐഎം ഒരു സീറ്റിൽ വിജയമുറപ്പിച്ചിട്ടുണ്ട്. കോൺ​ഗ്രസ് ഒറ്റ സീറ്റ് പോലും നേടാനായിട്ടില്ല. ട്രെൻഡ് തുടർന്നാൽ 15 വർഷം നീണ്ടുനിന്ന തൃണമൂൽ ഭരണത്തിന് അന്ത്യം കുറിക്കപ്പെടും. തങ്ങളുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അവകാശവാദം. പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ ബിജെപി പാളയത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ ബംഗാളിൽ പാർട്ടി കേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയാണ് തൃണമൂലിന് അധികാരം നഷ്ടമാകാൻ പ്രധാന കാരണം. അതേസമയം മുമ്പ് ബംഗാൾ ഭരിച്ചിരുന്ന ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പതനം സമ്പൂർണമാണ്. നിയമസഭയിൽനിന്ന് കോൺ​ഗ്രസ് ഇത്തവണ പൂർണമായും തുടച്ചുനീക്കപ്പെടും. ഇടതുപക്ഷത്തിന് ഇപ്പോൾ വിജയിച്ച സീറ്റ് കൂടാതെ മറ്റു സീറ്റുകളിൽ നേരിയ സാധ്യതകൾ മാത്രമെ നിലവിൽക്കുന്നുള്ളു.

English Summary: A strong anti-incumbency wave swept across Kerala, Tamil Nadu, and West Bengal, toppling ruling governments. Pinarayi Vijayan, M. K. Stalin, and Mamata Banerjee faced major setbacks as opposition forces surged ahead