ഒരു ദേശീയ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ തുടങ്ങിയ യുവജന പ്രതിഷേധം. പിന്നീടത് രാജ്യത്തെ വ്യവസ്ഥിതിക്കെതിരെയുള്ള ഒരു തലമുറയുടെ പ്രക്ഷോഭമായി മാറുന്നു. രാജ്യത്തെ യുവാക്കളെ വിലയില്ലാത്തവരായി തള്ളിക്കളയാൻ സർക്കാരിന് കഴിയാത്ത തലത്തിലേക്ക് വളർന്നിരിക്കുകയാണ് സിജെപി പ്രതിഷേധം. ഇപ്പോഴത് സിജെപിയുടെ മാത്രം പ്രതിഷേധമല്ല എന്നിടത്താണ് അതിന്റെ ഗൗരവം നാം മനസ്സിലാക്കേണ്ടത്.
ഉത്തരവാദിത്തബോധം, സുതാര്യത എന്നിവയെ കുറിച്ചുള്ള ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഉയർത്തിക്കാട്ടി, ഇനിയും ഒളിക്കാനാവാത്ത വിധം അധികാരവ്യവസ്ഥിതികളെ ഡൽഹിയുടെ തെരിവുകളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ് വിദ്യാർഥികൾ.
പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധ മാർച്ച് മുൻകാല പ്രക്ഷോഭങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. കാരണം, നിർഭയമായി രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്ന ഒരു പുതിയ തലമുറയുടെ നേതൃത്വത്തിൽ, പരീക്ഷാ തട്ടിപ്പ് എന്ന ഒറ്റ വിഷയത്തെ മോദി ഭരണകൂടത്തിന്റെ വീഴ്ചകൾക്കും സ്ഥാപനപരമായ തകർച്ചയ്ക്കുമെതിരെയുള്ള വിശാലമായ വിമർശനമാക്കി മാറ്റാൻ അവർക്ക് സാധിച്ചു.
പ്രധാനം ധർമേന്ദ്രയല്ല, ഇവിടെ ലക്ഷ്യം മോദി
തുടക്കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനായിരുന്നു വിദ്യാർഥി പ്രതിഷേധങ്ങളുടെ പ്രധാനലക്ഷ്യമെങ്കിൽ ഇന്നത് പ്രധാനമന്ത്രി മോദിയിലേക്കും മോദിയുടെ ഭരണവീഴ്ചകളുടെ 12 വർഷങ്ങളിലേക്കും തിരിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി വീഴുകയോ വാഴുകയോ ചെയ്യട്ടെ, മോദിയുടെ ഭരണപോരായ്മകളിലേക്ക് ഞങ്ങളിതാ ലക്ഷ്യം തിരിച്ചുകഴിഞ്ഞു എന്നതാണ് യുവജനതയുടെ പ്രഖ്യാപനം.
പരിതാപകരമായ ഭരണചരിത്രമായിട്ടും ധർമേന്ദ്ര പ്രധാനെ സംരക്ഷിച്ച് നിർത്തുന്നതിലൂടെ, സിജെപി പ്രതിഷേധത്തെ തന്റെ വ്യക്തിഗത നേതൃത്വത്തിനെതിരെയുള്ള ഒരു ജനഹിതപരിശോധനയായി മാറ്റുകയാണ് മോദി ചെയ്തത്. അദ്ദേഹമവിടെ ചെയ്യേണ്ടിയിരുന്നത് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മന്ത്രിമാർക്ക് മേൽ സമ്മർദം ചെലുത്തുകയായിരുന്നു.
സിജെപിയും വാങ്ചുക്കും കടന്ന്...
കോക്രോച്ച് ജനതാ പാർട്ടിയെന്ന പൊളിറ്റിക്കൽ സറ്റയറിക്കൽ ക്യാംപെയ്നിലൂടെ തുടങ്ങിയ പ്രതിഷേധം ഇന്ന് സിജെപിയുടെ തണലിൽ നിന്ന് വേർപെട്ട് വെയിലും മഴയുമേറ്റ് മുന്നേറുകയാണ്. പാർലമെന്റ് മാർച്ചിൽ കണ്ടത് സിജെപിയുടെയോ അഭിജീത് ദീപ്കെയുടെയോ ബാനറിലുള്ള പ്രതിഷേധമല്ല. മറിച്ച്, തങ്ങളുടെ ഭാവി കയ്യിൽ പിടിച്ച് സർക്കാരിനോട് ചോദ്യശരങ്ങളേയ്യുന്ന രാജ്യത്തെ യുവതലമുറയുടെ അമർഷമാണ്. അതിൽ സോനം വാങ്ചുക്ക് എന്നത് ഒരു പ്രധാനമുഖം പോലുമില്ല.
പല പാർട്ടികളും പല നേതാക്കളും നടത്തിയ സമരങ്ങൾ അനേകം കണ്ടിട്ടുണ്ട് രാജ്യം. അതിൽ പലതും മുകളിൽ നിന്നുള്ള സമ്മർദങ്ങളാൽ പകുതിയിൽ അവസാനിച്ചിട്ടുമുണ്ട്. ജന്തർ മന്തറിലെ പ്രതിഷേധത്തിന് മേൽ അങ്ങിനെയൊരു സമ്മർദം ഏൽക്കാത്തതിന് പ്രധാന കാരണം, വിദ്യാർഥികൾ ഒരു കൊടിയുടെയും വിലാസത്തിലല്ല എത്തിയത് എന്നതിനാലാണ്. അവർക്കൊരു ലക്ഷ്യമേ ഉള്ളൂ- ഈ വ്യവസ്ഥിതിയിൽ നിന്ന് മോചനം.
ദേശവിരുദ്ധരല്ല, അർബൻ നക്സലും... ഏൽക്കില്ല മോദിയുടെ പതിവ് പല്ലവികൾ
സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ഉയരുന്ന ശബ്ദങ്ങളെയെല്ലാം ദേശവിരുദ്ധ ചാപ്പ കുത്തി ഒതുക്കുകയാണ് കഴിഞ്ഞ 12 വർഷത്തെ പതിവ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ 'മുസ്ലീം പ്രക്ഷോഭ'മായും, സമരം ചെയ്ത കർഷകരെ 'ഖാലിസ്ഥാനികളായും', കാമ്പസുകളിലെ എതിർപ്പുകളെ 'ദേശവിരുദ്ധമായും അർബൻ നക്സൽ ആയും ചിത്രീകരിക്കപ്പെട്ടു. എന്നാൽ, നിലവിലെ പ്രക്ഷോഭം പരീക്ഷകളുടെ സുതാര്യത, തൊഴിലില്ലായ്മ, സ്ഥാപനങ്ങളിലുള്ള വിശ്വാസ്യത എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ്—ജാതിക്കും മതത്തിനും പ്രാദേശികതയ്ക്കും അപ്പുറത്തേക്ക് പടരുന്ന വിഷയങ്ങൾ.
ജോലി തേടുന്നവർ, അർബൻ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടുന്നതാണ് ജന്തർ മന്തറിലെ പ്രതിഷേധക്കൂട്ടം. അവരെ ശത്രുഗണത്തിൽ പെടുത്തണമെങ്കിൽ തന്നെ ഏതു വിഭാഗം തിരഞ്ഞെടുക്കും മോദി സർക്കാർ? വെവ്വേറെ മതം, നാട്, ഭാഷ... അതിർത്തികളേതും ഭേദിച്ച് ഒറ്റ ലക്ഷ്യത്തിനായി ഒത്തുകൂടിയവരാണവർ. അതും സമാധാനപരമായ പ്രതിഷേധം മാത്രം. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ ഭീകരവത്കരിക്കുന്ന പതിവ് മോദി ശൈലി ഇവിടെ ഏൽക്കുകയേ ഇല്ല.
ഭരണഘടനാ മൂല്യങ്ങളുടെ പരാജയത്തോടാണ് പരിഭവം
സി.ജെ.പി.യുടെ രൂപീകരണ ചരിത്രം തന്നെ ഉന്നത നീതിപീഠത്തിനേറ്റ കനത്ത പ്രഹരമാണ്. 'പരാന്നഭോജികൾ' എന്ന് താൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് 'വ്യക്തമാക്കിയെങ്കിലും', 'പാറ്റ' എന്ന പരാമർശം തൊഴിൽരഹിതരായ യുവാക്കളെ രാജ്യത്തെ പരമോന്നത കോടതി പോലും പുച്ഛത്തോടെയാണ് കാണുന്നത് എന്ന തോന്നൽ ഉറപ്പിച്ചു. അതിനുപിന്നാലെ, പരീക്ഷാ ചോർച്ചകളിൽ ശക്തമായ നീതിപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതിരുന്നത് നിയമപരമായ വഴികളെല്ലാം അടഞ്ഞു എന്ന ചിന്ത ജനങ്ങളിൽ വർദ്ധിപ്പിച്ചു. ജനങ്ങൾ തെരുവിലിറങ്ങാൻ പ്രധാന കാരണം—വൻകിട മാധ്യമങ്ങൾ, പാർലമെന്റ്, നീതിന്യായ വ്യവസ്ഥ തുടങ്ങിയ പരമ്പരാഗത ജനാധിപത്യ സംവിധാനങ്ങളെല്ലാം തകർന്നു തരിപ്പണമായി എന്ന തിരിച്ചറിവാണ്.
മുൻപ് സമരം ചെയ്തവർ ജാമ്യം പോലും ലഭിക്കാതെ വർഷങ്ങളോളം ജയിലിൽ കിടന്ന ഓർമ്മകൾ ഇന്നും ജനമനസ്സുകളിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടെന്നാണ് പ്രതിഷേങ്ങളുടെ ശക്തി സൂചിപ്പിക്കുന്നത്. ജനാധിപത്യപരമായ പരാതികൾ പരിഹരിക്കേണ്ട സംവിധാനങ്ങളെല്ലാം വാതിലുകൾ കൊട്ടിയടച്ചതുകൊണ്ട് മാത്രമാണ് മാറ്റത്തിനായി നേരിട്ട് ഡൽഹിയുടെ തെരുവുകൾ കീഴടക്കാൻ ജനങ്ങൾ പൂർണ്ണമായും നിർബന്ധിതരാവുകയായിരുന്നു എന്ന് വേണം കരുതാൻ.
നോക്കുകുത്തികളായതും സർക്കാർ
സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചുള്ള കാലതാമസവും കാര്യങ്ങളെ നിസ്സാരവത്കരിച്ചുള്ള സംസാരങ്ങളുമാണ് പ്രതിഷേധങ്ങളോട് ഇതുവരെ മോദി സർക്കാരിന്ർറെ പ്രതികരണം. ഒത്തുതീർപ്പിന് തയ്യാറല്ല, പ്രതിഷേധങ്ങളെ അടക്കാനാവുന്നില്ല, ലക്ഷ്യം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ഉറച്ച തീരുമാനത്തിലെത്തിയ ഒരു തലമുറ മുന്നിൽ- ഇതാണ് നിലവിൽ സർക്കാരിന് മുന്നിലുള്ളത്.
സ്വന്തം ശബ്ദം കേൾക്കാതെ പോയപ്പോൾ വിവിധ രാജ്യങ്ങളിലെ യുവാക്കൾ തെരുവ് പ്രക്ഷോഭങ്ങളിലൂടെ എന്താണ് നേടിയെടുത്തതെന്ന് അവർക്ക് നന്നായി അറിയാം. ഭരണകൂടത്തിനും അവരുടെ അനുഭാവികൾക്കും ആ ഭയം തുറന്നുപറയാൻ പ്രയാസമാണെങ്കിൽ കൂടിയും ഇതിനോടകം തന്നെ അത് മറനീക്കി പുറത്ത് വന്നിട്ടുണ്ട്.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ നീക്കങ്ങളെ ഭയക്കുന്നില്ല ജനങ്ങൾ എന്നതാണ് ജന്തർ മന്തറിലെ പ്രതിഷേധം വ്യക്തമാക്കുന്നത്. വമ്പൻ പൊലീസ് സന്നാഹമോ, ചുറ്റുപാടുമുള്ള ക്യാമറകളോ, കണ്ണീർ വാതകമോ ഒന്നും ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങൾക്ക് മുന്നിൽ ഒന്നുമല്ല. പരസ്പരം ചിതറിപ്പോവില്ലെന്നും, നിശബ്ദരാക്കപ്പെടയില്ലെന്നും ഉറപ്പിച്ച് തന്നെയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ജനം തെരുവിലിറങ്ങിയിരിക്കുന്നത്. ആ അലയൊലികളിൽ വിറയ്ക്കുന്നത് പ്രധാനമന്ത്രിയുടെ 'ശക്തനായ നേതാവ്' എന്ന പ്രതിച്ഛായയും.
What began as a youth protest over the leak of a national examination question paper has evolved into a generational uprising against the country's system itself. The seriousness of the movement lies in the fact that the CJP-led protests have grown to a point where the government can no longer afford to dismiss the country's youth as insignificant. By raising questions of accountability and transparency directly at Prime Minister Narendra Modi, students have dragged the corridors of power onto the streets of Delhi, making it impossible for those in authority to remain hidden any longer.