രാജ്യത്തെ കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരത്തില്‍ വന്‍ ഇടിവ്. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന കല്‍ക്കരിയില്‍ 24 ശതമാനത്തോളം ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിലുണ്ടായ അസാധാരണമായ വൈദ്യുതി ആവശ്യകതയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വേനല്‍ക്കാലത്ത് എത്ര വൈദ്യുതിയാണോ ഉപയോഗിക്കുന്നത്, അതിനോട് അടുത്ത നില്‍ക്കുന്ന ഉപയോഗമാണ് ഈ മാസമുണ്ടായത്. സെപ്റ്റംബര്‍ 10-ന് പീക്ക് പവര്‍ ഡിമാന്‍ഡ് 269 ഗിഗാവാട്ടില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മേയ് മാസത്തില്‍ രേഖപ്പെടുത്തിയ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 270 ഗിഗാവാട്ടിനേക്കാള്‍ ഒരു ഗിഗാവാട്ട് മാത്രമാണ് ഇതില്‍ കുറവുള്ളത്. മഴ ലഭ്യതയിലെ കുറവു മൂലവും എല്‍ നിനോ പ്രതിഭാസം മൂലവും രാജ്യത്തെ ജലവൈദ്യുത ഉല്‍പ്പാദനത്തില്‍ 15.5 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകളെ കൂടുതല്‍ ആശ്രയിക്കാന്‍ ഇടയാക്കി. ഇതോടെ കല്‍ക്കരി ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായി.
ആവശ്യമായതിന്റെ 36% മാത്രം ശേഖരം
സെപ്റ്റംബര്‍ 27-ലെ കണക്കനുസരിച്ച്, രാജ്യത്തെ ആഭ്യന്തര കല്‍ക്കരി പ്ലാന്റുകളില്‍ 19.2 ദശലക്ഷം ടണ്‍ കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. ഉല്‍പ്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ 53.7 ദശലക്ഷം ടണ്ണിന്റെ 36% മാത്രമാണിത് (64% കുറവ്). സെപ്റ്റംബര്‍ ഒന്നിന് ഇത് 25.4 ദശലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് 43.1 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ 55.5 ശതമാനത്തിന്റെ വന്‍ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ 168 ആഭ്യന്തര കല്‍ക്കരി പവര്‍ പ്ലാന്റുകളില്‍ 72 എണ്ണത്തിലും ഇന്ധന ശേഖരം 'ഗുരുതരമായ' നിലയിലാണ്. തടസ്സമില്ലാത്ത വൈദ്യുതി ഉല്‍പ്പാദനം ഉറപ്പാക്കാന്‍ താപ വൈദ്യുതി നിലയങ്ങള്‍ സൂക്ഷിക്കേണ്ട കല്‍ക്കരിയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ നിലവിലുള്ളത്.
സെക്ഷന്‍ 11 പ്രകാരം അടിയന്തര നടപടി
സാഹചര്യം വഷളായതോടെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അടിയന്തര നടപടികള്‍ ആരംഭിച്ചു. അസാധാരണ സാഹചര്യങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷന്‍ 11 പ്രകാരം, രാജ്യത്തെ 112 ക്യാപ്റ്റീവ് കല്‍ക്കരി പവര്‍ പ്ലാന്റുകളോട് ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
സ്വന്തം ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വന്‍കിട വ്യവസായശാലകളും ഫാക്ടറികളും പ്രവര്‍ത്തിപ്പിക്കുന്നവയാണ് ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍. സാധാരണയായി ഇവ പൊതുഗ്രിഡിലേക്ക് വൈദ്യുതി വില്‍ക്കാറില്ല. എന്നാല്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇവയുടെ പരമാവധി സേവനം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മുമ്പ്, ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകള്‍ക്കാണ് സര്‍ക്കാര്‍ ഇത്തരം അടിയന്തര ഉത്തരവുകള്‍ നല്‍കിയിരുന്നത്. 18 ഗിഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടെങ്കിലും ആഭ്യന്തര കല്‍ക്കരിയേക്കാള്‍ ചെലവേറിയതായതിനാല്‍ ഈ പ്ലാന്റുകള്‍ പലപ്പോഴും പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കാറില്ല.
ഇത്തവണ വൈദ്യുതി ആവശ്യകതയിലുണ്ടായ അസാധാരണ വര്‍ദ്ധനവും ജലവൈദ്യുത ഉല്‍പ്പാദനത്തിലുണ്ടായ കുറവുമാണ് ഊര്‍ജ്ജ ലഭ്യത കുറച്ചത്. ഇതോടെ വൈകുന്നേരങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ തെര്‍മല്‍ പ്ലാന്റുകളെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവില്‍ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം 15.5% വര്‍ധിച്ച് 96,718.83 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 83,736.47 ദശലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍ മാസം മുതല്‍ നോക്കിയാല്‍, 2026-ല്‍ കല്‍ക്കരി അധിഷ്ഠിത ഉല്‍പ്പാദനം 676,633.25 ദശലക്ഷം യൂണിറ്റിലെത്തി. 2025-ലെ ഇതേ കാലയളവിനേക്കാള്‍ (611,331.53 ദശലക്ഷം യൂണിറ്റ്) 10.7% വര്‍ദ്ധനവാണിത്. അതേസമയം, സെപ്റ്റംബര്‍ ഒന്നു മുതല്‍ 26 വരെയുള്ള കാലയളവില്‍ ജലവൈദ്യുത ഉല്‍പ്പാദനം 15.5% കുറഞ്ഞ് 16,483.18 ദശലക്ഷം യൂണിറ്റായി. 2025-ല്‍ ഇതേ സമയത്ത് ഇത് 19,505.93 ദശലക്ഷം യൂണിറ്റായിരുന്നു.
ഇന്ധന ലഭ്യതയിലെ കുറവ്
കാലവര്‍ഷത്തിലുണ്ടായ വ്യതിയാനങ്ങള്‍ കല്‍ക്കരി ഖനനത്തെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചതായി സാമ്പത്തിക വിശകലന സ്ഥാപനമായ ഐ.സി.ആര്‍.എ വ്യക്തമാക്കുന്നു. കല്‍ക്കരി ലഭ്യത കുറഞ്ഞതും, ഉയര്‍ന്ന വൈദ്യുതോല്‍പ്പാദനവും പ്ലാന്റുകളിലെ ശേഖരം പെട്ടെന്ന് തീരാന്‍ കാരണമായെന്ന് ഐ.സി.ആര്‍.എ കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് വൈസ് പ്രസിഡന്റ് അങ്കിത് ജെയിന്‍ പറഞ്ഞു. കടുത്ത അടിയന്തര സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ക്യാപ്റ്റീവ് പ്ലാന്റുകളിലേക്ക് കൂടി നിര്‍ദ്ദേശം വ്യാപിപ്പിച്ചതെന്ന് ഊര്‍ജ്ജ തന്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നതോടെ ചൂട് കുറയുകയും വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടാവുകയും ചെയ്യുമെന്നാണ് പ്രവചനം. എങ്കിലും, കനത്ത മഴ തുടര്‍ന്നാല്‍ ഖനനവും ഗതാഗതവും വീണ്ടും തടസ്സപ്പെടാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.
India’s coal-fired power plants are facing a significant decline in coal stocks amid unusually high electricity demand in September. Coal stocks at domestic coal-based power plants fell from 25.4 million tonnes on September 1 to 19.2 million tonnes by September 27, a decline of around 24%. The September 27 stock represented only 36% of the 53.7 million tonnes considered necessary for uninterrupted generation. Compared with the 43.1 million tonnes available on the same date last year, stocks were down 55.5%.