Analysis

കണ്ണിങ്ഹാം സര്‍ക്കുലര്‍ മുതല്‍ കാമ്പസ് സെന്‍സറിങ് വരെ: ബ്രിട്ടീഷ് രാജിന്റെ തന്ത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

സര്‍വ്വകലാശാലകളുടെ 'ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്ക്' ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്

Madism Desk

ഡല്‍ഹിയുടെ ശ്വാസം മുട്ടിക്കുന്ന ചൂടിലേക്ക് ഒരു കൂട്ടം യുവജനങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങളുമായി മാര്‍ച്ച് ചെയ്യുമ്പോള്‍, അത് ഇന്ത്യയിലെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കിയ നീറ്റ് പരീക്ഷാ തട്ടിപ്പുകള്‍ക്കും വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്ക്കുമെതിരെ രാജ്യത്തിന്റെ യഥാര്‍ത്ഥ സ്പന്ദനം തെരുവിലിറങ്ങിയിരിക്കുകയാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവജനങ്ങള്‍ നടത്തുന്ന ഈ മുന്നേറ്റം നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കാലത്തെ ഏറ്റവും ശക്തവും സര്‍ഗാത്മകവുമായ പ്രക്ഷോഭങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

എന്നാല്‍, ഈ പ്രതിഷേധാഗ്‌നിക്ക് കാവലാകേണ്ട രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്തത് എന്താണ്? ഐക്യദാര്‍ഢ്യത്തിന്റെ ചെറുതീപ്പൊരി പോലും കാമ്പസുകളില്‍ വീഴാതിരിക്കാന്‍ അവര്‍ സര്‍ക്കുലറുകള്‍ കൊണ്ട് തടയുകയായിരുന്നു.

മൗലികാവകാശങ്ങളുടെ സെന്‍സറിങ് റൂമുകള്‍

ഐഐടി റൂര്‍ക്കി മുതല്‍ ചെന്നൈയിലെ ഐഐടി മദ്രാസ് വരെ, ഡല്‍ഹി യൂണിവേഴ്‌സിറ്റി മുതല്‍ ജെഎന്‍യു വരെയുള്ള പ്രമുഖ സ്ഥാപനങ്ങള്‍ ഉത്തരവുകളുടെ പെരുമഴയാണ് ഇറക്കിയത്. 'അനുമതിയില്ലാതെ രാഷ്ട്രീയമില്ല,' 'സമരത്തെ പിന്തുണച്ചുള്ള വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക'-ഐഐടി സര്‍ക്കുലര്‍ ഉത്തരവുകള്‍ ഇങ്ങനെയായിരുന്നു . ഡല്‍ഹി യൂണിവേഴ്‌സിറ്റിയാകട്ടെ, വിദ്യാര്‍ത്ഥികളുടെ കരിയറും സുരക്ഷയും അപകടത്തിലാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ജെഎന്‍യു ആകട്ടെ, ജന്തര്‍മന്തറിലെ സമരസ്ഥലത്തേക്ക് തിരിഞ്ഞുപോലും നോക്കരുതെന്ന് കര്‍ശന വിലക്കേര്‍പ്പെടുത്തി. അച്ചടക്ക നടപടിയും നിയമപരമായ പ്രത്യാഘാതങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് യുവത്വത്തിന് മുന്നില്‍ താക്കീത് മുഴക്കി.

ഇവിടെയാണ് ആ ചോദ്യം പ്രസക്തമാകുന്നത്- സ്‌നേഹത്തിന്റെയും സുരക്ഷയുടെയും മനോഹരമായ ഭാഷയില്‍ പൊതിഞ്ഞ് അധികാരികള്‍ നടപ്പിലാക്കുന്നത് മറ്റെന്തെങ്കിലും ആണോ? ഒരു പൗരന്റെ മൗലികാവകാശങ്ങളില്‍ കടിഞ്ഞാണിടുക, അനുമതി വാങ്ങാന്‍ നിര്‍ബന്ധിക്കുക, അഭിപ്രായപ്രകടനങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകഇതിലൂടെ ഈ വിദ്യാലയങ്ങള്‍ ഭരണകൂടത്തിന്റെ സെന്‍സറിങ് ഏജന്‍സികളായി മാറുകയായിരുന്നു. പവര്‍ പൊളിറ്റിക്‌സിനോടുള്ള അവരുടെ അടിമത്തം ഇവിടെ പൂര്‍ണ്ണമായി നഗ്‌നമാക്കപ്പെടുന്നു.

നൂറു വര്‍ഷം പിന്നിലെ ബ്രിട്ടീഷ് ഓടക്കുഴല്‍

എന്നാല്‍, ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ അറിയാം, സര്‍വ്വകലാശാലകളുടെ ഈ 'ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്ക്' ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് രാജ് പരീക്ഷിച്ച അതേ അടവുകള്‍ തന്നെയാണ് ഇന്നത്തെ ഇന്ത്യന്‍ കാമ്പസുകളില്‍ ആവര്‍ത്തിക്കപ്പെടുന്നത്.

1930-കള്‍. ഇന്ത്യയുടെ നിയമലംഘന പ്രക്ഷോഭം അലയടിക്കുന്ന കാലം. അസാമിലെ യുവനേതാക്കളുടെ ആഹ്വാനപ്രകാരം വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയിരുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അറസ്റ്റ് കൂടി ആയതോടെ വിദ്യാര്‍ത്ഥി സമൂഹം ഇളകിമറിഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ താക്കീതുകളെ വകവെയ്ക്കാതെ അവര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി.

അപ്പോഴാണ് അന്നത്തെ അസാം പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ജോണ്‍ റിച്ചാര്‍ഡ് കണ്ണിങ്ഹാം ആ കുപ്രസിദ്ധമായ സര്‍ക്കുലര്‍ ഇറക്കുന്നത്. സമരങ്ങളില്‍ പങ്കെടുക്കില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രേഖാമൂലം എഴുതി നല്‍കണം. അനുസരിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്യും, പിഴ ഈടാക്കും, സ്‌കൂളില്‍ നിന്ന് പുറത്താക്കും! ബ്രിട്ടീഷുകാര്‍ കരുതിയത് ഭയം കൊണ്ട് വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ഒതുങ്ങുമെന്നായിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. കണ്ണിങ്ഹാം സര്‍ക്കുലര്‍ ഒരു തീപ്പൊരിയായി മാറി കാട്ടുതീ പോലെ ആസാമിലൊട്ടാകെ പടര്‍ന്നു. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സ്‌കൂളുകള്‍ ഉപേക്ഷിച്ചു. 'കംരൂപ് അക്കാദമി' പോലുള്ള സമാന്തര വിദ്യാലയങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ പിറവികൊണ്ടു. ബ്രിട്ടീഷ് രാജിനെ പിന്തുണച്ചിരുന്ന പ്രഭുക്കന്മാര്‍ പോലും ഈ അടിച്ചമര്‍ത്തലിനെതിരെ രംഗത്തുവന്നു. ഭയം സൃഷ്ടിക്കാന്‍ നോക്കിയ ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയത് കനത്ത പ്രഹരമായിരുന്നു.

ചരിത്രത്തിന്റെ ഹ്രസ്വകാല സ്മൃതിനാശവും പുതിയ വഴിമാറലുകളും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, മാറ്റത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടിട്ടുള്ളത് യുവത്വത്തിന്റെ കരങ്ങളിലാണ്. 1965-ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം, ഗുജറാത്തിലെ നവനിര്‍മ്മാണ്‍ പ്രക്ഷോഭം, അടിയന്തരാവസ്ഥയ്ക്കെതിരായ ജെ.പി മൂവ്മെന്റ്, വടക്കുകിഴക്കേ ഇന്ത്യയിലെ അസം പ്രക്ഷോഭം ഇവയുടെയെല്ലാം മുന്‍നിരയില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇന്നത്തെ ഭരണാധികാരികളില്‍ പലരും ആ കാമ്പസ് സമരങ്ങളുടെ തീച്ചൂളയില്‍ നിന്ന് വളര്‍ന്നുവന്നവരാണ് എന്നത് കാലം കാത്തുവെച്ച വലിയൊരു വിരോധാഭാസമാണ്.

എന്നിട്ടും, ഇന്ന് ഭരണാധികാരികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആ ചരിത്രം മനപ്പൂര്‍വ്വം മറന്നിരിക്കുന്നു. പഠിക്കുന്ന വിദ്യാര്‍ത്ഥിയെയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിയെയും രണ്ടായി കണ്ടുകൊണ്ട്, കാമ്പസുകളെ രാഷ്ട്രീയമില്ലാത്ത മരുഭൂമിയാക്കാന്‍ അവര്‍ വെമ്പുന്നു. ഭാവിയിലേക്ക് സര്‍ഗാത്മകമായി ചിന്തിക്കാനുള്ള യുവത്വത്തിന്റെ ശേഷിയെയാണ് അവര്‍ ഭയക്കുന്നത്. ചരിത്രം പഠിപ്പിക്കുന്ന ഒരേ ഒരു പാഠമുണ്ട്. അടിച്ചമര്‍ത്തലുകള്‍ കൂടുന്തോറും ചെറുത്തുനില്‍പ്പിന്റെ സ്വരങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാകും. ഭരണകൂടത്തിന്റെ മതിലുകള്‍ തകര്‍ത്തെറിഞ്ഞ് ആ യുവത്വം വീണ്ടും തെരുവുകളിലേക്ക് തന്നെ ഒഴുകിയെത്തും.

As a group of young people marched through Delhi's suffocating heat carrying their dreams, they were also shaking the corridors of power in India. The nation's youth have taken to the streets against the NEET exam irregularities and the decline of the education system that has jeopardized the future of millions of students. Their demand for the resignation of the Union Education Minister has turned the movement into one of the strongest and most creative protests witnessed during Narendra Modi's tenure.

But how did India's premier higher education institutions respond to this wave of dissent? Instead of standing in solidarity with the students, many sought to prevent even a spark of support from spreading across campuses by issuing circulars restricting participation in the protests.