വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക്. വിദ്യാർഥി പ്രതിഷേധം ശക്തമാകുമ്പോഴും മന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ തയ്യാറല്ല. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച വിത്തൽഭായ് പട്ടേൽ ഹൗസിൽ കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി സിജെപി പ്രതിനിധികൾ നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചയും നിർണ്ണായക തീരുമാനങ്ങളില്ലാതെ പിരിഞ്ഞു.
പരീക്ഷാ ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ആവശ്യമാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവർത്തിച്ചു. ഇതിനുപുറമെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന മറ്റ് ചില ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന 'സംസദ് ചലോ' മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ ഉണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരും, റാപ്പിഡ് ആക്ഷൻ ഫോഴ്സും, ഡൽഹി പൊലീസ് കമ്മീഷണറും പരസ്യമായി മാപ്പ് പറയണം. മേയ് 3-ലെ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളും നിയമനടപടികളും പൂർണ്ണമായും പിൻവലിക്കണം. ഭാവിയിൽ ക്രമക്കേടുകൾ ഒഴിവാക്കാൻ സംഘടന മുന്നോട്ടുവെച്ച അഞ്ചിന പരീക്ഷാ പരിഷ്കരണ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്.
ഇതിൽ നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിലും സർക്കാർ തത്വത്തിൽ അനുകൂല നിലപാട് അറിയിച്ചതായി സിജെപി വക്താവ് അശുതോഷ് റാങ്ക നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ രാജി ആവശ്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന കടുത്ത നിലപാട് ചർച്ചകളെ അനിശ്ചിതത്വത്തിലാക്കുകയാണ്.
അതേസമയം, മന്ത്രി രാജിവെച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നാണ് ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ നൽകുന്ന മറുപടി. "രാജിവെച്ച് ഒളിച്ചോടുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്. ജനങ്ങൾ ഞങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ്, അത് ഞങ്ങൾ ചെയ്യും"- കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ധർമേന്ദ്ര പ്രധാന്റെ രാജി പോലുള്ള പ്രതീകാത്മകമായ നടപടികൾക്ക് മുതിരുന്നതിനേക്കാൾ, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഘടനയിലുള്ള വ്യവസ്ഥാപിത പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻടിഎയുടെ പോരായ്മകൾ അക്കമിട്ടു നിരത്തുന്ന സമഗ്രമായ ഒരു റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും, പരീക്ഷാ ഏജൻസിയെ ഉടച്ചുവാർക്കുന്ന തിരുത്തൽ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും നിരവധി സംഘങ്ങളെ ഇതിനകം പിടികൂടിക്കഴിഞ്ഞതായും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങി മന്ത്രിയെ മാറ്റുന്നത് സർക്കാരിന്റെ രാഷ്ട്രീയ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന ഭയമാണ് കേന്ദ്രത്തിനുള്ളത്. അതുകൊണ്ടാണ് എൻടിഎ പരിഷ്കരണം, മാഫിയകൾക്കെതിരെയുള്ള നടപടി എന്നീ വാദങ്ങൾ ഉയർത്തി മന്ത്രിയുടെ രാജിയെ പ്രതിരോധിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
എന്നാൽ, പരീക്ഷാ ക്രമക്കേടുകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച വിഷയമായതിനാൽ രാജി ആവശ്യത്തിൽ നിന്ന് പിന്മാറാൻ സിജെപിക്കും കഴിയില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെ, ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ വഷളാക്കാനാണ് സാധ്യത.
The ongoing student protests led by the Cockroach Janta Party (CJP) over the NEET exam irregularities have reached a political deadlock. While the CJP remains firm on its demand for the resignation of Union Education Minister Dharmendra Pradhan, the central government has strongly ruled out the possibility. According to government sources, there is "no question" of Pradhan resigning. They stated that resigning would be "running away from responsibility" and emphasized that the government intends to fulfill the mandate given by the people.