രാജ്യത്തെ ഐഐടി ക്യാമ്പസുകളിൽ വിദ്യാർഥികളുടെ മരണനിരക്ക് കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, അതായത് 2020-21 മുതൽ 2024-25 വരെയുള്ള കാലയളവിൽ, 53 വിദ്യാർഥികൾക്കാണ് വിവിധ ഐഐടികളിലായി ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ പകുതിയിലധികം പേരും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു
റിപ്പോർട്ട് ചെയ്യപ്പെട്ട 53 മരണങ്ങളിൽ 45 എണ്ണവും ആത്മഹത്യകളാണ്. എട്ട് മരണങ്ങൾ അസ്വാഭാവിക സാഹചര്യങ്ങളിലുമാണ് സംഭവിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്കും വിവേചനങ്ങളിലേക്കുമാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഐഐടി ഖരഗ്പുർ, ഐഐടി ഡൽഹി, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലാണ്. ഈ സ്ഥാനപങ്ങളിൽ അഞ്ച് വർഷത്തിനിടെ ഏഴ് വീതം വിദ്യാർഥികൾ മരിച്ചു. ഐഐടി കാൺപുർ, ഐഐടി വാരണാസി എന്നിവിടങ്ങളിൽ ആറ് വീതവും ഐഐടി മദ്രാസിൽ അഞ്ചും മരണങ്ങൾ രേഖപ്പെടുത്തി.
ആത്മഹത്യകളുടെ കാര്യമെടുത്താൽ, ഐഐടി ഹൈദരാബാദിലാണ് കൂടുതൽ കേസുകൾ (ഏഴ്) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐഐടി ഖരഗ്പൂർ, ഐഐടി ഡൽഹി, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ ആറ് വീതം ആത്മഹത്യകളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഐഐടി വാരണാസിയും ഐഐടി പട്നയുമാണ് അസ്വാഭാവിക മരണങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഇവിടെ രണ്ട് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അഞ്ച് വർഷത്തിനിടെ നടന്ന ആകെ മരണങ്ങലിൽ 84.9 ശതമാനവും ആത്മഹത്യകളാണ്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ മരണങ്ങളിൽ മഹാഭൂരിപക്ഷവും ആത്മഹത്യകളാണെന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജനറൽ വിഭാഗത്തിൽ ആകെ 23 മരണങ്ങളാണ് (43.4%) നടന്നത്. ഇതിൽ ഏഴെണ്ണം അസ്വാഭാവിക മരണങ്ങളാണ്. ജനറൽ വിഭാഗത്തിലെ 23 മരണങ്ങളിൽ 13 എണ്ണവും ഐഐടി ഖരഗ്പൂർ, ഐഐടി വാരണാസി, ഐഐടി ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഒബിസി വിഭാഗത്തിൽ നടന്ന 12 മരണങ്ങളും (22.6%) ആത്മഹത്യകളാണ്. ഇതിൽ ഏഴെണ്ണം ഐഐടി റൂർക്കി, ഡൽഹി, മദ്രാസ് എന്നിവിടങ്ങളിലാണ് സംഭവിച്ചത്.
എസ് സി വിഭാഗത്തിൽ 10 മരണങ്ങൾ (18.9%) റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ ഒൻപതെണ്ണവും ആത്മഹത്യകളായിരുന്നു. ഇതിൽ ആറ് മരണങ്ങൾ ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്. എസ് ടി വിഭാഗത്തിൽ നടന്ന ഏഴ് മരണങ്ങളും (13.2%), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇഡബ്ല്യുഎസ് വിഭാഗത്തിൽ നടന്ന ഒരു മരണവും (1.9%) ആത്മഹത്യകളായി രേഖപ്പെടുത്തിയിട്ടുണ്ട്. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ മരണങ്ങൾ മാത്രം ആകെ മരണങ്ങളുടെ 54.7 ശതമാനം വരും.
മരണനിരക്ക് ഓരോ വർഷവും കുത്തനെ ഉയരുകയാണ്. 2020-21 അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024-25ൽ അത് 19 ആയി വർധിച്ചു. മുൻപ് 2018നും 2023നും ഇടയിലുള്ള അഞ്ച് വർഷത്തിനിടെ വിവിധ ഐഐടികളിൽ 39 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി 2023 ജൂലൈയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. എന്നാൽ സ്വതന്ത്ര പഠനങ്ങൾ പ്രകാരം യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യത.
മാത്രമല്ല, പുതിയ കണക്കുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ മറച്ചുവെച്ചതായും രേഖകൾ സൂചിപ്പിക്കുന്നു. വിദ്യാർഥി ആത്മഹത്യകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഐഐടികളിൽ നിന്ന് കണക്കുകൾ ശേഖരിച്ചെങ്കിലും, ഈ വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായില്ല.
അക്കാദമിക് സമ്മർദ്ദം, സാമൂഹികമായ ഒറ്റപ്പെടൽ, അധ്യാപക-വിദ്യാർഥി ബന്ധത്തിലെ പോരായ്മകൾ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വിദ്യാർഥി ആത്മഹത്യകൾ വർധിക്കാൻ കാരണമെന്ന് അക്കാദമിക് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൗൺസിലർമാരുടെ എണ്ണക്കുറവിനേക്കാൾ ഗൗരവരമായ ഒരു വിഷയമാണിതെന്ന് ബിറ്റ്സ് പിലാനി വൈസ് ചാൻസലറും മുൻ ഐഐടി ഡയറക്ടറുമായ പ്രൊഫ. വി രാംഗോപാൽ റാവു വ്യക്തമാക്കി.
ഇന്നത്തെ വിദ്യാർഥികൾ വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നാണ് വരുന്നതെന്നും അക്കാദമിക് സമ്മർദ്ദം, ഒറ്റപ്പെടൽ, അധ്യാപകരുമായുള്ള പരിമിതമായ ഇടപെടൽ തുടങ്ങിയവ അവർ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടലിൽ നിന്ന് മാറി പ്രതിരോധ നടപടികളിലേക്ക് ഐഐടികൾ മാറേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ഡിസംബർ 1 ലെ കണക്കനുസരിച്ച് രാജ്യത്തെ 23 കാമ്പസുകളിലായി ആകെ 108 കൗൺസിലർമാർ മാത്രമാണുള്ളത്. പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കാമ്പസുകളിൽ കേവലം കൗൺസിലിങിനെ മാത്രം ആശ്രയിക്കുന്നതിന് പകരം സമഗ്രമായ പിന്തുണ ഉറപ്പാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
Over the past five years (2020-21 to 2024-25), 53 students have died across various IIT campuses in India, with more than half belonging to marginalized communities (SC, ST, and OBC). Most of these deaths were suicides. Despite queries raised by MPs, the central government allegedly withheld this data in Parliament. Academicians and experts attribute these tragedies to academic stress, social isolation, and structural issues, urging IITs to implement stronger preventive measures and support systems rather than relying solely on understaffed counseling centers.