Analysis

ജനസംഖ്യ പഠിക്കാന്‍ കമ്മിറ്റി, പക്ഷേ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല! 6 കോടി വോട്ടര്‍മാരെ ഒഴിവാക്കിയതിനുപിന്നിലെ യഥാര്‍ത്ഥ അജൻഡ?

ജനസംഖ്യാ ശാസ്ത്രത്തില്‍ മുന്‍പരിചയമില്ലാത്ത ഒരു സമിതി എങ്ങനെയാണ് ശാസ്ത്രീയമായ നിഗമനങ്ങളില്‍ എത്തുകയെന്ന് വിമർശനം

Mathu Sajeevan

2027-ലെ ഔദ്യോഗിക സെന്‍സസ് നടപടികളെപ്പോലും മറികടന്നുകൊണ്ട്, രാജ്യത്തെ ജനസംഖ്യാ വ്യതിയാനം പഠിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മേയ് 26-ന് അടിയന്തര 'ഉന്നതതല സമിതി' രൂപീകരിച്ചത് നമ്മളിൽ പലരും അറിഞ്ഞുട്ടുണ്ടാവും. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാല്‍, ജനസംഖ്യയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഒരൊറ്റ 'ഡെമോഗ്രാഫര്‍' അഥവാ ജനസംഖ്യാ ശാസ്ത്രജ്ഞന്‍ പോലും ഈ ഉന്നതാധികാര സമിതിയില്‍ അംഗമല്ല! അപ്പോൾ എന്താണ് ഈ കമ്മിറ്റിയുടെ യഥാര്‍ത്ഥ ലക്ഷ്യം?

റിട്ട. സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകര്‍ നാവ്‌ലേക്കര്‍ അധ്യക്ഷനായ ഈ കമ്മിറ്റിയില്‍ സെന്‍സസ് കമ്മിഷണര്‍ മൃതുഞ്ജയ് കുമാര്‍ നാരായണ്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷാമിക രവി എന്നിവരാണുള്ളത്. ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഈ സമിതിയുടെ പ്രധാന ചുമതല, 'നിയമവിരുദ്ധ കുടിയേറ്റവും അസ്വാഭാവിക കാരണങ്ങളും' മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങള്‍ കണ്ടെത്തുക എന്നതാണ്.

വിദഗ്ധരുടെ വിമര്‍ശനം

ജനസംഖ്യാ ശാസ്ത്രത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു സമിതി എങ്ങനെയാണ് ശാസ്ത്രീയമായ നിഗമനങ്ങളില്‍ എത്തുകയെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ ചോദിക്കുന്നു. ഫെര്‍ട്ടിലിറ്റി നിരക്കിലെ കുറവ്, പ്രായമാകുന്ന ജനസംഖ്യ, ആഭ്യന്തര കുടിയേറ്റം, നഗരവല്‍ക്കരണം എന്നിവയെല്ലാം ചേര്‍ന്നാണ് ഒരു രാജ്യത്തെ ജനസംഖ്യ നിശ്ചയിക്കുന്നത്.

എന്നാല്‍ ഈ കമ്മിറ്റിയുടെ 'ടേംസ് ഓഫ് റഫറന്‍സ്' പരിശോധിച്ചാല്‍, ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികളെ പൂര്‍ണമായി അവഗണിച്ച്, കേവലം 'നിയമവിരുദ്ധ കുടിയേറ്റം', 'മതപരവും സാമൂഹികവുമായ സമുദായങ്ങളിലെ അസ്വാഭാവിക വളര്‍ച്ച' എന്നിവയിലേക്ക് മാത്രമായി പഠനത്തെ ചുരുക്കിയിരിക്കുന്നു എന്ന് വ്യക്തമാകും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടര്‍ കെ.എസ്. ജെയിംസ് വ്യക്തമാക്കുന്നത്, ഇന്ത്യയുടെ യഥാര്‍ത്ഥ ജനസംഖ്യാ വെല്ലുവിളികളെ മറച്ചുവെച്ച് കുടിയേറ്റത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്നാണ്.

ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ആറാം റൗണ്ട് കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ഫെര്‍ട്ടിലിറ്റി നിരക്ക് 2.0 ആയി സ്ഥിരപ്പെട്ടിരിക്കുകയാണ്. ഇത് ജനസംഖ്യാ പുനഃസ്ഥാപന നിരക്കായ 2.1നേക്കാള്‍ താഴെയാണ്. അതായത്, ബിജെപി കഴിഞ്ഞ കുറച്ചുകാലമായി പ്രചരിപ്പിക്കുന്ന 'ജനസംഖ്യാ സ്‌ഫോടനം' എന്ന വാദം വസ്തുതാവിരുദ്ധമാണ്. എന്നിട്ടും വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ 'അസ്വാഭാവിക ജനസംഖ്യാ മാറ്റം' എന്ന ഭീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വോട്ട് ഒഴിവാക്കല്‍ വിവാദം

ഈ കമ്മിറ്റിയുടെ രൂപീകരണത്തിന് തൊട്ടുമുമ്പ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ വഴി 13 സംസ്ഥാനങ്ങളിലായി ആറ് കോടിയിലധികം വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയത്! എന്നാല്‍ ഇതില്‍ എത്രപേര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്ന കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. പരമാധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും കമ്മിഷന് പൗരത്വം നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ വോട്ട് ഒഴിവാക്കലിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങി കഴിഞ്ഞു. ബിഹാറില്‍ 22 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഇതിനോടകം റദ്ദാക്കി. പശ്ചിമ ബംഗാളിലാവട്ടെ സംശയമുള്ളവരെ കോടതിയില്‍ ഹാജരാക്കാതെ നേരിട്ട് ബിഎസ്എഫിന് കൈമാറുമെന്നാണ് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഈ സമിതിയുടെ പ്രധാന ചുമതല, 'നിയമവിരുദ്ധ കുടിയേറ്റവും അസ്വാഭാവിക കാരണങ്ങളും' മൂലമുണ്ടാകുന്ന ജനസംഖ്യാ മാറ്റങ്ങള്‍ കണ്ടെത്തുക എന്നതാണ്

വൈരുധ്യങ്ങള്‍

കമ്മിറ്റിയുടെ തലവനായ ജസ്റ്റിസ് നാവ്‌ലേക്കര്‍ തന്നെ സമ്മതിച്ചിരിക്കുന്നത് ജനസംഖ്യയും നിയമവിരുദ്ധ കുടിയേറ്റവും തനിക്ക് പുതിയ വിഷയങ്ങളാണെന്നാണ്. മധ്യപ്രദേശില്‍ ലോകായുക്തയായിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ അഴിമതിക്കേസില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ നിയമനം നേരത്തെ തന്നെ വിവാദത്തിലായിരുന്നു. കൂടാതെ, കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാതിനിധ്യം നല്‍കുന്ന ഭരണഘടനാ ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ പുതിയ ജനസംഖ്യാ നീക്കമെന്നതും ശ്രദ്ധേയമാണ്.

പരമാധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും കമ്മിഷന് പൗരത്വം നിര്‍ണയിക്കാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ വോട്ട് ഒഴിവാക്കലിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങി കഴിഞ്ഞു

ഔദ്യോഗികമായ ഒരു അടിസ്ഥാന ഡേറ്റ പോലുമില്ലാതെ ജനസംഖ്യാ മാറ്റം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് ഈ കമ്മിറ്റി എങ്ങനെ തീരുമാനിക്കുമെന്നാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ കെ. കൈലാഷ് പോലുള്ളവരുടെ ചോദ്യം. അശാസ്ത്രീയമായ ഇത്തരം സമിതികള്‍ പുറത്തുവിടുന്ന അപൂര്‍ണമായ നമ്പറുകള്‍ വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ആയുധങ്ങളായി മാറിയേക്കാം.

ഇന്ത്യയുടെ യഥാര്‍ത്ഥ ജനസംഖ്യാ ലാഭവിഹിതം ശരിയായ രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ തൊഴിലില്ലായ്മ, സ്ത്രീകളുടെ പങ്കാളിത്തം, വര്‍ധിച്ചുവരുന്ന പ്രായമായവരുടെ സംരക്ഷണം എന്നിവയിലാണ് നയരൂപീകരണം നടത്തേണ്ടത്. അതിനെ കേവലം കുടിയേറ്റത്തിന്റെയോ മതത്തിന്റെയോ കണ്ണിലൂടെ മാത്രം കാണുന്നത് രാജ്യത്തിന്റെ വികസന കുതിപ്പിനെ തന്നെ ബാധിച്ചേക്കാം.

English Summary: The Union Home Ministry's decision to form a High-Level Committee on demographic changes has sparked debate across the country. Critics point out that despite the committee being tasked with studying population shifts, it does not include a single professional demographer. The government says the panel will examine issues such as illegal immigration, demographic imbalances, and their impact on national security and social stability. However, opposition voices and several experts question whether a committee without demographic specialists can conduct a truly scientific assessment of population trends. The controversy has raised broader questions about the committee's objectives, methodology, and the political implications of its findings.