

ആദ്യം രക്ഷാ പ്രവര്‍ത്തനത്തിലെ ഗണ്‍മാന്‍മാര്‍, ഇപ്പോള്‍ കാഫിര്‍. കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുണ്ടായ മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്തെ നടപടികളില്‍ ഇടപെടലുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കുന്നതാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. 2024ലെ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന പ്രഖ്യാപനമാണ് ഇതിലെ ഏറ്റവും ഒടുവിലെ ഉദാഹരണം.
കാഫിര്‍ വിവാദത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് എസ്‌ഐടി രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
കാഫിര്‍ വിവാദം-
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ അവസാന സമയത്ത് കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് വേണ്ടി വോട്ട് പിടിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആക്ഷേപം.
ആദ്യഘട്ടതില്‍ യുഡിഎഫിനെതിരെ ഉയര്‍ന്ന ആരോപണം പിന്നീട് എല്‍ഡിഎഫിന് എതിരെ തിരിയുകയും ചെയ്തു.
എന്നാല്‍ സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്നും ഇത് ഇടത് കേന്ദ്രങ്ങളില്‍ നിന്നുള്ള സൃഷ്ടിയാണെന്നുമാണ് യുഡിഎഫ് തിരിച്ചടിച്ചത്.
പൊലീസ് അന്വേഷണം-
സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചതാര്, ആദ്യം പ്രചരിപ്പിച്ചതാര്, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന ചോദ്യങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയായി മാറി. കേസിന്റെ അന്വേഷണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍, മൊബൈല്‍ ഫോണുകള്‍, സാമൂഹ്യമാധ്യമ ഇടപെടലുകള്‍ എന്നിവ പരിശോധിച്ചു.
അമ്പാടിമുക്ക് സഖാക്കള്‍, റെഡ് സ്റ്റാര്‍ വളണ്ടിയേഴ്‌സ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച സ്‌ക്രീന്‍ഷോട്ട് ഡിവൈഎഫ്‌ഐ നേതാവായ റിബേഷ് എന്ന അധ്യാപകനിലാണ് എത്തിയതെന്ന് മുന്‍ അന്വേഷണത്തില്‍ പോലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതി വിവരങ്ങള്‍ നല്‍കുന്നില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അന്നത്തെ സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്നും അതാണ് പ്രതികളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.
നടപടികള്‍-
സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചവരില്‍ ഒരാളാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ച റിബേഷിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. അമല്‍ രാമചന്ദ്രന്‍ എന്നയാളാണ് സ്‌ക്രീന്‍ഷോട്ട് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചവരില്‍ ഒരാളായി മനീസ് കെ കെ എന്നയാളുപേരും റിപ്പോര്‍ട്ടിലുണ്ട്. ചിത്രം പങ്കുവച്ചെന്ന പേരില്‍ വഹാബ് എന്നയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം മന്ദഗതിയിലായെന്ന് ആക്ഷേപം ശക്തമാവുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാരിന് മുന്നില്‍ എത്തിയ ആദ്യ അപേക്ഷകളില്‍ ഒന്നായിരുന്നു കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിലെ അന്വേഷണം. ഇതിനായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ ആഭ്യന്തര മന്ത്രിയെ കണ്ട് അപേക്ഷയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കൊണ്ടുള്ള അന്വേഷണം.
English Summary: A Special Investigation Team (SIT) has been constituted to reinvestigate the controversial "Kafir screenshot" case that emerged during the 2024 Lok Sabha election campaign in Kerala. The fresh probe comes after authorities decided to reopen the investigation into the widely discussed social media controversy. The SIT will function under the leadership of the Kozhikode Rural Superintendent of Police. Earlier, the police had informed the court that they were unable to identify and trace the accused persons involved in the case. The reinvestigation aims to uncover new evidence and identify those responsible.