പാകിസ്താനും ചൈനയും ചേര്‍ന്ന് 'അതിര്‍ത്തി കമ്മീഷന്‍' രൂപീകരിച്ചതിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഈ സംയുക്ത കമ്മീഷന് യാതൊരു വിധ നിയമസാധുതയുമില്ലെന്നും ഇന്ത്യന്‍ ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ട് കരാറുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്താന് അവകാശമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനും ചൈനയ്ക്കുമിടയില്‍ സ്വാഭാവികമായി യാതൊരു അതിര്‍ത്തിയുമില്ലെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എന്താണ് പാക്-ചൈന അതിര്‍ത്തി കമ്മീഷന്‍?
ചൈനീസ് ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിന് പിന്നാലെ ഈ മാസം 16-നാണ് 'പാകിസ്താന്‍-ചൈനാ അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍' പ്രവര്‍ത്തനക്ഷമമാക്കിയതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. അതിര്‍ത്തി പരിപാലനം, സംയുക്ത അതിര്‍ത്തി സര്‍വേകള്‍, വ്യാപാര പാതകള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കൂടുതല്‍ ശക്തമാക്കാന്‍ ഈ കമ്മീഷന്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലാണെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. 2013-ല്‍ അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് ഇസ്ലാമാബാദ് സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ച 'അതിര്‍ത്തി പരിപാലന സംവിധാന കരാറിലെ' ആര്‍ട്ടിക്കിള്‍ 45 അടിസ്ഥാനമാക്കിയാണ് ഈ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്.
ഖുഞ്ചെറാബ് അതിര്‍ത്തി കടന്നുള്ള ഗതാഗതം, ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട വ്യാപാരം എന്നിവ ഏകോപിപ്പിക്കുകയാണ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. ചൈനയിലെ കാഷ്ഗറിനെ പാകിസ്താനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി, ചൈനയുടെ 'ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഈ പാത പാകിസ്താന്‍ അധീന കാശ്മീരിലൂടെ കടന്നുപോകുന്നതിനാല്‍ ഇന്ത്യ ഇതിനെ എന്നും എതിര്‍ത്തുപോരുന്നു.
1963-ലെ കരാറില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍
ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനയ്ക്ക് വിട്ടുകൊടുത്ത 1963-ലെ ചൈന-പാകിസ്താന്‍ അതിര്‍ത്തി കരാറിലാണ് ഇപ്പോഴത്തെ എതിര്‍പ്പുകളുടെയും പ്രധാന വേരുകള്‍ ഉള്ളത്. 1963-ലെ കരാര്‍ പ്രകാരം സിയാചിന്‍ ഹിമാനിയുടെ വടക്കുഭാഗത്തുള്ള ഷാക്‌സ്ഗാം താഴ്‌വര പാകിസ്താന്‍ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുത്തു. ജമ്മു കാശ്മീരിന്റെ ഭാഗമായ ഈ പ്രദേശത്തിന്മേലുള്ള ചൈനയുടെ കൈയേറ്റത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഇന്ത്യ നിരന്തരം എതിര്‍ക്കുന്നുണ്ട്. പ്രദേശത്തെ മറ്റൊരു പ്രധാന തര്‍ക്കമേഖലയായ അക്‌സായ് ചിന്‍ ജമ്മു കാശ്മീരിന്റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. 1950-കളില്‍ ചൈന ഇവിടെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ഹൈവേ നിര്‍മ്മിക്കുകയും പ്രദേശത്തെ ഷിന്‍ജിയാങ്ങിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തു.
1963-ലെ കരാറിനെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് പൂര്‍ണ്ണമായും അസാധുവാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1963 മാര്‍ച്ച് അഞ്ചിന് പാര്‍ലമെന്റില്‍ ഈ കരാറിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാശ്മീര്‍ തര്‍ക്ക പരിഹാരത്തിന് ശേഷം, 'ബന്ധപ്പെട്ട പരമാധികാര അധികാരികള്‍' ചൈനയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുകയും ഔദ്യോഗിക അതിര്‍ത്തി ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുമെന്ന് 1963-ലെ കരാറില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെയും മറ്റ് അനുബന്ധ വിഷയങ്ങളെയും കുറിച്ച് നടന്നുകൊണ്ടിരുന്ന ചര്‍ച്ചകളെ സ്വാധീനിക്കാനാണ് ഈ കരാര്‍ അക്കാലത്ത് ഉണ്ടാക്കിയതെന്ന് ഇന്ത്യ കരുതുന്നതായി നെഹ്റു പറയുകയുണ്ടായി. കൂടാതെ ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങളില്‍ ചൈന ഇടപെടുകയാണെന്നും നെഹ്‌റു വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ നിലപാട്
പാകിസ്താനും ചൈനയും തമ്മിലുള്ള അതിര്‍ത്തി ക്രമീകരണങ്ങളെ പിന്നീടങ്ങോട്ടും ഇന്ത്യ തള്ളികളഞ്ഞിട്ടുണ്ട്. 2022-ല്‍ ലോകസഭയില്‍ നല്‍കിയ മറുപടിയില്‍, ലാഡാക്കിലെ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈനയുടെ അനധികൃത കൈയേറ്റത്തിലാണെന്ന് അന്നത്തെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. കൂടാതെ, 1963-ലെ കരാര്‍ പ്രകാരം ഷാക്‌സ്ഗാം താഴ്‌വരയിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം പാകിസ്താന്‍ അനധികൃതമായി ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
India has strongly rejected the Pakistan-China Boundary Joint Commission, saying it has no legal basis and that Pakistan has no authority to enter into agreements concerning territories that India considers part of Jammu & Kashmir and Ladakh. India also reiterated its position that there is no recognised Pakistan-China boundary in the disputed region. The commission was formally launched in Islamabad on September 16–17, 2026, under the 2013 China-Pakistan Agreement on Boundary Management System. Pakistan and China say it will facilitate border management, joint surveys, movement of goods and people, trade and connectivity, including through the Khunjerab crossing and the China-Pakistan Economic Corridor (CPEC).