Analysis

സമ്പത്ത് ആയുസ്സ് കൂട്ടും; അതിസമ്പന്നരായ ഇന്ത്യക്കാര്‍ക്ക് അകാലമരണ സാധ്യത 62% കുറവെന്ന് പഠനം

മൂന്ന് സര്‍വേ ഘട്ടങ്ങളിലും മുന്നാക്ക ജാതിയിലുള്ള ഹിന്ദു പുരുഷന്മാരെ അപേക്ഷിച്ച് മുസ്ലിം പുരുഷന്മാര്‍ക്ക് മരണസാധ്യത കുറവാണ്.

Madism Desk

ഒരു വ്യക്തിയുടെ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ അയാളുടെ സാമൂഹിക പശ്ചാത്തലത്തേക്കാള്‍ പ്രധാനം സാമ്പത്തിക ശേഷിയാണോ? അതെ എന്നാണ് പ്രമുഖ അന്താരാഷ്ട്ര ജേണലായ 'ഡെമോഗ്രാഫിക് റിസര്‍ച്ചില്‍' പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയിലെ മുതിര്‍ന്നവരുടെ മരണനിരക്കിനെക്കുറിച്ച് രണ്ട് പതിറ്റാണ്ട് നീണ്ട വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ നിന്നുള്ള ഒരു പുരുഷന്‍, ഏറ്റവും ദരിദ്രമായ കുടുംബങ്ങളിലെ ഒരു പുരുഷനെ അപേക്ഷിച്ച് 15-നും 59-നും ഇടയിലുള്ള പ്രായത്തില്‍ മരിക്കാനുള്ള സാധ്യത 62 ശതമാനം കുറവാണ്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മരണസാധ്യത 42 ശതമാനം കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ചിലെ മൊരധ്വജ് ധാക്കഡ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെ നന്ദിത സൈകിയ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 1998-99, 2015-16, 2019-21 എന്നീ മൂന്ന് ഘട്ടങ്ങളിലായി നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേകളിലെ വിവരങ്ങളാണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചത്.

15 മുതല്‍ 59 വയസ്സുവരെയുള്ള പ്രായപരിധിയില്‍, ഏറ്റവും ദരിദ്രരായ കുടുംബങ്ങളിലെ ഓരോ 1,000 പുരുഷന്മാരിലും മരണസാധ്യത 280 ആയിരുന്നപ്പോള്‍, അതിസമ്പന്നരായ കുടുംബങ്ങളില്‍ ഇത് 158 മാത്രമാണ്. സ്ത്രീകളില്‍ ഇത് യഥാക്രമം 157-ഉം 87-ഉം ആണ്. ജാതി, മതം, ഗ്രാമ-നഗര വ്യത്യാസങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്ത ശേഷവും ഈ സാമ്പത്തിക അന്തരം മാറ്റമില്ലാതെ തുടരുന്നു എന്നതാണ് ശ്രദ്ധേയം.

മുസ്ലിം പുരുഷന്മാര്‍ വേറിട്ടുനില്‍ക്കുന്നതെന്തുകൊണ്ട്?

ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ ജാതിയും മതവും ആരോഗ്യ-ജീവിത സാഹചര്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും പഠനം പരിശോധിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ പുരുഷന്മാരില്‍ ഉയര്‍ന്ന മരണനിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത് (1,000 പേരില്‍ യഥാക്രമം 256-ഉം 254-ഉം). മുന്നാക്ക ജാതിയിലുള്ള ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ഇത് 197 ആണ്. സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ പിന്നാക്കാവസ്ഥയാണ് ഈ വിഭാഗങ്ങളിലെ ഉയര്‍ന്ന മരണനിരക്കിന് പ്രധാന കാരണം. സാമ്പത്തിക സ്ഥിതിയും താമസസ്ഥലവും കണക്കിലെടുത്ത ശേഷവും മുന്നാക്ക ജാതിയിലുള്ള ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച് പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മരണസാധ്യത 19 ശതമാനം കൂടുതലായി തുടരുന്നു.

ഈ പൊതുപ്രവണതകള്‍ക്കിടയിലും ശ്രദ്ധേയമായ ഒരു കണ്ടെത്തല്‍ മുസ്ലിം പുരുഷന്മാരുടേതാണ്. മൂന്ന് സര്‍വേ ഘട്ടങ്ങളിലും മുന്നാക്ക ജാതിയിലുള്ള ഹിന്ദു പുരുഷന്മാരെ അപേക്ഷിച്ച് മുസ്ലിം പുരുഷന്മാര്‍ക്ക് മരണസാധ്യത കുറവാണ്. 2019-21-ലെ കണക്കുകള്‍ പ്രകാരം സമ്പത്തും താമസസ്ഥലവും ക്രമീകരിച്ച ശേഷവും മുസ്ലിം പുരുഷന്മാരുടെ മരണസാധ്യത 21 ശതമാനം കുറവാണ്. ഇതിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മുസ്ലിം വിഭാഗത്തിലെ മുതിര്‍ന്നവര്‍ക്കിടയിലുള്ള കുറഞ്ഞ മദ്യപാന ശീലം. രണ്ടാമത്, പല സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ കൂടുതലായി നഗരപ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരവാസം മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന് സഹായിക്കുന്നു. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ മരണസാധ്യത മുന്നാക്ക ജാതിയിലുള്ള ഹിന്ദു സ്ത്രീകളുടേതിന് സമാനമാണ്.

സ്ത്രീകളില്‍ പുരോഗതി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 15-59 പ്രായപരിധിയിലുള്ള സ്ത്രീകളുടെ മരണസാധ്യത 1998-99-ല്‍ 1,000 പേരില്‍ 208 ആയിരുന്നത് 2019-21 ആയപ്പോഴേക്കും 125 ആയി കുറഞ്ഞു (ഏകദേശം 40 ശതമാനം ഇടിവ്). അതേസമയം, പുരുഷന്മാരില്‍ ഇത് 268-ല്‍ നിന്ന് 221 ആയി മാത്രമാണ് കുറഞ്ഞത് (17 ശതമാനം ഇടിവ്). മാത്രമല്ല, 2015-16-നും 2019-21-നും ഇടയില്‍ പുരുഷന്മാരുടെ മരണസാധ്യത 209-ല്‍ നിന്ന് 221 ആയി ഉയരുകയും ചെയ്തു. കോവിഡ്-19 മഹാമാരി കാലത്തുണ്ടായ അമിത മരണനിരക്കും അപകടസാധ്യത കൂടിയ തൊഴില്‍ മേഖലകളിലെ സാന്നിധ്യവുമാണ് പുരുഷന്മാര്‍ക്ക് തിരിച്ചടിയായത്.

A study published in the international journal Demographic Research has found that economic status plays a more significant role than several social factors in determining mortality risks among Indian adults. Analysing nearly two decades of data from three rounds of the National Family Health Survey (NFHS), researchers found that men from the wealthiest households are 62% less likely to die between the ages of 15 and 59 than those from the poorest households. Among women, the corresponding difference is 42%.