Analysis

എംഎല്‍എമാര്‍ ഉള്‍പ്പെടെ എല്ലാം കെ.സിയുടെ കളത്തില്‍; വര്‍ധിത ആത്മവീര്യത്തോടെ വി.ഡി, സൈലന്റ് കില്ലറാവാന്‍ ആര്‍.സി, ആര് മുഖ്യമന്ത്രിയാവും?

മൂന്ന് നേതാക്കളും ഉടന്‍ ഡല്‍ഹിക്ക് പറന്നേക്കും!

Political Desk

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ ഏതാനും മണിക്കൂറുകള്‍ക്കകം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനിരിക്കെ ഉള്‍പ്പോര് ശക്തമാണെന്ന് സൂചനകള്‍. നേരത്തെ പ്രതീക്ഷിക്കപ്പെട്ടത് പോലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിരിക്കുന്ന നേതാക്കള്‍.

ഫലം അനുകൂലമാവുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നതിനിടെ ചാര്‍ട്ടേഡ് വിമാനത്തില്‍ വി.ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്ര വരെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണെന്നാണ് അഭ്യൂഹങ്ങള്‍. കര്‍ണാടയില്‍നിന്നുള്ള പ്രമുഖനായ നേതാവിനെ നേരിട്ട് കാണാനാണ് സതീശന്‍ ധ്രുതഗതിയില്‍ വിമാനത്തില്‍ പറന്നിറങ്ങിയതെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളൊക്കെ 'എയറില്‍' നില്‍ക്കെ സംസ്ഥാനത്തെ പാര്‍ട്ടിയിലെ അപകടംനിറഞ്ഞ ശാന്തതയും അത്ര ശുഭ സൂചനയല്ല കോണ്‍ഗ്രസിന് നല്‍കുന്നത്. കരുനീക്കങ്ങളെല്ലാം അണിയറയില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് ഈ ശാന്തതയെന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് ലഭ്യമാകുന്ന വിവരം.

സീനിയോരിറ്റിയിലൂന്നി കസേര പിടിക്കാന്‍ ആര്‍.സി

നിലവില്‍ ഏറ്റവും സൈലന്റ് നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത് രമേശ് ചെന്നിത്തലയാണ്. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ സീനിയറായ നേതാവെന്ന നിലയില്‍ സ്വഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടത് ആര്‍.സിയെ തന്നെയാണ് എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ അമ്പേ പരാജയമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളില്‍ ചിലര്‍ക്കുണ്ട്. കിറ്റ് വിജയമല്ല, മറിച്ച് തോല്‍പ്പിച്ചത് ആര്‍.സിയുടെ നേതൃപാഠവമാണെന്ന് വി.ഡി പക്ഷം പ്രചരിപ്പിക്കുക കൂടി ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവെന്ന സ്ഥാനം ചെന്നിത്തലയ്ക്ക് നഷ്ടമാവുന്നത്. പുതിയ സാഹചര്യത്തില്‍ സീനിയോരിറ്റി പരിഗണിക്കപ്പെടണമെന്ന് ശക്തമായി വാദമുയര്‍ന്നാല്‍ നേതൃപാഠവ പരാജയം വീണ്ടും ചൂണ്ടിക്കാണിക്കാന്‍ വി.ഡി പക്ഷത്തിന് മടിയുണ്ടാകില്ല.

വി.ഡി പക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ തടയാന്‍ കെ.സി വേണുഗോപാലിന്റെ കൂട്ടുപിടിക്കാനാവുമെന്നാണ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ മുന്‍നിര്‍ത്തി വി.ഡി സതീശന്‍ നടത്തുന്ന നീക്കങ്ങളും ഇതോടെ തകരും. കെ. സുധാകരന്‍ മാത്രമാണ് നിലവില്‍ കെ.സിക്ക് വേണ്ടി വാദിക്കുന്നത്. എഐസിസി കെ.സിയെ കേരളത്തിലേക്ക് വിടുമോയെന്നും അറിവായിട്ടില്ല. ആര്‍.സി ചൂണ്ടി മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണെന്ന വാചകം കെ.സി പറഞ്ഞാല്‍ വി.ഡി പക്ഷം സമ്മര്‍ദ്ദത്തിലുമാവും.

ഹൈക്കമാന്‍ഡില്‍ 'ഹാന്‍ഡ്' കെ.സിക്ക്

'ഹൈക്കമാന്‍ഡ്' എല്ലാം പറയുമെന്ന് മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട് 'പഠിച്ച്' പറയുന്നുണ്ടെങ്കിലും ഈ മറുപടിയില്‍ അവ്യക്തതയുണ്ട്. ദേശീയ ചുമതലയുള്ള നേതാവ് മുഖ്യമന്ത്രി പദത്തിനായി ചരടുവലിക്കുന്നത് ഹൈക്കമാന്‍ഡ് അറിയാതെയാണെന്ന് വ്യാഖ്യാനിക്കാന്‍ സാധിക്കുകയുമില്ല. കേരളത്തിന്റെ ചുമതലയുള്ള കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി കെ.സി വേണുഗോപാലിന്റെ വലംകൈ എന്നറിയപ്പെടുന്ന നേതാവാണ്.

2017 മുതല്‍ പശ്ചിമബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് സ്ഥാനമേറ്റടുത്തതിന് ശേഷമാണ് എഐസിസി ചുമതല വഹിക്കുന്ന 'സോണിയാ കുടുംബാഗമായ' കെ.സി ദീപാ ദാസ് മുന്‍ഷിയുമായുള്ള ബന്ധം ശക്തിപ്പെട്ടത്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല അവര്‍ക്ക് നല്‍കുന്നതിലും കെ.സിയുടെ കൈകളുണ്ട്. കെ.സി പറയുന്നതിന് അപ്പുറമുള്ള നിരീക്ഷണങ്ങളൊന്നും ദീപാ ദാസ് മുന്‍ഷി ഡല്‍ഹിയില്‍ എത്തിക്കില്ല.

ഹൈക്കമാന്‍ഡിന് കെ.സിയെ വിശ്വസിക്കാന്‍ മറ്റൊരാളുടെ വാക്കുകള്‍ ആവശ്യമില്ലെങ്കിലും ദീപാ ദാസ് മുന്‍ഷിയുടെ പച്ചക്കൊടി സംഘടനാ നടപടിക്രമങ്ങള്‍ ജനാധിപത്യപരമാക്കാന്‍ ഉപകരിക്കും. കനഗൊലു ഉള്‍പ്പെടെയുള്ള ഏജന്‍സികളും കര്‍ണാകയിലെയും തെലങ്കാനയിലെയും നേതാക്കളെയും കേരളത്തില്‍ പ്രചരണത്തിനിറക്കിയതും എഐസിസിയുടെ കരുത്തായിട്ടാണ് കെ.സി ഉയര്‍ത്തി കാണിക്കുക. വി.ഡി സതീശനും ചെന്നിത്തലയും ഗ്രൗണ്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഇതും വിലയിരുത്തപ്പെടും. തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് പൂര്‍ണമായും കേന്ദ്രീകരിക്കാന്‍ കെ.സിക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും ലഭിച്ചിരുന്നു, വിജയത്തിന്റെ ക്രെഡിറ്റ് പുസ്തകം തുറക്കുമ്പോള്‍ കെ.സിക്ക് തുല്യ സ്ഥാനമുണ്ടാകുമെന്ന് ചുരുക്കം. എംഎല്‍എമാരുടെ എണ്ണത്തിലും കെ.സി പക്ഷത്തിന് തന്നെയാണ് മുന്‍തൂക്കം. എംഎല്‍എമാരുടെ ഇഷ്ടത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പതിവുരീതിയല്ലെങ്കിലും മിനിമം പിന്തുണ ഉറപ്പാക്കുന്നത് മുഖ്യമന്ത്രി അവകാശവാദം ഉന്നയിക്കുന്നത് എളുപ്പമാക്കും.

മുസ്ലിം ലീഗിന്റെ തീരുമാനം നിര്‍ണായകം

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്ന് പാണക്കാട് തങ്ങള്‍ വളരെ വ്യക്തമായി തന്നെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും പരിഗണിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ലീഗുമായി സംസാരിക്കുമെന്ന പ്രതീക്ഷയും തങ്ങള്‍ പങ്കുവെക്കുന്നുണ്ട്, ഇതോടെ ലീഗ് ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് കൃത്യമായ സൂചനയും യുഡിഎഫിന് ലഭിച്ചു കഴിഞ്ഞു.

'യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ധ്വാനിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് അര്‍ഹിക്കുന്നത് ആ രീതിയില്‍ മുന്നോട്ടുപോകും. ലീഗിന് അര്‍ഹതപ്പെട്ടത് തരാന്‍ യുഡിഎഫ് സര്‍വ്വതാ സന്നദ്ധമാണെന്ന് വിശ്വസിക്കുന്നു. അത് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല. സതീശന്‍ ഭംഗിയായ ഉത്തരവാദിത്തം നിറവേറ്റി'
സാദിഖലി ശിഹാബ് തങ്ങള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വി.ഡി സതീശന് ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രതികരണങ്ങളിലും അതുതന്നെയാണ് പ്രതിഫലിക്കുന്നത്. പാണക്കാട്ടെ പിന്തുണ ഉറപ്പാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പോരില്‍ ആനുകൂല്യമുണ്ടാവുമെന്ന് നേരത്തെ വ്യക്തമായിരുന്നതാണ്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫ് നടത്തിയ പോരാട്ടവിജയത്തില്‍ ലീഗ് വഹിച്ച പങ്ക് ഇത്തവണ യുഡിഎഫിന് തള്ളിക്കളയാനും സാധിക്കില്ല. പേരാമ്പ്ര ഉള്‍പ്പെടെയുള്ള വിജയങ്ങളാണ് ലീഗിന് ഇത്തവണ കരുത്തായത്. നാലിലധികം പേര്‍ക്ക് 50000ത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിച്ചതും ലീഗ് മുന്നണിയില്‍ ഉയര്‍ത്തിക്കാണിക്കും.

English Description: A high-stakes power struggle is unfolding within the Congress as V. D. Satheesan, K. C. Venugopal, and Ramesh Chennithala intensify their bid for the Chief Minister’s post. While Satheesan gains momentum with visible confidence and support, Venugopal is believed to be leveraging organizational influence, and Chennithala is positioning himself as a “silent contender” banking on seniority.