2026 ഫെബ്രുവരി അവസാനം വ്യോമാക്രമണത്തോടെ ആരംഭിച്ച അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയിരിക്കുകയാണ്. ഏപ്രിലിന്‍റെ തുടക്കത്തിൽ യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചില ആശ്വാസ സൂചനകള്‍ നൽകിയെങ്കിലും, എണ്ണ കയറ്റുമതി, അന്താരാഷ്ട്ര ടൂറിസം, ആഗോള വ്യാപാരം എന്നിവയിൽ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിൽ സാമ്പത്തിക ആഘാതങ്ങളുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ തുടരുകയാണ്.
അന്താരാഷ്ട്ര യാത്രയും ഊർജ്ജ വിപണിയുമായി ബന്ധപ്പെട്ട മേഖലകളാണ് ശക്തമായ തിരിച്ചടി നേരിടുന്നത്. സുരക്ഷാ ആശങ്കകൾ കാരണം യാത്രക്കാർ സംഘർഷ മേഖലകൾ ഒഴിവാക്കുന്നതിനാൽ, മേഖലയിലുടനീളമുള്ള രാജ്യങ്ങളിൽ വിനോദ സഞ്ചാര മേഖല തകർന്ന് തരിപ്പണമായിരിക്കുകയാണ്. അതോടൊപ്പം, ആഗോള വ്യാപാരവും എണ്ണ വിതരണ ശൃംഖലകളും തടസ്സപ്പെട്ടതോടെ ബിസിനസുകൾ പ്രതിസന്ധിയിലായി. ഹോസ്പിറ്റാലിറ്റി, വ്യോമയാന, ലോജിസ്റ്റിക്സ് മേഖലകളിൽ തൊഴിൽ നഷ്ടം വർദ്ധിച്ചിട്ടുണ്ട്.
ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ മറ്റ് രാജ്യങ്ങളിലും വ്യക്തമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ലെബനൻ, ജോർദാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ദുർബലമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എണ്ണ വിതരണത്തിലെ തടസ്സവും വിലക്കയറ്റവും ലെബനനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. സംഘർഷം രൂക്ഷമായതോടെ ഇറാഖിന്റെ എണ്ണ കയറ്റുമതി കുറഞ്ഞു. ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍നിന്ന് മുക്തമാകാൻ ശ്രമിക്കുന്ന സിറിയയ്ക്ക്, ആഗോള ഉപരോധങ്ങളും വ്യാപാര തടസ്സങ്ങളും പുനർനിർമാണ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുന്നു. അതേസമയം, ഊർജ്ജ ഇറക്കുമതിയെയും ടൂറിസത്തെയും ആശ്രയിക്കുന്ന ജോർദാൻ ഉയർന്ന പണപ്പെരുപ്പ സമ്മർദ്ദം നേരിടുന്നു, ഇത് ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുന്നു.
സൗദി അറേബ്യയുടെ എണ്ണ വിപണി മുതൽ വിഷൻ 2030 വരെ
ആഗോള ഊർജ്ജ വിപണിയിലെ പ്രധാന ശക്തികളിലൊന്നായതിനാൽ, ഇറാനുമായുള്ള സംഘർഷത്തിന്റെ സാമ്പത്തിക പ്രതിഫലനങ്ങൾ വ്യക്തമായി അനുഭവിക്കുന്ന രാജ്യമാണിത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്നതിനാൽ, ആഗോള എണ്ണവിപണിയിൽ ഉണ്ടാകുന്ന ഏതൊരു തടസ്സവും നേരിട്ട് ഗൗരവമായ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. വിതരണ ശൃംഖലയിൽ ഉണ്ടായ പ്രശ്നങ്ങളും ജിയോ പൊളിറ്റിക്കല്‍ അനിശ്ചിതത്വവും കാരണം എണ്ണവില ഉയർന്നതോടെ, രാജ്യത്തെ ജീവിതച്ചെലവും വർദ്ധിച്ച് സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം സൃഷ്ടിച്ചു.
ഇതോടൊപ്പം, വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വളർച്ച പ്രാപിച്ചിരുന്ന ടൂറിസം മേഖലയ്ക്കും തിരിച്ചടി നേരിട്ടു. പ്രത്യേകിച്ച് യൂറോപ്പിലും വടക്കേ അമേരിക്കയിലും നിന്നുള്ള അന്താരാഷ്ട്ര സന്ദർശകരുടെ വരവ് ഗണ്യമായി കുറഞ്ഞു. സന്ദർശകരുടെ കുറവ് കാരണം വിനോദസഞ്ചാര മേഖലയും ഈ ഇടിവിന്റെ ആഘാതം അനുഭവിച്ചു. വരുമാനം കുറഞ്ഞതോടൊപ്പം, തൊഴിലവസരങ്ങളിലും വലിയ ഇടിവ് ഉണ്ടായി. എന്നിരുന്നാലും, ഈ വെല്ലുവിളികൾക്കിടയിലും, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സൗദി സർക്കാർ തുടരുന്ന ശ്രമങ്ങൾ ദീർഘകാലത്തിൽ രാജ്യത്തെ കൂടുതൽ സ്ഥിരതയുള്ള സാമ്പത്തിക നിലയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.
ഖത്തർ പ്രതിസന്ധിയിലേക്ക്?
സംഘർഷാവസ്ഥയിൽ ഖത്തർ പോലുള്ള സമ്പന്ന രാജ്യവും ആഘാതങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. ഇന്ധനവില ഉയർന്നത് വിപണികളെ ബാധിച്ചു. കൂടാതെ, 2022 ലെ ഫിഫ ലോകകപ്പിന് ശേഷം വളർന്ന ടൂറിസം മേഖല അന്താരാഷ്ട്ര യാത്ര ഇടിഞ്ഞതോടെ മന്ദഗതിയിലായി. ഹോസ്പിറ്റാലിറ്റി മേഖലയിലും ആവശ്യകത കുറഞ്ഞതോടെ താൽക്കാലിക തൊഴിൽ നഷ്ടങ്ങൾ ഉണ്ടായി. ശക്തമായ സോവറിൻ വെൽത്ത് ഫണ്ട് ഉണ്ടായാലും, സാമ്പത്തിക സമ്മർദ്ദം ഖത്തറിൽ വ്യക്തമാണ്.
തിരിച്ചു വരാൻ യുഎഇ
ദുബായിയും അബുദാബിയും പോലുള്ള കേന്ദ്ര പ്രദേശങ്ങൾ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിനോദസഞ്ചാര മേഖലയും, വിമാന ടിക്കറ്റുകളുടെ നിരക്ക് വർധനവും,
ബുക്കിംഗ് കുറഞ്ഞതോടെ എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സും ഉൾപ്പെടുന്ന വ്യോമയാന മേഖലയിലും സമ്മർദ്ദം ഉയർന്നു. കൂടാതെ, എണ്ണവില വർദ്ധിച്ചതിനാൽ ഇന്ധനച്ചെലവ് കൂടുകയും, ടിക്കറ്റ് നിരക്കുകൾ ഉയരുകയും, എണ്ണ വിലയുടെ വർധനവും യു എ ഇയെ വലിയ ഞെരുക്കത്തിലേക്കാണ് തള്ളിയത്.
പ്രതീക്ഷയിൽ കുവൈറ്റും ബഹ്‌റൈനും
കുവൈറ്റിലും ബഹ്‌റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ഇന്ധനവില ഉയർന്നതും അതിനെ തുടർന്നുള്ള ജീവിതച്ചെലവിലെ വർദ്ധനവും മൂലം സമ്മർദ്ദം നേരിടുന്നുണ്ട്. എണ്ണ കയറ്റുമതിയിൽ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടം കാരണം പ്രതികൂലമായി ബാധിച്ചു. സബ്‌സിഡികളും സാമ്പത്തിക ഉത്തേജനങ്ങളും വഴി സർക്കാർ ഇടപെട്ടെങ്കിലും, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും വിവിധ മേഖലകളിൽ പ്രകടമാണ്.
ടൂറിസം മേഖല, ഇതിനകം തന്നെ പരിമിതമായിരുന്ന സാഹചര്യത്തിൽ, സന്ദർശകരുടെ കുറവിനെ തുടർന്ന് കൂടുതൽ തിരിച്ചടി നേരിട്ടു. അന്താരാഷ്ട്ര ബുക്കിംഗുകൾ കുറഞ്ഞത് ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിച്ചു. വെല്ലുവിളികൾക്കിടയിലും കുവൈറ്റ് പ്രതിരോധശേഷി കാട്ടുന്നുണ്ടെങ്കിലും, പൂർണ്ണമായ വീണ്ടെടുപ്പ് ക്രമേണ മാത്രമേ സാധ്യമാകൂയെന്ന പ്രതീക്ഷയിലാണ് കുവൈറ്റ്.
പ്രതിസന്ധിയിൽ പിന്നിലല്ലാതെ ഈജിപ്തും തായ്ലൻഡും തുർക്കിയും
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ബാധിച്ചു. ടൂറിസത്തിൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ, അന്താരാഷ്ട്ര സഞ്ചാരികളുടെ കുറവ് കെയ്‌റോ, ലക്‌സർ, ഷാം എൽ-ഷെയ്ഖ് പോലുള്ള കേന്ദ്രങ്ങളെ ബാധിച്ചു. അതേസമയം, എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഇന്ധനവില ഉയർന്നത് ജീവിതച്ചെലവും പണപ്പെരുപ്പവും വർദ്ധിപ്പിച്ചു. യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടനാഴിയായ തുർക്കിക്കും ഈ സംഘർഷത്തിന്റെ ആഘാതം അനുഭവപ്പെട്ടു. ഊർജ്ജ ഇറക്കുമതിയിൽ ആശ്രയിക്കുന്നതിനാൽ എണ്ണ-വാതക വിലവർദ്ധനവ് സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കിയതോടെ പണപ്പെരുപ്പം കൂടി. ടൂറിസം മേഖലയിലും അനിശ്ചിതത്വം മൂലം അന്താരാഷ്ട്ര സന്ദർശകരുടെ വരവും കുറഞ്ഞു.
സംഘർഷത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും, തായ്‌ലൻഡും പ്രത്യാഘാതങ്ങൾ നേരിട്ടു. എണ്ണ ഇറക്കുമതിയിലുള്ള ആശ്രയം കാരണം ഇന്ധനച്ചെലവ് ഉയർന്നു, ഗതാഗത-ഉൽപാദന ചെലവുകൾ വർദ്ധിച്ചു. ആഗോള യാത്രയിലെ ഇടിവ് ടൂറിസത്തെ ബാധിച്ചു, ഇതോടെ ഹോസ്പിറ്റാലിറ്റി മേഖലയിലും തൊഴിൽ നഷ്ടം ഉണ്ടായി. എന്നാൽ, ആഗോള യാത്ര പുനരാരംഭിക്കുമ്പോൾ ഈ മേഖല വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ഈ സംഘർഷം പശ്ചിമേഷ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാല സ്വാധീനം ചെലുത്തുമെന്നാണ് സൂചന. സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ എണ്ണവിലയിലെ അനിശ്ചിതത്വം, വിതരണ ശൃംഖല പ്രശ്നങ്ങൾ, ടൂറിസത്തിലെ ഇടിവ് എന്നിവയെ നേരിടുന്നു. അതുപോലെ, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങൾക്കും ഈ പ്രത്യാഘാതങ്ങൾ പരോക്ഷമായി ബാധിച്ചു. തൊഴിൽ നഷ്ടം, ടൂറിസം വരുമാനത്തിലെ ഇടിവ്, സാമ്പത്തിക സമ്മർദ്ദം എന്നിവ പ്രധാന വെല്ലുവിളികളാണ്. എന്നാൽ, ഈ മേഖലയുടെ ദീർഘകാല പുനരുജ്ജീവനം രാജ്യങ്ങൾ എത്ര വേഗത്തിൽ പുതിയ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുകയും ഭൗമരാഷ്ട്രീയ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
English Summary: The conflict between the United States, Israel, and Iran has disrupted Middle East economies, affecting oil exports, trade, and tourism. Despite a ceasefire, nations like Saudi Arabia, UAE, and Qatar face inflation, job losses, and fewer visitors. Struggling economies such as Lebanon, Iraq, and Syria face deeper crises, while Egypt, Turkey, and even Thailand see indirect impacts. Recovery depends on adapting to geopolitical uncertainty.