Analysis

പാലക്കാടും തൃശ്ശൂരും ഇടത് മുന്നേറ്റം; ഹോട്ട് സീറ്റുകളിൽ ത്രികോണ പോര്, പത്മജയ്ക്ക് പ്രതീക്ഷയുടെ അമിതഭാരം

തൃശ്ശൂരില്‍ തോറ്റാല്‍ പത്മജ വേണുഗോപാലിന്‍റെ പ്രതിച്ഛായ തകരും

Madism Desk

ഞ്പാഞലക്കാട്, തൃശ്ശൂർ ജില്ലകൾ പരമ്പരാ​ഗതമായി എൽഡിഎഫിനൊപ്പം നിൽക്കുന്ന ജില്ലകളാണ്. തൃശ്ശൂരിൽ ഇടത് ഘടക കക്ഷിയായ സിപിഐയ്ക്കും ശക്തമായ മേൽകൈയുണ്ട്. ഇരു ജില്ലകളിലെയും എൽഡിഎഫ് കോട്ടകൾക്ക് സാരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നിലവിലെ തിരഞ്ഞെടുപ്പ് ട്രെൻഡിന് സാധിക്കില്ലെങ്കിലും തൃശ്ശൂർ, പാലക്കാട്, തൃത്താല പോലുള്ള സ്വിങ് സീറ്റുകളിൽ യുഡിഎഫിനും എൻഡിഎയ്ക്കും കനത്ത വെല്ലുവിളി ഉയർത്താൻ സാധിക്കും.

പാലക്കാട് ജില്ല (12 നിയമസഭാ മണ്ഡലങ്ങൾ)

പാലക്കാട് ജില്ലയിലെ 12 സീറ്റുകളിൽ 8-10 വരെ സീറ്റുകൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് പൊതുവെയുള്ള സൂചന. തൃത്താല, പാലക്കാട്, ഒറ്റപ്പാലം എന്നീ മൂന്ന് മണ്ഡലങ്ങളിൽ മാത്രമായിരിക്കും അതിശക്തമായ പോരാട്ടം നടക്കുക. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയേക്കും. പട്ടാമ്പിയിൽ സിപിഐ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ ഇത്തവണയും വിജയിക്കുമെന്നാണ് പ്രീ-പോൾ സർവ്വേകൾ നൽകുന്ന സൂചന. പട്ടാമ്പിയിലെ ന്യൂനപക്ഷ വോട്ടുകൾ ഇത്തവണയും ഇടതു പാളയത്തിലെത്തിക്കാൻ മുഹ്സിന് സാധിക്കും.

പാലക്കാട് ജില്ലയിലെ ഏറ്റവും ശക്തമായ ഇടതുകോട്ടകളിലൊന്നാണ് മലമ്പുഴ. മണ്ഡലം രൂപീകരിച്ചത് മുതൽ (1965) ഇടതുമുന്നണി മാത്രമാണ് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ (2011, 2016) രണ്ട് തവണ നിയമസഭയിലെത്തിച്ചത് മണ്ഡലം കൂടിയാണ് മലമ്പുഴ. എന്നാൽ സിപിഐഎമ്മുമായി തെറ്റി യുഡിഎഫ് പാളയത്തിലെത്തിയ വിഎസ്സിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ. സുരേഷിൻറെ സാന്നിധ്യം ഇത്തവണ പതിവിന് വിപരീതമായി മണ്ഡലത്തിൽ ഇടതു വോട്ടുകൾ യുഡിഎഫിലെത്തിക്കാനിടയായേക്കുമെന്ന വിലയിരുത്തലുണ്ട് എന്നാൽ പ്രാദേശിക അടിത്തറയിൽ കാര്യമായ വിള്ളലുകൾ സൃഷ്ടിക്കാൻ സുരേഷിന് കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് ഇടത് പാളയം.

സിപിഎമ്മിൽ നിന്നും തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പികെ ശശിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഒറ്റപ്പാലത്ത് ശക്തമായ മത്സരമുണ്ടാകുമെങ്കിലും കെ. പ്രേംകുമാർ സിറ്റിങ് സീറ്റ് നിലനിർത്താനാണ് സാധ്യത. 48 ശതമാനത്തോളം വോട്ടുകൾ കഴി‍ഞ്ഞ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ മണ്ഡലത്തിൽ പികെ ശശിക്ക് സാധ്യതകൾ 10 ശതമാനത്തിൽ താഴെയാണെന്നാണ് വിലയിരുത്തലുകൾ. വിമത ശബ്ദമെന്ന നിലയിൽ ഇടത് വോട്ടുകളിൽ ചെറിയ വിള്ളലുണ്ടാക്കാൻ ശശിക്ക് സാധിക്കുമെങ്കിലും ഇത് വിജയത്തിലെത്താൻ പര്യാപ്തമായേക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സംവിധായകൻ മേജർ രവി മണ്ഡലത്തിൽ പ്രത്യേകിച്ച് അട്ടിമറികളൊന്നും നടത്താൻ സാധ്യതയില്ല. ചെറിയ ശതമാനം വോട്ട് വിഹിതം ഉയർത്താൻ സാധിച്ചാൽ തന്നെ മേജർ രവിക്ക് അത് വലിയ നേട്ടമാകും.

മന്ത്രി എംബി രാജേഷും വിടി ബലറാമും കൊമ്പുകോർക്കുന്ന തൃത്താലയാണ് പാലക്കാട് കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം. കത്തിയമരുന്ന പാലക്കാടൻ ചൂടിനെ വെല്ലുന്ന ആവേശവും ചൂടും അണികളിലേക്ക് പകർന്നു നൽകാൻ ഇരു സ്ഥാനാർഥികൾക്കും കഴിഞ്ഞിട്ടുണ്ട്. വികസനമാണ് പ്രധാന വിഷയം. ഇക്കാര്യത്തിൽ ഒരു പൊതുചർച്ചയാകാമെന്ന രാജേഷിൻറെ ഹെഡർ വിദഗ്ധമായി തള്ളിയകറ്റിയ ബലറാം തൻറെ ഭാഗം ജനങ്ങളുടെ കോടതിയിലേക്ക് എത്തിക്കാനാണ് മുൻതൂക്കം നൽകുന്നത്. ന്യൂനപക്ഷ വോട്ടുകൾ നിർണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ഇരുമുന്നണികളും തുല്യപ്രതീക്ഷ വച്ചുപുലർത്തുന്നു. അവസാന ലാപ്പിൽ യുഡിഎഫിന് ചെറിയ മേൽക്കോയ്മ ഉണ്ടെന്ന വിലയിരുത്തലുണ്ടെങ്കിലും തൃത്താലയുടെ മനസിലാരെന്ന സസ്പെൻസ് തുടരും.

ജില്ലയിലെ ഹോട്ട് സീറ്റുകൾ:

തൃത്താല: വി.ടി ബൽറാം (UDF) vs എം.ബി. രാജേഷ് (LDF)

ഒറ്റപ്പാലം: കെ. പ്രേംകുമാർ (LDF) vs പികെ ശശി (യുഡിഎഫ് പിന്തുണയുള്ള ഇടത് വിമത സ്ഥാനാർത്ഥി)

പാലക്കാട്: രമേഷ് പിഷാരടി (UDF) vs ശോഭാ സുരേന്ദ്രൻ (BJP) vs എൻ.എം.ആർ. റസാഖ് (LDF സ്വതന്ത്രന്‍) ത്രികോണ മത്സരം

തൃശ്ശൂർ ജില്ല (13 നിയമസഭാ മണ്ഡലങ്ങൾ)

തൃശ്ശൂർ ജില്ല എൽഡിഎഫിന്റെ ശക്തമായ കോട്ടയായി തുടരുമെന്നാണ് പ്രീ-പോൾ സർവ്വേകൾ നൽകുന്ന സൂചന. കൊട്ടിക്കലാശത്തിന് ശേഷമുണ്ടാകുന്ന സൈലന്റ് ട്രെൻഡുകളും വാർത്തകളും തൃശ്ശൂരിനെ പൊതുവെ സ്വാധീനിക്കാറുണ്ട്. സമാന സംഭവങ്ങൾ ആവർത്തിച്ചാൽ സാമുദായിക സമവാക്യങ്ങൾ മാറുകയും ട്രെൻഡിൽ വലിയ വ്യതിയാനങ്ങളുണ്ടാവുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ വോട്ടുകളാണ് ജില്ലയുടെ ഭാവിയെ തീരുമാനിക്കുന്നത്. നിലവിലെ ട്രെൻഡ് അവലോകനം ചെയ്താൽ ഇടതിന് 9–11 സീറ്റുകളിൽ ശക്തമായ ആധിപത്യമുണ്ട്. യുഡിഎഫ് 2–4 സീറ്റുകളിൽ മാത്രമാണ് സാധ്യതയുള്ളത്. തൃശ്ശൂരാണ് ബിജെപിക്കുള്ളള ഏക പ്രതീക്ഷ.

തൃശ്ശൂർ തന്നെയാണ് ജില്ലയിൽ സംസ്ഥാനം ഒറ്റുനോക്കുന്ന മണ്ഡലം. പത്മജ വേണു​ഗോപാലിന്റെ വരവോടെ തൃശ്ശൂരിൽ സുരേഷ് ​ഗോപി ഫാക്ടർ ആവർത്തിക്കാനാവുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ സിപിഐയുടെ പരമ്പരാ​ഗത മണ്ഡലത്തിൽ വിജയിക്കുക എൻഡിഎയ്ക്ക് അത്ര എളുപ്പമല്ല. പത്മജ വേണു​ഗോപാലിന് സുരേഷ് ​ഗോപിക്ക് സമാനമായി ന്യൂനപക്ഷ വോട്ടുകൾ ക്രോഡീകരിക്കാൻ സാധിച്ചാലേ വിജയിക്കാനാവൂ, ആലങ്കോട് രാധാകൃഷ്ണന് പാർട്ടി കേഡർ വോട്ടുകളും പ്രാദേശിക തലത്തിൽ ക്രിസ്ത്യൻ വോട്ടുകളും നിലവിൽ അനുകൂലമാണ്. അവസാനനിമിഷം രാഷ്ട്രീയ കോലാഹലങ്ങളോ സമുദായി സമവാക്യത്തിലെ മാറ്റങ്ങളോ ഉണ്ടായിട്ടില്ലെങ്കിൽ സിപിഐയ്ക്ക് തന്നെയാണ് സാധ്യത.

സ്വിങ് ഹോട്ട് സ്വിങ് സീറ്റുകൾ

തൃശ്ശൂർ: സിപിഐയ്ക്ക് ശക്തമായ മുൻതൂക്കമുള്ള മണ്ഡലം. സുരേഷ് ​ഗോപി ഫാക്ടർ പ്രതിഫലിച്ചാൽ ബിജെപി സ്ഥാനാർത്ഥി പത്മജ വേണു​ഗോപാലിന് നേട്ടമുണ്ടാകും. ന്യൂനപക്ഷ വോട്ടുകളാവും മണ്ഡലത്തിന്റെ ഭാവിയെ തീരുമാനിക്കുക. 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴി‍ഞ്ഞ തിര‍ഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി വിജയിച്ചുകയറിയത്. ആലങ്കോട് ലീലാകൃഷ്ണന് പാർട്ടി കേഡർ വോട്ടുകൾ ഉറപ്പിക്കാനായാൽ വിജയിക്കാനാവും.

ഇരിങ്ങാലക്കുട: ക്രിസ്ത്യൻ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രെൻഡ് നിർണയിക്കപ്പെടുക. പ്രീ-പോൾ സർവ്വേകളിൽ ഇടതുപക്ഷത്തിന് സാധ്യത കൽപ്പിക്കപ്പെട്ട മണ്ഡലം. എൻഡിഎ വോട്ട് വിഭജനവും നിർണായകമാണ്.

ഒല്ലൂർ: ജില്ലയിൽ ക്രിസംഘി വോട്ടുകൾ ഏറ്റവും കൂടുതലുള്ള മണ്ഡലമാണ് ഒല്ലൂർ. ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടങ്കിലും വിജയിക്കാനുള്ള ശക്തിയില്ല. കോൺ​ഗ്രസ് പക്ഷത്തേക്ക് ക്രിസംഘി വോട്ടുകൾ ക്രോഡീകരിക്കപ്പെട്ടാൽ ശക്തമായ മത്സരമുണ്ടാവും.

പുതുക്കാട്: എൽഡിഎഫിനും ഇടതിനും ശക്തമായ സ്വിങ് പ്രതീക്ഷകളുള്ള മണ്ഡലമാണ് പുതുക്കാട്. യുവവോട്ടർമാരും സ്ത്രീകളും നിർണായക ഘടകമാവും. ക്രിസ്ത്യൻ വോട്ടുകൾക്ക് നിർണായക സ്വാധീനവും മണ്ഡലത്തിലുണ്ട്.

English Summary: Pre-poll trends indicate a strong lead for the Left Democratic Front in Palakkad and Thrissur, with most seats likely to remain in their favor. However, key constituencies are witnessing intense triangular contests involving the United Democratic Front and NDA, making swing seats crucial in deciding final outcomes.