Analysis

ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ തഹ്ലിയ; കരുത്തുകാട്ടാൻ ടി.പി. രാമകൃഷ്ണൻ - പേരാമ്പ്രയിൽ പോരാട്ടം കടുക്കുന്നു | Perambra Election Analysis 2026

40-45 ശതമാനം വരുന്ന മുസ്ലിം വോട്ടർമാരാണ് പേരാമ്പ്രയുടെ ഫലം നിർണയിക്കുന്നത്

Madism Desk

ഇടതുകോട്ടയായ പേരാമ്പ്രയിൽ ഇത്തവണ പോരാട്ടം പ്രവചനാതീതമാവുകയാണ്. 1980 മുതൽ എൽഡിഎഫിനെ മാത്രം തുണച്ച ചരിത്രമുള്ള മണ്ഡലത്തിൽ, മുസ്ലിം വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് യുഡിഎഫ് ഇത്തവണ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. യുവലീഗ് നേതാവ് ഫാത്തിമ തഹ്ലിയയെ കളത്തിലിറക്കിയതിലൂടെ വലിയൊരു മുന്നേറ്റം യുഡിഎഫ് പാളയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ടി.പി. രാമകൃഷ്ണൻ പടുത്തുയർത്തിയ ഇടതുകോട്ട അത്ര എളുപ്പത്തിൽ ഇളകില്ലെന്നാണ് പ്രീ-പോൾ സർവ്വേകൾ സൂചിപ്പിക്കുന്നത്. അതേസമയം, തഹ്ലിയയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ കാര്യമായ വർധനയുണ്ടാക്കിയേക്കാം. എന്നാൽ, ലീഗ് സ്ഥാനാർത്ഥി എത്തുന്നതോടെ മണ്ഡലത്തിലെ ഈഴവ വോട്ടുകളിൽ ഒരു വിഭാഗം എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ എം. മോഹനനിലേക്ക് ചേക്കേറാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ഇത് മണ്ഡലത്തിലെ പരമ്പരാഗത വോട്ട് സമവാക്യങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

2021 തിരഞ്ഞെടുപ്പ് ഫലം

വിജയിച്ചത്: ടി.പി. രാമകൃഷ്ണൻ (CPI(M) / LDF) — 86,023 വോട്ടുകൾ (52.54%)

രണ്ടാമത്: സി.എച്ച്. ഇബ്രാഹിംകുട്ടി (UDF) — 63,431 വോട്ടുകൾ (38.74%)

മൂന്നാമത്: 11,165 വോട്ടുകൾ (6.82%) ഭൂരിപക്ഷം: 22,592 വോട്ടുകൾ (13.8%)

2016 തിരഞ്ഞെടുപ്പ് ഫലം

വിജയിച്ചത്: ടി.പി. രാമകൃഷ്ണൻ (CPI(M) / LDF) —72,359 (47.14%)

രണ്ടാമത്: മുഹമ്മദ് ഇഖ്ബാൽ (UDF) —68,258(44.46%)

മൂന്നാമത്: സുകുമാരൻ നായർBDJS / NDA 8,56 (15.58%)

LDF ഭൂരിപക്ഷം: 4,101 വോട്ടുകൾ (2.67%)

തിരഞ്ഞെടുപ്പ് ട്രെൻഡ്

ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ പേരാമ്പ്രയിൽ ഇത്തവണയും എൽഡിഎഫിന് തന്നെയാകും മേൽക്കൈ എന്നാണ് രാഷ്ട്രീയ സൂചനകൾ. ടി.പി. രാമകൃഷ്ണന്റെ ദീർഘകാലത്തെ രാഷ്ട്രീയ പരിചയസമ്പത്തും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം കെട്ടിപ്പടുത്ത ജനകീയ അടിത്തറയും പ്രാദേശിക പിന്തുണയും വോട്ടായി മാറുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ചില ലോക്‌സഭാ ട്രെൻഡുകളിലും യുഡിഎഫ് മുന്നേറ്റം ദൃശ്യമായെങ്കിലും, ചങ്ങരോത്ത്, പേരാമ്പ്ര തുടങ്ങിയ മേഖലകളിലെ കേഡർ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും. ഫാത്തിമ തഹ്ലിയയുടെ പ്രസംഗങ്ങളും സോഷ്യൽ മീഡിയയിലെ സ്വാധീനവുമാണ് യുഡിഎഫ് ക്യാമ്പിന് ആവേശം നൽകുന്ന ഏക ഘടകം. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പിന്നാലെ വന്ന സാമുദായിക വോട്ട് ധ്രുവീകരണ ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കത്തക്ക രീതിയിൽ യുഡിഎഫിന് ഗുണകരമായി മാറിയിട്ടില്ല. ബിജെപി സ്ഥാനാർത്ഥി എം. മോഹനന്റെ നേതൃത്വത്തിൽ എൻഡിഎ വോട്ട് ഷെയർ വർദ്ധിപ്പിക്കുമെങ്കിലും വിജയസാധ്യത വിരളമാണ്. ചുരുക്കത്തിൽ, രാഷ്ട്രീയ കാറ്റുകൾ പലദിശയിൽ വീശിയാലും പേരാമ്പ്രയിലെ 'ചുവപ്പ്' കോട്ട കാക്കാൻ ടി.പി. രാമകൃഷ്ണന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.

പാലക്കാട് നിന്ന് വടകരയിലെത്തി റെക്കോർഡ് ഭൂരിപക്ഷത്തിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലാണ് ഇത്തവണ പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രധാന ഊർജ്ജം. ഷാഫിയുടെ വരവോടെ മലബാറിലെ ലീഗ്-കോൺഗ്രസ് അണികൾക്കിടയിലുണ്ടായ ആവേശം 2016-ലെ വാശിയേറിയ പോരാട്ടത്തെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഓർമ്മിപ്പിക്കുന്നത്. അന്ന് വിവാദങ്ങൾ കടുത്തിരുന്ന തെരഞ്ഞെടുപ്പിൽ കേവലം 4,101 വോട്ടുകൾക്ക് മാത്രമാണ് ടി.പി. രാമകൃഷ്ണൻ ജയിച്ചുകയറിയത്. ഇത്തവണത്തെ രാഷ്ട്രീയ ചിത്രം എൽഡിഎഫിന് വെല്ലുവിളിയാകാൻ മറ്റൊരു ഘടകം കൂടിയുണ്ട്; കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണന് അനുകൂലമായി നിന്ന പാലേരി, കടിയങ്ങാട് തുടങ്ങിയ മേഖലകളിലെ ജമാഅത്തെ ഇസ്‌ലാമി വോട്ടുകൾ ഇക്കുറി യുഡിഎഫ് പാളയത്തിലാണ്. ഈ വോട്ട് വിഹിതത്തിലെ മാറ്റവും ഷാഫി പറമ്പിൽ ഫാക്ടറും ഒത്തുചേരുമ്പോൾ പേരാമ്പ്രയിലെ ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

സാമുദായിക വോട്ടുകൾ ആർക്ക്?

പേരാമ്പ്രയിലെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്നതിൽ 40-45 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾക്ക് വലിയ പങ്കുണ്ട്. മതേതര മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഇവിടുത്തെ മുസ്ലിം വോട്ടർമാർ കാലങ്ങളായി സിപിഐഎമ്മിനൊപ്പം ഉറച്ചുനിൽക്കുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. ഇത്തവണ മുസ്ലിം ലീഗ് വനിതാ മുഖമായ ഫാത്തിമ തഹ്ലിയയെ കളത്തിലിറക്കിയതിലൂടെ ഈ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. വനിതാ വോട്ടർമാർക്കിടയിൽ തഹ്ലിയ വ്യക്തിപരമായി സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ കൂറ് അത്രവേഗം മാറ്റിമറിക്കാൻ ഇത് മതിയോ എന്ന ചോദ്യം ബാക്കിയാണ്. നിലവിലെ രാഷ്ട്രീയ ട്രെൻഡുകൾ പരിശോധിക്കുമ്പോൾ പേരാമ്പ്രയിലെ ഈ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ അട്ടിമറികൾക്ക് സാധ്യതയില്ലെന്നാണ് സൂചനകൾ നൽകുന്നത്.

പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്നത് മണ്ഡലത്തിലെ നിർണ്ണായകമായ ഈഴവ/തിയ്യ വോട്ട് ബാങ്കാണ്. മണ്ഡലത്തിലെ ഏകദേശം 25-28 ശതമാനം വരുന്ന ഈ വോട്ടുകൾ കാലങ്ങളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നതാണ് പതിവ്. എസ്എൻഡിപി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുമായി ഇടതുമുന്നണി പുലർത്തുന്ന അടുത്ത ബന്ധം ഇത്തവണയും അനുകൂല ഘടകമാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫ് കണ്ണുവെക്കുമ്പോൾ, ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകീകരിക്കപ്പെടുമെന്നതാണ് സിറ്റിംഗ് എംഎൽഎയുടെ പ്രധാന പ്രതീക്ഷ. രാഷ്ട്രീയ കാറ്റുകൾ പലദിശയിൽ വീശിയാലും ഈ വോട്ടുബാങ്കിലെ ഉറച്ച പിന്തുണ ഇടതുകോട്ടയെ സുരക്ഷിതമായി നിലനിർത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

12 മുതൽ 15 ശതമാനം വരുന്ന നായർ വോട്ടുകൾ ബിജെപിയിലേക്കും ചെറിയൊരു ശതമാനം യുഡിഎഫിലേക്കും ചാഞ്ചാടുമെന്നാണ് വിലയിരുത്തൽ. 8 മുതൽ 10 ശതമാനം വരെ വരുന്ന ക്രിസ്ത്യൻ വോട്ടുകൾ പൂർണമായും യുഡിഎഫിനൊപ്പം നിൽക്കാറാണ് പതിവ്. ഇത്തവണയും അത് ആവർത്തിക്കപ്പെട്ടേക്കും. ചെറിയ ശതമാനം വരുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടുകളും ഇത്തവണ ഫാത്തിമ തഹ്ലീയയുടെ പെട്ടിയിൽ വീണേക്കും.

കൊട്ടിക്കലാശം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുമ്പോൾ പേരാമ്പ്രയിലെ പ്രാദേശിക ചർച്ചകൾ ഇത്തവണ പതിവിന് വിപരീതമായി പ്രവചനാതീതമായ വഴിത്തിരിവിലേക്കാണ് വിരൽചൂണ്ടുന്നത്. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ 'സൈലന്റ് ക്യാംപെയ്നുകൾ' യുഡിഎഫ് സജീവമാക്കിയിട്ടുണ്ട്. പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളുടെ താഴെത്തട്ടിലെ പ്രവർത്തനം ഈ നീക്കങ്ങൾക്ക് കരുത്തുപകരുമെന്നാണ് യുഡിഎഫ് പാളയത്തിന്റെ പ്രതീക്ഷ. മറുവശത്ത്, തങ്ങളുടെ ഉറച്ച കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടാകാതെ കാക്കുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളിൽ പരമാവധി വർധനവുണ്ടാക്കാനാണ് സിപിഐഎം അവസാനവട്ട തന്ത്രങ്ങൾ മെനയുന്നത്. അദൃശ്യമായ ഈ വോട്ടുനീക്കങ്ങൾ പേരാമ്പ്രയിലെ അന്തിമ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

English Summary: Perambra, a long-time Left stronghold in Kozhikode, is likely to remain with the LDF despite UDF’s attempts to consolidate minority votes. While UDF candidate Fathima Thahliya may improve vote share, pre-poll trends indicate a comfortable win for CPI(M)’s T.P. Ramakrishnan, with caste and community voting patterns still favoring the Left.