Analysis

കൃഷി ചെയ്യാന്‍ ചെറുപ്പക്കാരില്ല, ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ ജനസംഖ്യാപരമായ വെല്ലുവിളികള്‍; ഭക്ഷ്യസുരക്ഷയുടെ ഭാവി എന്ത്?

യുവാക്കള്‍ ഗ്രാമങ്ങള്‍ വിട്ടുപോകുന്നുണ്ടോ എന്നതല്ല ചോദ്യം. മറിച്ച്, യുവാക്കള്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ തക്കവിധം ലാഭകരമായ സാമ്പത്തിക അവസരങ്ങള്‍ കാര്‍ഷിക മേഖല നല്‍കുന്നുണ്ടോ എന്നതാണ്

Madism Desk

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാലങ്ങളായി ചോദിക്കുന്ന ചോദ്യങ്ങളാണ്, നാം എത്രത്തോളം ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്? നമ്മുടെ ധാന്യശേഖരം പര്യാപ്തമാണോ? അടുത്ത വിളവെടുപ്പിനെ മണ്‍സൂണ്‍ തുണയ്ക്കുമോ? എന്നിവയൊക്കെ. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്ന, അടിയന്തരമായി ചിന്തിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്, ഭാവിയില്‍ ഇന്ത്യക്കാര്‍ക്കുള്ള ഭക്ഷണം ആര് ഉല്‍പ്പാദിപ്പിക്കും? എന്ന്. ഏകദേശം 29 വയസ്സ് ശരാശരി പ്രായമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രമുഖ സമ്പദ്വ്യവസ്ഥകളിലൊന്നാണ്.

എന്നാല്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ ചിത്രം നേരെ തിരിച്ചാണ്. ഇന്ത്യന്‍ കര്‍ഷകരുടെ ശരാശരി പ്രായം 50-നും 55-നും ഇടയിലാണെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ചെറുപ്പക്കാരുടെ ഒരു രാജ്യം, പ്രായമായിക്കൊണ്ടിരിക്കുന്ന ഒരു കാര്‍ഷിക തൊഴിലാളിവര്‍ഗ്ഗത്തെയാണ് ഭക്ഷണത്തിനായി കൂടുതലായി ആശ്രയിക്കുന്നത് എന്ന വൈരുധ്യമാണ് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് ഉടനടി ഒരു ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കിയേക്കില്ലെങ്കിലും ഇന്ത്യയുടെ കാര്‍ഷികവ്യവസ്ഥയുടെ ദീര്‍ഘകാല നിലനില്‍പ്പിനെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അകന്നുപോകുന്ന തലമുറകള്‍

ഗ്രാമീണ യുവാക്കള്‍ നഗരങ്ങളിലേക്കും സ്ഥിരവരുമാനമുള്ള തൊഴിലുകളിലേക്കും കൃഷിയേതര മേഖലകളിലേക്കും കൂടുതലായി ആകര്‍ഷിക്കപ്പെട്ടതിനാല്‍ കൃഷിയിടങ്ങളില്‍ തലമുറ കൈമാറ്റം നടക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍, വിപണിയിലെ വിലക്കയറ്റങ്ങള്‍, ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്, ഉറപ്പില്ലാത്ത വരുമാനം എന്നിവയൊക്കെ കൃഷിയെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. സ്വാഭാവികമായും കരിയറിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക്, കൃഷി എന്നത് ഒരു അവസരത്തേക്കാള്‍ ഒരു ബാധ്യത ആയി തോന്നിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

ഇന്ത്യയിലെ കാര്‍ഷിക തകര്‍ച്ചയെക്കുറിച്ച് പരാമര്‍ശിക്കുന്ന 'ഡൗണ്‍ ടു എര്‍ത്ത്' പഠനത്തില്‍, സര്‍വേയില്‍ പങ്കെടുത്ത ഗ്രാമീണ യുവാക്കളില്‍ 1.2 ശതമാനം പേര്‍ മാത്രമാണ് കര്‍ഷകരാകാന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷയ്ക്കായി ദശലക്ഷക്കണക്കിന് കര്‍ഷകരെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഇത്രയും കുറഞ്ഞ ശതമാനം ആളുകള്‍ മാത്രം കൃഷിയോട് ആഭിമുഖ്യം കാണിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചെറുപ്പക്കാര്‍ കൃഷിയെ തീര്‍ത്തും അവഗണിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം. മറിച്ച്, പരമ്പരാഗത രീതിയിലുള്ള കൃഷി തങ്ങള്‍ക്ക് സുരക്ഷിതമായ ഒരു ഭാവി നല്‍കുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല.

അതുകൊണ്ടുതന്നെ, ഗ്രാമീണ യുവജനങ്ങളുടെ കുടിയേറ്റത്തെ ഒരു സാമൂഹിക പ്രശ്‌നമായി മാത്രം കാണരുത്. പലപ്പോഴും അത് അവരുടെ സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള തീരുമാനമാണ്. കൃഷിയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ അനിശ്ചിതത്തമുണ്ടാവുകയും നഗരങ്ങളിലെ തൊഴില്‍ കൃത്യമായ ശമ്പളം ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ കുടിയേറ്റം എന്നത് സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പായി മാറുന്നു. ഗ്രാമീണ യുവജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ച് നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത് കുറഞ്ഞ ലാഭം, ഉല്‍പ്പാദനക്ഷമതയില്ലായ്മ, തുച്ഛമായ പ്രതിഫലം എന്നിവയാണ് യുവജനങ്ങളെ കൃഷിയില്‍ നിന്ന് അകറ്റുന്ന പ്രധാന ഘടകങ്ങളെന്നാണ്. അസംഘടിത വിപണികള്‍ മൂലം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതാണ് തങ്ങളെ ഗ്രാമങ്ങളില്‍ നിന്നും കൃഷിയില്‍ നിന്നും അകറ്റുന്ന പ്രധാന ഘടകമെന്ന് 67.43 ശതമാനം യുവാക്കളും അഭിപ്രായപ്പെടുന്നു.

കൃഷി ചെയ്യാന്‍ ഭൂമിയില്ല

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സര്‍വേ പ്രകാരം, 70.4 ശതമാനം കാര്‍ഷിക കുടുംബങ്ങള്‍ക്കും ഒരു ഹെക്ടറില്‍ താഴെ മാത്രമാണ് ഭൂമിയുള്ളത്. ഭൂമി ചെറുതാകുമ്പോള്‍ വലിയ തോതിലുള്ള ഉല്‍പ്പാദനക്ഷമത കൈവരിക്കാനോ, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനോ, ഉല്‍പ്പാദനത്തിലോ വിലയിലോ ഉണ്ടാകുന്ന തകര്‍ച്ചകളെ പ്രതിരോധിക്കാനോ സാധിക്കാതെ വരുന്നു. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം, കുറഞ്ഞ ഭൂമിയിലെ കൃഷി ലാഭകരമായ ഒരു സാമ്പത്തിക അവസരമല്ല.

കാര്‍ഷിക കുടുംബങ്ങളുടെ വരുമാനത്തില്‍ കാലക്രമേണ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അത് ഇപ്പോഴും വളരെ പരിമിതമാണ്. ഒരു കാര്‍ഷിക കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 2012-13 ല്‍ 6,426 രൂപയായിരുന്നത് 2018-19 ല്‍ 10,218 രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും അതിവേഗം വളരുന്ന കൃഷിയേതര സാമ്പത്തിക മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇപ്പോഴും തുച്ഛമാണ്. ചെറുപ്പക്കാര്‍ കാര്‍ഷികമേഖലയിലെ വരുമാനത്തെ മറ്റ് മേഖലകളില്‍ ലഭിക്കുന്ന സുരക്ഷിതമായ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൃഷി അവര്‍ക്ക് വരുമാനമുണ്ടാക്കാവുന്ന മാര്‍ഗമായി തോന്നുന്നില്ല.

അറിവുകളുടെ നഷ്ടവും ഭാവിയിലെ ഭീഷണിയും

പ്രായമായ ഒരു കര്‍ഷകന് മണ്ണ്, കാലാവസ്ഥ, വിളകള്‍, കന്നുകാലികള്‍, പ്രാദേശിക കൃഷിരീതികള്‍ എന്നിവയെക്കുറിച്ച് പതിറ്റാണ്ടുകളുടെ അറിവുണ്ടാകും. എന്നാല്‍, ആ അറിവുകള്‍ സ്വീകരിക്കാനും ആധുനികവല്‍ക്കരിക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഒരു പുതിയ തലമുറ ഇല്ലാ എന്നുതന്നെ പറയാം. കര്‍ഷകരുടെ ശരാശരി പ്രായം ഉയരുന്നത് കാര്‍ഷിക കുടുംബങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടി ബാധിക്കും. കൂടാതെ, കാര്‍ഷിക മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമത്തിനും പാട്ടക്കൃഷിയുടെ വര്‍ദ്ധനവിനും കൃഷിഭൂമികള്‍ തരിശായി ഇടുന്നതിനും കാരണമാകാം. ഇത് പച്ചക്കറി-പഴവര്‍ഗ കൃഷികള്‍, ക്ഷീരമേഖല തുടങ്ങിയ അധ്വാനഭാരമുള്ള മേഖലകളെ സാരമായി ബാധിക്കും. കാലക്രമേണ, ഇത് ഭക്ഷണത്തിന്റെ ലഭ്യതയെയും വിലയെയും നേരിട്ട് സ്വാധീനിക്കും.

ഇവിടെയാണ് ഈ വിഷയം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ഭീഷണിയായി മാറുന്നത്. സാധാരണയായി ഭക്ഷണത്തിന്റെ ലഭ്യത, പ്രാപ്യത, താങ്ങാനാവുന്ന വില എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ അളക്കുന്നത്. എന്നാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ ടണ്‍ ധാന്യത്തിനും ഓരോ ലിറ്റര്‍ പാലിനും ഓരോ കിലോഗ്രാം പച്ചക്കറിക്കും പിന്നില്‍ കര്‍ഷകരും അവരുടെ അധ്വാനവുമുണ്ട്. ജലസേചനം, വിത്ത്, വളം, കാര്‍ഷിക ഗവേഷണം, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഇന്ത്യ എത്ര നിക്ഷേപം നടത്തിയാലും ഭക്ഷണമുണ്ടാക്കുന്ന മനുഷ്യര്‍ക്ക് പകരമാകാന്‍ അവയ്‌ക്കൊന്നിനും സാധിക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടങ്ങള്‍ നോക്കുമ്പോള്‍ ഈ വൈരുധ്യം കൂടുതല്‍ വ്യക്തമാകുന്നു. രാജ്യത്ത് വന്‍തോതില്‍ യുവാക്കളുണ്ടെങ്കിലും, കാര്‍ഷിക മേഖലയ്ക്ക് ആ തലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. യുവാക്കള്‍ ഗ്രാമങ്ങള്‍ വിട്ടുപോകുന്നുണ്ടോ എന്നതല്ല ചോദ്യം. മറിച്ച്, യുവാക്കള്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ തക്കവിധം ലാഭകരമായ സാമ്പത്തിക അവസരങ്ങള്‍ കാര്‍ഷിക മേഖല നല്‍കുന്നുണ്ടോ എന്നതാണ്.

ഭാവിയിലെ കർഷകർ

എല്ലാ ചെറുപ്പക്കാരെയും പരമ്പരാഗത കൃഷിയിലേക്ക് തിരികെ വരാൻ നിർബന്ധിക്കുകയല്ല ഇതിനുള്ള പരിഹാരം. പകരം, കൃഷിയെ ആധുനികവും ലാഭകരവുമായ അവസരങ്ങളുടെ ഒരു ആവാസവ്യവസ്ഥയായി മാറ്റണം. ഒരു ചെറിയ കഷ്ണം ഭൂമിയിൽ പരമ്പരാഗതമായി കൃഷി ചെയ്യാൻ ചെറുപ്പക്കാര്‍ ആഗ്രഹിച്ചേക്കില്ല, എന്നാൽ പ്രിസിഷൻ ഫാർമിംഗ്, കാർഷിക യന്ത്രസേവനങ്ങൾ, ഡയറി യൂണിറ്റുകൾ, ഫുഡ് പ്രോസസ്സിംഗ്, സംഭരണ ശാലകൾ, അഗ്രി-ലോജിസ്റ്റിക്സ്, ഡിജിറ്റൽ അഗ്രികൾച്ചറൽ സേവനങ്ങൾ എന്നിവ നടത്താൻ അവര്‍ തയ്യാറായേക്കാം. എല്ലാറ്റിലുമുപരിയായി, കൃഷിയെ അന്തസ്സും പുരോഗതിയുമുള്ള ഒരു പ്രൊഫഷനായി കാണാൻ ചെറുപ്പക്കാർക്ക് കഴിയണം.

കൃഷിക്ക് അതിന്റെ അടുത്ത തലമുറയെ നിലനിർത്തണമെങ്കിൽ, സമ്പാദിക്കാനും പുതുമകൾ കണ്ടെത്താനും വളരാനുമുള്ള അവസരങ്ങൾ നൽകണം. ഇന്ത്യയുടെ കാർഷിക നയങ്ങൾ ചരിത്രപരമായി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലും കർഷകരെ വിലയിടിവിൽ നിന്ന് സംരക്ഷിക്കുന്നതിലും, ഭക്ഷണലഭ്യത ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആ മുൻഗണനകൾ ഇപ്പോഴും അത്യാവശ്യമാണ്. എന്നാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന് ഇനി മറ്റൊരു തലമുറ കൂടി ആവശ്യമാണ്. അത് തലമുറകളുടെ നിലനിൽപ്പ് കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ ലഭ്യതക്കുറവ്, ഭൂമിയുടെ വിഭജനം, മാറുന്ന ഉപഭോക്തൃ ആവശ്യങ്ങൾ എന്നിവയെ നേരിട്ടുകൊണ്ട് ഇന്ത്യയ്ക്ക് മതിയായ ഭക്ഷണം ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. അതിനായി കൃഷിയെ മനസ്സിലാക്കുന്ന ഒരു തലമുറ ഇവിടെ ആവശ്യമുണ്ട്. അതിനായി കൃഷിയെ സാമ്പത്തികമായി ലാഭകരമാക്കുന്ന പദ്ധതികള്‍ വരേണ്ടതുണ്ട്.

India’s food security debate has traditionally focused on production, grain stocks and the monsoon. But a more fundamental question is emerging: who will produce India’s food in the future? While India has one of the youngest major populations in the world, the average age of Indian farmers is estimated to be around 50–55 years. Rural youth are increasingly moving towards urban jobs and non-farm employment due to low agricultural returns, rising input costs, climate risks, fragmented landholdings and uncertain incomes.