Vijay campaign X@TVK
Analysis

വിജയ് തരംഗത്തിൽ ദ്രാവിഡ കോട്ടകൾ വിറയ്ക്കുമോ? 20% വോട്ട് വിഹിതവും 30:50:20 സമവാക്യവും!

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗ് ആരെ തുണയ്ക്കും? 30:50:20 അനുപാതത്തിലൂടെ വോട്ട് ചോർച്ചയുടെയും രാഷ്ട്രീയ അട്ടിമറികളുടെയും ഗണിതശാസ്ത്രം ലളിതമായി മനസ്സിലാക്കാം

Political Desk

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം റെക്കോർഡുകൾ ഭേദിക്കുമ്പോൾ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത് നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' (ടിവികെ) ഉണ്ടാക്കാൻ പോകുന്ന ചലനങ്ങളാണ്. വിജയ് നേടുന്ന വോട്ടുകൾ ആരുടെ പെട്ടിയിൽ നിന്നാണ് ചോരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും തമിഴ്‌നാടിന്റെ ഭാവിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

നിർണ്ണായകമായ '20 ശതമാനം'

വിജയ്‌യുടെ പാർട്ടി തമിഴ്‌നാട്ടിലാകെ 20 ശതമാനം വോട്ട് വിഹിതം നേടിയാൽ അത് വലിയ രാഷ്ട്രീയ അട്ടിമറികൾക്ക് കാരണമാകും. തമിഴ്‌നാട്ടിലെ പ്രധാന മുന്നണികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലുള്ള വോട്ട് വ്യത്യാസം സാധാരണയായി 3% മുതൽ 6% വരെ മാത്രമാണ്. ഈ സാഹചര്യത്തിൽ വിജയ് നേടുന്ന 20% വോട്ടുകളിൽ നിന്നുണ്ടാകുന്ന വെറും 1 ശതമാനത്തിന്റെ മാറ്റം പോലും ഒരു മുന്നണിയുടെ പതനത്തിനോ മറ്റൊരു മുന്നണിയുടെ വൻ വിജയത്തിനോ കാരണമാകും.

വോട്ട് ചോർച്ചയുടെ ഗണിതം

വിജയിക്ക് ലഭിക്കുന്ന വോട്ടുകൾ എവിടെ നിന്ന് വരുന്നു എന്നത് വിശകലനം ചെയ്യാൻ രാഷ്ട്രീയ വിദഗ്ധർ 30:50:20 എന്ന അനുപാതമാണ് ഉപയോഗിക്കുന്നത്. വിജയിക്ക് ലഭിക്കുന്ന ഓരോ 100 വോട്ടും എവിടെ നിന്ന് വരുന്നു എന്ന് നോക്കാം:

സാഹചര്യം 1: എ.ഐ.എ.ഡി.എം.കെ വോട്ടുകൾ വിജയ്ക്ക് പോയാൽ

വിജയിക്ക് കിട്ടുന്ന വോട്ടുകളിൽ 30 എണ്ണം ഡി.എം.കെയിൽ നിന്നും 50 എണ്ണം എ.ഐ.എ.ഡി.എം.കെയിൽ നിന്നും 20 എണ്ണം മറ്റുള്ളവരിൽ നിന്നുമാണെങ്കിൽ:

ഫലം: പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയുടെ വോട്ടുകൾ ഭിന്നിച്ചു പോകുന്നു. ഇത് ഡി.എം.കെയ്ക്ക് ഗുണകരമാകും.

സീറ്റ് നില: ഡി.എം.കെ സഖ്യം 150-160 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തും. എ.ഐ.എ.ഡി.എം.കെ 60-70 സീറ്റുകളിലേക്ക് ചുരുങ്ങും.

സാഹചര്യം 2: ഡി.എം.കെ വോട്ടുകൾ വിജയ്ക്ക് പോയാൽ

വിജയിക്ക് കിട്ടുന്ന വോട്ടുകളിൽ 50 എണ്ണം ഭരണകക്ഷിയായ ഡി.എം.കെയിൽ നിന്നും 30 എണ്ണം എ.ഐ.എ.ഡി.എം.കെയിൽ നിന്നും 20 എണ്ണം മറ്റുള്ളവരിൽ നിന്നുമാണെങ്കിൽ:

ഫലം: ഭരണകക്ഷിയായ ഡി.എം.കെയുടെ അടിത്തറയിൽ വലിയ വിള്ളൽ വീഴുന്നു. ഇത് എ.ഐ.എ.ഡി.എം.കെയുടെ വിജയത്തിന് വഴിതുറക്കും.

സീറ്റ് നില: ഡി.എം.കെ 100-110 സീറ്റുകളിലേക്ക് താഴുകയും എ.ഐ.എ.ഡി.എം.കെ 110-120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്യും.

മുന്നണികളുടെ വാദം

ഉയർന്ന പോളിംഗ് വിജയ് ഘടകം മൂലമല്ലെന്നാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരുപോലെ വാദിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'SIR' (Special Intensive Revision) പദ്ധതി വഴി പുതിയ വോട്ടർമാർ പട്ടികയിൽ ചേർന്നതാണ് പോളിംഗ് കൂടാൻ കാരണമെന്നും, വിജയ് ആരുടെ വോട്ടും ചോർത്തില്ലെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകളിൽ കണ്ണുവെക്കുന്ന വിജയ്, ഈ കണക്കുകളെല്ലാം തെറ്റിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English Summary: The article analyzes the potential impact of actor Vijay’s political party, Tamilaga Vettri Kazhagam (TVK), on the upcoming 2026 Tamil Nadu Assembly elections. Moving beyond mere stardom, the report delves into the "30:50:20" mathematical model to predict how vote-share shifts could redefine the state's political landscape.