Art and Literature

ഗുണ്ടര്‍ട്ടിനെ അവര്‍ മലയാളം പഠിപ്പിച്ചു; അവന്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു: പുനത്തിൽ കുഞ്ഞബ്ദുള്ള

ആ ഗുരുക്കളുടെ പിന്‍മുറക്കാരനാണ് എന്റെ ചങ്ങാതി ജയേന്ദ്രന്‍.

Madism Desk

എഡ്വേര്‍ഡ് ബ്രണ്ണന്‍ ചെയ്തത് ചില്ലറ കാര്യമല്ല. അക്കാലം വിദ്യാഭ്യാസം സവണര്‍ക്ക് മാത്രം എന്നായിരുന്നല്ലോ. തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമൊന്നും പഠിക്കാന്‍ പറ്റില്ല. പഠിപ്പിക്കാന്‍ ഗുരുനാഥന്‍മാര്‍ തയാറായാലും സവര്‍ണര്‍ സമ്മതിക്കില്ല. അയിത്ത ജാതിക്കാര്‍ക്കൊപ്പം അവര്‍ തങ്ങളുടെ മക്കളെ ഇരുത്തില്ല. പിന്നീട്, കീഴ് ജാതിക്കാര്‍ പഠിക്കാമെന്നായപ്പോഴും തറയില്‍, പ്രത്യേകം ചാക്ക് വിരിച്ചു കൊടുത്ത ചരിത്രത്തിലേക്കും അധികം ദൂരമില്ല.

തലശ്ശേരിയിലെ ജാതീയ പ്രശ്‌നങ്ങള്‍ ബ്രണ്ണന്‍ സായിപ്പിന്റെ മനസ്സിനെ അലട്ടിയുണ്ടാകും. കടപ്പുറത്തെ മുക്കുവക്കുട്ടികള്‍ക്കൊപ്പം നേരമ്പോക്കില്‍ ഏര്‍പ്പെടുത്തിരുന്ന അദ്ദേഹം വിശാലമായ മനസ്സിന് ഉടമയായിരുന്നു. അതുകൊണ്ടാണ്, എല്ലാ ജാതി മത വര്‍ഗ്ഗ വര്‍ണ ഭേദമന്യേ എല്ലാവര്‍ക്കും പഠിക്കാനൊരു വിദ്യാലയം അദ്ദേഹം സ്വപ്‌നം കണ്ടത്.

വിദ്യാഭ്യാസത്തിലെ ജാതീയ വേര്‍തിരിവുകളുടെ വേദനകള്‍ അനുഭവിച്ചവരാണ് ജയേന്ദ്രന്റെ കുടുംബം. പരന്ന വായനയിലൂടെ പാണ്ഡിത്യത്തിലേക്ക് കാലെടുത്തു വെക്കാന്‍ തുടങ്ങിയ അവന്‍ ചില്ലറക്കാരനല്ല. എന്നെപ്പോലുള്ളവരെ വായനയിലേക്കും സാഹിത്യത്തിലേക്കുമൊക്കെ പ്രചോദിപ്പിച്ച അവന് ഒരു വൈജ്ഞാനിക തറവാടിത്തമുണ്ട്. ഉച്ചനീചത്വങ്ങളെ മറികടന്ന് പാണ്ഡിത്യത്തിന്റെ ഉന്നതങ്ങളിലേക്ക് കയറിപ്പോയ ഒരു കുടുംബ പാരമ്പര്യമുണ്ട്. ജയേന്ദ്രന്‍ അക്കഥകളൊക്കെ പറയുന്നത് ഞാന്‍ അല്‍ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. മലയാളത്തിന് ആദ്യത്തെ നിഘണ്ടു സമ്മാനിച്ച, സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളവും സംസ്‌കൃതവും പഠിപ്പിച്ച ഊരാച്ചേരി ഗുരുക്കന്‍മാരുടെ പിന്‍മുറക്കാരനാണ് അവന്‍. ജയേന്ദ്രന്റെ മുത്തഛന്റെ മുത്തഛനാണ് ഗുണ്ടര്‍ട്ടിനെ ഗുരുനാഥന്‍.

ഏകലവ്യന്റെ കഥപോലെയാണ് ഊരാച്ചേരി ഗുരുക്കന്മാരുടെ കഥ. ഇരുവനാട്ടെ പാട്ടിയമ്മയുടെ മക്കളെ പഠിപ്പിക്കാന്‍ പയ്യന്നൂരിനടുത്ത വടേശ്വരത്തു നിന്ന് ഒരു കുമാര ഗുരു വന്നു. കോലത്തിരി തമ്പുരാന്‍ അയച്ച ഈ ഗുരുനാഥന്റെ കീർത്തി നാടെങ്ങും പരന്നത് പെട്ടെന്നാണ്. പ്രദേശത്തെ വലിയ വീട്ടുകാര്‍ക്കൊക്കെ കുമാര ഗുരുവിന് കീഴില്‍ കുട്ടികളെ പഠിപ്പിക്കണം. അങ്ങിനെ പ്രത്യേകമായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു. അതില്‍ പക്ഷേ, നായര്‍ കുട്ടികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. ജാതി വലിയ പ്രശ്‌നം തന്നെ.

ഊരാച്ചേരി കുടുംബം തീയ്യന്‍മാരാണ്. അവര്‍ക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കാന്‍പോലും പറ്റില്ല. ഊരാച്ചേരിയിലെ കുഞ്ഞിക്കണ്ണന്‍ ബുദ്ധിമാനും സമര്‍ഥനുമായിരുന്നു. പക്ഷേ, പള്ളിക്കൂടത്തില്‍ പോകാന്‍ നിവൃത്തിയില്ല. മാത്തൂര്‍ നമ്പ്യാരുടെ വീട്ടില്‍ കാലിമേയ്ക്കലാണ് കുഞ്ഞിക്കണ്ണന് ജോലി. രാവിലെ പൈക്കളേയും കൊണ്ട് പുറപ്പെടും. പുല്‍മേടുകള്‍ കറങ്ങി, നിറഞ്ഞ വയറുള്ള പൈക്കളുമായി അന്തിക്കേ മടങ്ങിയെത്തൂ.

കുമാര ഗുരു പള്ളിക്കൂടം തുടങ്ങിയപ്പോള്‍ കുഞ്ഞിക്കണ്ണന്റെ ജോലി മാറി. നായര്‍ തറവാടുകളിലെ കുട്ടികളെ പള്ളിക്കൂടത്തിലേക്ക് തെളിക്കലായി പുതിയ പണി. കുട്ടികള്‍ ക്ലാസില്‍ കയറിയാല്‍ കുഞ്ഞിക്കണ്ണന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പുറത്തിരുന്ന് അവന്‍ ഗുരുവിന്റെ ക്ലാസ് ശ്രദ്ധിക്കും. കേട്ടതെല്ലാം അവന്റെ മനസ്സില്‍ കിടന്നു. വീട്ടിലെത്തിയാല്‍, കേട്ടതെല്ലാം പിന്നെയും പിന്നെയും ഉരുവിട്ട് പഠിക്കും. സംശയങ്ങള്‍ വന്നാല്‍ ഗുരുവിനോട് ചോദിക്കാന്‍ നിര്‍വാഹമില്ല. ഏതെങ്കിലും കുട്ടികളെ പറഞ്ഞേല്‍പിക്കും. അവര്‍ ഗുരുവിനോട് ചോദിക്കും. ഗുരുവിന്റെ മറുപടി കുഞ്ഞിക്കണ്ണന്‍ പുറത്തിരുന്നു കേള്‍ക്കും.

ജ്യോതിഷത്തിലെ ഗ്രഹസ്ഥിതികള്‍ പൂഴിയില്‍ വരച്ച് പഠിക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. അത് കുമാര ഗരുവിന്റെ ശ്രദ്ധയില്‍ പെട്ടു. മുറുക്കിത്തുപ്പാന്‍ പുറത്തേക്ക് വന്നതായിരുന്നു അദ്ദേഹം. പൂഴിയില്‍ വരച്ച കളങ്ങളില്‍ വെള്ളാരങ്കല്ലുകള്‍ നിരത്തി, ഗ്രഹനില ഗ്രഹിക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. ഗുരു വന്നത് അവന്‍ അറിഞ്ഞില്ല. ആലോചനയില്‍ മുഴുകിയും കല്ലുകള്‍ നീക്കി, ഗണിച്ചും പഠിക്കുന്നത് കണ്ട് കുമാര ഗുരുവിന് അല്‍ഭുതമായി.

പെട്ടെന്ന് ഗുരുനാഥന്റെ സാന്നിധ്യം മനസ്സിലായ കുഞ്ഞിക്കണ്ണന്‍ പേടിച്ചു പോയി. അവന്‍ എഴുന്നേറ്റ് ഓടി. ഗുരുവിന്റെ മനസ്സില്‍ കുഞ്ഞിക്കണ്ണനോട് വല്ലാത്തൊരു സ്‌നേഹം. അന്ന് അദ്ദേഹത്തിന് പിന്നെ ഒന്നും പഠിപ്പിക്കാന്‍ സാധിച്ചില്ല. കീഴ്ജാതിക്കാരനായതു കൊണ്ട് മാത്രം, പഠിക്കാന്‍ താല്‍പര്യവും സാമര്‍ഥ്യവുമുണ്ടായിട്ടും ആ കുട്ടിക്ക് പള്ളിക്കൂടത്തില്‍ വരാന്‍ പറ്റുന്നില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒളിഞ്ഞിരുന്നു പഠിച്ച ശിഷ്യനോട് അദ്ദേഹം പെരുവിരല്‍ ചോദിച്ചില്ല. പകരം, അവന് മറ്റുള്ളവരോടൊപ്പം പഠിക്കാനുള്ള അവസരം നേടിക്കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

കുമാര ഗുരു പാട്ടിയമ്മയെ ചെന്നു കണ്ടു. പ്രബലരായ വേറെ ചില രക്ഷിതാക്കളേയും ചെന്നു കണ്ടു. എല്ലാവരോടും പറഞ്ഞത് ഒരേ കാര്യമാണ്.

കുഞ്ഞിക്കണ്ണന്‍ അപാരമായ ബുദ്ധിശക്തിയുള്ളവനാണ്. ഞാന്‍ പഠിപ്പിക്കാത്ത കുഞ്ഞിക്കണ്ണനാണ് ഞാന്‍ പഠിപ്പിക്കുന്നവരേക്കാള്‍ നന്നായി പഠിക്കുന്നത്. അവന്റെ വിജ്ഞാന ദാഹം ഞാന്‍ അറിഞ്ഞതാണ്. അവനെ പഠിപ്പിച്ചാല്‍ ഈ പ്രദേശത്തിന് അത് വലിയൊരു ഭാഗ്യമാകും.

രക്ഷിതാക്കള്‍ പലരും ജാതിയുടെ പേരില്‍ എതിര്‍ത്തു. കുഞ്ഞിക്കണ്ണനെ പള്ളിക്കൂടത്തില്‍ ചേര്‍ത്താല്‍ തങ്ങളെ കുട്ടികളെ അയക്കില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പാട്ടിയമ്മയും ഏതാനും പേരും ഗുരിവിന്റെ കൂടെ നിന്നു. അങ്ങിനെ കുഞ്ഞിക്കണ്ണന് പള്ളിക്കൂടത്തിനകത്ത്, ഒരു മൂലയില്‍ ഇരിപ്പിടം കിട്ടി. അന്നോളം മറ്റ് കുട്ടികള്‍ പഠിച്ചത് ചുരുങ്ങിയ നാളുകള്‍ കൊണ്ട് കുഞ്ഞിക്കണ്ണന്‍ പഠിച്ചു. കുമാര ഗുരുവിന് തന്റെ അധ്യാപക ജീവിതത്തിലെ വിലമതിക്കാനാകാത്ത മുത്തായി കുഞ്ഞിക്കണ്ണന്‍.

ഒരു ദിവസം കുമാരഗുരു കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ചെന്നു. അകത്തു നിന്ന് കുഞ്ഞിക്കണ്ണന്റെ ശബ്ദം കേള്‍ക്കാം. പാഠങ്ങള്‍ ഉരുവിടുന്ന ശബ്ദം. അവന്‍ പഠിക്കുകയായിരിക്കുമെന്നാണ് ഗുരു കരുതിയത്. അകത്തേക്ക് നോക്കിയപ്പോള്‍ അദ്ദേഹം അന്തം വിട്ടുപോയി. നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന നാല് കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. അവന്റെ സഹോദരന്മാരായിരുന്നു അവര്‍. പള്ളിക്കൂടത്തില്‍ പോകാന്‍ നിവൃത്തിയില്ലാത്ത തന്റെ സഹോദരങ്ങള്‍ക്ക് താന്‍ പഠിച്ചതൊക്കെ പഠിപ്പിച്ചു കൊടുക്കുയായിരുന്നു കുഞ്ഞിക്കണ്ണന്‍. അകത്ത് കടന്ന കുമാര ഗുരു ആ കുട്ടികളെ അഭിനന്ദിച്ചു. നാളെ മുതല്‍ പള്ളിക്കൂടത്തില്‍ വരുമ്പോള്‍ സഹോദരങ്ങളേയും കൂട്ടാന്‍ പറഞ്ഞു. അവരിലൊരാള്‍ മുടന്തനായിരുന്നു. അവനെ വീട്ടിലിരുത്തി പ്രത്യേകം പഠിപ്പിക്കാന്‍ കുഞ്ഞിക്കണ്ണനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗുരുവിന്റെ കാരുണ്യാതിരേകത്തിനു മുന്നില്‍ ആ സാധു കുട്ടികള്‍ കരഞ്ഞു നിന്നു.

ജയേന്ദ്രന്റെ വീടിന്റെ പൂമുഖം പുസ്തകങ്ങളും പെയിന്റിംഗുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അവന്റെ വീട്ടില്‍ വേറെ വലിയൊരു കൗതുകമുണ്ട്. അത് അവന്റെ് അഭിമാനവും അഹങ്കാരവുമാണ്. ശ്രീനാരായണ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയുമാണ് അത്. അവന്‍ ഇടക്ക് ആ കസേരയില്‍ കയറി ഗമയില്‍ ഇരിക്കും. ചിലപ്പോള്‍ കട്ടിലില്‍ കയറി കിടക്കും.

മൂന്നു വര്‍ഷം പെട്ടെന്നാണ് കടന്നുപോയത്. കുഞ്ഞിക്കണ്ണനും സഹോദരങ്ങളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പണ്ഡിതരായി വളര്‍ന്നു. അവര്‍ പിന്നീട് ഊരാച്ചേരി ഗുരുക്കന്മാര്‍ എന്ന് പേരില്‍ അറിയപ്പെട്ടു.

അക്കാലത്താണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ താമസിച്ചിരുന്നത്. ഇല്ലിക്കുന്നില്‍ സായിപ്പിന്റെ ബംഗ്ലാവില്‍ ചെന്ന് ഊരാച്ചേരി ഗുരുക്കന്മാര്‍ അദ്ദേഹത്തെ മലയാളവും സംസ്‌കൃതവും പഠിപ്പിച്ചു.

ഊരാച്ചേരി ഗുരുക്കന്മാരെ കുറിച്ച് രസകരമായൊരു കഥയുണ്ട്. അവരുടെ പേരും പെരുമയും അയല്‍ നാടുകളില്‍ പോലും പരന്നു നില്‍ക്കുകയാണ്. അന്നത്തെ ചിറക്കല്‍ തമ്പുരാന് പൊയ്യപ്രത്ത് തറവാട്ടില്‍ ഒരു കെട്ടിലമ്മയുണ്ടായിരുന്നു. കെട്ടിലമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ്, ഊരാച്ചേരി ഒതേനന്‍ഗുരുക്കളെ ആളയച്ചു വരുത്തി. ഗുരുവിനെ ആദരവോടെ സ്വീകരിച്ചിരുത്തിയ ശേഷം, തമ്പുരാന്‍ കെട്ടിലമ്മയുടെ രോഗ വിവരം പറഞ്ഞു. കഠിനമായ തലവേദനയാണ് കെട്ടിലമ്മക്ക്. പല ചികിത്സകളും നോക്കിയെങ്കിലും ഫലമില്ല. രോഗിയെ കണ്ട്, നാഡി പരിശോധിച്ച് രോഗനിര്‍ണയം നടത്താമെന്ന് ഒതേനന്‍ ഗുരുക്കള്‍ തമ്പുരാനെ അറിയിച്ചു.

കെട്ടിലമ്മ പുറത്തു വരില്ല. ലക്ഷണം കേട്ട് മരുന്നു നിര്‍ണയിക്കുകയാണ് എല്ലാ വൈദ്യന്‍മാരും ചെയ്യുന്നത്. ആരും നാഡി പിടിച്ച് പരിശോധിച്ചിട്ടില്ല.

അപ്പോള്‍ ഒതേനന്‍ ഗുരുക്കള്‍ വേറെ ഒരുപായം പറഞ്ഞു.

പുറത്തു വരാന്‍ വയ്യെങ്കില്‍ തമ്പുരാട്ടി അകത്തിരുന്ന് ഒരു നൂലിന്റെ അറ്റം കൈകൊണ്ട് തൊട്ടു പിടിക്കട്ടെ. മറ്റേ അറ്റം എന്റെ കയ്യില്‍ തന്നാല്‍ മതി.

ഗുരുക്കളുടെ നിര്‍ദേശം കേട്ട് തമ്പുരാന്‍ ആദ്യം ഒന്നമ്പരന്നു. അത്ര കേമനാണെങ്കില്‍ ഇയാളെ ഒന്ന് പരീക്ഷിക്കണമല്ലോ എന്നൊരു വിചാരം വന്നു അദ്ദേഹത്തിന്.

അദ്ദേഹം അകത്തേക്ക് പോയി. പിന്‍വാതിലിലൂടെ നൂലിന്റെ ഒരറ്റം പിന്‍ഭാഗത്തു നില്‍ക്കുകയായിരുന്ന പശുവിന്റെ കാല്‍ കെട്ടി. മറ്റേ അറ്റം ഗുരുക്കള്‍ക്ക് കൊടുത്തു. ഗുരുക്കള്‍ നൂല്‍ കാതില്‍ ചേര്‍ത്തു വെച്ചു. കുറച്ചു നേരം കണ്ണടച്ചിരുന്നു.

രണ്ട് നേരം കറക്കുന്നത് ഒരു നേരമാക്കിയാല്‍ കൊള്ളാം. ഇപ്പോഴുള്ള ക്ഷീണം മാറിക്കോളും.

അമ്പരന്നു പോയ തമ്പുരാന്‍ പട്ടും വളയും നല്‍കിയാണ് ഗുരുക്കളെ തിരിച്ചയച്ചത്.

ആ ഗുരുക്കളുടെ പിന്‍മുറക്കാരനാണ് എന്റെ ചങ്ങാതി ജയേന്ദ്രന്‍. അവന്റെ കുടുംബത്തിന്റെ ചരിത്രം ഊരാച്ചേരി കുടുംബത്തിന്റെ ചരിത്രം എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്. ചൊക്ലി ടൗണിനടുത്തുള്ള ഗുരുകുലം എല്‍പി സ്‌കൂള്‍ ഊരാച്ചേരി ഗുരുക്കളുടെ സ്മാരകമാണ്. കുമാര ഗുരു തുടങ്ങിയ എഴുത്തു പള്ളിക്കൂടത്തിന്റെ തുടര്‍ച്ചയാണ് ഈ സ്‌കൂള്‍. ഈ സ്‌കൂളില്‍ അവര്‍ണരും സവര്‍ണരും ഒന്നിച്ചിരുന്നു പഠിച്ചു.

ഊരാച്ചേരി കുടുംബത്തിലെ എല്ലാവരും സംസ്‌കൃത പണ്ഡിതന്‍മാരായിരുന്നു. ജയേന്ദ്രന്‍ മാത്രം ഇംഗ്ലീഷ് പണ്ഡിതനായി. അത് എനിക്ക് ഗുണം ചെയ്തു. അവനാണണല്ലോ എനിക്ക് ഇംഗ്ലീഷ് കഥകളും പുസ്തകങ്ങളും പരിചയപ്പെടുത്തി തരുന്നത്. കല്യാണം കഴിക്കാത്ത അവന് കൂട്ട് പുസ്തകങ്ങള്‍ മാത്രമാണ്. lust of life (ജീവിതാസക്തി) മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ജയേന്ദ്രനാണ്. പടിഞ്ഞാറന്‍ മുന്നണിയില്‍ എല്ലാം ശാന്തമാണ് (all quiet on the western front), അവസാനത്തെ കവിത (sheshr kobitha) എന്നിവയും ജയേന്ദ്രനാണ് തര്‍ജമ ചെയ്തത്.

ജയേന്ദ്രന്റെ വീടിന്റെ പൂമുഖം പുസ്തകങ്ങളും പെയിന്റിംഗുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. അവന്റെ വീട്ടില്‍ വേറെ വലിയൊരു കൗതുകമുണ്ട്. അത് അവന്റെ് അഭിമാനവും അഹങ്കാരവുമാണ്. ശ്രീനാരായണ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയുമാണ് അത്. അവന്‍ ഇടക്ക് ആ കസേരയില്‍ കയറി ഗമയില്‍ ഇരിക്കും. ചിലപ്പോള്‍ കട്ടിലില്‍ കയറി കിടക്കും. ചരിത്ര പ്രാധാന്യമുള്ള കട്ടിലും കസേരയും അവന്‍ പുസ്തകമുറിയില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ജയേന്ദ്രന്റെ മുത്തശ്ശിയുടെ അച്ഛന്‍ അറക്കുളത്ത് ഉണ്ണി ഗുരുക്കളുടെ വീട്ടില്‍ ഏതാനും ദിവസം ശ്രീ നാരായണ ഗുരു താമസിക്കാന്‍ വന്നു. തലശ്ശേരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം സ്ഥാപിക്കുന്ന സമയത്ത് തലശ്ശേരിയില്‍ എത്തിയതായിരുന്നു ഗുരു. 275 വര്‍ഷം പഴക്കമുണ്ട് ആ തറവാടിന്. അവിടുത്തെ മുകള്‍ നിലയിലെ തെക്കെ മുറിയിലാണ് ഗുരു താമസിച്ചത്. പിന്നീട് സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ക്ക് ഈ വീട് കൈമാറി. കട്ടിലും കസേരയും ജയേന്ദ്രന്‍ കൊണ്ടു പോന്നു.

ഗുരു കിടന്ന കട്ടിലില്‍ ഞാനും കിടന്നിട്ടുണ്ട്.

ഗുരു ഇരുന്ന കസേരയില്‍ ഞാനും ഇരുന്നിട്ടുണ്ട്.

(മാതൃഭൂമി ബുക്‌സിന് വേണ്ടി പി ടി മുഹമ്മദ് സാദിഖ് തയ്യാറാക്കിയ പുനത്തിലിന്റെ ബ്രണ്ണന്‍ ദിനങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്)

This excerpt explores the deep intellectual lineage of Punathil Kunjabdulla’s friend and mentor, Prof. P. Jeyandran, tracing his ancestry back to the legendary Ooracheri Gurukkans against the backdrop of historical caste discrimination in Kerala's education system.