Art and Literature

അന്ന് കലാപം, ഇന്ന് സ്വീകരണം; 19 വർഷത്തിനുശേഷം തസ്‌ലിമയുടെ കൊൽക്കത്ത മടങ്ങിവരവ് പറയുന്ന രാഷ്ട്രീയം

നിലവിൽ ന്യൂയോർക്കിൽ താമസിക്കുന്ന തസ്‌ലിമ, തന്റെ മടങ്ങിവരവിനെ വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്

Madism Desk

രണ്ട് പതിറ്റാണ്ട് മുൻപ്, തെരുവുകളിൽ പ്രതിഷേധം അലയടിക്കുകയും സ്വന്തം ജീവൻ അപകടത്തിലാവുകയും ചെയ്ത് ഒരു നവംബർ മാസത്തിലാണ് തസ്‌ലിമ നസ്‌റീന് പ്രിയപ്പെട്ട കൊൽക്കത്ത നഗരം വിടേണ്ടി വന്നത്. ജീവരക്ഷാർത്ഥം നാടുവിടേണ്ടി വന്ന ആ ബംഗ്ലാദേശി എഴുത്തുകാരി, വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനുശേഷം വീണ്ടും കൊൽക്കത്തയിലേക്കു മടങ്ങിയെത്തുന്നു. ഇത്തവണത്തേത് കേവലമൊരു സന്ദർശനമല്ല, മറിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദീർഘകാലത്തെ പോരാട്ടത്തിന്റെ ഫലപ്രാപ്തിയെന്നു വിലയിരുത്തുന്ന ഒരുവിഭാഗമുണ്ട്. എന്നാൽ ബംഗാളിലെ അധികാരമാറ്റത്തിന്റെയും ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ആ വരവെന്നതാണ് യാഥാർഥ്യം.

ഏകദേശം 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തസ്‌ലിമ നസ്‌റീൻ കൊൽക്കത്തയിൽ തിരിച്ചെത്തുന്നത്. ഓഗസ്റ്റ് ഒന്നിന് കൊൽക്കത്തയിലെ പ്രശസ്തമായ രവീന്ദ്ര സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാനായാണ് അവർ എത്തുന്നത്. ന്യൂയോർക്കിൽ താമസിക്കുന്ന തസ്‌ലിമ, തന്റെ മടങ്ങിവരവിനെ വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. സെക്കുലർ മിഷൻ, പശ്ചിംബംഗേർ ജോന്നോ, ഹ്യൂമൻ റൈറ്റ്‌സ് ബിയോണ്ട് ഫ്രോണ്ടിയേഴ്സ് എന്നീ മൂന്നു സംഘടനകൾ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മതമൗലികവാദത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ പ്രതീകമെന്ന നിലയിലാണ് ഈ ക്ഷണം.

സ്ത്രീപക്ഷ നിലപാടുകളിലൂടെയും മതമൗലികവാദത്തിനെതിരെയുള്ള പോരാട്ടങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ എഴുത്തുകാരിയാണു സ്വീഡിഷ് പൗരത്വമുള്ള തസ്‌ലിമ നസ്‌റീൻ. പുരുഷാധിപത്യത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന അവർ നാൽപ്പതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1993-ൽ പുറത്തിറങ്ങിയ 'ലജ്ജ' എന്ന നോവലാണ് അവർക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്. ബാബറി മസ്ജിദ് സംഘപരിവാർ തകർത്തതിനുശേഷം ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിട്ട പീഡനങ്ങളായിരുന്നു ഈ നോവലിന്റെ പ്രമേയം. ഇവരുടെ കൃതികൾ ലോകമെമ്പാടുമുള്ള മുപ്പതിലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് തസ്‌ലിമയ്ക്ക് കൊൽക്കത്ത വിടേണ്ടി വന്നത് ?

1994-ൽ ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്തശേഷം യൂറോപ്പിലും മറ്റുമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന തസ്‌ലിമ, 2004-ലാണ് ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ കൊൽക്കത്തയിൽ താമസമാക്കിയത്. ബംഗാളി ദിനപത്രങ്ങളിൽ അവർ സ്ഥിരമായി കോളങ്ങൾ എഴുതിയിരുന്നു.

എന്നാൽ, അവരുടെ 'ദ്വിഖൊണ്ടിതോ' (Bifurcated) എന്ന പുസ്തകത്തിനെതിരെ വലിയ പ്രതിഷേധങ്ങളുയർന്നു. 2006-ൽ കൊൽക്കത്ത ടിപ്പു സുൽത്താൻ പള്ളിയിലെ അക്കാലത്തെ ഇമാം, തസ്‌ലിമയുടെ മുഖത്ത് കരിമഷി തേക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചു. തുടർന്ന് 2007 നവംബറിൽ ഓൾ ഇന്ത്യ മൈനോറിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വലിയ അക്രമങ്ങൾ അരങ്ങേറി. റോഡ് ഉപരോധങ്ങളും തീവയ്പും നഗരത്തെ സ്തംഭിപ്പിച്ചു.

അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനു ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വരെ വിളിക്കേണ്ടി വന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ കൊൽക്കത്ത വിടേണ്ടി വന്ന തസ്‌ലിമ, ഡൽഹിയിലെ അജ്ഞാത കേന്ദ്രത്തിൽ ഏഴു മാസത്തോളം കഴിഞ്ഞ ശേഷം 2008 മാർച്ചിൽ ഇന്ത്യ വിടുകയായിരുന്നു.

പുരോഗമന മുഖം മൂടി അഴിഞ്ഞുവീണ ഇടതുപക്ഷം

2007-ൽ തസ്‌ലിമയ്ക്കു കൊൽക്കത്ത വിടേണ്ടി വന്നത് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഫലമായാണ്. എക്കാലത്തും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങൾക്കും വേണ്ടി വാദിച്ചിരുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരായിരുന്നു അന്ന് ബംഗാൾ ഭരിച്ചിരുന്നത്. എന്നാൽ 'ദ്വിഖൊണ്ടിതോ' എന്ന പുസ്തകത്തിനെതിരെ മതമൗലികവാദികൾ തെരുവിലിറങ്ങിയപ്പോൾ, ബുദ്ധദേബ് ഭട്ടാചാര്യയുടെ സർക്കാർ അവരുടെ മുന്നിൽ മുട്ടുമടക്കി.

ന്യൂനപക്ഷ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അന്ന് ഇടതുപക്ഷത്തെ നയിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തേക്കാൾ വലുത് വോട്ടാണെന്ന് ഇടതുപക്ഷം കരുതി. ഒരു എഴുത്തുകാരിക്കു സുരക്ഷ നൽകാൻ കഴിയാത്തവിധം ഭരണകൂടം മതമൗലികവാദികൾക്കു കീഴടങ്ങിയതു ബംഗാളിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ കറുത്ത പാടായി അവശേഷിക്കുന്നു.

ഇടതുപക്ഷത്തിനുശേഷം അധികാരത്തിൽ വന്ന മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരും തസ്‌ലിമയുടെ കാര്യത്തിൽ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ദീർഘകാലം ബംഗാൾ ഭരിച്ചിട്ടും അവരെ തിരിച്ചുകൊണ്ടുവരാൻ മമത തയ്യാറായില്ല. ഇടതുപക്ഷത്തെ വീഴ്ത്തിയ അതേ ന്യൂനപക്ഷ പ്രീണന നയം തന്നെയായിരുന്നു തൃണമൂലും പയറ്റിയത്. വിവാദ എഴുത്തുകാരിയെ പിന്തുണച്ചാൽ അതു തങ്ങളുടെ വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്നു തൃണമൂൽ ഭയന്നു.

മടങ്ങിവരവിലെ രാഷ്ട്രീയവും സാംസ്കാരിക മാനങ്ങളും

ദീർഘകാലമായി പശ്ചിമ ബംഗാളിൽ ഭരണം നടത്തിയ സർക്കാരുകൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തസ്‌ലിമയ്ക്കു കൊൽക്കത്തയിലേക്കു പ്രവേശനം നിഷേധിക്കുകയായിരുന്നു. പലതവണ അവർ കൊൽക്കത്തയിലേക്കു മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് അധികാരമാറ്റം ഉണ്ടായതോടെയാണ് അവരുടെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

ഇപ്പോൾ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഭരണത്തിനുകീഴിൽ തസ്‌ലിമ തിരികെയെത്തുമ്പോൾ, അതിനു പിന്നിലും വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ട്. ഈ മടങ്ങിവരവ് കേവലം സാഹിത്യത്തോടുള്ള ബിജെപിയുടെ സ്നേഹമോ, ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള ബഹുമാനമോ ആയി കാണാനാവില്ല. മറിച്ച്, ഇത് കൃത്യമായൊരു രാഷ്ട്രീയ ധ്രുവീകരണ തന്ത്രമാണ്.

മതമൗലികവാദത്തിന് ഇരയായ ഒരു എഴുത്തുകാരിയെ തിരികെ കൊണ്ടുവരുന്നതിലൂടെ ബംഗാളിലെ ഹിന്ദു വോട്ട് ബാങ്ക് കൂടുതൽ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും മതമൗലികവാദികൾക്കു കീഴടങ്ങിയവരാണെന്നും ബിജെപി മാത്രമാണ് ഇതിനെതിരെ നിൽക്കുന്നതെന്നും വരുത്തിത്തീർക്കാനുള്ള മികച്ചൊരു അവസരമാണിത്.

ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ബംഗാളിന്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു എഴുത്തുകാരിയെ പടിയിറക്കി വിടേണ്ടിവന്നത് വലിയൊരു നോവായിരുന്നു. എന്നാൽ, ഓഗസ്റ്റ് ഒന്നിനു കൊൽക്കത്തയിലെ രവീന്ദ്ര സദനിൽ തസ്‌ലിമ നസ്‌റീൻ സ്വന്തം കവിതകൾ ആലപിക്കുമ്പോൾ, അതൊരു എഴുത്തുകാരിയുടെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ മാത്രം വിജയമായി കാണാനാവില്ല. അന്ന് ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കപ്പെട്ട ഒരു അവകാശം, ഇന്ന് ഭൂരിപക്ഷ ധ്രുവീകരണത്തിനുള്ള വെറുമൊരു രാഷ്ട്രീയ ആയുധമായി മാറുന്നു എന്ന വലിയ വിരോധാഭാസമാണ് ഇവിടെ തെളിയുന്നത്.

After nearly two decades of exile, acclaimed Bangladeshi-Swedish author Taslima Nasrin is set to return to Kolkata on August 1 to attend a literary event at Rabindra Sadan. Nasrin, who originally fled Bangladesh in 1994 due to death threats over her novel Lajja, had found a second home in Kolkata until 2007, when violent protests by religious fundamentalists over her book Dwikhondito forced her to leave the city. Now, invited by three socio-cultural organizations—Secular Mission, Paschimbonger Jonno, and Human Rights Beyond Frontiers—she is returning to share her poetry and experiences in exile.