Think Piece

ചെറുവയൽ രാമേട്ടൻ: മണ്ണിന്റെ അറിവും മനുഷ്യസ്നേഹവും ജീവിതദർശനമാക്കിയ കർഷകൻ

മണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോൾ മണ്ണിനോടുള്ള സ്നേഹവും വിത്തിനെക്കുറിച്ച് പറയുമ്പോൾ അതിന്റെ ജീവചരിത്രവും പകർന്നുനൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഡോ. അസീസ് തരുവണ

വിടവാങ്ങിയ ചെറുവയൽ രാമേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് വയനാട്ടിലെ കമ്മനയിലെ പഴയ പുല്ല്മേഞ്ഞ വീട്ടിൽ, നിഷ്കളങ്കമായ പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിച്ചിരുന്ന ആ വലിയ മനുഷ്യന്റെ മുഖമാണ്. എന്റെ നാടായ തരുവണയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കമ്മനയിലെ ആ വീട്ടിലേക്ക് സുഹൃത്തുക്കളോടൊപ്പവും, അല്ലാതെയും പലതവണ ഞാൻ പോയിട്ടുണ്ട്. ഓരോ സന്ദർശനവും ഒരു സാധാരണ സൗഹൃദ സന്ദർശനം എന്നതിലുപരി അറിവിന്റെയും അനുഭവങ്ങളുടെയും പുതിയൊരു ലോകത്തിലേക്കുള്ള വാതായനമായിരുന്നു. എത്ര തിരക്കിലാണെങ്കിലും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം ആരെയും പെട്ടെന്ന് ആകർഷിക്കുന്നതായിരുന്നു.

നാട്ടുവിശേഷങ്ങളിൽ തുടങ്ങി കൃഷിരീതികളിലേക്കും വിത്തുകളുടെ സവിശേഷതകളിലേക്കും നീളുന്ന സംഭാഷണങ്ങൾ ഒരിക്കലും മുഷിപ്പിക്കുന്നതായിരുന്നില്ല. ഓരോ വിത്തിനെക്കുറിച്ചും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന പ്രത്യേക പ്രകാശം ഇപ്പോഴും മനസ്സിലുണ്ട്. അമ്പതിലധികം നാടൻ നെൽവിത്തുകളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ച ആ മനുഷ്യന്റെ ഉള്ളിൽ ഒരു നാടിന്റെ കാർഷികസംസ്കാരം മുഴുവനുമുണ്ടായിരുന്നു.

വയനാടൻ മണ്ണിന്റെ ഗന്ധവും പാരമ്പര്യ നെൽവിത്തുകളുടെ ജീവനും ഹൃദയത്തിൽ സൂക്ഷിച്ച രാമേട്ടൻ വിടപറയുമ്പോൾ, നമുക്ക് നഷ്ടമാകുന്നത് ഒരു കർഷകനെ മാത്രമല്ല; തലമുറകളുടെ കാർഷിക ജ്ഞാനത്തെ സ്വന്തം ജീവിതംകൊണ്ട് കാത്തുസൂക്ഷിച്ച അപൂർവമായ ഒരു ജൈവ പൈതൃകത്തിന്റെ കാവൽക്കാരനെയാണ്.

ഞാൻ ജോലി ചെയ്യുന്ന ഫാറൂഖ് കോളേജുമായും രാമേട്ടന് ഒരു സവിശേഷ ബന്ധമുണ്ടായിരുന്നു. കോളേജിലെ മലയാളവിഭാഗത്തിലെ വിദ്യാർഥികൾ അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാൻ തീരുമാനിച്ചപ്പോൾ ആ യാത്രയിൽ പങ്കാളിയാകാൻ എനിക്കും അവസരം ലഭിച്ചു. അതിന്റെ ഭാഗമായി, കമ്മനയിലെ വീട്ടിലേക്ക് വിദ്യാർഥികളോടൊപ്പം ചെന്നപ്പോൾ അദ്ദേഹം ഞങ്ങളെ സ്വീകരിച്ച ഹൃദ്യത ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ക്യാമറയ്ക്കു മുന്നിലും അല്ലാതെയും തന്റെ അനുഭവങ്ങളും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് അദ്ദേഹം ലളിതമായും സരസമായും വിശദീകരിച്ചുകൊടുത്തു. ഔപചാരികമായ ക്ലാസ് മുറികളിൽനിന്ന് വ്യത്യസ്തമായി, ജീവിതംതന്നെ പാഠപുസ്തകമാകുന്ന അനുഭവമായിരുന്നു അത്.

വിദ്യാർഥികൾക്ക് അന്ന് ലഭിച്ചത് ഒരു ഡോക്യുമെന്ററിക്കുവേണ്ടിയുള്ള ദൃശ്യങ്ങളും അഭിമുഖങ്ങളും മാത്രമായിരുന്നില്ല. പ്രകൃതിയെ അറിയേണ്ടത് എങ്ങനെയെന്നും അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെയെന്നും അവർ നേരിട്ടറിഞ്ഞു. മണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോൾ മണ്ണിനോടുള്ള സ്നേഹവും വിത്തിനെക്കുറിച്ച് പറയുമ്പോൾ അതിന്റെ ജീവചരിത്രവും പകർന്നുനൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു അധ്യാപകന്റെ ഔപചാരികതായില്ലാതെ തന്നെ, ജീവിതാനുഭവത്തിന്റെ കരുത്തുകൊണ്ട് വിദ്യാർഥികളെ പഠിപ്പിച്ച അപൂർവ ഗുരുവായിരുന്നു അദ്ദേഹം.

ഫാറൂഖ് കോളേജിലെ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ചരിത്രസെമിനാറാണ് രാമേട്ടനുമായുള്ള ബന്ധത്തിലെ മറ്റൊരു മറക്കാനാവാത്ത ഓർമ്മ. ലോകപ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലും ചെറുവയൽ രാമേട്ടനും ഒരുമിച്ചു പങ്കെടുത്ത ആ പരിപാടിയിൽ, രാമേട്ടന്റെ സെഷനിൽ അധ്യക്ഷത വഹിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.

ഒരു വശത്ത് പരിസ്ഥിതിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും കരുത്തുമായി മാധവ് ഗാഡ്ഗിൽ; മറുവശത്ത് പതിറ്റാണ്ടുകളായി മണ്ണിൽ പണിയെടുത്ത് പ്രകൃതിയെ അറിഞ്ഞ രാമേട്ടൻ. ഇരുവരും ഒരേ വേദിയിൽ എത്തിയപ്പോൾ ശാസ്ത്രീയ അറിവും അനുഭവജ്ഞാനവും പരസ്പരപൂരകങ്ങളാകുന്ന മനോഹരമായ കാഴ്ചയായി അത് മാറി. രാമേട്ടന്റെ പ്രായോഗിക അറിവുകൾക്ക് ആ വേദിയിൽ ലഭിച്ച ആദരവ്, മണ്ണിൽനിന്ന് ആർജിക്കുന്ന അറിവിന്റെ മഹത്വത്തെക്കുറിച്ചുള്ള വലിയൊരു പാഠമായിരുന്നു.

ചില മനുഷ്യർ വിടവാങ്ങിയാലും അവർ ബാക്കിയാക്കിയ അമൂല്യമായ ചിലത്, മണ്ണിനടിയിലെ വിത്തുകൾ പോലെ പുതിയ കാലങ്ങളിലേക്ക് മുളച്ചുപൊന്തി വളർന്നുകൊണ്ടേയിരിക്കും. അത്തരമൊരു വലിയ മനുഷ്യനായിരുന്നു വിടവാങ്ങിയ പത്മശ്രീ ചെറുവയൽ രാമേട്ടൻ. വയനാടൻ മണ്ണിന്റെ ഗന്ധവും പാരമ്പര്യ നെൽവിത്തുകളുടെ ജീവനും ഹൃദയത്തിൽ സൂക്ഷിച്ച രാമേട്ടൻ വിടപറയുമ്പോൾ, നമുക്ക് നഷ്ടമാകുന്നത് ഒരു കർഷകനെ മാത്രമല്ല; തലമുറകളുടെ കാർഷിക ജ്ഞാനത്തെ സ്വന്തം ജീവിതംകൊണ്ട് കാത്തുസൂക്ഷിച്ച അപൂർവമായ ഒരു ജൈവ പൈതൃകത്തിന്റെ കാവൽക്കാരനെയാണ്.

പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ, ജൈവകൃഷിയുടെ പ്രയോക്താവ്, പരിസ്ഥിതി പ്രവർത്തകൻ, പത്മശ്രീ ജേതാവ് എന്നിങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്ന വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഈ വിശേഷണങ്ങൾക്കൊന്നും പൂർണമായി ഉൾക്കൊള്ളാനാകാത്ത ഒരു വലിയ മനുഷ്യനായിരുന്നു രാമേട്ടൻ. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ പ്രതീകം മാത്രമായിരുന്നില്ല; സ്നേഹംകൊണ്ട് മനുഷ്യരെ ചേർത്തുപിടിച്ച, അറിവുകൊണ്ട് വിസ്മയിപ്പിച്ച, എളിമകൊണ്ട് ഹൃദയങ്ങളിൽ ഇടംനേടിയ ആത്മമിത്രം കൂടിയായിരുന്നു.

1952 ജൂൺ ആറിന് വയനാട്ടിലെ മാനന്തവാടിയിൽ ജനിച്ച ചെറുവയൽ രാമൻ, കുറിച്യ ആദിവാസി സമൂഹത്തിന്റെ കാർഷികപാരമ്പര്യത്തിൽനിന്നാണ് തന്റെ ജീവിതദർശനം രൂപപ്പെടുത്തിയത്. പത്താം വയസ്സിൽ കൃഷിയിലേക്കിറങ്ങിയ അദ്ദേഹം ഔപചാരികമായ കാർഷികശാസ്ത്രപഠനങ്ങളിലൂടെയല്ല, മണ്ണിനോടുള്ള നിരന്തരമായ സമ്പർക്കത്തിലൂടെയും തലമുറകളിൽനിന്ന് പകർന്നുകിട്ടിയ അനുഭവജ്ഞാനത്തിലൂടെയുമാണ് അറിവിന്റെ വിശാലമായ ലോകം സ്വന്തമാക്കിയത്.

കാലം ഉപേക്ഷിക്കാൻ തുടങ്ങിയ വിത്തുകളെ അദ്ദേഹം ചേർത്തുപിടിച്ചു. കൃഷിയിൽനിന്ന് പിൻവാങ്ങുന്ന സമൂഹത്തിന്റെ മുന്നിൽ, കൃഷിയുടെ പാരമ്പര്യവും പ്രകൃതിയുടെ ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു.

അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്ന ഒരു പ്രധാന കാര്യം, അറിവിന്റെ ഉറവിടം സർവകലാശാലകളുടെ ക്ലാസ് മുറികൾ മാത്രമല്ല; വയലും കാടും വിത്തും മഴയും മണ്ണും മനുഷ്യന്റെ നിരീക്ഷണശേഷിയും ചേർന്നും മഹത്തായ ജ്ഞാനം സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. ആ ജ്ഞാനത്തെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് അക്കാദമിക് മണ്ഡലം കൂടുതൽ ജനാധിപത്യപരവും ജീവിതബന്ധിതവുമാകുന്നത്.

വയനാടിന്റെ കാർഷികപാരമ്പര്യം അതിന്റെ മണ്ണിൽ വളർന്ന നെല്ലിനങ്ങളുടെ വൈവിധ്യത്തിലും അവയുമായി ബന്ധപ്പെട്ട ജീവിതരീതികളിലുമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഓരോ നെൽവിത്തിനും അതിന്റേതായ വളർച്ചാകാലവും കാലാവസ്ഥയോടുള്ള പൊരുത്തപ്പെടൽശേഷിയും സാംസ്കാരികചരിത്രവുമുണ്ട്. എന്നാൽ ആധുനിക കൃഷിരീതികളുടെ വ്യാപനവും സങ്കരവിത്തുകളിലേക്കുള്ള മാറ്റവും രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗവും പാരമ്പര്യ കാർഷികജ്ഞാനത്തിന്റെ വലിയൊരു ഭാഗത്തെ വിസ്മൃതിയിലേക്ക് തള്ളിവിട്ടു.

ഈ മാറ്റങ്ങൾക്കിടയിലാണ് ചെറുവയൽ രാമേട്ടൻ മറ്റൊരു വഴിയിലൂടെ നടന്നത്. കാലം ഉപേക്ഷിക്കാൻ തുടങ്ങിയ വിത്തുകളെ അദ്ദേഹം ചേർത്തുപിടിച്ചു. കൃഷിയിൽനിന്ന് പിൻവാങ്ങുന്ന സമൂഹത്തിന്റെ മുന്നിൽ, കൃഷിയുടെ പാരമ്പര്യവും പ്രകൃതിയുടെ ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു.

അമ്പതിലധികം പാരമ്പര്യ നെൽവിത്തിനങ്ങളെ സംരക്ഷിച്ചുവന്നതാണ് ചെറുവയൽ രാമേട്ടന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന്. അദ്ദേഹത്തിന്റെ വിത്തുശേഖരം ഒരു കർഷകന്റെ സ്വകാര്യ സമ്പത്തായിരുന്നില്ല. വയനാടിന്റെ കാർഷിക ചരിത്രത്തിന്റെയും പരമ്പരാഗത അറിവിന്റെയും ജീവിക്കുന്ന ശേഖരമായിരുന്നു അത്.

വിത്തുകൾ ശേഖരിച്ചുവെക്കുന്നതുകൊണ്ടുമാത്രം അവയുടെ സംരക്ഷണം സാധ്യമാകില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ നെൽവിത്തും കൃഷിചെയ്ത് അതിന്റെ വിത്തുതുടർച്ച ഉറപ്പാക്കണം എന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ദർശനം എന്നുവേണമെങ്കിൽ പറയാം. അതിനാൽ അദ്ദേഹം തന്റെ കൃഷിയിടത്തെ വിത്തുകളുടെ ജീവിക്കുന്ന സംരക്ഷണകേന്ദ്രമാക്കി മാറ്റി. വിളവെടുപ്പിലൂടെ വിത്തുകൾ വീണ്ടും ഉൽപ്പാദിപ്പിക്കുകയും കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് അവ കൈമാറുകയും ചെയ്തു. വിത്തുകൾ വിറ്റഴിക്കുക എന്നതിലുപരി, അവ കൃഷിയിലൂടെ നിലനിർത്തുകയും കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ചെറുവയൽ രാമേട്ടന്റെ ജീവിതത്തെ കാർഷികസംരക്ഷണത്തിന്റെ പരിധിയിൽ മാത്രം ഒതുക്കിക്കാണാനാവില്ല. അദ്ദേഹത്തിന്റെ ജീവിതം ആദിവാസി സമൂഹങ്ങളുടെ അറിവിനെയും ജീവിതാനുഭവങ്ങളെയും നമ്മുടെ സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന ഗൗരവമുള്ള ചോദ്യവും ഉയർത്തുന്നു.

വിത്ത് ഒരു ഉൽപ്പന്നം മാത്രമല്ല, അത് ജീവന്റെ തുടർച്ചയാണ്. കർഷകൻ വിത്തിന്റെ ഉടമ മാത്രമല്ല, അതിന്റെ സംരക്ഷകനും അടുത്ത തലമുറയിലേക്കുള്ള കൈമാറ്റക്കാരനുമാണ്. വിത്തുകൾ ഏതാനും വാണിജ്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേക്ക് ചുരുങ്ങുമ്പോൾ കാർഷികസമൂഹത്തിന്റെ സ്വയംപര്യാപ്തതയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണി ഉയരുന്നു. ഈ യാഥാർഥ്യത്തിന് ബദലായി പാരമ്പര്യ വിത്തുകളുടെ സംരക്ഷണവും കൈമാറ്റവും എത്രത്തോളം പ്രധാനമാണെന്ന് രാമേട്ടന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

കൃഷിയുടെ യഥാർഥ മൂല്യം തിരിച്ചറിയാൻ സാമ്പത്തിക കണക്കുകൾക്കപ്പുറത്തേക്ക് നോക്കേണ്ടതുണ്ട്. മണ്ണിന്റെ ആരോഗ്യം, ജലത്തിന്റെ സംരക്ഷണം, ജീവജാലങ്ങളുടെ നിലനിൽപ്പ്, മനുഷ്യരുടെ ഭക്ഷ്യസുരക്ഷ, പ്രാദേശിക സമൂഹങ്ങളുടെ സ്വയംപര്യാപ്തത എന്നിവയെല്ലാം കാർഷികപ്രവർത്തനത്തിന്റെ ഭാഗമാണ്. ചെറുവയൽ രാമേട്ടന്റെ കൃഷിദർശനം ഈ വിശാലമായ പാരിസ്ഥിതിക കാഴ്ചപ്പാടിലാണ് നിലകൊണ്ടത്.

പാരമ്പര്യ കൃഷിരീതികളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പഴയകാലത്തെ അന്ധമായി പുനരാവിഷ്കരിക്കുകയായിരുന്നില്ല. പ്രകൃതിയുമായി സഹകരിച്ചുകൊണ്ട് എങ്ങനെ മുന്നോട്ടുപോകാമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹം അന്വേഷിച്ചത്. ആധുനിക ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും എതിരുനിൽക്കാതെ, അവയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുമ്പോഴും നമ്മുടെ പൈതൃകവും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കണമെന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ തെളിഞ്ഞുനിന്നത്.

കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യസുരക്ഷാപ്രശ്നങ്ങളും കാർഷിക മേഖലയെ കൂടുതൽ സങ്കീർണമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പാരമ്പര്യ വിത്തുകളുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ഒരേ തരത്തിലുള്ള വിത്തുകളെ മാത്രം ആശ്രയിക്കുന്ന കൃഷിരീതികൾക്കു പകരം വൈവിധ്യത്തെ സംരക്ഷിക്കുന്ന കാർഷികസംവിധാനങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. ഈ വലിയ ആശയങ്ങൾ പുസ്തകങ്ങളിൽനിന്ന് പഠിപ്പിക്കുന്നതിനുപകരം സ്വന്തം ജീവിതംകൊണ്ട് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച മനുഷ്യനായിരുന്നു രാമേട്ടൻ.

ചെറുവയൽ രാമേട്ടന്റെ ജീവിതത്തെ കാർഷികസംരക്ഷണത്തിന്റെ പരിധിയിൽ മാത്രം ഒതുക്കിക്കാണാനാവില്ല. അദ്ദേഹത്തിന്റെ ജീവിതം ആദിവാസി സമൂഹങ്ങളുടെ അറിവിനെയും ജീവിതാനുഭവങ്ങളെയും നമ്മുടെ സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന ഗൗരവമുള്ള ചോദ്യവും ഉയർത്തുന്നു.

ആദിവാസി സമൂഹങ്ങൾ പ്രകൃതിയുമായി പുലർത്തിയ ബന്ധത്തിൽനിന്ന് രൂപപ്പെട്ട അറിവുകൾ പലപ്പോഴും മുഖ്യധാരാ വിജ്ഞാനവ്യവസ്ഥകളിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. എന്നാൽ ആധുനിക ലോകം ഇന്ന് ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരവികസനത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും ഗൗരവമായി ചർച്ച ചെയ്യുമ്പോൾ, ഈ സമൂഹങ്ങളുടെ അനുഭവജ്ഞാനത്തിന്റെ പ്രസക്തി കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. രാമേട്ടന്റെ ജീവിതം ഈ തിരിച്ചറിവിന്റെ ശക്തമായ ഉദാഹരണമാണ്. ഔപചാരിക ബിരുദങ്ങളോ ഗവേഷണസ്ഥാപനങ്ങളിലെ പദവികളോ ഇല്ലാതെയും ഒരാൾക്ക് ലോകത്തിന്റെ ശ്രദ്ധ നേടുന്ന അറിവിന്റെ സംരക്ഷകനാകാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അതോടൊപ്പം, ആദിവാസി സമൂഹങ്ങളെ അവരുടെ അറിവിന്റെ ഉടമകളായും പ്രകൃതിസംരക്ഷണത്തിന്റെ പങ്കാളികളായും അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടുവെക്കുന്നു.

ആദിവാസി ജീവിതം നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ, പ്രകൃതിയുടെ നിലനിൽപ്പ് തുടങ്ങിയ വിഷയങ്ങളിലൊക്കെ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കൃഷിയെയും വിത്തുകളെയും കുറിച്ച് സംസാരിക്കുന്ന മനുഷ്യനിൽ സാമൂഹികബോധവും രാഷ്ട്രീയജാഗ്രതയും ഒരുപോലെ നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ ലോകം ഒരു വയലിന്റെ അതിരുകളിൽ അവസാനിക്കുന്നതായിരുന്നില്ല. പ്രകൃതിയുടെയും സമൂഹത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും വിശാലമായ ലോകത്തിലേക്കാണ് അത് വ്യാപിച്ചത്.

വയനാട്ടിൽനിന്ന് ബ്രസീലിലേക്ക്

വയനാട്ടിലെ ഒരു ഗ്രാമത്തിൽനിന്ന് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയ ജീവിതമായിരുന്നു ചെറുവയൽ രാമേട്ടന്റേത്. 2018-ൽ ബ്രസീലിലെ ബെലേമിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് എത്ത്നോബയോളജി കോൺഗ്രസിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന് ക്ഷണം ലഭിച്ചു. അങ്ങനെ തദ്ദേശീയ സമൂഹങ്ങളുടെ പ്രകൃതിജ്ഞാനവും ജൈവവൈവിധ്യവും സംബന്ധിച്ച അന്താരാഷ്ട്ര സംവാദങ്ങളിൽ വയനാടൻ കർഷകന്റെ അനുഭവജ്ഞാനം ഇടംനേടി. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിയെക്കുറിച്ചുള്ള പരമ്പരാഗത അറിവുകൾ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന കാലത്ത്, വയനാടിന്റെ മണ്ണിൽനിന്ന് ആർജിച്ച അറിവിനും ആഗോള പ്രസക്തിയുണ്ടെന്ന് തെളിയിച്ച സംഭവമായിരുന്നു അത്.

2012-ൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അംഗീകാരവും 2013-ൽ കേന്ദ്രസർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ കർഷക അംഗീകാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. 2015-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിന്റെ അംഗീകാരവും ലഭിച്ചു. കാർഷിക-പരിസ്ഥിതി രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

എന്നാൽ ഈ അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സ്വാഭാവികതയെ മാറ്റിയില്ല. പുരസ്കാരങ്ങൾക്കപ്പുറത്ത് അദ്ദേഹം തന്റെ കൃഷിയിടത്തോടും വിത്തുകളോടും സാധാരണ മനുഷ്യരോടുമുള്ള ബന്ധം തുടർന്നു. പൊതുസമൂഹത്തിന്റെ ആദരവും അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടും മണ്ണിൽനിന്ന് അകന്നുപോകാത്ത മനുഷ്യനായിരുന്നു അദ്ദേഹം.

വയനാട്ടിലെ ജനപ്രതിനിധികളായിരുന്ന രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും രാമേട്ടൻ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. അവർ ഒന്നിലേറെ തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും പാടത്തിറങ്ങി കൃഷിയെയും വിത്തുകളുടെ സംരക്ഷണത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തത് പത്രങ്ങൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാൽ അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിലുള്ളവരുമായുള്ള സൗഹൃദമോ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീയോ അദ്ദേഹത്തിന്റെ അടിസ്ഥാനസ്വഭാവത്തെ മാറ്റിയില്ല. വലിയ അംഗീകാരങ്ങൾക്കിടയിലും മണ്ണിനോടും കൃഷിയോടും സാധാരണ മനുഷ്യരോടുമുള്ള അടുപ്പം അദ്ദേഹം കൈവിടാതെ സൂക്ഷിച്ചു.

യഥാർഥ മഹത്വം മനുഷ്യനെ മറ്റുള്ളവരിൽനിന്ന് അകറ്റുന്നതല്ല, കൂടുതൽ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതാണ്. രാമേട്ടന്റെ ജീവിതത്തിൽ ഈ യാഥാർഥ്യം വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കാണാൻ എത്തുന്നവർക്ക് മുന്നിൽ തുറന്നു കിടന്നത് ഒരു കർഷകന്റെ വീടുമാത്രമായിരുന്നില്ല; അറിവും സ്നേഹവും പങ്കുവെക്കാനുള്ള മനസ്സിന്റെ വാതിലുകളായിരുന്നു.

ഒരു വിത്ത് മണ്ണിൽ അപ്രത്യക്ഷമാകുന്നത് പുതിയൊരു ജീവന്റെ ആരംഭമാണ്. ചെറുവയൽ രാമേട്ടന്റെ ജീവിതവും അത്തരത്തിലൊന്നാണ്. അദ്ദേഹം മണ്ണിൽനിന്ന് ശേഖരിച്ച വിത്തുകൾ ഇനി എത്രയോ വയലുകളിൽ മുളയ്ക്കേണ്ടതുണ്ട്. അദ്ദേഹം മനുഷ്യരിൽ വിതച്ച പ്രകൃതിസ്നേഹവും അറിവും ഇനി എത്രയോ മനസ്സുകളിൽ വളരേണ്ടതുണ്ട്.

പത്മശ്രീ എന്ന ബഹുമതി അദ്ദേഹത്തിന്റെ പേരിനൊപ്പം എന്നും നിലനിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകം ഒരു പുരസ്കാരമോ സ്മാരകമന്ദിരമോ ആയിരിക്കില്ല. മണ്ണിൽ മുളച്ചുയരുന്ന പാരമ്പര്യ നെൽക്കതിരുകളായിരിക്കും. ഒരു കർഷകൻ മറ്റൊരു കർഷകന് കൈമാറുന്ന വിത്തുകളായിരിക്കും. പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കുന്ന കുട്ടികളുടെ മനസ്സുകളായിരിക്കും.

അവിടെയെല്ലാം രാമേട്ടൻ ജീവിച്ചുകൊണ്ടേയിരിക്കും. മണ്ണിന്റെ മണവും വിത്തുകളുടെ ജീവനും ഹൃദയത്തിൽ സൂക്ഷിച്ച ആ വലിയ മനുഷ്യന് സ്നേഹാദരങ്ങളോടെ വിട.

A tribute by Dr. Azeez Tharuvana to the late Padma Shri Cheruvayal Raman, a revered traditional farmer from Wayanad, Kerala. Raman is celebrated for conserving over 50 traditional rice seed varieties, transforming his farm into a living repository of agricultural heritage rather than treating seeds as commercial products. Despite lacking formal education, his profound indigenous knowledge earned him global recognition, including an invitation to the 2018 International Society of Ethnobiology Congress in Brazil and the Padma Shri award in 2023. He is remembered as a humble environmentalist who proved the vital importance of preserving biodiversity and indigenous agricultural wisdom.