തമിഴ് സിനിമയുടെ പെരുമ ഇന്ത്യൻ സിനിമാ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സംവിധായകനാണു മണിരത്നം. 1983-ൽ സിനിമാ യാത്ര ആരംഭിച്ച്, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഒട്ടും ഇടറാതെ, തളരാതെ ക്യാമറയ്ക്ക് പിന്നിൽ വിസ്മയങ്ങൾ തീർക്കുന്ന മണിരത്നം. വിഖ്യാത സംവിധായകന് ഇന്ന് 70-ാം ജന്മദിനം.
1980-കളിൽ തന്റേതായ ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച് സിനിമാ ചരിത്രത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച പ്രതിഭയാണ് മണിരത്നം. ഒരു സിനിമയെന്നാൽ വമ്പൻ സെറ്റുകളും, ഗ്രൂപ്പ് ഡാൻസർമാരുടെ ചുവടുകളും, മരത്തിന് ചുറ്റുമുള്ള ഡ്യുയറ്റ് പാട്ടുകളും, വില്ലന്റെ ഗുണ്ടകൾ ഓരോരുത്തരായി വന്ന് അടിവാങ്ങി വീഴുന്ന രംഗങ്ങളും ഒക്കെയായിരിക്കണം എന്ന തമിഴ് സിനിമയുടെ അതുവരെയുള്ള എഴുതാപ്പുറം നിയമങ്ങളെ അദ്ദേഹം പാടെ തെറ്റിച്ചു.
സിനിമ എന്നത് കേവലം ഡയലോഗുകൾക്കപ്പുറം, ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ഒരു കലയാണെന്ന് അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ശക്തമായി തെളിയിച്ചു. ഓരോ ഫ്രെയിമിലും അഭിനേതാക്കളുടെ വസ്ത്രധാരണം, സംഭാഷണ ശൈലി, ലൈറ്റിംഗ്, എഡിറ്റിംഗ്, സംഗീതം തുടങ്ങി എല്ലാ സാങ്കേതിക വശങ്ങളിലും തന്റേതായ ആ ഒരു പ്രത്യേക ശൈലി കൊണ്ടുവരാൻ മണിരത്നം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആ 'മണിരത്നം ടച്ച്' ഇന്നും അദ്ദേഹം കൈവിട്ടിട്ടില്ല.
കന്നഡ ചിത്രമായ 'പല്ലവി അനുപല്ലവി' എന്ന തന്റെ ആദ്യ സിനിമയിൽ തന്നെ അന്നത്തെ സിനിമാ ലോകത്തെ വൻ പ്രതിഭകളോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ഇളയരാജയുടെ സംഗീതം, ബാലുമഹേന്ദ്രയുടെ ഛായാഗ്രഹണം, ലെനിന്റെ എഡിറ്റിംഗ് എന്നിവയോടൊപ്പം ആരംഭിച്ച ആ കരിയറാണ് അദ്ദേഹത്തിന്റെ സാങ്കേതിക തികവിന് അടിത്തറയിട്ടത്. പിന്നീട് വന്ന 'പകൽ നിലവ്', 'മൗനരാഗം', 'നായകൻ', 'ദളപതി' മുതൽ അടുത്ത കാലത്തിറങ്ങിയ 'തഗ് ലൈഫ്' വരെ മണിരത്നം തിരഞ്ഞെടുത്ത പ്രമേയങ്ങളും കഥ പറച്ചിൽ രീതിയും പ്രേക്ഷകരെ വിസ്മയിപ്പിക്കാതിരുന്നിട്ടില്ല.
1985-ൽ പുറത്തിറങ്ങിയ 'മൗനരാഗം' എന്ന ചിത്രത്തിലൂടെയാണ് മണിരത്നം എന്ന സംവിധായകന്റെ പൂർണ്ണമായ പ്രതിഭ പുറത്തുവന്നത്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, ക്യാമറ, സംഗീതം, ലൈറ്റിംഗ്, സംഭാഷണം എന്നിവയിലെല്ലാം ആ 'മണിരത്നം ടച്ച്' നിറഞ്ഞുനിന്നു. ഈ ശൈലി പിൽക്കാലത്ത് വന്ന പല സിനിമകൾക്കും ഒരു വഴികാട്ടിയായി മാറി. ഏത് പ്രമുഖ ക്യാമറാമാനായാലും, അവരുടെ കരിയറിലെ ഏറ്റവും മികച്ച വർക്കുകൾ മണിരത്നം സിനിമകളിലായിരിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതേ കാര്യം ഇളയരാജയ്ക്കും എ.ആർ. റഹ്മാനും ബാധകമാണ്. ഇളയരാജ എന്ന പ്രതിഭയെ ഏറ്റവും കൃത്യമായി ഉപയോഗിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് മണിരത്നം. 'നായകൻ', 'ദളപതി', 'റോജ', 'ഉയിരേ' (ദിൽ സേ), 'ആയുധ എഴുത്ത്' എന്നിവയിലെല്ലാം മണിരത്നം നടത്തിയ സംഗീത പരീക്ഷണങ്ങൾ ഇന്ത്യൻ സിനിമയിൽ പുതിയ വാതിലുകൾ തുറന്നു
മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകൾ പറയുന്ന കഥകളുടെ പശ്ചാത്തലത്തിൽ ഒരു വലിയ സാമൂഹിക-രാഷ്ട്രീയ പ്രശ്നം കൂടി ഉൾപ്പെടുത്തുക എന്നത് മണിരത്നത്തിന്റെ സ്ഥിരം ശൈലിയാണ്. 'റോജ'യിൽ കാശ്മീർ പ്രശ്നം, 'ബോംബെ'യിൽ ബാബറി മസ്ജിദ് വിഷയം, 'കന്നത്തിൽ മുത്തമിട്ടാൽ' എന്ന ചിത്രത്തിൽ ശ്രീലങ്കൻ ആഭ്യന്തരയുദ്ധം എന്നിങ്ങനെ ആ കാലഘട്ടത്തിലെ വലിയ രാഷ്ട്രീയ സംഭവങ്ങളെ അദ്ദേഹം കൈകാര്യം ചെയ്തു. എങ്കിലും, ഇവ ആഴത്തിൽ ചർച്ച ചെയ്യാതെ ഉപരിപ്ലവമായി മാത്രം അവതരിപ്പിക്കുന്നു എന്ന കടുത്ത വിമർശനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
'റോജ', 'ബോംബെ' എന്നീ ചിത്രങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം നേരിട്ട് ഹിന്ദിയിൽ സംവിധാനം ചെയ്ത 'ദിൽ സേ', 'യുവ', 'ഗുരു' തുടങ്ങിയ ചിത്രങ്ങൾ, ദക്ഷിണേന്ത്യൻ സംവിധായകർക്ക് വലിയ സ്വാധീനമില്ലാതിരുന്ന ബോളിവുഡിനെപ്പോലും തെക്കോട്ട് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചു. ഇന്ന് നമ്മൾ ആഘോഷിക്കുന്ന 'പാൻ-ഇന്ത്യൻ' എന്ന വാക്ക് പോലും പ്രചാരത്തിലില്ലാതിരുന്ന കാലത്താണ് മണിരത്നം പാൻ-ഇന്ത്യൻ സിനിമകൾ നിർമ്മിച്ചതെന്നത് ശ്രദ്ധേയമാണ്.
2000-ന്റെ തുടക്കത്തിൽ ആഗോളവൽക്കരണം അതിന്റെ സ്വാധീനം ചെലുത്തിത്തുടങ്ങിയ കാലത്ത്, അന്നത്തെ യുവാക്കളുടെ പ്രണയവും ജീവിതശൈലിയും മനോഹരമായി ദൃശ്യവൽക്കരിച്ച ചിത്രമായിരുന്നു 'അലൈപായുതേ'. യുവതലമുറയിൽ ആ ചിത്രം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. 'കടൽ', 'കാട്ര് വെളിയിടൈ' എന്നിങ്ങനെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രങ്ങൾ പോലും സാങ്കേതിക മികവിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2010-ൽ ലോകത്തിലെ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടിക 'ടൈംസ്' മാഗസിൻ പുറത്തുവിട്ടപ്പോൾ, സത്യജിത് റേയുടെ അപു ട്രൈലോജിക്കും ഗുരുദത്തിന്റെ 'പ്യാസ'യ്ക്കുമൊപ്പം മണിരത്നത്തിന്റെ 'നായകൻ' ഇടംപിടിച്ചിരുന്നു.
തമിഴ് സിനിമയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന 'പൊന്നിയിൻ സെൽവൻ' രണ്ട് ഭാഗങ്ങളായി വിജയകരമായി തിയേറ്ററുകളിൽ എത്തിച്ചു. പിന്നീട് 'നായകന്' ശേഷം സിനിമാ പ്രേമികൾ 35 വർഷമായി കാത്തിരുന്ന കമൽഹാസൻ - മണിരത്നം കൂട്ടുകെട്ടിൽ പിറന്ന 'തഗ് ലൈഫ്' എന്ന ചിത്രം വന്നു. സിനിമയിൽ യാതൊരുവിധ ഔപചാരിക പരിശീലനവും നേടാതെ കടന്നുവന്ന ഒരാളാണ് ഇന്ന് പുതിയ തലമുറയിലെ ഒട്ടനവധി സംവിധായകർക്ക് ഒരു പാഠപുസ്തകമായി മാറുന്നത്. നാല് പതിറ്റാണ്ടുകളായി തമിഴ് സിനിമയിൽ തന്റെ സിംഹാസനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
തമിഴ് സിനിമയിലെ പല മുതിർന്ന സംവിധായകരും പ്രായമാകുമ്പോൾ പുതിയ തലമുറയോട് മത്സരിക്കാനാകാതെ മാറിനിൽക്കുന്നതാണ് സിനിമാ ചരിത്രം. എന്നാൽ, മാറുന്ന കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യ പുതുക്കിക്കൊണ്ട്, ഇന്നത്തെ യുവ സംവിധായകർക്ക് കടുത്ത മത്സരം നൽകി, 80-കളിലെ പ്രേക്ഷകർ മുതൽ ഇന്നത്തെ 2K കിഡ്സിന് വരെ ആസ്വദിക്കാൻ പാകത്തിലുള്ള സിനിമകൾ സമ്മാനിക്കുന്ന മണിരത്നം.
English Summary: Mani Ratnam is widely regarded as one of Indian cinema's greatest filmmakers, known for revolutionizing visual storytelling and blending powerful human narratives with social and political themes. Over four decades, his films have influenced generations of filmmakers while redefining Tamil cinema on the national and global stage.