Feature

8,500 മീറ്റര്‍ ഉയരത്തില്‍ 30 വര്‍ഷമായി ഒരു മൃതദേഹം! ആരാണ് എവറസ്റ്റിലെ ആ 'ഗ്രീന്‍ ബൂട്ട്‌സ്? ആ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ഇന്ത്യ

30 വര്‍ഷത്തിന് ശേഷം ഈ മൃതദേഹം താഴേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ അധികൃതര്‍ ഔദ്യോഗികമായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഇതോടെ എവറസ്റ്റിലെ ഏറ്റവും വലിയൊരു നിഗൂഢതയ്ക്കാണ് അന്ത്യമാകുന്നത്

Madism Desk

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ മുകളില്‍ മരണത്തിന്റേതായ ഒരു മേഖലയുണ്ട്-ഡെത്ത് സോണ്‍. സമുദ്രനിരപ്പില്‍ നിന്ന് 8,000 മീറ്ററിന് മുകളിലുള്ള ഈ പ്രദേശത്ത് കടുത്ത തണുപ്പും ഓക്‌സിജന്റെ കുറവും കാരണം മനുഷ്യന് മിനിറ്റുകള്‍ പോലും ജീവന്‍ നിലനിര്‍ത്തുക അസാധ്യമാണ്. ഈ ഡെത്ത് സോണിലെ ഒരു ചെറിയ ചുണ്ണാമ്പുകല്ല് ഗുഹയില്‍ കഴിഞ്ഞ 30 വര്‍ഷമായി മരവിച്ചുകിടക്കുന്ന ഒരു മൃതദേഹമുണ്ട്; എവറസ്റ്റ് കയറുന്നവര്‍ 'ഗ്രീന്‍ ബൂട്ട്‌സ്'എന്ന് വിളിക്കുന്ന മൃതദേഹം.തന്റെ പച്ച നിറത്തിലുള്ള കോഫ്‌ലാച്ച് ബൂട്ട്‌സ് ധരിച്ച്, ഉറങ്ങിക്കിടക്കുന്നതുപോലെ കിടക്കുന്ന ഈ മൃതദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ പോകുന്നവര്‍ക്ക് വഴിയടയാളവും സമയക്രമം കണക്കാക്കാനുള്ള അടയാളവുമായിരുന്നു. ഇപ്പോഴിതാ, 30 വര്‍ഷത്തിന് ശേഷം ഈ മൃതദേഹം താഴേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ അധികൃതര്‍ ഔദ്യോഗികമായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഇതോടെ എവറസ്റ്റിലെ ഏറ്റവും വലിയൊരു നിഗൂഢതയ്ക്കാണ് അന്ത്യമാകുന്നത്.

നിലവില്‍ എവറസ്റ്റില്‍ ഇന്നും ഇരുന്നൂറോളം മൃതദേഹങ്ങള്‍ മരവിച്ചുകിടക്കുന്നുണ്ട്. പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരത്തിനായി കാത്തിരിക്കാറുണ്ടെങ്കിലും ഭാരിച്ച ചിലവും സുരക്ഷാ പ്രശ്‌നങ്ങളും കാരണം പലതും അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്

ആരാണ് 'ഗ്രീന്‍ ബൂട്ട്‌സ്'? മാറിമറിയുന്ന ഐഡന്റിറ്റി

1996 മെയ്യിലെ കടുത്ത മഞ്ഞുവീഴ്ചയിലാണ് (ബ്ലിസാര്‍ഡ്) ഗ്രീന്‍ ബൂട്ട്‌സ് എന്ന് വിളിക്കപ്പെടുന്ന മലകയറ്റക്കാരന്‍ എവറസ്റ്റില്‍ വെച്ച് മരണപ്പെടുന്നത്. ജോണ്‍ ക്രാക്കറിന്റെ 'ഇന്റു തിന്‍ എയര്‍' എന്ന വിഖ്യാത പുസ്തകത്തില്‍ പ്രതിപാദിക്കുന്ന അതേ കൊടുങ്കാറ്റായിരുന്നു അത്.

ഇത്രയും കാലം ഈ മൃതദേഹം ഇന്ത്യന്‍ മലകയറ്റക്കാരനായ ത്സേവാങ് പാല്‍ജോറിന്റേതാണെന്നാണ്‌ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ രേഖ പ്രകാരം ഈ മൃതദേഹം പാല്‍ജോറിന്റേതല്ല, മറിച്ച് അന്ന് അദ്ദേഹത്തോടൊപ്പം ദുരന്തത്തില്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ മലകയറ്റക്കാരനായ ഡോര്‍ജെ മോറൂപ്പിന്റേതാണ്. 1996-ല്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ എവറസ്റ്റ് ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. രണ്ടുപേരും ഒരേ ദിവസമാണ് എവറസ്റ്റിന്റെ വടക്കേ ചരിവില്‍ വെച്ച് മരണപ്പെടുന്നത്. പൂര്‍ണ്ണമായ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഇത് മോറൂപ്പ് തന്നെയെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ജീവന്‍മരണ പോരാട്ടം

എവറസ്റ്റിന്റെ മുകളില്‍ നിന്ന്, അതും 8,500 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഒരു മൃതദേഹം താഴേക്ക് എത്തിക്കുക എന്നത് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ദൗത്യങ്ങളിലൊന്നാണ്. ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറുള്ള ഏജന്‍സികള്‍ക്കായി ഇന്ത്യന്‍ അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തോടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കാനാണ് ലക്ഷ്യം.

ഈ ദൗത്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍

ശരീരത്തിന്റെ അമിതഭാരം:

കഠിനമായ തണുപ്പില്‍ മരവിച്ചുപോയ വസ്ത്രങ്ങളും മലകയറ്റ ഉപകരണങ്ങളും ചേരുമ്പോള്‍ ഒരു മൃതദേഹത്തിന് 200 കിലോയോളം ഭാരമുണ്ടാകും. വായുസഞ്ചാരവും ഓക്‌സിജനും കുറഞ്ഞ ഈ ഉയരത്തില്‍ ഇത്രയും ഭാരം വലിച്ച് പാറക്കെട്ടുകളിലൂടെയും മഞ്ഞിലൂടെയും താഴേക്ക് വരിക എന്നത് അതിസാഹസികമാണ്.

അസ്ഥികള്‍ വളയ്ക്കാന്‍ കഴിയില്ല:

തണുത്ത് വിറങ്ങലിച്ച കൈകാലുകള്‍ പലതും പല ആംഗിളുകളിലായിരിക്കും ഉറച്ചുപോയിട്ടുണ്ടാവുക. ഇവ താഴേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ മാറ്റിയെടുക്കുക അസാധ്യമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ മൃതദേഹത്തിന്റെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വരാറുണ്ട്. കൂടാതെ എവറസ്റ്റിലെ ഗൈഡുകളായ ഷെര്‍പ്പകള്‍ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്. മൃതശരീരങ്ങളെ സ്പര്‍ശിക്കുന്നതോ എടുക്കുന്നതോ അവരുടെ ആചാരങ്ങള്‍ക്ക് വിരുദ്ധമാണ്. എങ്കിലും വലിയൊരു തുക നല്‍കിയാണ് ഇത്തരം ദൗത്യങ്ങള്‍ക്ക് അവരെ നിയോഗിക്കുന്നത്. ഏകദേശം 1,50,000 ഡോളര്‍ (ഒന്നര കോടിയിലധികം രൂപ) ഇതിനായി ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ എവറസ്റ്റില്‍ ഇന്നും ഇരുന്നൂറോളം മൃതദേഹങ്ങള്‍ മരവിച്ചുകിടക്കുന്നുണ്ട്. പല കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരത്തിനായി കാത്തിരിക്കാറുണ്ടെങ്കിലും ഭാരിച്ച ചിലവും സുരക്ഷാ പ്രശ്‌നങ്ങളും കാരണം പലതും അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഹെലികോപ്റ്ററുകള്‍ക്ക് പോലും ഇത്രയും ഉയര്‍ന്ന പ്രദേശങ്ങളില്‍ സുരക്ഷിതമായി പറക്കാന്‍ കഴിയില്ല.പല മലകയറ്റക്കാരും തങ്ങള്‍ എവറസ്റ്റില്‍ വെച്ച് മരണപ്പെടുകയാണെങ്കില്‍ ശരീരം മലമുകളില്‍ തന്നെ ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം തിരികെ ലഭിക്കുന്നത് വലിയൊരു ആശ്വാസമാണ്.

High on the slopes of Mount Everest, in the perilous "Death Zone" above 8,000 meters, lies one of mountaineering's most famous and haunting landmarks—'Green Boots.' The frozen body, believed to belong to an Indian climber who died during an Everest expedition in the 1990s, has remained in a small limestone cave for nearly 30 years. Recognizable by its distinctive green Koflach boots, the body became a reference point for climbers attempting to reach the summit. Now, Indian authorities are reportedly preparing an official recovery operation to bring the remains down from Everest, potentially bringing closure to one of the mountain's most enduring mysteries.