Feature

​ഗ്യാസുംവേണ്ട, അടുപ്പുമില്ല, നീരുറവയിലെ വെള്ളത്തിൽ പാത്രം വെച്ചാൽ പാചകം റെഡി; ഹിമാചൽ പ്രദേശിലെ തിളച്ചു മറിയുന്ന അരുവികൾ

ഹിമാചലിൽ കുളു ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ അരുവികളിലെ ചിലതിൽ വെള്ളത്തിന്റെ താപനില 94 മുതൽ 96‍ ഡി​ഗ്രി ഷെൽഷ്യസ് വരെ ഉയരാറുണ്ട്

Madism Desk

ഹിമാചൽ പ്രദേശിൽ കുളു ജില്ലയിലെ മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലൂടെയാണ് ഇന്നത്തെ സഞ്ചാരം. ഇതിലൂടെ ഒഴുകുന്ന കൊടുംതണുപ്പുള്ള നദിയാണ് പാർവതി നദി. എന്നാൽ തണുപ്പുള്ള അന്തരീക്ഷത്തിൽ ഈ നദിയോട് തൊട്ടുചേർന്ന് കിടക്കുന്ന മണികരൻ എന്ന പ്രദേശത്തെ ജലാശയങ്ങളിൽ വെള്ളം എപ്പോഴും തിളച്ചു മറിഞ്ഞുകൊണ്ടിരിക്കും എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

സാധാരണയായി പാചകം ചെയ്യാനായി വെള്ളം തിളയ്ക്കുന്ന താപനില 100°C യാണ്. എന്നാൽ ഈ ചൂടുവെള്ളമുള്ള കുളങ്ങളിലേയും അരുവികളിലേയും ജലത്തിന്റെ താപനില 64°C മുതൽ 80°C വരെയെന്നതാണ് കാര്യത്തിന്റെ ​ഗൗരവം വലുതാക്കുന്നത്. ചില ഉറവകളിൽ ഇത് 94°C മുതൽ 96°C വരെയും ഉയരാറുണ്ട്.

ഈ തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് ഉപയോഗിച്ചാണ് മണികരൻ സാഹിബ് ഗുരുദ്വാരയിലെ സൗജന്യ അടുക്കളയായ ലംഗാറിൽ ദിവസവും ആയിരക്കണക്കിന് ആളുകൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. ഇവിടെ തീയോ, ഗ്യാസ് സിലിണ്ടറോ, വിറകോ ഉപയോഗിക്കാറില്ല. പാചകം ചെയ്യാനുള്ള വലിയ അലുമിനിയം പാത്രങ്ങൾ ഈ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് നേരിട്ട് ഇറക്കി വെക്കുകയാണ് ചെയ്യുന്നത്. അതുപോലെ അരി, പരിപ്പ്, പച്ചക്കറികൾ എന്നിവ തുണിസഞ്ചികളിലാക്കി ഈ തിളയ്ക്കുന്ന അരുവിയിലേക്ക് നേരിട്ട് താഴ്ത്തിയും വേവിച്ചെടുക്കുന്നു. സാധാരണ ഗ്യാസ് അടുപ്പിൽ വേവുന്നതിനേക്കാൾ 20 മുതൽ 30 മിനിറ്റിനുള്ളിൽ ഭക്ഷണം ഇവിടെ വെന്തു കിട്ടും.

ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഭൂഗർഭ താപോർജ്ജമാണ്. ഹിമാലയൻ പർവ്വതനിരകൾ രൂപപ്പെട്ട സമയത്ത് ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായ ആഴമേറിയ വലിയ വിള്ളലുകൾ ഈ മേഖലയിലുണ്ട്. മുകളിലെ മഞ്ഞുരുകിയ വെള്ളവും മഴവെള്ളവും ഈ വിള്ളലുകളിലൂടെ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങുന്നു. ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും മാഗ്മയുടെ സാന്നിധ്യം കാരണം കടുത്ത ചൂടായിരിക്കും. ഈ വെള്ളം ഭൂമിക്കടിയിലെ അതിശക്തമായ ചൂടുള്ള പാറകളിൽ തൊടുന്നതോടെ തിളച്ചു മറിയുകയും, ഉയർന്ന മർദ്ദം കാരണം അരുവികളായി മുകളിലേക്ക് ചീറ്റിത്തെറിക്കുകയും ചെയ്യുന്നു.

ഈ വെള്ളത്തിൽ സൾഫർ, റേഡിയം തുടങ്ങിയ ധാതുക്കൾ വലിയ അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇതിൽ കുളിക്കുന്നത് ചർമ്മരോഗങ്ങൾക്കും വാതരോഗങ്ങൾക്കും ​ഗുണകരമാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ വെള്ളത്തിന് 80°C ലധികം ചൂടുള്ളതിനാൽ, പൈപ്പുകൾ വഴി ഈ വെള്ളം പ്രത്യേക ടാങ്കുകളിലെത്തിച്ച്, അന്തരീക്ഷ വായുവും തണുത്ത വെള്ളവും ഉപയോഗിച്ച് ചൂട് 35 മുതൽ 40 ഡി​ഗ്രി ഷെൽഷ്യസ് ആക്കിമാറ്റിയാണ് ജനങ്ങൾ കുളിക്കുന്നത്. വെള്ളത്തിൽ സൾഫറിന്റെയും മറ്റ് വാതകങ്ങളുടെയും സാന്നിധ്യം കൂടുതലായതിനാൽ, തുടർച്ചയായി 10–15 മിനിറ്റിൽ കൂടുതൽ ഈ കുളങ്ങളിൽ മുങ്ങിപ്പോകരുതെന്നും കൂടുതൽ സമയം നിന്നാൽ തലകറക്കമോ ശ്വാസംമുട്ടലോ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾക്കുള്ള മുന്നറിയിപ്പാണ്.

Nestled in the snow-clad mountains of Kullu district in Himachal Pradesh, the hot springs of Manikaran present a remarkable natural phenomenon. While the nearby Parvati River flows with icy cold water, these springs remain extremely hot year-round, with temperatures ranging from 64°C to 80°C and sometimes reaching 94–96°C. The heat is used to cook thousands of meals daily at the Manikaran Sahib Gurudwara community kitchen without gas or firewood. Scientists attribute the phenomenon to geothermal activity, where groundwater is heated deep underground before resurfacing. Rich in minerals such as sulfur, the water is believed to offer therapeutic benefits, though bathing time is limited for safety reasons.