ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന യുദ്ധങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും തലമുറകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കവര്‍ന്നെടുക്കുകയാണെന് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭയുടെ ആഗോള ഫണ്ടായ 'എഡ്യുക്കേഷന്‍ കാന്‍ നോട്ട് വെയ്റ്റ്' (ഇസിഡബ്ല്യൂ). സുരക്ഷയില്ലായ്മയും യുദ്ധാന്തരീക്ഷവും കാരണം ലോകത്താകമാനം 87 രാജ്യങ്ങളിലായി 258 ദശലക്ഷം കുട്ടികള്‍ പഠന തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് യുഎന്‍ പറയുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഈ കണക്കുകളുള്ളത്. അന്താരാഷ്ട്ര തലത്തില്‍ പാലിക്കപ്പെട്ടിരുന്ന മാനദണ്ഡങ്ങളുടെ ലംഘനവും വര്‍ദ്ധിച്ചുവരുന്ന യുദ്ധങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍
2024, 2025 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളും സൈനിക ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ ഉപയോഗിക്കുന്നതും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പഠനവിധേയമാക്കിയ 28 രാജ്യങ്ങളിലായി 9,259-ലധികം ആക്രമണങ്ങളാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നേരെ ഉണ്ടായത്. ഇതില്‍ 3,600-ലധികവും സ്‌കൂളുകള്‍ക്ക് നേരെയും നേരിട്ടുള്ള ആക്രമണങ്ങളായിരുന്നു. 2022-2023 വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വര്‍ദ്ധനവാണിത്. ഈ ആക്രമണങ്ങളില്‍ 10,600 വിദ്യാര്‍ഥികളും അധ്യാപകരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങള്‍ സൈനിക ക്യാമ്പുകളാക്കി മാറ്റുന്ന പ്രവണത ഇരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു.
അപകടത്തിലാകുന്ന ബാല്യം
യുഎന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 38,558 സായുധ സംഘര്‍ഷങ്ങളില്‍ അകപ്പെട്ട് 24,174 കുട്ടികളാണ് വന്‍ ദുരന്തങ്ങള്‍ നേരിട്ടത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങളും വ്യോമാക്രമണങ്ങളും ഷെല്ലാക്രമണവും സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്നു.
കൊലപാതകവും പരിക്കേല്‍പ്പിക്കലുമാണ് കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ക്രൂരത. 14,224 കുട്ടികളെ ഇത് ബാധിച്ചു. കൂടാതെ, കുട്ടികളെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുക, തട്ടിയെടുക്കുക, മാനുഷിക സഹായങ്ങള്‍ തടയുക എന്നിവയും വ്യാപകമാണ്. കൂടാതെ അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനോ ഭക്ഷണവും വെള്ളവും വൈദ്യസഹായവും തേടാനോ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ വലിയ അപകടങ്ങളെ നേരിട്ടു. ഇത്തരം ഗുരുതര ലംഘനങ്ങളില്‍ ഭൂരിഭാഗത്തിനും ഉത്തരവാദികള്‍ സര്‍ക്കാര്‍ സൈന്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇസ്രായേല്‍, അധിനിവിഷ്ട പലസ്തീന്‍ പ്രദേശങ്ങള്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, മ്യാന്‍മര്‍, സൊമാലിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
'ഒരു കുട്ടിക്ക് വര്‍ഷങ്ങളോളം വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍, അത് അവരുടെ അക്ഷരജ്ഞാനവും ദൈനംദിന ജീവിതവും ഇല്ലാതാക്കുന്നു. അവരുടെ ഭാവി അധ്യാപകരല്ല, മറിച്ച് തീവ്രവാദ റിക്രൂട്ടര്‍മാരും മനുഷ്യക്കടത്തുകാരുമാണ് തീരുമാനിക്കുന്നത്' എന്ന് 'എഡ്യുക്കേഷന്‍ കാന്‍ നോട്ട് വെയ്റ്റ്' ഡയറക്ടര്‍ മയ്‌സ ജല്‍ബൂട്ട് ആശങ്ക പ്രകടിപ്പിച്ചു. കുട്ടികള്‍ക്ക് സുരക്ഷിതത്വവും സ്ഥിരതയും സാധാരണ ജീവിത അന്തരീക്ഷവും നല്‍കാന്‍ അടിയന്തിര ഘട്ടങ്ങളിലെ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധനിയമങ്ങള്‍ പാലിക്കപ്പെടണം: യുനെസ്‌കോ
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയെ യുദ്ധങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ സ്‌കൂളില്‍ പോകാത്ത പ്രതിസന്ധിയിലായ ആകെ കുട്ടികളില്‍ പത്തില്‍ എട്ടു പേരും അതായത് ഏകദേശം 74 ദശലക്ഷം കുട്ടികള്‍ വെറും 20 രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഇതില്‍ അഭയാര്‍ഥികളായ കുട്ടികളില്‍ 74% പേരും ഭിന്നശേഷിയുള്ള കുട്ടികളില്‍ 45% പേരും സ്‌കൂളുകള്‍ക്ക് പുറത്താണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി, 'എഡ്യുക്കേഷന്‍ കാന്‍ നോട്ട് വെയ്റ്റ്' സംഘടന 'ഹോപ്പ് സ്റ്റാര്‍ട്ട്‌സ് ഹിയര്‍ എന്ന പേരില്‍ വിപുലമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ പ്രദേശങ്ങളിലെ 10 ദശലക്ഷം കുട്ടികള്‍ക്ക് സുരക്ഷിതമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി 600 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
A UN-backed report has warned that escalating wars and armed conflicts are putting the education of 258 million children across 87 countries at risk. Attacks on educational institutions and the use of schools for military purposes reached record levels in 2024 and 2025, with more than 9,259 attacks recorded across 28 countries, including over 3,600 direct attacks on schools. More than 10,600 students and teachers were killed, injured or abducted. The UN has called for international law to be respected and schools to be protected from conflict, while Education Cannot Wait has launched the “Hope Starts Here” campaign to raise $600 million to provide safe education to 10 million children in the world’s most difficult crisis zones.