ഭിന്നതകളും തെറ്റിദ്ധാരണകളും കുന്നോളമുണ്ടെങ്കിലും ഐക്യത്തിന് വീണ്ടും ആഹ്വാനം നല്‍കി പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യ നേതാക്കളുടെ യോഗം. ഒന്നിച്ച് നിന്നാല്‍ മുന്നണി ശക്തമാണെന്നും, ഭിന്നിച്ചാല്‍ വിഴ്ച ഉറപ്പാണെന്നുമുള്ള സന്ദേശം നല്‍കിയായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ യോഗത്തില്‍ സംസാരിച്ചത്.
പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ മഞ്ഞുരക്കത്തിന്റെ സാഹചര്യമായിരുന്നു യോഗത്തിന്റെ ആകെയുള്ള സ്വഭാവം. കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ദേശീയ തലത്തില്‍ മുന്നണിയുടെ പ്രാധാന്യം പോലും ചോദ്യം ചെയ്യുന്നതാണ് എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രധാന വാദം. പാര്‍ട്ടികള്‍ തമ്മിലുണ്ടാകുന്ന നിരന്തരമായ ഉള്‍പ്പാര്‍ട്ടി പോര് മുന്നണി സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യോഗത്തിനെത്തിയ ടിഎംസി നേതാവ് മമത ബാനര്‍ജിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച സോണിയ ഗാന്ധിയുടെ ചിത്രങ്ങളും ഇന്നത്തെ യോഗത്തില്‍ ശ്രദ്ധേയനിമിഷമായി മാറി.
വിമർശനങ്ങൾ
കേരളത്തില്‍ സിപിഎമ്മിനെ എതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ബിജെപി ഡീല്‍ മുന്നണി മര്യാദകള്‍ക്ക് യോജിച്ചതല്ലെന്നായിരുന്നു സിപിഎം ഉയര്‍ത്തിക്കാട്ടിയത്. രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ് ആണ് യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. കെ.സി. വേണുഗോപാല്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആരോപണം ഉന്നയിച്ചാല്‍ തങ്ങള്‍ക്ക് പ്രതിസന്ധി ഇല്ല. പക്ഷേ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും, രാഹുല്‍ ഗാന്ധിയും ഇത്തരം ഒരു ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി എന്താണെന്ന ചോദ്യവും ബ്രിട്ടാസ് ഉന്നയിച്ചു. ഇടതുപക്ഷം ഇടതുപക്ഷം അല്ലാതായി എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമായിരുന്നു സിപിഐ ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷ നേതാവിന്റെ മറുപടി
15 മിനിറ്റോളം നീണ്ട മറുപടി പ്രസംഗത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അതത് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകം പറയുന്ന കാര്യങ്ങള്‍കൂടി കണക്കിലെടുത്താകും പ്രസംഗിക്കുക എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പിണറായി വിജയന്‍ വസതിയില്‍ ഇഡി നടത്തിയ പരിശോധയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റെ വിശദീകരണം എന്നാണ് വിലയിരുത്തല്‍. കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് കെ സി വേണുഗോപാലും സംസാരിച്ചു. കോണ്‍ഗ്രസ്-ബിജെപി ഡീല്‍ എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ഇടത് പാര്‍ട്ടികള്‍ ആണെന്ന് കെ സി വേണുഗോപാലിന്റെ വിശദീകരണം.
സഖ്യ കക്ഷികള്‍ പിന്തുണച്ചില്ല, രാഹുലിന് അതൃപതി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ താന്‍ ഉയര്‍ത്തിയ വോട്ട് ചോരി ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ മുന്നണിയില്‍ മതിയായ പിന്തുണ ലഭിച്ചില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. സഖ്യത്തിനുള്ളില്‍ നിന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ബിജെപിയില്‍ നിന്നുള്ള വെല്ലുവിളിയെ പ്രതിരോധിക്കാന്‍ സഖ്യകക്ഷികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.
യോഗത്തിലെ സമവായം
വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും വോട്ടര്‍ പട്ടികയിലെ കൃത്രിമത്വവും സംബന്ധിച്ച വിഷയത്തില്‍ കോടതിയെ സമീപിക്കും. ഈ വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കും.
ബിജെപി സര്‍ക്കാരിന്റെ ഡീലിമിറ്റേഷന്‍ ബില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒന്നിച്ചത് ഐക്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം. അതേ മനോഭാവം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനായാല്‍ മോദി സര്‍ക്കാരിനെ മികച്ച രീതിയില്‍ നേരിടാനാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
English Summary: Leaders of the opposition INDIA bloc have once again called for unity despite growing differences and misunderstandings among constituent parties. Addressing a meeting in New Delhi, Opposition Leader Rahul Gandhi stressed that the alliance remains strong when united, warning that division could lead to political setbacks.
The meeting reflected a cautious attempt at reconciliation amid ongoing tensions. Parties such as Trinamool Congress and Communist Party of India (Marxist) argued that the Congress party's stance in states like Kerala and West Bengal undermines the significance of the alliance at the national level. Leaders also expressed concern that continued inter-party conflicts could weaken the INDIA bloc and affect its effectiveness as a united opposition platform.