ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി അതിവേഗം കുതിക്കുകയാണ്. ഡിജിറ്റല്‍ വിപ്ലവവും അടിസ്ഥാന സൗകര്യ വികസനവും രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നു. എന്നാല്‍, ഈ തിളക്കമാര്‍ന്ന വളര്‍ച്ചാ കഥകള്‍ക്കിടയിലും രാജ്യത്തിന്റെ ഭാവി തലമുറയെ ബാധിക്കുന്ന വിചിത്രവും ആശങ്കാജനകവുമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലങ്ങള്‍. ഇന്ത്യയിലെ കുട്ടികളില്‍ പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത അവസ്ഥ അഥവാ 'സ്റ്റണ്ടിങ്' (Stunting) നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, കുട്ടികള്‍ ഉയരം വെക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശരീരഭാരമില്ലാത്ത അവസ്ഥയിലാണ്. ഉയരത്തിനൊത്ത തൂക്കമില്ലായ്മ, പ്രായത്തിനൊത്ത തൂക്കമില്ലായ്മ എന്നിവ രാജ്യത്ത് ഇപ്പോഴും ഭയപ്പെടുത്തുന്ന നിരക്കില്‍ തുടരുകയാണ്. വികസനത്തിന്റെ പാതയിലുള്ള ഒരു രാജ്യത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു വിചിത്ര പ്രതിഭാസം സംഭവിക്കുന്നത്? അടിയന്തിരമായി പരിശോധിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.
എന്താണ് ഈ വൈരുദ്ധ്യത്തിന് കാരണം?
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ ഉയരക്കുറവ് 35.5 ശതമാനത്തില്‍ നിന്ന് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗര്‍ഭകാല പരിചരണം, മികച്ച പ്രസവ സൗകര്യങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ എന്നിവയിലുണ്ടായ പുരോഗതിയാണ് കുട്ടികളുടെ സ്വാഭാവിക അസ്ഥി വളര്‍ച്ചയെയും ഉയരത്തെയും സഹായിച്ചത്. എന്നാല്‍, ഈ കുട്ടികളില്‍ ഒരു ചെറിയ അസുഖം വരുമ്പോഴേക്കും അല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ തൂക്കം പെട്ടെന്ന് താഴേക്ക് പോകുന്നു. ഇതാണ് 'വേസ്റ്റിങ്' (Wasting) എന്ന പ്രതിഭാസം. നിലവില്‍ ഇന്ത്യയിലെ മൂന്നിലൊന്ന് കുട്ടികളും തങ്ങളുടെ പ്രായത്തിന് ആവശ്യമായ തൂക്കമില്ലാത്തവരാണ്. കുട്ടികള്‍ ഉയരം വെക്കുന്നുണ്ട്, പക്ഷേ അതിനനുസരിച്ച് തൂക്കം കൂടുന്നില്ലെങ്കില്‍ വേസ്റ്റിങും തൂക്കക്കുറവും വലിയ ആശങ്കകളായി തന്നെ തുടരും. ഈ രണ്ട് ഘടകങ്ങളിലും നമുക്ക് വലിയ പുരോഗതി കൈവരിക്കാനായിട്ടില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വീണ ശത്രുഘ്ന വ്യക്തമാക്കുന്നു.
മുലയൂട്ടലില്‍ പിഴവ്?
കുട്ടികളുടെ തൂക്കത്തെയും പ്രതിരോധശേഷിയെയും നേരിട്ട് ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മുലയൂട്ടലാണ്. സര്‍വേ പ്രകാരം കുട്ടി ജനിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ മുലപ്പാല്‍ നല്‍കുന്നതില്‍ ഇന്ത്യ നേട്ടമുണ്ടാക്കിയിട്ടുണ്ട് (41.8%-ല്‍ നിന്ന് 50.1%-ലേക്ക് ഉയര്‍ന്നു). എന്നാല്‍, ഞെട്ടിക്കുന്ന മറ്റൊരു വസ്തുത ആദ്യത്തെ 6 മാസം കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുന്ന രീതിയില്‍ രാജ്യത്ത് വലിയ ഇടിവ് സംഭവിച്ചു എന്നതാണ്. ദേശീയതലത്തില്‍ ഈ നിരക്ക് 63.7 ശതമാനത്തില്‍ നിന്ന് 55.8 ശതമാനമായി താഴ്ന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ 17 മുതല്‍ 28 ശതമാനം വരെയാണ് ഇതില്‍ കുറവുണ്ടായത്. ആദ്യത്തെ ആറ് മാസം മുലപ്പാലിനൊപ്പം മറ്റ് ആഹാരങ്ങളോ വെള്ളമോ നല്‍കുന്നത് കുട്ടികളില്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനും തൂക്കം കുറയാനും കാരണമാകുന്നുവെന്ന് യൂനിസെഫ് വ്യക്തമാക്കുന്നു.
15.3 ശതമാനം കുട്ടികള്‍ക്ക് മാത്രം യഥാര്‍ത്ഥ ഭക്ഷണം
ആറാം മാസം പിന്നിടുമ്പോള്‍ കുട്ടികള്‍ക്ക് മുലപ്പാലിനൊപ്പം മറ്റ് അനുബന്ധ ആഹാരങ്ങള്‍ നല്‍കി തുടങ്ങേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയില്‍ 6 മുതല്‍ 23 മാസം വരെയുള്ള പ്രായത്തിലുള്ള കുട്ടികളില്‍ വെറും 15.3 ശതമാനം പേര്‍ക്ക് മാത്രമാണ കൃത്യമായ ആഹാരം (Adequate Diet) ലഭിക്കുന്നത്. അതായത് 84 ശതമാനത്തിലധികം കുട്ടികള്‍ക്കും പ്രായത്തിനനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ ഈ പോഷകാഹാര സൂചികകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകും. കുട്ടികളിലെ ഉയരക്കുറവ് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നത് മാത്രമാണ് നേരിയ ആശ്വാസം നല്‍കുന്നത്. എന്നാല്‍ കുട്ടികളുടെ ഉയരത്തിനൊത്ത തൂക്കമില്ലായ്മ 19.0 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. ഇതിലും ഭയപ്പെടുത്തുന്നതാണ് പ്രായത്തിനൊത്ത തൂക്കമില്ലായ്മ. രാജ്യത്തെ 31.8 ശതമാനം കുട്ടികളും ഈയൊരു ആശങ്കാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 6 മുതല്‍ 23 മാസം വരെയുള്ള കുട്ടികളില്‍ വെറും 15.3 ശതമാനത്തിന് മാത്രം കൃത്യമായ ആഹാരം ലഭിക്കുന്നു എന്ന കണ്ടെത്തല്‍ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
റേഷനുണ്ട്, പക്ഷേ വരുമാനമില്ല
എന്തുകൊണ്ടാണ് ഇന്ത്യന്‍ കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തത്? ഇതിന് പിന്നില്‍ വ്യക്തമായ സാമ്പത്തിക കാരണങ്ങളുണ്ടെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ദേശീയ ഭക്ഷ്യഭദ്രതാ നിയമം വഴി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. ഇതുവഴി കുട്ടികളുടെ വിശപ്പ് മാറുന്നുണ്ടാകാം, അതുകൊണ്ട് തന്നെ 'സ്റ്റണ്ടിങ്' കുറയുന്നുമുണ്ട്. എന്നാല്‍ കുട്ടികളുടെ തൂക്കം വര്‍ദ്ധിക്കണമെങ്കില്‍ വെറും അന്നജം മാത്രം പോര. പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ആവശ്യമാണ്. ഇവ റേഷന്‍ കടകളില്‍ നിന്ന് ലഭ്യമല്ല. വിപണിയില്‍ ഇവയുടെ വില കുതിച്ചുയരുമ്പോള്‍, സാധാരണക്കാരായ കുടുംബങ്ങളുടെ വരുമാനം സ്തംഭനാവസ്ഥയിലാണ്. പണമില്ലാത്തതിനാല്‍ ഇത്തരം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ വാങ്ങാന്‍ പലര്‍ക്കും സാധിക്കുന്നില്ല.
ഇനി വേണ്ടത് ഭക്ഷ്യഭദ്രതയല്ല, പോഷകാഹാര ഭദ്രത
ഇന്ത്യയിലെ കുട്ടികളിലെ ഈ വിചിത്ര പ്രതിഭാസം പരിഹരിക്കാന്‍ കേവലം വയറു നിറയ്ക്കുന്ന ഭക്ഷ്യഭദ്രത കൊണ്ട് മാത്രം സാധ്യമല്ലെന്ന് വിദഗ്ദ്ധര്‍ അടിവരയിടുന്നു. രാജ്യം ഇനി മാറേണ്ടത് പോഷകാഹാര ഭദ്രതയിലേക്കാണ്. സൗജന്യ ധാന്യ വിതരണത്തിനപ്പുറം പയറുവര്‍ഗ്ഗങ്ങളും മൈക്രോ ന്യൂട്രിയന്റുകളും പാവപ്പെട്ടവരിലേക്ക് എത്തിക്കണം. അതോടൊപ്പം ഗ്രാമീണ-നഗര മേഖലകളിലെ അമ്മമാര്‍ക്ക് ശരിയായ ശിശുപരിപാലനത്തിനുള്ള സമയവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ത്ഥ തിളക്കം ഇന്ത്യയുടെ ഭാവിതലമുറയുടെ മുഖത്തും തെളിയുകയുള്ളൂ.
India's latest National Family Health Survey (NFHS-6) reveals a concerning paradox in child nutrition: while children are growing taller than before, many are not gaining enough weight. The prevalence of stunting (low height for age) among children under five has declined from 35.5% to 29.3%, reflecting improvements in maternal healthcare, institutional deliveries, and immunization. However, wasting (low weight for height) and underweight rates remain alarmingly high, indicating that nutritional deficiencies continue to affect millions of children.