പട്നയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ 2008-ല്‍ നടന്ന ആ സംഭവം ചിലരുടെയെങ്കിലും ഓര്‍മയിലുണ്ടാവും? സ്റ്റുഡിയോയുടെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയ ഉടമ, അവിടെയെത്തിയ ഒരു യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. പിതാവിന്റെ നിലവിളി കേട്ട് ഇരയായ യുവതി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം, ആ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ വിധി കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. പ്രതി ചെയ്തത് ഒരു സ്ത്രീയുടെ വസ്ത്രം നീക്കം ചെയ്യാനും മാറിടത്തില്‍ അമര്‍ത്താനുമുള്ള ശ്രമമാണെങ്കിലും അതൊന്നും ബലാത്സംഗശ്രമം (Attempt to Rape) ആകില്ലത്രേ! അത് വെറും സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രം.
പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് പൂര്‍ണേന്ദു സിങ്ങിന്റെ ആ വിധി അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീസുരക്ഷാ നിയമങ്ങളെത്തന്നെ പരിഹസിക്കുന്നതായിരുന്നു. ഇതേപോലെ വിചിത്രമായ മറ്റൊരു വിധി അലഹാബാദ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായി. ഒരു ചെറിയ പെണ്‍കുട്ടിയെ ഉപദ്രവിച്ച് വസ്ത്രം വലിച്ചുകീറിയ പ്രതിയുടെ പ്രവൃത്തി, പോക്‌സോ നിയമപ്രകാരം പോലും ചെറിയ കുറ്റമായി ഒതുക്കിത്തീര്‍ത്തു. ലൈംഗികാതിക്രമ കേസുകളിലെ ഹൈക്കോടതികളുടെ ഈ സമീപകാല പരാമര്‍ശങ്ങള്‍ നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. 'പീഡനശ്രമം ബലാത്സംഗശ്രമമല്ല' എന്ന തരത്തിലുള്ള അലഹാബാദ്, പട്‌ന ഹൈക്കോടതികളുടെ വിധികള്‍ക്കെതിരെ സുപ്രീം കോടതി തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ടതു കോടതികളാണ്. എന്നാല്‍, അലഹാബാദ്, പട്‌ന ഹൈക്കോടതികളില്‍നിന്നുണ്ടായ ചില വിധികള്‍ നിയമവിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ വസ്ത്രം നീക്കം ചെയ്യാനും ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കാനും നടത്തുന്ന ശ്രമങ്ങള്‍ 'ബലാത്സംഗശ്രമം' (Attempt to Rape) അല്ലെന്നും അതു 'സ്ത്രീത്വത്തെ അപമാനിക്കല്‍' (Outraging Modesty) മാത്രമാണെന്നും പട്‌ന ഹൈക്കോടതി നിരീക്ഷിച്ചതു വലിയ വിവാദമായി. സമാനമായ രീതിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും സമാനമായ രീതിയില്‍ 'കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നവ'യാണെന്നു സുപ്രീം കോടതി വിലയിരുത്തുന്നു.
പ്രതി സ്ത്രീയുടെ വസ്ത്രം മാറ്റാനും മാറിടത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചതു സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണെന്നും ബലാത്സംഗശ്രമത്തിന് അതു മതിയാകില്ലെന്നുമാണ് പട്‌ന ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് പൂര്‍ണേന്ദു സിങ് നിരീക്ഷിച്ചത്. എന്നാല്‍, ഇത്തരമൊരു വ്യാഖ്യാനം പ്രതിക്ക് അമിത ആനുകൂല്യം നല്‍കുന്നതാണെന്നും കുറ്റകൃത്യത്തിന്റെ കാഠിന്യം കോടതികള്‍ തിരിച്ചറിയുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. ഒരു സ്ത്രീയുടെ മേല്‍ നടത്തുന്ന ലൈംഗികാതിക്രമത്തിന്റെ ഓരോ ഘട്ടവും ബലാത്സംഗത്തിലേക്കുള്ള ചവിട്ടുപടികളാണെന്നിരിക്കെ, അതിനെ വേര്‍തിരിച്ചുകണ്ട് ശിക്ഷ കുറയ്ക്കാന്‍ ശ്രമിക്കുന്നതു നീതിനിഷേധത്തിന് തുല്യമാണെന്ന അഭിപ്രായം ശക്തമാണ്.
ഇരകളുടെ മാനസികാവസ്ഥയും അതിക്രമത്തിന്റെ കാഠിന്യവും തിരിച്ചറിഞ്ഞ് മാത്രം കോടതികള്‍ വിധികള്‍ പ്രസ്താവിക്കണമെന്ന അഭിപ്രായം നിയമവൃത്തങ്ങളിലും സമൂഹത്തിന്റെ വിവിധ കോണുകളിലും ശക്തമാണ്
ഗൗരവമുള്ള വിഷയത്തില്‍ വേണ്ടത്ര പഠനം നടത്താതെ പുറപ്പെടുവിച്ചവ എന്നാണ് ഇത്തരം വിധികളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ പാലിക്കേണ്ട ജുഡീഷ്യല്‍ സംവേദനക്ഷമത സംബന്ധിച്ച നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം വിധികള്‍ക്ക് കാരണമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. ഇനിമുതല്‍ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ കീഴ്‌ക്കോടതികള്‍ക്കും പൊലീസിനും പ്രോസിക്യൂഷനും നിര്‍ബന്ധമായും ബാധകമാക്കി ഉത്തരവിട്ടിരിക്കുകയാണ്.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ വരെ ഇരയുടെ മൊഴിയോടും കുറ്റകൃത്യത്തിന്റെ സ്വഭാവത്തോടും കാട്ടേണ്ട ഗൗരവത്തെക്കുറിച്ച് കോടതി പ്രത്യേകം ഓര്‍മിപ്പിക്കുന്നു. പൊലീസുകാര്‍ക്കു നല്‍കുന്ന പരിശീലനത്തിലും കേസുകള്‍ കോടതിയില്‍ അവതരിപ്പിക്കുന്ന രീതിയിലും വലിയ മാറ്റം വരുത്താന്‍ ഡി ജി പിമാര്‍ക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ക്കു ശിക്ഷ ലഭിക്കാതെ പോകുന്നതിലേക്കാണോ ഇത്തരം വിധികള്‍ നയിക്കുന്നതെന്നു പരിശോധിക്കാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
ഇത്തരം വിധികള്‍ കേവലം നിയമപരമായ വ്യാഖ്യാനങ്ങളല്ല, മറിച്ച് സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശങ്ങളാണ്. ഇരകള്‍ക്ക നീതി ലഭിക്കില്ലെന്ന വിശ്വാസം ഇത്തരം വിധികള്‍ വഴി ഉറപ്പിച്ചു കഴിഞ്ഞാല്‍, അത് വലിയൊരു സാമൂഹിക വിപത്തായി മാറും. അതിനാൽ ഇരകളുടെ മാനസികാവസ്ഥയും അതിക്രമത്തിന്റെ കാഠിന്യവും തിരിച്ചറിഞ്ഞ് മാത്രം കോടതികള്‍ വിധികള്‍ പ്രസ്താവിക്കണമെന്ന അഭിപ്രായം നിയമവൃത്തങ്ങളിലും സമൂഹത്തിന്റെ വിവിധ കോണുകളിലും ശക്തമാണ്. സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ ജുഡീഷ്യറിയുടെ ഉള്ളില്‍ നിന്ന് തന്നെ നടക്കുന്ന ഒരു സ്വയം ശുദ്ധീകരണ പ്രക്രിയയായാണ് നിയമലോകം നോക്കിക്കാണുന്നത്.
A 2008 incident in a Patna photo studio, where the owner locked a woman inside and attempted to assault her, recently reached a shocking legal conclusion. The Patna High Court, under Justice Purnendu Singh, ruled that attempting to strip a woman and groping her breasts does not amount to an "attempt to rape," but rather falls under the lesser charge of "outraging the modesty of a woman." This verdict has been heavily criticized as a mockery of women's safety laws. In a similarly bizarre ruling, the Allahabad High Court reduced the severity of a crime involving a man who assaulted a young girl and tore her clothes, classifying it as a minor offense even under the strict POCSO Act.