വോട്ടർ പട്ടികയിലെ പരിഷ്കരണം രാജ്യത്ത് വലിയ അരാജകത്വം സൃഷ്ടിച്ചുവെന്ന, ആധാർ അതോറിറ്റി (യുഐഡിഎഐ) മുൻ മേധാവി ആർഎസ് ശർമയുടെ വിമർശനം ചർച്ചയാക്കേണ്ടുന്ന ഒന്നാണ്. പല തെരഞ്ഞെടുപ്പുകൾ കണ്ട, വർഷങ്ങളായി വോട്ട് ചെയ്യുന്ന ഇന്ത്യക്കാർക്ക് മേൽ പൗരത്വം തെളിയിക്കേണ്ട ബാധ്യത അടിച്ചേല്പിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്ന്, ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം വിമർശിക്കുന്നത്. ജനന രജിസ്ട്രേഷൻ സംവിധാനം ദശാബ്ദങ്ങളോളം കാര്യക്ഷമമായി നടത്താത്തതിന്റെ ഭാരം ഇപ്പോൾ പൗരന്‍മാരുടെ മേൽ ചുമത്തുന്നത് നീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:
60കളിൽ ജനിച്ച മനുഷ്യരോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നതിലും വലിയ പരാജയം ഭരണകൂടത്തിനിനി ഉണ്ടാവാൻ സാധ്യതയില്ല. അത് ഒരു പാർട്ടിയുടെ മാത്രം പിടിപ്പുകേടല്ല. കാലങ്ങളായി അച്ചടക്കമില്ലാതെ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെയും ഭരണകൂട നിസംഗതയുടെയും പരിണിതഫലങ്ങളാണ്.
ഒരു ജനനം രജിസ്റ്റർ ചെയ്യാൻ അലംഭാവം കാട്ടുമ്പോൾ അതിന് ഭാവിയിൽ ഇങ്ങിനെയൊരു സാഹചര്യം സൃഷ്ടിക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ കഴിയാത്തവരിലാണ് ഈ വിഷയത്തിന്‍റെ പൂർണ ഉത്തരവാദിത്തമുള്ളത്.
യുപിയിലുള്ള ഒരു വയോധികനോട് ജനനസർട്ടിഫിക്കറ്റ്, പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയൊക്കെ ആവശ്യപ്പെട്ടാൽ കൈമലർത്തുകയേ ഉള്ളൂ. അദ്ദേഹത്തിന് അങ്ങനെയൊരു പേപ്പറിനെ കുറിച്ച് കേട്ടുകേഴ്വി പോലുമുണ്ടാകില്ല. കാരണം ആ സംവിധാനം കാര്യക്ഷമമായി ഇവിടെ നടക്കുന്നില്ല. ഇനി റേഷൻ കാർഡോ ആധാറോ ആണെങ്കിൽ അത് പൗരത്വത്തിനുള്ള രേഖയായി സർക്കാർ കണക്കാക്കുന്നുമില്ല. എന്നിട്ടും പൗരത്വം തെളിയിക്കേണ്ട ബാധ്യത ജനങ്ങളുടേത് മാത്രമായി ഒതുങ്ങുകയാണ്.
1969ലെ നിയമപ്രകാരം ഇന്ത്യയിൽ ഒരു കുട്ടി ജനിച്ചാൽ 21 ദിവസത്തിനുള്ളിൽ ആ ജനനം രജിസ്റ്റർ ചെയ്യണം. ആ സംവിധാനം കാര്യക്ഷമമായി കൊണ്ടുപോകേണ്ടത് ഭരണകൂടങ്ങളാണ്. പക്ഷേ ദശാബ്ദങ്ങളായി അത് അങ്ങനെയല്ല നടക്കുന്നത്. 2005-06 കാലയളവിൽ 41 ശതമാനം പേരുടെ ജനനം മാത്രമാണ് ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
2000ത്തിന് മുമ്പ് ഇതിലും പരിതാപകരമായിരുന്നു അവസ്ഥ. ആ കാലത്തൊക്കെ ആശുപത്രി ജനനങ്ങൾ കുറവായിരുന്നതിനാൽ മുതിർന്നവരിൽ എത്രപേരുടെ ജനനം രജിസ്റ്ററിലുണ്ട് എന്ന് സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ മനസ്സിലാവും.
ജനന രജിസ്ട്രേഷൻ എന്നത് വെറും സർട്ടിഫിക്കറ്റിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജനന സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ജനനത്തീയതിയുടെ ആധികാരിക തെളിവെന്ന് കര്‍ശന നിലപാട് സ്വീകരിച്ചാല്‍, രാജ്യത്തെ എട്ടില്‍ ഒരു വോട്ടര്‍ക്ക് മാത്രമേ അത് ലഭ്യമാകൂ, ഏകദേശം 85 കോടി ആളുകള്‍ക്ക് അതുണ്ടാകില്ല. അവരോട് അതാവശ്യപ്പെടാനും ഭരണകൂടത്തിനാവില്ല.
ജനനം രജിസ്റ്റർ ചെയ്യുന്നതിൽ അലംഭാവം വരുത്തിയ ശേഷം പഴി ജനങ്ങളുടെ തലയിലിടുന്നതിൽ അർഥമില്ലെന്ന് ഭരണകൂടം അറിയണം. 1950ലെ പ്രളയകാലത്തും, വരൾച്ചയിലുമൊക്കെ ജനനം കണക്കാക്കുന്ന അത്തരമൊരു ജനതയോട് കൃത്യമായ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് മാറ്റിനിർത്തൽ തന്നെയാണ്.
ഇന്ത്യയിൽ പൗരത്വരേഖ എന്നൊന്നില്ല എന്നതാണ് അതിലേറെ കൌതുകം. പാസ്പോർട്ട്, യാത്രയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ജൂണിൽ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആധാറോ, വോട്ടർ ഐഡിയോ, പാൻ കാർഡോ പൗരത്വരേഖയുടെ കണക്കിൽ പെടില്ല. ഇതുകൊണ്ടൊക്കെ എന്ത് സംഭവിച്ചു? കോടിക്കണക്കിന് ജനങ്ങളുടെ അസ്ഥിത്വം വെറും വാക്കുകളിലൊതുങ്ങി.
ഇന്ത്യയിൽ പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത് — എം.എൻ.ഐ.സി പൈലറ്റ് പദ്ധതി ഉപേക്ഷിക്കപ്പെട്ടു, അസമിലെ എൻ.ആർ.സി 19 ലക്ഷം ആളുകളെ പുറന്തള്ളുകയും ഒന്നും പരിഹരിക്കാതിരിക്കുകയും ചെയ്തു, ഒടുവിൽ ആ ആശയം നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിലേക്ക് ലഘൂകരിക്കപ്പെട്ടു.
അത് പൗരന്മാരുടെയല്ല, മറിച്ച് താമസക്കാരുടെ മാത്രം രജിസ്റ്റർ ആണ്, കാരണം പൗരത്വം സംബന്ധിച്ച ഒരു ഫീൽഡ് ടെസ്റ്റ് പ്രായോഗികമല്ലെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തുകയുണ്ടായി. ഭരണകൂടം ഒരിക്കൽ പോലും സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത ഒരു പദവി തെളിയിക്കാനാണ് ഇവിടെ പൗരനോട് ആവശ്യപ്പെടുന്നത്.
മാത്രമല്ല, ഇപ്പോൾ നമ്മൾ നമ്മുടെ സ്വന്തം രേഖകളെത്തന്നെ തള്ളിക്കളയുകയാണ്. ആധാർ കാർഡിനെ പ്രായത്തിന്റെയോ വിലാസത്തിന്റെയോ പൗരത്വത്തിന്റെയോ രേഖയാക്കാതെ, കേവലം വ്യക്തിത്വത്തിന്റെ തെളിവായി മാത്രം കണക്കാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
താമസസ്ഥലത്തിന്റെ കാര്യത്തിൽ നിയമം തന്നെ വ്യക്തമാക്കുന്നത് ഇതാണ്: ഒരു വോട്ടർ അവിടെ സാധാരണയായി താമസിക്കുന്ന ആളായിരിക്കണം. സ്വന്തമായി ഒരു വീടുണ്ട് എന്നത് അവിടെയുള്ള സ്ഥിരതാമസം തെളിയിക്കുന്നില്ലെന്നും താല്ക്കാലികമായ അസാന്നിധ്യം അത് ഇല്ലാതാക്കുന്നില്ലെന്നുമാണ് ജനപ്രാതിനിധ്യ നിയമം പറയുന്നത്.
നിലവിലുള്ള ഓരോ രേഖയും ഒന്നുകിൽ അപൂർണ്ണമാണ് അല്ലെങ്കിൽ തള്ളിക്കളയപ്പെട്ടതാണ് — റേഷൻ കാർഡ് താമസസ്ഥലത്തിന്റെ രേഖയല്ലെന്ന് സർക്കാർ തന്നെ പറയുന്നു, മറ്റൊരാളുടെ പേരിലുള്ള യൂട്ടിലിറ്റി ബില്ലുകൾ, എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാവുന്ന വാടകക്കരാറുകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ആധാർ മാത്രമാണ് അത് കൈവശമുള്ളയാളുടെ വീട്ടുപടിക്കൽ നേരിട്ട് എത്തിച്ചു നൽകിയത്, അതും സ്പീഡ് പോസ്റ്റ് വഴി ഒപ്പുകൾ വാങ്ങി ഉറപ്പുവരുത്തിക്കൊണ്ട് — ഈ കത്ത്, നിങ്ങളിവിടെ താമസിച്ചു എന്നതിന്റെ തെളിവായിരിക്കണം എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവ്വവും ചെലവേറിയതുമായ ഒരു നീക്കമായിരുന്നു അത്.
എന്നാൽ, അതേ രേഖ തന്നെയാണ് അത് നിങ്ങളിവിടുത്തുകാരനാണ് എന്നതിന്റെ തെളിവല്ലെന്ന് ഇപ്പോൾ ഭരണകൂടം പറയുന്നത്. അതായത്, ഒരു പൌരന് അയാളുടെ വിലാസം അടയാളപ്പെടുത്താനുള്ള രേഖ അയച്ചു നൽകിയ ഭരണകൂടം തന്നെ, ആ വിലാസത്തെ തള്ളിപ്പറയുന്നു.
Former UIDAI chief R.S. Sharma has criticized the ongoing revision of the electoral rolls, saying it has created widespread confusion and disorder across the country. In an article published in The Indian Express, he argued that forcing Indians who have voted in multiple elections over the years to prove their citizenship reflects a failure of governance.
Sharma also said it is unfair to place the burden on citizens for the state's inability to maintain an efficient birth registration system over several decades.