Inside Focus

മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ക്ക് പിന്തുണ; എന്‍ഡിഎക്ക് പുറത്തെ ആദ്യ പാര്‍ട്ടിയായി അകാലിദള്‍; പഞ്ചാബില്‍ വീണ്ടും ബിജെപി സഖ്യം?

ഇത്തവണ ബില്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ കൂടുതല്‍ പിന്തുണ ഉറപ്പിക്കാന്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് കഴിയുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Madism Desk

കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാസംവരണ ബില്ലും വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയിലെത്തുമ്പോള്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. ഇത്തവണ ബില്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ കൂടുതല്‍ പിന്തുണ ഉറപ്പിക്കാന്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് കഴിയുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിയില്‍നിന്ന് ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബിലെ ശിരോമണി അകാലിദള്‍.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍വെച്ച് അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ചണ്ഡിഗഡില്‍ ചേര്‍ന്ന അകാലിദള്‍ നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാജ്യത്ത് വനിതാസംവരണം എത്രയുംവേഗം നടപ്പാക്കണമെന്നും അകാലിദള്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസ്സും തുല്യതയും ഉയര്‍ത്തിപ്പിടിച്ച സിഖ് ഗുരുക്കന്മാരുടെ കാഴ്ചപ്പാടാണ് വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രചോദനമെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു.

നേരത്തെ ബില്ലുകളെ ശക്തമായ എതിര്‍ക്കുന്ന നിലപാടായിരുന്നു അകാലിദള്‍ സ്വീകരിച്ച് പോന്നിരുന്നത്. നിലപാടില്‍ നിന്നുള്ള മാറ്റം പഞ്ചാബില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് വിലയിരുത്തല്‍.

2027ല്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - അകാലിദള്‍ സഖ്യം വീണ്ടും ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2020 നടന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍ഡിഎ സഖ്യംവിട്ട പാര്‍ട്ടിയാണ് അകാലിദള്‍.

ബിജെപി - അകാലിദള്‍ സഖ്യത്തിന്റെ നാള്‍വഴികള്‍

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ പഞ്ചാബ് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ സഖ്യമാണ് ശിരോമണി അകാലിദള്‍ ബിജെപി കൂട്ടുകെട്ട്. 1996 ല്‍ ആണ് ശിരോമണി അകാലിദള്‍ - ബിജെപി സഖ്യം രൂപം കൊള്ളുന്നത്. 1997ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വന്‍ വിജയം നേടി. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയുമായിരുന്നു ശിരോമണി അകാലിദള്‍.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി 3 സീറ്റിലും അകാലിദള്‍ 10 സീറ്റിലും മത്സരിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെച്ചൊല്ലി കര്‍ഷക പ്രതിഷേധം ശക്തമായതോടെ 2020 നവംബറില്‍ അകാലിദള്‍ സഖ്യം വിട്ടു. കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്തു.

2022 ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തനിച്ച് മത്സരിച്ചു. എന്നാല്‍ വലിയ തിരിച്ചടിയാണ് ഇരുപാര്‍ട്ടികളും നേരിട്ടത്. ആംആദ്മി പാര്‍ട്ടി 92 സീറ്റുകള്‍ നേടി ഭരണം പിടിച്ച തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ മൂന്ന് സീറ്റിലും ബിജെപി രണ്ട് സീറ്റിലും മാത്രമാണ് വിജയിച്ചത്. പിന്നീട് 2024 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും സീറ്റ് വിഭജനം, കര്‍ഷക പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ മുടങ്ങുകയായിരുന്നു.

The Centre's proposed delimitation bill and Women's Reservation Bill are set to return to Parliament amid an unexpected political development. Reports suggest that the ruling NDA may have secured broader support for the legislation this time. The Shiromani Akali Dal (SAD), which is outside the NDA, has announced its support for the bills, potentially strengthening the government's position as the proposals come up for consideration in Parliament.