Inside Focus

ലഡാക്കിന്റെ പോരാട്ടവീര്യം ജന്തര്‍ മന്തറില്‍ ആവര്‍ത്തിക്കുമ്പോള്‍; അന്ന് പിതാവിനായി ഇന്ദിര വന്നു

1984-ല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി വാങ്യാല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഈ സമരം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവര്‍ ലേ സന്ദര്‍ശിക്കുകയും ചെയ്തു.

Madism Desk

ജന്തര്‍ മന്തറിലെ പ്രതിഷേധ വേദിയില്‍ ശനിയാഴ്ച രാവിലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അന്‍പത്തിയൊന്‍പതുകാരനായ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന് ചുറ്റും പെട്ടെന്ന് വെള്ള വിരികള്‍ ഉയര്‍ന്നു. ഉടനെ ഡല്‍ഹി പൊലീസ് അദ്ദേഹത്തിന് ചുറ്റും ഒരു മനുഷ്യച്ചങ്ങല തീര്‍ക്കുകയും ജനക്കൂട്ടത്തില്‍ നിന്ന് മറച്ചുപിടിച്ചുകൊണ്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കകം അദ്ദേഹത്തെ ഒരു ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍പ്രവേശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ 21 ദിവസമായി ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു സോനം വാങ്ചുക്.

ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും വൈദ്യോപദേശവും മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് പൊലീസ് അവകാശപ്പെടുമ്പോള്‍, വാങ്ചുകിനെ ബലമായി നീക്കുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കാര്യം എന്തുതന്നെയായാലും ഡല്‍ഹിയില്‍ നിന്നുള്ള ഈ നാടകീയ ദൃശ്യങ്ങള്‍ ലഡാക്കിന്റെ ഭൂതകാലത്തിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ലഡാക്കിന്റെ ശബ്ദം രാജ്യം കേള്‍ക്കാന്‍ സോനം വാങ്ചുക്കിന്റെ പിതാവ് സോനം വാങ്യാലും ഇതേപോലെ നിരാഹാരം കിടന്ന് സമരം ചെയ്തിട്ടുണ്ട്. ഇന്ന് മകന്‍ ആശുപത്രിയിലാകുമ്പോള്‍, അച്ഛന്റെ ആ പഴയ പോരാട്ടത്തിന്റെ കഥ 1984-ലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.

ലഡാക്കിനായി സമരം കിടന്ന എവറസ്റ്റ് ഹീറോ

ലഡാക്കിലെ പൊതുസമൂഹത്തില്‍ സോനം വാങ്യാല്‍ ഒരു അദൃശ്യനായിരുന്നില്ല. അര്‍ദ്ധസൈനിക ഉദ്യോഗസ്ഥനായിരുന്ന വാങ്യാല്‍ അറിയപ്പെടുന്ന പര്‍വതാരോഹകന്‍ കൂടിയായിരുന്നു. 1965-ല്‍, 23-ാം വയസ്സില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കി അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചു. അന്ന്, ആ കൊടുമുടി തൊടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് രാഷ്ട്രീയ നേതാവായി വാങ്ങ്യാല്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു. 1923-ല്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ജമ്മു കശ്മീരിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും എംഎഎയായും മന്ത്രിയായും സേവനമനുഷ്ഠിച്ച് ലഡാക്കിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവായി മാറി.

1980-കളില്‍ ലഡാക്കിന് പട്ടിക വര്‍ഗ (എസ് ടി) പദവി ലഭിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളില്‍ അദ്ദേഹം സജീവമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ, രാഷ്ട്രീയ പ്രാതിനിധ്യക്കുറവ്, തങ്ങളുടെ തനതായ സാമൂഹിക-സാംസ്‌കാരിക സ്വത്വ സംരക്ഷണം എന്നിവയെക്കുറിച്ചെല്ലാം ലഡാക്കിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകളുണ്ടായിരുന്നു. പുതിയ റോഡുകളും ഭരണസംവിധാനങ്ങളും പുറത്തുനിന്നുള്ള കടന്നുകയറ്റവും ലഡാക്കിന്റെ പരമ്പരാഗത ജീവിതത്തെ മാറ്റിമറിച്ച കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ പട്ടിക വര്‍ഗ പദവി എന്ന ആവശ്യം കേവലം ഒരു സര്‍ക്കാര്‍ ആനുകൂല്യത്തിന് വേണ്ടിയുള്ളതായിരുന്നില്ല.

1984-ല്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി വാങ്യാല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഈ സമരം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവര്‍ ലേ സന്ദര്‍ശിക്കുകയും ചെയ്തു. വാങ്യാല്‍ നിരാഹാരം അവസാനിപ്പിച്ചെങ്കിലും പോരാട്ടം തുടര്‍ന്നു. കാരണം ഇന്ദിരയുടെ സന്ദര്‍ശനം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍ ഉടനടി നടപ്പായില്ല.

വാഗ്ദാനത്തില്‍ നിന്ന് നിയമത്തിലേക്ക്

അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ പോരാട്ടങ്ങള്‍ക്ക് ശേഷം, ആ ആവശ്യം ഒടുവില്‍ ഭരണഘടനാപരമായ അംഗീകാരത്തിലേക്ക് നീങ്ങി. ആര്‍ട്ടിക്കിള്‍ 342 പ്രകാരം പുറപ്പെടുവിച്ച 'ദി കോണ്‍സ്റ്റിറ്റിയൂഷന്‍ (ജമ്മു ആന്‍ഡ് കശ്മീര്‍) ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഓര്‍ഡര്‍, 1989' പ്രകാരം ലഡാക്കിലെ എട്ട് ജനവിഭാഗങ്ങളെ പട്ടിക വര്‍ഗം ആയി ഔദ്യോഗികമായി അംഗീകരിച്ചു. ബാല്‍ട്ടി, ബെഡാ, ബോട്ട്, ബ്രോക്പ, ചാങ്പ, ഗാര, മോണ്‍, പുരിഗ്പ എന്നിവരായിരുന്നു ആ ഗോത്രവിഭാഗങ്ങള്‍. ലഡാക്കിന് ഒറ്റയടിക്ക് ഒരു മുഴുവന്‍ പ്രദേശമെന്ന നിലയിലല്ല എസ് ടി പദവി ലഭിച്ചത്, മറിച്ച് അവിടുത്തെ പ്രത്യേക ഗോത്രവിഭാഗങ്ങളെ തിരിച്ചറിഞ്ഞായിരുന്നു ഈ ഉത്തരവ്. വര്‍ഷങ്ങളുടെ സമരങ്ങള്‍ക്ക് ഒടുവില്‍ വാങ്യാലിന്റെ പോരാട്ടത്തിന് ലഭിച്ച ഈ അംഗീകാരം, ആ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല രാഷ്ട്രീയ പോരാട്ടത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒരു നിരാഹാര സമരം

സോനം വാങ്യാലിന്റെ നിരാഹാര സമരത്തിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ മകന്‍ സോനം വാങ്ചുകും ഒരു സാമൂഹ്യ പ്രശ്‌നം ഉയര്‍ത്താന്‍ ഉപവാസ സമരത്തെ തന്നെയാണ് സമരം മാര്‍ഗമാക്കിയത്. കഴിഞ്ഞ വര്‍ഷം, ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ സംരക്ഷണവും ആവശ്യപ്പെട്ട് വാങ്ചുക് 35 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ ഇത്തവണ ജന്തര്‍ മന്തറിലെ അദ്ദേഹത്തിന്റെ സമരം ലഡാക്കിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്. പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തിലും പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം നിരാഹാരം ഇരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപിക്കണമെന്നും ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പിതാവും മകനും ഉയര്‍ത്തിയ വിഷയങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ ജന്തര്‍ മന്തറില്‍ നിന്ന് കാണുന്ന ചിത്രങ്ങള്‍ക്ക് പ്രകടമായ സാമ്യമുണ്ട്. തങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നത്തെ കേള്‍ക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതരാക്കാന്‍ ഇരുവരും ഉപയോഗിച്ചത് തങ്ങളുടെ ശരീരത്തെയും ജീവനെയുമാണ്.

Environmental activist Sonam Wangchuk was admitted to Delhi's Safdarjung Hospital after his health deteriorated during a 21-day indefinite hunger strike at Jantar Mantar. While Delhi Police said the move followed medical advice and court directions, protesters alleged he was forcibly removed. The incident has revived memories of Wangchuk's father, Sonam Wangyal, the renowned Everest mountaineer and political leader who launched a historic hunger strike in 1984 demanding Scheduled Tribe status for Ladakh's indigenous communities. Decades later, the father and son remain linked by their use of non-violent protest to draw national attention to major public issues.