Inside Focus

സുകന്യയുടെ 30 വര്‍ഷത്തെ നിയമ പോരാട്ടം, വീരപ്പന്റെ അഭിമുഖത്തിലെ 'അവിഹിത ആരോപണത്തില്‍' സണ്‍ ടിവിക്ക് പിഴ; കേസിന്റെ കഥയിങ്ങനെ

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി നടിക്ക് ബന്ധമുണ്ടെന്ന രീതിയിലായിരുന്നു വീരപ്പന്റെ പരാമർശം

Kousalya Murugan

പ്രശസ്ത തെന്നിന്ത്യൻ നടി സുകന്യയുടെ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അഭിമുഖം സംപ്രേഷണം ചെയ്ത കേസിൽ സൺ ടിവി നെറ്റ്‌വർക്കിന് ചെന്നൈ ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. നടിക്ക് 10.01 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സൺ ടിവി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് കെ. കുമാരേഷ് ബാബുവാണ് ജൂൺ 5-ന് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

ഏകദേശം 30 വർഷം മുൻപ് നടന്ന ഒരു സംഭവത്തിലാണ് ഇപ്പോൾ അന്തിമ വിധി വന്നിരിക്കുന്നത്. ചന്ദനകടത്തുക്കാരൻ വീരപ്പൻ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, യാതൊരുവിധ പരിശോധനയും കൂടാതെ സംപ്രേഷണം ചെയ്തതാണ് സൺ ടിവിക്ക് വിനയായത്. വിചാരണക്കോടതിയുടെ 2015-ലെ ഉത്തരവിനെതിരെ സൺ ടിവി നൽകിയ ഹർജി പൂർണ്ണമായും തള്ളിയ കോടതി, ഈ അഭിമുഖത്തിന്റെ അപകീർത്തികരമായ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും വ്യക്തമാക്കി

'നേർക്കു നേർ'

1996 ഏപ്രിൽ 17-ന് സൺ ടിവിയിൽ സംപ്രേഷണം ചെയ്ത 'നേർക്കു നേർ' എന്ന പരിപാടിയിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. തമിഴിലെ പ്രമുഖ മാഗസിനായ 'നക്കീരൻ' എഡിറ്റർ ആർ.ആർ. ഗോപാൽ കാട്ടിൽ പോയി എടുത്ത വീരപ്പന്റെ അഭിമുഖമായിരുന്നു അത്. ഈ അഭിമുഖത്തിനിടയിൽ നടി സുകന്യയ്ക്കെതിരെ വീരപ്പൻ തികച്ചും വ്യാജവും വ്യക്തിഹത്യ നടത്തുന്നതുമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകനുമായി നടിക്ക് ബന്ധമുണ്ടെന്ന രീതിയിലായിരുന്നു വീരപ്പന്റെ പരാമർശം.

തന്റെ അന്തസ്സിനെയും കരിയറിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കമായിരുന്നു ഇതെന്നും, ഈ ഒരൊറ്റ വാർത്ത കാരണം തന്റെ സിനിമ-സീരിയൽ അവസരങ്ങൾ നഷ്ടപ്പെടുകയും കടുത്ത മാനസിക വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുകന്യ കോടതിയെ സമീപിച്ചത്. കോടികളുടെ നഷ്ടം വന്നെങ്കിലും അവർ തന്റെ നഷ്ടപരിഹാരത്തുക 10,00,500 രൂപയായി നിജപ്പെടുത്തുകയായിരുന്നു

സൺ ടിവിയുടെ വാദം

'നക്കീരൻ' റെക്കോർഡ് ചെയ്ത ഒരു അഭിമുഖം പ്ലേ ചെയ്യുക മാത്രമാണ് ചാനൽ ചെയ്തതെന്നും, ആരോപണങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നുമായിരുന്നു സൺ ടിവിയുടെ പ്രധാന വാദം. കൂടാതെ, വാർത്തയ്ക്ക് ശേഷം തങ്ങൾ ഒരു തമിഴ് പത്രത്തിലൂടെ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും അവർ കോടതിയിൽ പറഞ്ഞു. എന്നാൽ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി. ചാനലിന് വാർത്തകൾ എഡിറ്റ് ചെയ്യാനും മാറ്റാനും പൂർണ്ണ അധികാരമുണ്ടായിരുന്നിട്ടും, ഇത്രയും ഗുരുതരമായ ഒരു ആരോപണം സംപ്രേഷണം ചെയ്യുന്നതിന് മുൻപ് അത് സത്യമാണോ എന്ന് നടിയോടോ മറ്റ് വൃത്തങ്ങളോടോ ചോദിച്ച് ബോധ്യപ്പെടാൻ ചാനൽ തയ്യാറായില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഈ പരിപാടിയിലൂടെ വലിയ രീതിയിലുള്ള പരസ്യ വരുമാനം ചാനൽ നേടിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു

സൺ ടിവിയുടെ ഖേദപ്രകടന രീതിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സ്വന്തം ചാനലിലൂടെ അപകീർത്തികരമായ വാർത്ത കണ്ട പ്രേക്ഷകരിലേക്ക് ഖേദപ്രകടനം എത്തിക്കുന്നതിന് പകരം, വലിയ വായനക്കാരുണ്ടെന്ന് തെളിയിക്കപ്പെടാത്ത ഏതോ ഒരു മൂന്നാം കക്ഷി പത്രത്തിൽ മാത്രം അത് പ്രസിദ്ധീകരിച്ചത് ചാനലിന്റെ ദുരുദ്ദേശ്യത്തെയാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് കുമാരേഷ് ബാബു വ്യക്തമാക്കി

ക്രോസ് വിസ്താരത്തിൽ നടിയുടെ വിശ്വാസ്യത തകർക്കാൻ സൺ ടിവിക്ക് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം വേണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിചാരണക്കോടതി വിധി ഹൈക്കോടതി പൂർണ്ണമായും ശരിവെച്ചത്.

English Summary: The Madras High Court has upheld a lower court order directing Sun TV Network to pay ₹10.01 lakh in compensation to actress Sukanya for airing defamatory allegations made by forest brigand Veerappan in a 1996 interview. The court ruled that media organizations cannot escape responsibility for content they choose to broadcast and must verify serious allegations before airing them.