Inside Focus

ഇന്ത്യക്കാര്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ ഇന്നും പണമില്ലേ? പുതിയ പഠനം പറയുന്ന സത്യങ്ങള്‍

ഭക്ഷ്യസുരക്ഷയിൽ മുന്നേറ്റമുണ്ടെങ്കിലും പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടിട്ടില്ല.

Madism Desk

ഇന്ത്യയില്‍ പട്ടിണിയും പോഷകാഹാരക്കുറവും ഗണ്യമായി കുറഞ്ഞുവെന്ന ആശ്വാസകരമായ വാര്‍ത്ത പുറത്തുവരുമ്പോഴും കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഇന്നും ആരോഗ്യകരമായ ഒരു നേരത്തെ ഭക്ഷണമെന്നത് അകലെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കര്‍ഷക സംഘടന 2026 ജൂലൈ 21-ന് പുറത്തുവിട്ട സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷന്‍ ഇന്‍ ദി വേള്‍ഡ് 2026 റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്. രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്തെ പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോഴും പോഷകസമൃദ്ധമായ ആഹാരം പ്രാപ്യമല്ലെന്ന ആശങ്കയാണ് ഈ കണക്കുകള്‍ പങ്കുവെക്കുന്നത്.

പട്ടിണി പകുതിയായി കുറയുമ്പോള്‍

രണ്ട് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലെ പോഷകാഹാരക്കുറവുള്ളവരുടെ അനുപാതം പകുതിയിലധികമായി കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2004-06 കാലഘട്ടത്തില്‍ 21.1 ശതമാനമായിരുന്ന ഈ നിരക്ക് 2023-25 ആയപ്പോഴേക്കും 9.8 ശതമാനമായി കുറഞ്ഞു. അതായത്, 24.39 കോടി ആളുകളില്‍ നിന്ന് 14.25 കോടിയായി കുറഞ്ഞ് ഏകദേശം 10.1 കോടി ജനങ്ങളെയാണ് പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ സാധിച്ചിട്ടുള്ളത്. കലോറി കുറവുമൂലമുള്ള കടുത്ത പട്ടിണിയില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിശപ്പ് മാറ്റുകയെന്നതു മാത്രമാണ് പ്രശ്‌നത്തിന്റെ ഒരു വശമെന്ന് പുതിയ കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നു. കാലോറി ലഭ്യത ഉറപ്പായാലും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കണ്ടെത്താന്‍ കഴിയാത്ത കോടിക്കണക്കിന് ആളുകള്‍ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നതാണ് പ്രധാന പ്രതിസന്ധി.

താങ്ങാനാവാത്ത വിലയും ആരോഗ്യകരമായ ഭക്ഷണവും

ആരോഗ്യകരമായ ഒരു ഭക്ഷണം കണ്ടെത്താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ കണക്കുകള്‍ വലിയൊരു ആശങ്കയാണ് ഉയര്‍ത്തുന്നത്. 2025 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 52.01 കോടി ജനങ്ങള്‍, അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 35.5 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാന്‍ കഴിയാത്തവരാണ്. 2017ല്‍ ഇത് 59.8 ശതമാനമായിരുന്നുവെന്നത് ആശ്വാസകരമാണെങ്കിലും ഇപ്പോഴും മൂന്നിലൊന്ന് ഇന്ത്യക്കാര്‍ക്കു പോഷകസമൃദ്ധമായ ഭക്ഷണം പതിവായി വാങ്ങാന്‍ കഴിയുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം. യഥാര്‍ത്ഥ വരുമാനത്തേക്കാള്‍ വേഗത്തിലാണു രാജ്യത്ത് ആരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിക്കുന്നത്. 2017 മുതല്‍ ഇന്ത്യയില്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ചെലവ് ഏകദേശം 48 ശതമാനത്തോളം വര്‍ധിച്ചപ്പോള്‍, ഇതേ കാലയളവില്‍ അമേരിക്കയില്‍ ഇത് 32 ശതമാനമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

വിലക്കയറ്റവും പര്‍ച്ചേസിങ് പവറും

2025ല്‍ ഇന്ത്യയില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ഒരാള്‍ക്ക് ദിവസേന പര്‍ച്ചേസിങ് പവര്‍ പാരിറ്റി പ്രകാരം 4.11 ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിനിമയ നിരക്കിലെ വ്യത്യാസങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് പി പി പി‍. ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഈ ചെലവ് താരതമ്യേന കുറവാണ്. പാകിസ്ഥാനില്‍ 3.94 ഡോളറും ഇന്ത്യയില്‍ 4.11 ഡോളറുമാണ് ചെലവെങ്കില്‍, ബംഗ്ലാദേശില്‍ ഇത് 4.59 ഡോളറും ശ്രീലങ്കയില്‍ 5.21 ഡോളറും ഭൂട്ടാനില്‍ 6.17 ഡോളറുമാണ്.

ഏഷ്യയിലെ മറ്റ് രാജ്യങ്ങളെടുക്കുമ്പോള്‍ ചൈനയില്‍ 3.64 ഡോളര്‍ മാത്രമാണെങ്കില്‍ ജപ്പാനില്‍ 8.27 ഡോളറും ദക്ഷിണ കൊറിയയില്‍ 7.37 ഡോളറുമായി ഇത് ഉയര്‍ന്നുനില്‍ക്കുന്നു. അമേരിക്കയും യുകെയും പോലുള്ള വികസിത രാജ്യങ്ങളില്‍ ഇത് യഥാക്രമം 2.86 ഡോളറും 2.75 ഡോളറുമാണ്. ഇന്ത്യയിലെ ഈ വിലവര്‍ധനവ് സാധാരണക്കാരുടെ വരുമാനത്തെയാണു നേരിട്ടു ബാധിക്കുന്നത്.

കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പും പുതിയ ആരോഗ്യ വെല്ലുവിളികളും

പോഷകാഹാരക്കുറവിനു പുറമെ കുട്ടികളുടെ വളര്‍ച്ച, വിളര്‍ച്ച, അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ട കണക്കുകള്‍ രാജ്യത്തിനു സമ്മിശ്ര ചിത്രമാണ് നല്‍കുന്നത്. 2024ല്‍ അഞ്ച് വയസിനു താഴെയുള്ള ഇന്ത്യന്‍ കുട്ടികളില്‍ 32.9 ശതമാനവും വിട്ടുമാറാത്ത പോഷകാഹാരക്കുറവിന്റെ ലക്ഷണമായ വളര്‍ച്ചാ മുരടിപ്പ് നേരിടുന്നവരാണ്. 2012ല്‍ ഇത് 41.7 ശതമാനമായിരുന്നുവെന്നത് ചെറിയ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും പോഷകാഹാരക്കുറവിന്റെ തീവ്ര രൂപമായ ഭാരക്കുറവ് ഇനിയും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് കുറയുമ്പോള്‍ തന്നെ, കുട്ടികളില്‍ അമിതവണ്ണത്തിന്റെ അളവ് 2.1 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി വര്‍ധിച്ചുവരുന്ന പ്രവണതയും കാണാം. മുതിര്‍ന്നവരില്‍ അമിതവണ്ണം ഇരട്ടിയായപ്പോള്‍, 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ വിളര്‍ച്ച ബാധിച്ചവരുടെ എണ്ണം 50.1 ശതമാനത്തില്‍നിന്ന് 53.7 ശതമാനമായി വര്‍ധിച്ചിട്ടുമുണ്ട്.

ഇന്ത്യയുടെ നിര്‍ണായക പങ്കും ഭാവിയിലെ ലക്ഷ്യങ്ങളും

ഈ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്ത് ദൃശ്യമാകുന്ന വലിയൊരു മാറ്റത്തെ യു എന്‍ റിപ്പോര്‍ട്ട് പ്രത്യേകം പ്രശംസിക്കുന്നുണ്ട്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ കഴിയാത്തവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതു പ്രധാനമായും ഇന്ത്യയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം മൂലമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിശപ്പില്ലായ്മയും പട്ടിണിയും പരിഹരിക്കുന്നതിനൊപ്പം തന്നെ സാധാരണക്കാരായ ജനങ്ങള്‍ക്കു താങ്ങാനാവുന്ന നിരക്കില്‍ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ജനങ്ങളുടെ ആരോഗ്യ സൂചികകളും മെച്ചപ്പെടുത്തുകയെന്നതാണു വരുന്ന വര്‍ഷങ്ങളില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

India has made remarkable progress in reducing hunger, with the undernourishment rate dropping from 21.1% to 9.8% over two decades. However, the UN's State of Food Security and Nutrition in the World 2026 report says that 35.5% of Indians still cannot afford a healthy diet. Rising food prices, child stunting, increasing obesity, and anaemia among women remain major nutritional challenges despite overall improvements.