Inside Focus

പൊതുജനം പരിസരം മറക്കുമ്പോൾ; ചന്തു ചെയ്തതിൽ ഒരു തെറ്റുമില്ല, ഇതാദ്യമല്ല ഈ സമീപനം

സലിംകുമാറിനു അന്തിമോപചാരം അർപ്പിക്കാൻ സിനിമ താരങ്ങൾ വരുമ്പോഴും പരിസരം മറന്നാണ് പല ഓൺലൈൻ മാധ്യമങ്ങളും ആളുകളും പ്രവർത്തിച്ചത്

Madism Desk

മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന്റെ വിടപറച്ചിൽ സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളികൾക്കു ആശ്വാസമായ മനുഷ്യൻ ഒടുക്കം കണ്ണീരണിയിച്ച് കടന്നുപോയി. സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിന്റെ സമയത്ത് ഹൃദയം തകർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ മകനും നടനുമായ ചന്തു സലിംകുമാർ ഓൺലൈൻ മാധ്യമങ്ങളോടും തിക്കും തിരക്കും കൂട്ടിയ ആളുകളോടും പൊട്ടിത്തെറിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.

എങ്ങനെയൊക്കെ ചിന്തിച്ചാലും ചന്തുവിന്റെ പ്രതികരണത്തെ നൂറ് ശതമാനം ശരിവയ്‌ക്കേണ്ടിവരികയാണ്. അച്ഛന്റെ സംസ്‌കാരച്ചടങ്ങ് നടക്കുമ്പോൾ ഒരു മകന് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നത് അയാളുടെ നിസഹായാവസ്ഥ കൂടിയാണ് കാണിച്ചുതരുന്നത്.

സലിം കുമാറിന്റെ 'ലാഫിങ് വില്ല' വീട്ടിൽ വെച്ച് അന്തിമ ചടങ്ങുകൾ നടക്കുമ്പോഴാണ് സംഭവം. ഗാർഡ് ഓഫ് ഓണറിന്റെ സമയത്ത് ചില ഓൺലൈൻ മാധ്യമങ്ങളും ആളുകളും തിക്കും തിരക്കും കൂട്ടി. ആളുകൾ തിരക്ക് കൂട്ടി ചടങ്ങിൽ പങ്കെടുക്കാൻ നിൽക്കുന്ന ചന്തുവിന്റെയും കുടുംബാംഗങ്ങളുടെയും ദേഹത്തേക്ക് തള്ളുകയായിരുന്നു. ഇതോടെ ചന്തുവിനു നിയന്ത്രണം വിട്ടു. 'നിങ്ങൾക്കു എന്താണ് വേണ്ടത്? മാറി നിൽക്ക് അങ്ങോട്ട്' എന്നാണ് ചന്തു തിക്കും തിരക്കും കൂട്ടിയവരോടു പറഞ്ഞത്.

ഒരു മരണവീട്ടിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നുപോലും മലയാളികൾക്ക് അറിയാതെയായി. സലിംകുമാറിനു അന്തിമോപചാരം അർപ്പിക്കാൻ സിനിമ താരങ്ങൾ വരുമ്പോഴും ഇത്തരത്തിൽ പരിസരം മറന്നാണ് പല ഓൺലൈൻ മാധ്യമങ്ങളും ആളുകളും പ്രവർത്തിച്ചത്. നടൻ ദിലീപ് സലിംകുമാറിന്റെ വീട്ടിലേക്ക് വരുമ്പോൾ സെൽഫിയെടുക്കാൻ ആളുകൾ അടുത്തേക്കു വരുന്ന കാഴ്ചയും കണ്ടു. മറ്റു സിനിമ താരങ്ങളെ കണ്ടപ്പോഴും ആളുകൾ ഇത്തരത്തിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു.

പലപ്പോഴും ഫോട്ടോ എടുക്കാൻ വരുന്ന ആളുകളെ നിയന്ത്രിക്കേണ്ട ചുമതലയും പൊലീസിനു എടുക്കേണ്ടിവന്നു. 'ഇതൊരു മരണവീട് ആണ്' എന്ന് ചില താരങ്ങളൊക്കെ സെൽഫിയെടുക്കാൻ വന്നവരെ ഓർമിപ്പിച്ചു. സംസ്‌കാരച്ചടങ്ങ് നടക്കുമ്പോൾ ചില സിനിമ താരങ്ങളും ഉണ്ടായിരുന്നു. അവരുടെ ചിത്രങ്ങളും വീഡിയോയും പകർത്താൻ ഓൺലൈൻ മാധ്യമങ്ങളും ആളുകളും തിക്കും തിരക്കും കൂട്ടുകയായിരുന്നു.

ശ്രീനിവാസനെയും വെറുതെ വിട്ടില്ല... ഇതാദ്യമല്ല ഈ പ്രവണത

മുമ്പും ഇത്തരത്തിൽ തികച്ചും നിരുത്തരവാദിത്തപരമായ പെരുമാറ്റം യൂട്യൂബ് ചാനലുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകൾ ക്യാമറകളിലും ഫോണിലും ദൃശ്യം പകർത്താനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും യൂട്യൂബർമാരും പൊതുജനങ്ങളും തിരക്കുകൂട്ടിയിരുന്നു.

കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്കാരചടങ്ങിൽ ഓൺലൈൻ ചാനലുകളുടെ തിരക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർക്ക് അടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കി.

ഈ സമീപനം മുന്നിൽകണ്ട് മോഹൻലാലിന്റെ അമ്മയുടെ സംസ്കാരച്ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിക്കുക പോലുമുണ്ടായി.

സംസ്‌കാരച്ചടങ്ങുകൾ നടക്കുന്ന സമയത്ത് സിനിമ താരങ്ങളെ നോക്കി കമന്റ് ചെയ്യുന്നവരും ഉണ്ടായിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.. പരിസരം മറന്നുള്ള ഇത്തരം നിലവാരമില്ലാത്ത ശൈലി ഇനിയും എത്രനാൾ മലയാളികൾ തുടരും?

English Summary: The farewell of beloved Malayalam actor Salim Kumar has left the entire film industry in tears. The man who brought comfort to Malayalis through laughter has now departed, leaving behind grief and sorrow.

During Salim Kumar’s funeral rites, his son and actor Chandu Salim Kumar, visibly heartbroken, lashed out at online media personnel and the crowd that had gathered at the venue. His reaction has since become a major topic of discussion on social media.

Viewed from any angle, many feel Chandu’s response was completely justified. The fact that a son was compelled to react this way during his father's funeral also reflects the helplessness and emotional distress he was experiencing at that moment.