Inside Focus

ജീവനെടുക്കുന്നത് ഇരുചക്ര വാഹനങ്ങള്‍; ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സുരക്ഷ വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ ആശങ്കയേറുന്നത് എന്തുകൊണ്ട്?

ലോകത്ത് റോഡ് സുരക്ഷ മെച്ചപ്പെടുമ്പോഴും ഇന്ത്യയിൽ മരണനിരക്ക് ആശങ്കയാകുന്നു. ഇരുചക്രവാഹന യാത്രികർക്കായി ശക്തമായ സുരക്ഷാ നടപടികൾ അനിവാര്യം.

Madism Desk

ലോകമെമ്പാടുമുള്ള നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കോടിക്കണക്കിനു വര്‍ധിച്ചിട്ടും റോഡ് അപകടമരണങ്ങളില്‍ ആഗോളതലത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന ആശ്വാസകരമായ വാര്‍ത്തയാണ് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ടത്. 2011 നും 2025 നും ഇടയില്‍ ലോകത്ത് പുതിയതായി നൂറുകോടിയിലധികം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടും റോഡ് അപകടമരണ നിരക്കില്‍ 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026 ജൂലൈ 20ന് പുറത്തുവിട്ട ഈ ഡേറ്റ ആഗോള റോഡ് സുരക്ഷാ മേഖലയിലെ വലിയൊരു വിജയത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍, ഈ ആഗോള മുന്നേറ്റത്തിന്റെ നിഴലില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ മാത്രം പിന്നോട്ടുപോവുകയാണെന്നതാണു യാഥാര്‍ത്ഥ്യം.

മാറിയ യാത്രാരീതികളും ഇരുചക്രവാഹനങ്ങളുടെ കുതിപ്പും

ഗതാഗത മേഖലയില്‍ വന്‍മുന്നേറ്റങ്ങള്‍ നടക്കുമ്പോഴും സ്വകാര്യ വാഹനങ്ങളെ മാത്രം ലക്ഷ്യമിട്ട് നിര്‍മിച്ച പഴയകാല ഗതാഗത സംവിധാനങ്ങള്‍ പുതിയ യാത്രാരീതികള്‍ക്കു മുന്നില്‍ പരാജയപ്പെടുകയാണ്. റൈഡ്‌ഹെയ്‌ലിങ്, ഡെലിവറി സര്‍വിസുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് ലോകത്ത് ഇരുചക്രവാഹനങ്ങളുടെ എണ്ണം 2011 മുതല്‍ മൂന്നിരട്ടിയിലധികമായി വര്‍ധിച്ചു. നിലവില്‍ ആഗോള റോഡ് അപകടമരണങ്ങളില്‍ മൂന്നിലൊന്ന് ഇരകളും ഇരുചക്രവാഹന യാത്രികരാണെന്നത് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. എന്നാല്‍ നിലവാരമുള്ള ഹെല്‍മെറ്റുകള്‍ ധരിക്കുന്നത് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത ആറിരട്ടിയിലേറെ കുറയ്ക്കുമെന്നു ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും നിയമം നടപ്പിലാക്കലിലെ പാളിച്ചകള്‍ തിരിച്ചടിയാകുന്നു. ഒപ്പം ഇ-സ്‌കൂട്ടറുകള്‍, ഇ-ബൈക്കുകള്‍ എന്നിവയുടെ വര്‍ധിച്ചുവരുന്ന ഉപയോഗവും പുതിയ ഗതാഗത നിയമങ്ങളുടെ അടിയന്തിര ആവശ്യകത ഓര്‍മപ്പെടുത്തുന്നു.

ദക്ഷിണേഷ്യയുടെയും ഇന്ത്യയുടെയും കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍

ആഗോളതലത്തില്‍ പുരോഗതി ദൃശ്യമാകുമ്പോഴും ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണ പൂർവേഷ്യയിൽ റോഡ് അപകടമരണങ്ങളില്‍ രണ്ട് ശതമാനത്തിന്റെ കുറവ് മാത്രമാണുണ്ടായിട്ടുള്ളത്. ഇന്ത്യയ്ക്കു പുറമെ ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഈ മേഖലയിലെ കണക്കുകള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര റോഡ് ഗതാതഗ, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ മാത്രം ഇന്ത്യയില്‍ 1,77,177 ആളുകളാണ് റോഡപകടങ്ങളില്‍ ജീവനൊടുക്കേണ്ടി വന്നത്.

മറുവശത്ത്, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. യൂറോപ്യന്‍ മേഖലയില്‍ റോഡ് അപകടമരണങ്ങളില്‍ 36 ശതമാനത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് പസഫിക് മേഖലയില്‍ 15 ശതമാനവും കുറവുണ്ടായി. എന്നാല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മരണനിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ആഫ്രിക്കന്‍ മേഖലയില്‍ മരണങ്ങള്‍ 17 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. ലോകത്താകെ ഇപ്പോഴും പ്രതിവര്‍ഷം 11.6 ലക്ഷം ആളുകള്‍ റോഡപകടങ്ങളില്‍ ജീവഹാനി നേരിടുന്നുണ്ടെന്നാണു കണക്ക്. ഇതില്‍ അഞ്ചിനും 29 നും ഇടയില്‍ പ്രായമുള്ളവരിലാണ് റോഡ് അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്നതെന്നതു രാജ്യത്തിന്റെ ഭാവി തലമുറയെക്കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

സാമ്പത്തിക നഷ്ടവും നാഗരിക മാറ്റങ്ങളും

മനുഷ്യജീവന്റെ ദാരുണമായ നഷ്ടത്തിനപ്പുറം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് റോഡപകടങ്ങള്‍ രാജ്യങ്ങള്‍ക്കു സൃഷ്ടിക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവുകള്‍, ഉല്‍പ്പാദനക്ഷമതയിലുള്ള കുറവ്, കുടുംബങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാകുന്ന ആഘാതം എന്നിവയിലൂടെ ഭൂരിഭാഗം രാജ്യങ്ങളുടെയും ജിഡിപിയുടെ ഏകദേശം മൂന്നു ശതമാനത്തോളം റോഡ് അപകടങ്ങള്‍ കാരണം നഷ്ടപ്പെടുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. സുരക്ഷിതമായ റോഡുകള്‍ ജീവന്‍ രക്ഷിക്കുക മാത്രമല്ല, നടത്തവും സൈക്ലിങ്ങും പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും സുസ്ഥിരവുമായ നഗരങ്ങളെ വാര്‍ത്തെടുക്കാനും ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാനും സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ പ്രഖ്യാപനം ഊന്നിപ്പറയുന്നു.

പുതിയ ഐക്യരാഷ്ട്രസഭാ പ്രഖ്യാപനവും 'സേഫ് സിസ്റ്റം' സമീപനവും

ആഗോളതലത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങള്‍ പുതിയ ജനറല്‍ അസംബ്ലി പ്രഖ്യാപനം അംഗീകരിച്ചിട്ടുണ്ട്. 2030ഓടെ റോഡ് അപകടമരണങ്ങളും ഗുരുതര പരുക്കുകളും 2021 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനമായി കുറയ്ക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാണ് ഈ പ്രഖ്യാപനം ലക്ഷ്യമിടുന്നത്. വ്യക്തമായ ലക്ഷ്യങ്ങളും സമയപരിടികളും ബജറ്റുമുള്ള ദേശീയ റോഡ് സുരക്ഷാ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യങ്ങള്‍ ഇതിലൂടെ പ്രതിജ്ഞാബദ്ധമായിട്ടുണ്ട്.

മനുഷ്യന്റെ ഭാഗത്തുനിന്ന് തെറ്റുകള്‍ സംഭവിക്കുന്നതു സ്വാഭാവികമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള സേഫ് സിസ്റ്റം'സമീപനത്തിനാണ് ഈ പ്രഖ്യാപനത്തില്‍ മുഖ്യ പരിഗണന നല്‍കിയിട്ടുള്ളത്. അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതമായ റോഡ് രൂപകല്‍പ്പന, മികച്ച വാഹനങ്ങള്‍, കുറഞ്ഞ വേഗത, ശക്തമായ നിയമങ്ങള്‍ എന്നിവ നടപ്പിലാക്കാന്‍ ഇത് ആഹ്വാനം ചെയ്യുന്നു. സര്‍ക്കാരുകള്‍, സ്വകാര്യ മേഖല, സിവില്‍ സമൂഹം, അക്കാദമിക സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇരുചക്രവാഹന യാത്രികരുടെ ജീവന്‍ സംരക്ഷിക്കാനും റോഡുകളെ എല്ലാവര്‍ക്കുമായി സുരക്ഷിതമാക്കാനും സാധിക്കൂയെന്ന് ലോകാരോഗ്യ സംഘടന ശക്തമായി ഓര്‍മിപ്പിക്കുന്നു.

The World Health Organization (WHO) reports a 21% decline in global road traffic deaths between 2011 and 2025 despite a massive increase in the number of vehicles. However, South Asia, including India, has seen only marginal improvement, with India recording over 177,000 road deaths in 2024. WHO stresses the need for stronger enforcement of helmet laws, safer road infrastructure, lower speed limits, and the Safe System approach to achieve the UN's goal of halving road deaths by 2030.