പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഏതൊരു വിഭാഗത്തെയും പുനരധിവസിപ്പിക്കേണ്ടത് അവരവരുടേതായ തുരുത്തുകളിലേക്കല്ല, പരിധികളില്ലാത്ത വിപുലമായ സമൂഹത്തിലേക്കാണ്. അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയുമാണ് ഇത്തരത്തിലുള്ള ഏതു വിഭാഗത്തേയും പുറകോട്ടടിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇവയെ മറികടക്കാനായാല്‍ ഇത്തരക്കാര്‍ക്കും മുന്നേറ്റം സാധ്യമാണ്. അതുകൊണ്ടാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വിവിധ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതുപോലും.
പതിയെ പതിയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്വാഭാവികമായി കടന്നുവരുവാനും മറ്റേതൊരാളെയുംപോലെ ഇടപഴകുവാനും ജീവിക്കുവാനും ഇവര്‍ പ്രാപ്തരാകണം. ഒപ്പം, സമൂഹത്തിനൊന്നടങ്കം മുന്‍വിധികളില്ലാതെയും വിവേചനമില്ലാതെയും ഇവരെ ചേര്‍ത്തുനിര്‍ത്തുവാനും കൂടെക്കൂട്ടുവാനുമുള്ള മനസ്സ് രൂപപ്പെടണം. ഇതാണ് സാമൂഹീകരണത്തിന്റെ മനഃശാസ്ത്രപരവും സമൂഹശാസ്ത്രപരവുമായ അടിസ്ഥാന തത്വം. ഇവിടെയാണ് ഉള്‍ച്ചേര്‍ക്കലിന്റെ (inclusion) പ്രസക്തി വര്‍ധിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ക്കുകയും അങ്ങനെ എല്ലാവരും ഉള്‍ച്ചേരുകയും ഒന്നായിത്തീരുകയും ചെയ്യുമ്പോള്‍ മാത്രമാണ് പൊതുസമൂഹം എന്നത് അന്വര്‍ഥമാവുക. ഇത്തരത്തില്‍ ഉള്‍ച്ചേര്‍ക്കലിന്റെ അനിവാര്യത ഏറ്റവും കൂടുതലുള്ള ഒന്നാണ് ഭിന്നശേഷി മേഖല. ഇതിനായുള്ള പരിശ്രമങ്ങള്‍ ലോകത്തൊട്ടുക്ക് നടന്നുവരുന്നു.
പ്രശസ്തനായ ഭിന്നശേഷി അവകാശ പ്രവര്‍ത്തകനും ഗിന്നസ് റെക്കോഡ് ജേതാവുമായ റോബർട്ട് എം. ഹെൻസല്‍-ന്റെ "ഭിന്നശേഷി എന്നത് ഒരു വ്യക്തിയുടെ കഴിവുകേടല്ല, മറിച്ച് സമൂഹത്തിന് അവരെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ പരിമിതിയാണ്" എന്ന പരാമര്‍ശം ഈ വിഷയത്തിന്റെ ഗൗരവത്തെ ബോധ്യപ്പെടുത്തുന്നതാണ്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും അവരെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നിനുമുള്ള പ്രക്രിയകള്‍ ഒന്നിച്ച്, ഒരേ സമയം നടക്കേണ്ടതാണ്. അതിനായുള്ള കാഴ്ചപ്പാടും പദ്ധതിയും പ്രവര്‍ത്തനങ്ങളുമായിരിക്കണം ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്.
അങ്ങനെവരുമ്പോള്‍ മലപ്പുറം ജില്ലയിലെ ആതവനാട് സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിച്ചിട്ടുള്ള ‘സംയോജിത പുനരധിവാസ ഗ്രാമം’ ഉള്‍ച്ചേര്‍ക്കല്‍ എന്ന ശാസ്ത്രീയമായ കാഴ്ചപ്പാടിനോട് നീതിപുലര്‍ത്തുന്നതാണോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.
പിന്നാക്കം നിൽക്കുന്ന മേഖലകളിൽ പരിശീലനവും അറിവും തൊഴിൽവൈദഗ്ധ്യവും പകർന്നുനൽകി, സാമൂഹിക-സാമ്പത്തിക സ്വാശ്രയത്വത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്നു പറയപ്പെടുന്നു. അതിനായി ഒരു കുഞ്ഞിന്റെ ജനനം മുതൽ ജീവിതകാലം മുഴുവൻ ആവശ്യമായി വരുന്ന എല്ലാ പിന്തുണയും ഇവിടെ ലഭ്യമാക്കുമെന്നും തെറാപ്പി, കൗൺസിലിങ്, സർജിക്കൽ കറക്ഷന്‍, എന്നിവയോടൊപ്പം ദൈനംദിന കാര്യങ്ങളിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന സ്പെഷ്യൽ സ്കൂൾ കം വി.ടി.സി, ഷെൽറ്റേഡ് വർക്ക് ഷോപ്പുകൾ എന്നിവയുണ്ടാകുമെന്നും പറയുന്നു.
ചുരുക്കത്തില്‍ ഭിന്നശേഷിക്കാരായ മനുഷ്യരെ അവരുടേതുമാത്രമായ ഒരു തുരുത്തില്‍ എത്തിക്കുകയും സമൂഹത്തിന്റെ വൈപുല്യത്തിലേക്കും വൈവിധ്യത്തിലേക്കും പടരുവാനുള്ള സാധ്യതകളെ ഈ സംരംഭം കാര്യമായിത്തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 70 ശതമാനത്തോളം വകയിരുത്തിയിട്ടുള്ള ഒരു പദ്ധതി സാമൂഹീകരണം എന്ന ആശ്യത്തെ നിരാകരിക്കുന്നുവെന്നത് ആശാസ്യമാണോ?
എന്തുകൊണ്ട് സാമൂഹീകരണത്തിന് ഊന്നല്‍ നല്‍കണം?
ഭിന്നശേഷിയെ വ്യക്തിയുടെ മാത്രം പ്രശ്നമായി കാണാതെ, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നു കാണുന്നത്. സാമൂഹികവും ഭൗതികവും സാങ്കേതികവും ആശയവിനിമയപരവുമായ തടസ്സങ്ങൾ നീക്കം ചെയ്താൽ ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ മറ്റുള്ളവരെപ്പോലെ തുല്യമായി പങ്കെടുക്കാൻ കഴിയുമെന്ന് ആധുനിക സമീപനം വ്യക്തമാക്കുന്നു.
ഭിന്നശേഷിയുടെ കാരണം വ്യക്തിയുടെ ശരീരത്തിലോ മനസ്സിലോ ഉള്ള പരിമിതിയാണെന്നാണ് പരമ്പരാഗത മെഡിക്കൽ മാതൃകയിൽ കരുതിപ്പോന്നിരുന്നത്. അതിനാൽ ചികിത്സ, പുനരധിവാസം, പ്രത്യേക പരിശീലനം എന്നിവയ്ക്കാണ് ഊന്നൽ നല്‍കിപ്പോന്നിരുന്നു. ഇതിന് വിപരീതമായി സാമൂഹിക മാതൃക പറയുന്നത്, വ്യക്തിയുടെ പരിമിതി മാത്രമല്ല, സമൂഹം സൃഷ്ടിക്കുന്ന തടസ്സങ്ങളും അതിന്റെ പ്രധാന കാരണമാണെന്നാണ്. ഉദാഹരണത്തിന്, വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്തത് അയാളുടെ ശാരീരികാവസ്ഥകൊണ്ടല്ല; കെട്ടിടത്തിൽ റാമ്പ്, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ല എന്ന സാമൂഹിക തടസ്സംകൊണ്ടാണ്. അതുകൊണ്ട് വ്യക്തിയെ മാറ്റുന്നതിനേക്കാൾ സമൂഹത്തിലെ തടസ്സങ്ങൾ മാറ്റുക എന്നതാണ് ആധുനിക ഭിന്നശേഷി ഉൾച്ചേർക്കൽ (disability inclusion) സമീപനത്തിന്റെ അടിത്തറ.
ഭിന്നശേഷിക്കരനായ വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും സ്വയംനിർണ്ണയവും വിവേചനരഹിതമായ ജീവിതവും സമൂഹത്തിലെ പൂർണ്ണ പങ്കാളിത്തവും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ ( Convention on the Rights of Persons with Disabilities-CRPD) ഊന്നിപ്പറയുന്നു. ഈ സമീപനത്തിൽ ഭിന്നശേഷിക്കാരെ “സഹായം ആവശ്യമുള്ളവർ” എന്ന ഒറ്റ തിരിച്ചറിയലിൽ ഒതുക്കുന്നില്ല; അവർ അവകാശങ്ങളുള്ള പൗരന്മാരും സമൂഹത്തിന്റെ സജീവ അംഗങ്ങളുമാണ്.
കുടുംബജീവിതം, വിദ്യാഭ്യാസം, സൗഹൃദങ്ങൾ, തൊഴിൽ, കലയും സാഹിത്യവും, കായികം, വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ, മത-സാമൂഹിക പരിപാടികൾ, പൊതുജീവിതം, രാഷ്ട്രീയ പങ്കാളിത്തം, ഡിജിറ്റൽ സമൂഹത്തിലെ പങ്കാളിത്തം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കാനുള്ള അവസരമൊരുക്കലാണ് സാമൂഹിക ഉൾച്ചേർക്കൽ.
ഭരണകൂടത്തിന്റെ ഇടപെടല്‍ എങ്ങനെയുള്ളതായിരിക്കണം, എന്തിനുള്ളതായിരിക്കണം?
ഹൊ, ഭിന്നശേഷിക്കര്‍ക്കായി സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നു! എന്ന് ഒറ്റനോട്ടത്തില്‍ ആശ്ചര്യപ്പെടാന്‍ സാഹചര്യമൊരുക്കുന്ന പദ്ധതികളല്ല ഒരു ഭരണകൂടം ഈ മേഖലയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടത്. മറിച്ച്, അവ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായ കാഴ്ചപ്പാടോടെയും ഈ മേഖലയിലെ ലോകോത്തരമായ പുത്തന്‍ സമീപനങ്ങളുടെയും അടിസ്ഥാനത്തിലും തയ്യാറാക്കിയവ ആയിരിക്കണം.
സാര്‍വ്വത്രിക രൂപകല്പന (universal design): എല്ലാവർക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഒരു കെട്ടിടമോ സേവനമോ സാങ്കേതിക സംവിധാനമോ ആദ്യം മുതൽ രൂപകൽപ്പന ചെയ്യുന്നതിനായി നിര്‍ദ്ദേശിക്കുന്ന സാര്‍വ്വത്രിക രൂപകല്പന എന്ന ആശയത്തിന് ഊന്നല്‍ നല്കണം. ഉദാഹരണത്തിന്, വീൽചെയർ ഉപയോഗിക്കുന്നവർക്കായി മാത്രം പിന്നീട് റാമ്പ് കൂട്ടിച്ചേർക്കുന്നതിനു പകരം, കെട്ടിടം രൂപകൽപ്പന ചെയ്യുന്ന ഘട്ടം മുതൽ തന്നെ എല്ലാവർക്കും പ്രാപ്യമായ പ്രവേശനം ഉറപ്പാക്കുക.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തല്‍ (Assistive Technology) : വീൽചെയറുകൾ, ശ്രവണസഹായികള്‍, ആശയവിനിമയ ഉപകരണങ്ങള്‍, സ്പീച്ച് ടു ടെക്സ്റ്റ് സംവിധാനങ്ങൾ, ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനങ്ങൾ തുടങ്ങിയവ വ്യക്തിയുടെ വിദ്യാഭ്യാസം, തൊഴിൽ, ആശയവിനിമയം, സാമൂഹികബന്ധങ്ങൾ എന്നിവ കൂടുതൽ സ്വതന്ത്രമാക്കുന്നു. ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തം വിപുലപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന സാങ്കേതികവിദ്യയുടെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കണം.
തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും : സാമൂഹിക ഉൾച്ചേർക്കലിന് തൊഴിൽ വളരെ പ്രധാനമാണ്. അതിനാൽ തുല്യതൊഴിലവസരങ്ങൾ, വിവേചനരഹിതമായ നിയമനം, തുല്യവേതനം, സംരംഭകത്വത്തിനുള്ള പിന്തുണ, തൊഴിൽലിടങ്ങളിലെ പ്രവേശനക്ഷമത (accessibility) തുടങ്ങിയവ ഉറപ്പുവരുത്താന്‍ കഴിയണം.
ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം (inclusive education) : വിദ്യാഭ്യാസത്തിലെ ഉള്‍ച്ചേര്‍ക്കല്‍ ഇന്നും പൂര്‍ണമായി ലക്ഷ്യം കൈവരിച്ചിട്ടില്ല. ഈ മേഖലയില്‍ പരിമിതികള്‍ ഏറെയാണ്. നല്ലൊരു വിഭാഗം അധ്യാപകരും രക്ഷാകര്‍തൃസമൂഹവും ഈ സമീപനത്തെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തെ മാറ്റുന്നതിനുള്ള ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. പ്രവേശനക്ഷമമായ കെട്ടിടങ്ങൾ, റാമ്പും ലിഫ്റ്റും ബ്രെയിൽ– ഓഡിയോ പഠനസാമഗ്രികൾ, ആംഗ്യഭാഷ ഉൾപ്പെടെയുള്ള ആശയവിനിമയ പിന്തുണ, വ്യക്തിഗത പഠനപിന്തുണ, പരിശീലനം നേടിയ അധ്യാപകർ, ആവശ്യാനുസൃതമായ മൂല്യനിർണയരീതികൾ തുടങ്ങിയവ ഉറപ്പാക്കുന്നതിന് ഊന്നല്‍ നല്കണം.
വകുപ്പുകളുടെ ഏകോപനം : കേരളത്തിൽ പൊതുവിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പോലുള്ള മേഖലകളിലെ പങ്കാളിത്തവും പുനരധിവാസ പ്രവർത്തനങ്ങളും ഭിന്നശേഷിക്കാരുടെ സാമൂഹീകരണത്തിലും പുരോഗതിയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം സാധ്യതകളെ വിപുലീകരിക്കുകയും വര്‍ധിപ്പിക്കുകയുമാണ് വേണ്ടത്. അതിന് സാമൂഹ്യനീതി വകുപ്പ് മാത്രം വിചാരിച്ചാല്‍പോര. സാധ്യതകളുള്ള എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ളതും ഓരോ വകുപ്പിന്റെയും തനതായതുമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.
അടിസ്ഥാനപരമായ ഇത്തരം വസ്തുതകളെയെല്ലാം നിരാകരിച്ച്, ഭിന്നശേഷിക്കാരായ മനുഷ്യരെ ഒരു 'പ്രത്യക ഗ്രാമ'മൊരുക്കി ശാക്തീകരിക്കാന്‍ ശ്രമിക്കുന്നത് അവസരനിഷേധവും ഒപ്പം, മനുഷ്യാവകാശ നിഷേധവുമാണ്.
Rehabilitation of persons with disabilities should not mean placing them in isolated, segregated spaces, but enabling their full participation in the wider community. It questions whether Kerala’s proposed Integrated Rehabilitation Village at Athavanad in Malappuram is consistent with the principles of social inclusion. While the project aims to provide lifelong support, therapy, counselling, education, vocational training and sheltered employment, the article warns that concentrating persons with disabilities in a separate “village” could restrict their opportunities to interact and participate in mainstream society. Drawing on the social model of disability and the UN Convention on the Rights of Persons with Disabilities (CRPD), the article stresses that disability is shaped not only by individual impairments but also by physical, social, technological and communication barriers. It calls for policies centred on universal design, assistive technology, inclusive education, equal employment opportunities, accessibility and coordination among government departments. The article concludes that meaningful rehabilitation should focus on socialisation, inclusion, autonomy and equal participation, rather than segregation.