Opinion

ഭിന്നശേഷിക്കാർ എവിടെയാണു ജീവിക്കേണ്ടത്?

"ഡിസബിലിറ്റി വില്ലേജ് 'എന്ന ആശയം എന്തുകൊണ്ട് സ്വീകാര്യമാകുന്നു എന്നും എന്തു കൊണ്ട് സ്വീകാര്യമല്ല എന്നും ചർച്ച ചെയ്യേണ്ടതുണ്ട്.

ഡോ. അബ്ബാസ് അലി ടി കെ

ശാരീരികവും മാനസികവുമായ പരിമിതികളും പ്രയാസങ്ങളും അനുഭവിക്കുന്ന മനുഷ്യരെക്കുറിച്ചാണ്. ഇവർ എവിടെ ആർക്കൊപ്പമാണു ജീവിക്കേണ്ടത്? പരിഹരിക്കാനാവാത്ത പരിമിതികൾ ഉണ്ടെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാൽപ്പിന്നെ അവർക്കാവശ്യമായ ചികിത്സ, പരിചരണം, തെറാപ്പികൾ, പരിശീലനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹ്യ ജീവിതാവസരങ്ങൾ എന്നിവ ഉറപ്പുവരുത്തേണ്ടത് ആരാണ് ? പ്രശ്‌നം അനുഭവിക്കുന്നവരുടെയോ അവരുടെ രക്ഷിതാക്കളുടെയോ മാത്രം ഉത്തരവാദിത്തമാണോ ഇതെല്ലാം ? പരിമിതികൾ ഉള്ള ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ വിഭിന്നമായിരിക്കെ, ഓരോഭിന്നശേഷിക്കാർക്കും അവരായി വളരാനും ജീവിക്കാനും അവകാശവും ആഗ്രഹവും ഉണ്ടെന്നിരിക്കെ ഭിന്നശേഷിക്കാരെയെല്ലാം ഒരു സ്ഥലത്ത് ഒരു സ്ഥാപനത്തിൽ ഒരു ഗ്രാമത്തിൽ താമസിപ്പിക്കുകയാണോ വേണ്ടത്?

"ഡിസബിലിറ്റി വില്ലേജ് 'എന്ന ആശയം എന്തുകൊണ്ട് സ്വീകാര്യമാകുന്നു എന്നും എന്തു കൊണ്ട് സ്വീകാര്യമല്ല എന്നും ചർച്ച ചെയ്യേണ്ടതുണ്ട്.

ഞങ്ങളുടെ കാലശേഷം മക്കൾക്കെന്തു സംഭവിക്കും എന്ന രക്ഷിതാക്കളുടെ ഭീതി അകറ്റാൻ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. നമ്മുടെ സാഹചര്യത്തിൽ ഗുരുതരമായ പ്രശ്നം അനുഭവിക്കുന്ന ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അച്‌ഛനും അമ്മയ്ക്കും ജീവിതാവസാനം വരെ പിന്നീട് ഒരുമിച്ച് എവിടെയും പോകാനാവാത്ത അവസ്ഥയാണ്

ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കാനും മറികടക്കാനും അവർക്കു നിരവധി വിദഗ്ധരുടെ സേവനങ്ങൾ ആവശ്യമുണ്ട്. ചെറിയ പ്രായത്തിൽ തന്നെയുള്ള വിദഗ്ധ പരിശോധന, ഡവലപ്മെൻ്റ് പ്ലാൻ തയ്യാറാക്കൽ, നിരന്തരമായ പിന്തുണയും പരിചരണവും വൈദ്യസേവനവും, അനുയോജ്യമായ തെറാപ്പികൾ, പരിശീലനങ്ങൾ, വിദ്യാഭ്യാസം എന്നിവയെല്ലാം യാഥാർത്ഥ്യമാകണമെങ്കിൽ നിരവധി സ്ഥാപനങ്ങളും സംവിധാനങ്ങളും വിദഗ്ധരും വേണം. ഇതൊന്നും ശരിയായ രീതിയിൽ ഉറപ്പുവരുത്താൻ നമുക്ക് കഴിയുന്നില്ല. എണ്ണിപ്പറഞ്ഞാൽ എല്ലാമുണ്ടെന്നു വാദിക്കാം. എന്നാൽ സാധാരണ മനുഷ്യർക്ക് അനുയോജ്യമായ രീതിയിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ നമുക്കു സാധിക്കുന്നില്ല എന്നതാണു യാഥാർത്ഥ്യം. ഞങ്ങളുടെ കാലശേഷം മക്കൾക്കെന്തു സംഭവിക്കും എന്ന രക്ഷിതാക്കളുടെ ഭീതി അകറ്റാൻ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. നമ്മുടെ സാഹചര്യത്തിൽ ഗുരുതരമായ പ്രശ്നം അനുഭവിക്കുന്ന ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അച്‌ഛനും അമ്മയ്ക്കും ജീവിതാവസാനം വരെ പിന്നീട് ഒരുമിച്ച് എവിടെയും പോകാനാവാത്ത അവസ്ഥയാണ്. കുഞ്ഞിനെ ആരെ ഏൽപ്പിച്ചു പോകും?

പരിമിതികൾ അനുഭവിക്കുന്ന കുഞ്ഞിനെയും കൊണ്ട് പൊതുസ്ഥലത്തു വരുന്നവർക്കു നേരെയുള്ള നമ്മുടെ തുറിച്ചു നോട്ടങ്ങളും കമൻ്റുകളും ഇപ്പോഴും ഇല്ലാതായിട്ടില്ല.

ഇത്തരത്തിൽ ദുരിതപൂർണമായ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ ഇതിനൊക്കെ പരിഹാരം ലഭിക്കുന്ന ഒരു ഡിസബിലിറ്റി വില്ലേജിനെ പല രക്ഷിതാക്കളും സ്വപ്നം കാണുന്നുണ്ട്. പരിമിതികൾ അനുഭവിക്കുന്ന കുട്ടികളുമായി അവിടെ രക്ഷിതാക്കൾക്കു താമസിക്കാം. എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിനാൽ കുട്ടികൾക്ക് അവിടെ സുരക്ഷിതരായി വളരാം. രക്ഷിതാക്കൾക്ക് മനസ്സമാധാനത്തോടെ ജീവിക്കാം.

സമാനദുഃഖിതരുടെ ഒരു കമ്മ്യൂണിറ്റി എന്ന രീതിയിൽ പരസ്പരം സഹകരിച്ചു കൊണ്ട് പ്രശ്നങ്ങളെ ലഘൂകരിക്കാം എന്നിങ്ങനെയാണ് നാം സ്വപ്നം കാണുന്നത്.

രക്ഷിതാക്കളുടെ മുൻകൈയോടെ സ്ഥാപിതമായ കമ്മ്യൂണിറ്റി ലിവിംഗ് സംരംഭങ്ങൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. എന്നാൽ കുട്ടിയുടെയോ രക്ഷിതാവിൻ്റെയോ പ്രശ്‌നങ്ങൾ അവിടെ പരിഹൃതമാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.

നാം ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്

1. ഡിസബിലിറ്റി വില്ലേജ്, ഡിസബിലിറ്റി കമ്മ്യൂണിറ്റി ലിവിംഗ് തുടങ്ങിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതു പ്രാവർത്തികമാക്കാനായി പരിശ്രമിക്കുകയും അതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്?

ഇതിനകത്തുള്ള സാമൂഹ്യവും മനഃശാസ്‌ത്രപരവും മാനവികവുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന നമുക്ക് പ്രായോഗികമായി മറ്റെന്തു ബദലാണ് അവതരിപ്പിക്കാനുള്ളത്?

2. ഭിന്നശേഷിക്കാർക്കായി നിരവധി നിയമങ്ങളും സ്ഥാപനങ്ങളും സൗജന്യങ്ങളും പരിപാടികളും ആവിഷ്കരിച്ചിട്ടും ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്രയിക്കാവുന്ന ചികിത്സാ, തെറാപ്പി, വിദ്യാഭ്യാസ, തൊഴിൽ, ജീവിത സൗകര്യങ്ങൾ എന്തുകൊണ്ട് നമുക്ക് ഉറപ്പുവരുത്താൻ കഴിയുന്നില്ല.?

ഇതര രാജ്യങ്ങളുടെ മാതൃകകൾ എന്തുകൊണ്ടു നാം സ്വീകരിക്കുന്നില്ല? സേവനങ്ങൾക്കും സൗജന്യങ്ങൾക്കുമായി രക്ഷാകർതൃ സമൂഹം പലവിധ പരിശ്രമങ്ങൾ നടത്തിയിട്ടും അവരുടെ ജനാധിപത്യപരവും മാനുഷികവുമായ ആവശ്യങ്ങളെ എന്തു കൊണ്ടു നാം പരിഗണിക്കുന്നില്ല?

ഇതെല്ലാം പരിഹരിക്കാനുള്ള മാർഗം ഡിസബിലിറ്റി വില്ലേജ് പോലെയുള്ള "എക്സ്ക്ലൂസീവ് കമ്മ്യൂണിറ്റി ലിവിങ് 'ആണോ?

3. കുട്ടികൾ അനുഭവിക്കുന്ന പരിമിതികളും രക്ഷിതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളും നിയമത്തിൽ പറയുന്ന 21 വിഭാഗമായി മാത്രം തിരിക്കാവുന്നതല്ല. ബഹുവിധ പരിമിതികളും അവയുടെ സങ്കീർണമായ അവസ്ഥകളും അനുഭവിക്കുന്ന കുട്ടികൾ /വ്യക്തികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും സമൂഹവും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവശ്യമായ സർവ്വ സജ്ജീകരണങ്ങളും ഡിസബിലിറ്റി വില്ലേജിൽ ഉണ്ടാവുമോ?

പ്രാദേശികമായ ഇടപെടൽ വഴി ചെറിയ തോതിലെങ്കിലും പ്രശ്‌ന പരിഹാരത്തിനായി ആത്മാർത്ഥ പരിശ്രമം നടത്താത്ത നാം ഒന്നോ രണ്ടോ ഡിസബിലിറ്റി വില്ലേജിനെ മാതൃകാ സംവിധാനമായി വളർത്തിക്കൊണ്ടുവരുമോ ? 5 ഏക്കറിലുള്ള ഒരു സ്ഥാപനത്തിന് എത്ര ഡിസബിലിറ്റിക്കാരെയും കുടുംബത്തെയും ഉൾക്കൊള്ളാൻ കഴിയും.? എത്ര കാലം ? പോരായ്മകൾ പരിഹരിച്ചു കൊണ്ട് ഭാവിയിൽ എല്ലാ ജില്ലയിലും മണ്ഡലത്തിലും പഞ്ചായത്തിലും ഇത്തരം മാതൃകാ സ്ഥാപനങ്ങൾ ഉണ്ടായി വരിക എന്നതു നാം സ്വപ്നം കാണുന്നുണ്ടോ? അതിനാവശ്യമായ വിദഗ്ധരെ നാം വളർത്തിയെടുക്കുമോ?

4. ഡിസബിലിറ്റി വില്ലേജിൽ ആരൊക്കെയാണ് താമസിക്കുക?

ഡിസബിലിറ്റിക്കാരെ മാത്രമായി റസിഡൻഷ്യൽ രീതിയിൽ പരിചരിക്കാൻ കഴിയുമോ?

രക്ഷിതാക്കൾ ജോലി ഒഴിവാക്കി കുട്ടികളുടെ കൂടെ നിൽക്കുമോ? സഹോദരങ്ങളെ എന്തു ചെയ്യും?

ഈ രക്ഷിതാക്കൾക്കു വയസ്സാവുകയും രോഗബാധിതരാവുകയും ചെയ്യുമ്പോൾ എന്തു ചെയ്യും?

ഇതൊന്നും സാങ്കൽപിക ചോദ്യങ്ങളല്ല. കേരളത്തിൽ രക്ഷിതാക്കളുടെ കമ്മ്യൂണിറ്റി ലിവിംഗ് സംരംഭങ്ങളിൽ നിന്നുയരുന്ന ആലോചനകളാണ്.

5. ഉൾച്ചേർന്ന വിദ്യാഭ്യാസം, ഉൾച്ചേർന്ന ജീവിതം, സാധ്യമായത്രയും തൊഴിൽ പരിശീലനം ,കുടുംബ / സാമൂഹ്യ ജീവിതം എന്നിങ്ങനെയല്ലേ പരിമിതിയുള്ളവർക്കും അവസരങ്ങൾ നൽകേണ്ടത്.?

ഡിസബിലിറ്റിയുള്ളവരും അവരുടെ രക്ഷിതാക്കളും മറ്റൊരു കമ്മ്യൂണിറ്റിയാണോ?

അത്തരത്തിലുള്ള ഒരു ഒളിച്ചോട്ടം ആരുടെ പരിഹാരനിർദ്ദേശമാണ് ? ഇതു ഭിന്നശേഷിക്കാർ ആഗ്രഹിക്കുന്നുണ്ടോ?

ഭിന്നശേഷി അവസ്ഥയുടെപ്രതിരോധം, ശരിയായ കണ്ടെത്തൽ, ശാസ്‌ത്രീയ പരിചരണം, തുടർച്ചയായ പിന്തുണ, സാമൂഹ്യ അവബോധം, രക്ഷാകർത്താക്കളെ സഹായിക്കൽ, ശരിയായ ചികിത്സയും തെറാപ്പിയും മരുന്നും സഹായക ഉപകരണങ്ങളും, വിദ്യാഭ്യാസം, യാത്ര, തൊഴിൽ ,വിനോദം, സാമുഹ്യ ജീവിതം, സ്വന്തമായ വരുമാനം, സ്വാശ്രയത്വവും അഭിമാനബോധവും വളർത്തൽ, കഴിവുകൾ അഭിരുചികൾ എന്നിവ വളർത്തിയെടുക്കാൻ അവസരം, ലൈംഗിക വിദ്യാഭ്യാസം, കുടുംബജീവിത സാധ്യതകൾ ഒരുക്കൽ, എന്നിങ്ങനെ സമഗ്രവും ശാസ്‌ത്രീയവുമായ പിന്തുണയൊരുക്കുകയല്ലേ വേണ്ടത്? അതിനായുള്ള ഉത്തരവാദിത്തം പ്രാദേശിക സർക്കാരുകളെ ഏൽപ്പിക്കുന്നതല്ലേ കൂടുതൽ ഗുണകരവും പ്രായോഗികവുമാവുക?

ആശയക്കുഴപ്പങ്ങൾ പലവിധം

ഏതെങ്കിലും ഒരു ശരിയെ മാത്രം പിൻപറ്റിയാൽ പ്രശ്‌ന പരിഹാരം സാധ്യമാവണം എന്നില്ല. എന്നാൽ നാം എടുക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്ന പരിപാടികളും നിരന്തരം വിശകലന വിധേയമാക്കി മാത്രമേ കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ

The article explores the rights, needs and social inclusion of people living with physical and intellectual disabilities. It raises important questions about who should be responsible for ensuring access to medical care, therapy, rehabilitation, education, training, employment and opportunities for social participation. It also challenges the idea that the responsibility should fall solely on individuals with disabilities or their families. Since every person with a disability has different needs, abilities and aspirations, the article questions whether placing all people with disabilities in institutions or segregated communities is the right approach, and highlights their right to live, grow and participate in society on their own terms.