Opinion

ജനാധിപത്യവാദിയാണ് ഞാന്‍ അതിനാല്‍ കുട്ടികള്‍ക്കൊപ്പവുമാണ്

"അധ്യാപികയെന്ന നിലയിലും പൗരിയെന്ന നിലയിലും ജനാധിപത്യവാദിയായ കേരളസ്‌നേഹി എന്ന നിലയിലും ഞാന്‍ സംഘടിതമായ ഭരണാധികാരത്തിന്റെ നോട്ടപ്പുള്ളികളായി തീര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്".

J. Devika

എന്റെ സ്വന്തം വിദ്യാര്‍ഥികാല അനുഭവങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടു ദശകത്തിലധികമുള്ള എന്റെ അധ്യാപനജീവിതത്തില്‍ നിന്നും തിരിച്ചറിഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമിതാണ്; വിദ്യാര്‍ഥി ജീവിതമെന്നാല്‍ അധികാരത്തിന് നേര്‍ക്കുനേര്‍ വന്ന്, നിവര്‍ന്നുനിന്ന്, ഭയരഹിതമായി ചോദ്യം ചോദിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കാലമാണ്. ഒരേസമയം ജനാധിപത്യപൗരത്വത്തിനായുള്ള അഭ്യസനവും ബൗദ്ധികമായ മുന്നേറ്റങ്ങള്‍ക്ക് അനിവാര്യമായ വിമര്‍ശനപാടവവും നാം വളര്‍ത്തിയെടുക്കുന്നത് ഇങ്ങനെയാണ്.

ഈ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വലിയ തെറ്റുകള്‍ പറ്റാനിടയുണ്ട്, അബദ്ധങ്ങള്‍ പിണയാറുണ്ട്, മുമ്പ് ശരി എന്നു തോന്നിയ നിലപാടുകളെ തിരിഞ്ഞുനോക്കി പരിശോധിക്കുമ്പോള്‍ അവ തെറ്റായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിശ്വസിക്കുന്നത്. ആ സ്വാതന്ത്ര്യത്തെ വിനിയോഗിച്ചുകൊണ്ടാണ് ലോകം മുഴുവനും പണ്ടും ഇന്നും വിദ്യാര്‍ഥികള്‍ സമരങ്ങളിലൂടെ സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയായി ഉയര്‍ന്നിട്ടുള്ളത്. ഇന്ത്യയിലെ ഭൂതവര്‍ത്തമാനങ്ങളുടെയും സ്ഥിതി മറിച്ചല്ല. അതുകൊണ്ടുതന്നെ അധ്യാപികയെന്ന നിലയിലും പൗരിയെന്ന നിലയിലും ജനാധിപത്യവാദിയായ കേരളസ്‌നേഹി എന്ന നിലയിലും ഞാന്‍ സംഘടിതമായ ഭരണാധികാരത്തിന്റെ നോട്ടപ്പുള്ളികളായി തീര്‍ന്നിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്.

ഇതിന്റെയര്‍ത്ഥം പ്രബല വിദ്യാര്‍ഥി സംഘടനകളെ ഞാന്‍ വിമര്‍ശിച്ചിട്ടേയില്ല എന്നല്ല. രാഷ്ട്രീയകക്ഷികള്‍ അധികാരത്തിലെത്തുമ്പോള്‍ അവയെ ബാധിക്കാറുള്ള സ്വാധികാരഭ്രമം അവയുടെ വിദ്യാര്‍ഥി സംഘടനകളെയും ബാധിക്കാറുണ്ടെന്നതാണ് സങ്കടകരമായ സത്യം. വിദ്യാര്‍ഥി സംഘടനകളുടെ സ്വതന്ത്രപ്രവര്‍ത്തനത്തെ സാധ്യമാക്കുന്ന സാഹചര്യങ്ങളെപ്പറ്റി നാം പഠിക്കേണ്ടതുമാണ്, അത് ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ മുഖ്യ ലക്ഷ്യമാകേണ്ടതുമാണ്. സിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയില്‍ ശുഭകരമായ ലക്ഷണവുമാണ്. സ്വതന്ത്രമായ വിദ്യാര്‍ഥി പ്രവര്‍ത്തനത്തിന്റെ സമര സംസ്‌കാരവും വിദ്യാര്‍ഥികളുടെ അവശ്യം നടത്താന്‍ ഗുണാത്മകമായ ഇടപെടലുകള്‍ ഏതുവിധമാകണമെന്ന പാഠവും സിജെപിയിലൂടെ രാജ്യത്തിലാകമാനമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് കിട്ടുന്നുമുണ്ട്.

എന്നാല്‍, ഈ ശുഭസൂചനകളെ മുന്നില്‍ക്കണ്ട് വിദ്യാര്‍ഥി പ്രവര്‍ത്തനത്തോടുള്ള സമീപനം മാറ്റാന്‍, ജനാധിപത്യ പുനഃസ്ഥാപനത്തിനായി പോരാടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് സങ്കടകരം മാത്രമല്ല, പ്രതിഷേധാര്‍ഹം തന്നെയാണ്. മന്ത്രി റോജി ജോണിനോട് സ്‌നേഹബഹുമാനങ്ങള്‍ക്ക് ഒട്ടുംകുറവില്ലാതെതന്നെ ഞാന്‍ പറയുന്നു; വിദ്യാര്‍ഥി ജീവിതത്തിന്റെ പ്രാധാന്യത്തെ താങ്കള്‍ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഈ നിര്‍ണായക നിമിഷത്തില്‍ ദയവായി തിരിച്ചറിയണം.

ഒരുപക്ഷേ താങ്കള്‍ മറുചോദ്യം ചോദിക്കും, കേരളത്തിലെ പ്രബല വിദ്യാര്‍ഥി സംഘടനകള്‍ ആ നിമിഷത്തെ തിരിച്ചറിയുന്നില്ലല്ലോ എന്ന്. ശരിയാണ്, കേരളത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ തീരാത്ത പോരും പരസ്പരഹിംസയും നമ്മെ വല്ലാതെ നാണിപ്പിക്കുന്നുണ്ട്. പക്ഷേ, ഭരണകൂടശക്തി ഉപയോഗിച്ച്, ഹിന്ദുത്വഭരണകൂടത്തിന്റെ ദണ്ഡനീതിസ്വഭാവമുള്ള വാശിയോടെ പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെ സഹായിക്കുംവിധം പലതരം സാമൂഹ്യവെല്ലുവിളികളെ അതിജീവിച്ച് ഉന്നതവിദ്യാഭ്യാസത്തിലേക്കും പൗരത്വത്തിലേക്കും എത്തിച്ചേര്‍ന്നവരായ വിദ്യാര്‍ഥികളെ ശിക്ഷിക്കാനുള്ള ന്യായമാകുന്നില്ല അത്. ഹിന്ദുത്വബന്ധങ്ങള്‍ പുലര്‍ത്തുന്നവര്‍ കേരള സ്‌നേഹികളല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

വിദ്യാര്‍ഥികളുടെ ചെയ്തികള്‍ അത്രയൊന്നും രുചികരമല്ലായിരുന്നെന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും. ആ അഭിപ്രായം വച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ടുതാനും. പക്ഷേ, ഇവിടുത്തെ സര്‍വകലാശാലകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികള്‍ ഒരുപക്ഷേ അവര്‍ അറിയാതെതന്നെ കേരള സ്‌നേഹികളാകുന്നുണ്ട്. സംഘടനകളുടെ കുറ്റങ്ങള്‍ക്ക് വ്യക്തികളെ ബലിയാടുകളാക്കുന്ന പ്രതികാര സംസ്‌കാരത്തെ പുറന്തള്ളുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ബഹുഭൂരിപക്ഷം മലയാളികളും താങ്കളുടെ കക്ഷിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തലവന്‍ ആര്‍ജിക്കേണ്ട മനോനില, മുതിര്‍ന്ന പ്രായക്കാരായ വിദ്യാര്‍ഥികളെ അറിവിലേക്കും പൗരത്വത്തിന്റെ നിറവിലേക്കും വഴികാട്ടുന്ന തഴക്കം വന്ന അധ്യാപികയുടേതാണ്. അതില്‍ പ്രതികാരഭാവത്തിന് സ്ഥാനമേയില്ല. കോടതി തീരുമാനം അന്തിമമെന്നും സാങ്കേതിക കാരണങ്ങളുണ്ടെന്നും ദയവായി പറയരുത്. താങ്കളുടെ കക്ഷി കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ക്കുതന്ന പ്രത്യാശ പാഴായി എന്നുകരുതാന്‍ ദയവായി ഇടവരുത്തരുത്.

The writer argues that student life is a crucial period for learning to question authority, express dissent and develop democratic values. Drawing on personal experiences as a student and more than two decades of teaching, the author says that students must have the freedom to protest, make mistakes, reconsider their positions and act as a corrective force in society. While acknowledging that powerful student organisations are not free from authoritarian tendencies, the writer highlights the importance of independent student movements and points to CJP's activities as a positive example of democratic student engagement.