Opinion

ഗോഡ്സെയല്ല, പട്ടേലാണ് അവരുടെ രാഷ്‌ട്രപിതാവ്, ഹേ റാം !

ഗാന്ധി വധത്തിന്റെ ഉത്തരവാദി ആഭ്യന്തര മന്ത്രിയാണെന്ന് ജയപ്രകാശ് നാരായണൻ പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. ആരോപണങ്ങൾ തന്നിലേക്ക് നീളുന്നത് കണ്ട് ഗതികെട്ടാണ് പട്ടേലന്ന് ആര്‍എസ്എസിനെ പേരിന് നിരോധിച്ചത്

ലിജീഷ് കുമാർ

1947, ഹിന്ദു – മുസ്ലിം വര്‍ഗീയത അതിന്റെ ഭീകരമുഖം കാട്ടിയ വിഭജനകാലം. ലക്ഷക്കണക്കിന് മനുഷ്യർ അതിര്‍ത്തിയിലും രാജ്യത്തൊട്ടാകെയുമായി പിടഞ്ഞുമരിച്ച കലാപകാലത്ത് സർദാർ വല്ലഭായ് പട്ടേൽ ആഭ്യന്തരമന്ത്രിയാണ്. വിഭജനത്തിന് ശേഷം മുസ്ലീങ്ങള്‍ നഗരങ്ങളില്‍ ഇറങ്ങുന്നതിലുള്ള തന്റെ പ്രതിഷേധം സർദാർജി അന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട്. കലാപകാരികൾക്ക് അതൊക്കെ പകർന്ന ഊർജമെത്രയാവും എന്നതിനെക്കുറിച്ച് കണക്കില്ലാത്ത മരണങ്ങളുടെയും തീവെപ്പിന്റെയും ചരിത്രം സംസാരിക്കും. അങ്ങനെ ദുരിതമൊടുങ്ങാത്ത അഞ്ച് മാസങ്ങൾക്ക് ശേഷമാണ് 1948 ജനുവരി 12ന് ഗാന്ധിജിയുടെ വിവാദ നിരാഹാരം. നിരാഹാര പ്രഖ്യാപനം ആഭ്യന്തരമന്ത്രിയുടെ വീഴ്ചയായി ചരിത്രം വിധിക്കുമെന്ന് പട്ടേലിനറിയാമായിരുന്നു. പട്ടേലുമായി നടന്ന വാഗ്വാദങ്ങൾക്കൊടുവിലും ഗാന്ധി നിരാഹാരത്തിലേക്ക് തന്നെ നീങ്ങി. ഗാന്ധിയോട് പട്ടേൽ രൂക്ഷമായി കയർക്കുകയും തട്ടിക്കയറുകയും ചെയ്യുന്നത് കണ്ട് അന്ന് താനും നെഹ്റുവും നടുങ്ങിപ്പോയെന്ന് ആസാദ് എഴുതിയിട്ടുണ്ട്.

നമ്മളിരുതോണിയിലിരുന്ന് തുഴയേണ്ടവരല്ല എന്നു പറഞ്ഞ് ഹിന്ദു മഹാസഭയെയും ആര്‍ എസ് എസിനേയും കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ട് പട്ടേൽ

രണ്ട് ലക്ഷത്തോളം വരുന്ന ഹിന്ദു – സിഖ് വിശ്വാസികള്‍ ഒത്തുചേര്‍ന്ന് മുസ്ലിങ്ങളെ ഇനി കൊന്നൊടുക്കില്ലെന്നും അഭയാര്‍ഥികളായി തെരുവില്‍ കഴിയുന്നവരെ അവരുടെ വീടുകളിൽ തിരികെയെത്തെിക്കുമെന്നും ഉറപ്പുനല്‍കിയ ശേഷമാണ് മൗലാനാ ആസാദ് നല്‍കിയ നാരങ്ങാനീര് കുടിച്ച് ഗാന്ധി നിരാഹാരം അവസാനിപ്പിച്ചത്. വൈകാതെ തന്നെ ആ മാസം 30 ന് അദ്ദേഹം വെടിയേറ്റു മരിച്ചു.

ഗാന്ധി വധത്തിന്റെ ഉത്തരവാദി ആഭ്യന്തര മന്ത്രിയാണെന്ന് ജയപ്രകാശ് നാരായണൻ പോലും പരസ്യമായി പറഞ്ഞിട്ടുണ്ട്. ആരോപണങ്ങൾ തന്നിലേക്ക് നീളുന്നത് കണ്ട് ഗതികെട്ടാണ് പട്ടേലന്ന് ആര്‍.എസ്.എസിനെ പേരിന് നിരോധിച്ചത്. വളരെ പെട്ടന്ന് തന്നെ ചില ഉറപ്പുകളുടെ മറവില്‍ ആർ.എസ്.എസിന് മേലുള്ള നിരോധനം അയാൾ നീക്കിക്കൊടുത്തു. കോണ്‍ഗ്രസ്സിനകത്ത് ജീവിക്കുന്ന ആര്‍എസ്എസുകാരുടെ ചരിത്രം ആരംഭിക്കുന്നത് സര്‍ദാര്‍ പട്ടേലിലാണ്. നമ്മളിരുതോണിയിലിരുന്ന് തുഴയേണ്ടവരല്ല എന്നു പറഞ്ഞ് ഹിന്ദു മഹാസഭയെയും ആര്‍ എസ് എസിനേയും കോണ്‍ഗ്രസില്‍ ചേരാന്‍ ക്ഷണിച്ചിട്ടുണ്ട് പട്ടേൽ. ന്യൂനപക്ഷ സംരക്ഷണം ശഠിച്ചവരോട്, രണ്ടു തോണിയില്‍ കാലുവെയ്ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടുണ്ടയാൾ.

നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ചും അല്ലാതേയും ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ ചരിത്രം വിളമ്പാനല്ല നര്‍മദയുടെ തീരത്ത് 182 അടി ഉയരത്തിൽ മോദി പട്ടേലിന്റെ ഉരുക്കുപ്രതിമയുണ്ടാക്കിയത്. ഉപകാരസ്മരണയാണത്, കണക്ക് തീർക്കലാണത്. അധികാരത്തിൽ വന്നയുടൻ പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി ആചരിക്കാൻ നരേന്ദ്രമോദി എടുത്ത തീരുമാനം അതിൻ്റെയാണ്. ഗാന്ധിയല്ല, പട്ടേലാണ് ഞങ്ങളുടെ രാഷ്‌ട്രപിതാവ് എന്ന പ്രഖ്യാപനമാണത്. മരിച്ച് 68 വർഷങ്ങൾക്ക് ശേഷം 3000 കോടിക്ക് പട്ടേലിനെ സെറ്റിൽ ചെയ്തുകൊണ്ടാണ് ഗാന്ധി വധത്തിന്റെ അക്കൗണ്ട് ആർ.എസ്.എസ് ക്ലോസ് ചെയ്തത്. ആ പ്രതിമ വെറുമൊരു പ്രതിമയല്ല. വിശാല ഹിന്ദു ഐക്യമുന്നണിയുടെ സ്റ്റാച്യു ഓഫ് യൂണിറ്റിയാണ്. ഹേ റാം.

The passage looks back at the communal violence surrounding the Partition of India in 1947 and the tensions within the leadership of the newly independent country. It focuses on Sardar Vallabhbhai Patel’s position as Home Minister during the violence and his disagreements with Mahatma Gandhi over the treatment and safety of Muslims after Partition. Five months into the continuing crisis, Gandhi began his fast on January 12, 1948, despite Patel’s objections. The passage also recalls Maulana Abul Kalam Azad’s account of a tense exchange between Gandhi and Patel, which, according to Azad, deeply disturbed both him and Jawaharlal Nehru.