Opinion

ഞങ്ങൾക്ക് നിങ്ങളെ ഭയമില്ല

''ശരശയ്യയിലായ ഇന്ത്യയിലെ ജനാധിപത്യത്തിന് ഉയിർത്തെഴുന്നേൽപ്പ് സാധ്യമാണോയെന്ന സന്ദേഹം പൊതുവിൽ ഉയരുന്ന ഒരു കാലത്താണ് യുവാക്കൾ രംഗത്തെത്തി പുതിയൊരുണർവ് സാധ്യമാക്കിയിരിക്കുന്നത്,'' മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുടെ പശ്ചാത്തലത്തിൽ എൻ ഇ സുധീർ എഴുതുന്നു

N E Sudheer

ഒടുവിൽ  അത് സംഭവിച്ചു. പാറ്റകൾ വിജയിച്ചു. ഭയപ്പെടുത്തി ഭരിച്ചവർ പാറ്റകൾക്കു  മുൻപിൽ പരാജയം സമ്മതിച്ചു. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. 

അവർ ഭയന്നു, ഇന്ത്യയിലെ യുവജനങ്ങൾ ഉയർത്തിയ മഹാ പോരാട്ടത്തെ. 

ഇന്ത്യൻ ജനാധിപത്യം അപ്രതീക്ഷിതമായി  ഉയിർത്തെഴുന്നേൽക്കുകയാണോ? 

കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)  എന്ന പുതിയൊരു പ്രസ്ഥാനത്തിലൂടെ ഇന്ത്യയിലെ യുവാക്കൾ  തുടങ്ങിവെച്ച പ്രതിഷേധം  വലിയൊരു ജനാധിപത്യ മുന്നേറ്റമായി വളർന്നതോടെ ആ ചോദ്യം നമുക്കു മുന്നിലെത്തുകയാണ്. ദിവസങ്ങൾ കഴിയുന്തോറും പ്രതീക്ഷ വർധിക്കുകയാണ്. മന്ത്രിയുടെ രാജി ഒരു ചെറിയ കാര്യമല്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്നയിടത്താണു കുട്ടികൾ വിജയം നേടിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ രാഷട്രീയത്തിനു പുതിയൊരു ജീവൻ പകർന്നിരിക്കുന്നു. ഭരണകൂടം ഞെട്ടിയിരിക്കുന്നു. 

ഏതൊരു ജനാധിപത്യവാദിയിലും പ്രത്യാശയുണർത്തുന്ന പരീക്ഷണഘട്ടമാണിത്. ഇന്ത്യയിലെ ജനാധിപത്യം ശരാശയ്യയിലായിട്ട് പന്ത്രണ്ടു വർഷം പിന്നിടുകയാണ്. അതിന് ഒരുയിർത്തെഴുന്നേൽപ്പ് സാധ്യമാണോയെന്ന സന്ദേഹം പൊതുവിൽ ഉയരുന്ന ഒരു കാലത്താണ് യുവാക്കൾ രംഗത്തെത്തി പുതിയൊരുണർവ് സാധ്യമാക്കിയിരിക്കുന്നത്
എൻ ഇ സുധീർ

കുറച്ചുദിവസങ്ങളായി ദിവസമായി ഡൽഹിയിൽ അരങ്ങേറിയ ജനകീയ പ്രതിഷേധം നരേന്ദ്രമോദിയുടെ സർക്കാരിനെ തീർത്തും അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുവാക്കളുടെ സമരമുഖത്തേക്കു പ്രതിപക്ഷ പാർട്ടികളെല്ലാം സ്വമേധയാ കടന്നു വരാൻ നിർബന്ധിതമായതോടെ  പോരാട്ടം കനക്കുകയായി. ജൂലൈ 21 നു ഡൽഹിയിൽ അരങ്ങേറിയ പൊലീസ് അക്രമം ഈ സർക്കാരിന്റെ അധികാര ധാർഷ്ട്യത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യപ്പെടുത്തലായിരുന്നു. രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വരെ പൊലീസ് ബലപ്രയോഗത്തിനു വിധേയമാക്കുകയായുണ്ടായി. രാജ്യം ഏറെ ഞെട്ടലോടെയാണ് ആ സംഭവ വികാസങ്ങളെ നോക്കിക്കണ്ടത്. എന്നാൽ തുടർ ദിവസങ്ങളിൽ  രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തിക്കുന്ന നിലയിലേക്ക് അത് വളർന്നു.

ഏതൊരു ജനാധിപത്യവാദിയിലും പ്രത്യാശയുണർത്തുന്ന പരീക്ഷണഘട്ടമാണിത്. ഇന്ത്യയിലെ ജനാധിപത്യം ശരശയ്യയിലായിട്ട് പന്ത്രണ്ടു വർഷം പിന്നിടുകയാണ്. അതിന് ഒരുയിർത്തെഴുന്നേൽപ്പ് സാധ്യമാണോയെന്ന സന്ദേഹം പൊതുവിൽ ഉയരുന്ന ഒരു കാലത്താണ് യുവാക്കൾ രംഗത്തെത്തി പുതിയൊരുണർവ് സാധ്യമാക്കിയിരിക്കുന്നത്. അതിനെ, അല്പം വൈകിയാണെങ്കിലും പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം മനസ്സിലാക്കിയിരിക്കുന്നു, നമ്മുടെ യുവാക്കളുടെ ശക്തി രാജ്യം  തിരിച്ചറിയുകയാണ്.  യുവതയുടെ രാഷ്ട്രീയബോധം തീർത്തും വിസ്മയിപ്പിക്കുന്നതും. അവരുടെ ജനാധിപത്യ സങ്കല്പം തീർച്ചയായും പ്രതീക്ഷയ്ക്കു വക നൽകുന്നതുമാണ്. 

അതിശക്തരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻഭരണകൂടം അവരുടെ ആവനാഴിയിലെ സകല തന്ത്രങ്ങളും ഉപയോഗിച്ച് സമരത്തെ നേരിടുകയാണ്. രാജ്യതലസ്ഥാനത്തെ പതിനാറ് മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. ഇൻ്റർനെറ്റ് കണക്ടിവിറ്റി നിർത്തലാക്കി. കൂടുതൽ സി ആർ പി എഫുകാരെയും പൊലീസുകാരെയും  ജന്ദർ മന്തറിൽ വിന്യസിച്ചു. യുനിഫോമിലും അല്ലാതെയും അവർ അഴിഞ്ഞാടി. കൂട്ടത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി സമരം അക്രമാസക്തമാണെന്ന് വരുത്തിത്തീർക്കാൻ വാടകഗുണ്ടകളെയും സമരക്കാരുടെ ഇടയിലേക്ക് ഇറക്കി. സത്യത്തിൽ ഇതിലൊന്നും അത്ഭുതപ്പെടാനില്ല. നിലവിലെ ഭരണം നിയന്ത്രിക്കുന്ന പ്രമുഖരുടെ രാഷ്ട്രീയ ചരിത്രം ഒന്നെടുത്തു നോക്കിയാൽ മാത്രം മതി. അവർ കുത്സിത പ്രവർത്തനങ്ങളുടെ ആചാര്യന്മാരാണ്. അതിലൂടെ അധികാരം കൈക്കലാക്കിയവരും. ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു കൂട്ടം അധികാരമോഹികൾ. സ്ഥാനങ്ങൾ കൊണ്ട് ആരും മഹാന്മാരനല്ലെന്നു നമ്മുടെ  ജൻ സി പിള്ളേർക്ക് നന്നായറിയാം. ആ അറിവാണ് “ ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല “ എന്നു തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ബാനറുകളും മടികൂടാതെ ഉയർത്തിപ്പിടിക്കാൻ അവരെ പ്രേരിപ്പിച്ചത്. നിലവിലെ ജനാധിപത്യ സങ്കൽപ്പത്തെ അവർ അപ്പാടെ മാറ്റിമറിക്കുകയാണ്. 

മോദി ഭരണകൂടത്തിൻ്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടാണ് കോക്രോച്ച് പ്രക്ഷോഭം മുന്നോട്ടുനീങ്ങിയത്. ജൂലൈ 20ന് അവർ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് ഒരു ചരിത്ര സംഭവമായി. ആ ദിവസം ആധുനിക ഇന്ത്യയുടെ  ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ  ഇനിയങ്ങോട്ട് രേഖപ്പെടുത്തപ്പെടും
എൻ ഇ സുധീർ

ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയം വെറുമൊരു  ഇലക്ടറൽ ഡെമോക്രസിയായി ചുരുങ്ങിയിരിക്കുകയാണ്. വർഗീയ രാഷ്ട്രീയം പുതിയ നിയമനിർമാണങ്ങളിലൂടെ ജനാധിപത്യത്തെ ദിനംപ്രതി കൊന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ രാഷ്ടീയത്തെ ഇല്ലാതാക്കുന്നു. രാജ്യസ്നേഹികളായ ഇന്ത്യക്കാർ നിസ്സഹായരായി നോക്കിനിൽക്കുന്നു. പൊതുവിൽ നിരാശ പടർന്ന ഒരന്തരീക്ഷം. എൻ്റെയൊക്കെ തലമുറയ്ക്കു ജനാധിപത്യത്തിലുള്ള വിശ്വാസം അപ്പാടെ നഷ്ടപ്പെട്ടു പോകുന്ന ഒരവസ്ഥ. ചോദ്യം ചെയ്യാനും തിരുത്തിക്കാനും ശക്തിയുള്ള ആരുമില്ലാത്ത ഒരവസ്ഥ. എന്തിനേയും ഭയംകൊണ്ട് അടക്കിവാഴാമെന്ന ഒരു മൗഡ്യത്തിലാണ് ഭരണകൂടം. ആ സാഹചര്യത്തിലാണ്, ‘ഞങ്ങൾക്കു നിങ്ങളെ ഭയമില്ല' എന്ന ഉറച്ച പ്രസ്താവനയുമായി  യുവാക്കൾ രംഗത്തെത്തിയത്. അവർ പുതിയൊരു രാഷ്ട്രീയത്തിനു വിത്തുപാകുകയായിരുന്നു. ഇന്ത്യയിലെ ജെൻ സി തലമുറയുടെ രാഷ്ട്രീയ ബോധം മുൻതലറക്കാരെ ശരിക്കും ഞെട്ടിച്ചു. 

മോദി ഭരണകൂടത്തിൻ്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടാണ് കോക്രോച്ച് പ്രക്ഷോഭം മുന്നോട്ടുനീങ്ങിയത്. ജൂലൈ 20ന് അവർ പാർലമെൻ്റിലേക്ക് നടത്തിയ മാർച്ച് ഒരു ചരിത്ര സംഭവമായി. ആ ദിവസം ആധുനിക ഇന്ത്യയുടെ  ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ  ഇനിയങ്ങോട്ട് രേഖപ്പെടുത്തപ്പെടും. യഥാർത്ഥത്തിൽ മോദിയുടെയും കൂട്ടരുടെയും ഭരണപാടവം തുറന്നു കാട്ടപ്പെടുന്നതിനുള്ള ഒരവസരം ലഭിക്കുകയായിരുന്നു. ഭരണമെന്നാൽ  ‘വികസനമെന്ന് ' പൊതുവിൽ കൊട്ടിഘോഷിക്കപ്പെടുന്ന കുറേ കാര്യങ്ങൾ ചെയ്തുകൂട്ടലാണെന്ന മിഥ്യാധാരണ തകർക്കപ്പെടുകയായിരുന്നു.

ഇതെങ്ങനെ അവസാനിക്കും? ലോകം ഉറ്റുനോക്കുന്ന ചോദ്യമാണിത്. ഗാന്ധിയൻ മാർഗത്തിലൂടെ സമരം ചെയ്യുന്ന കുട്ടികൾക്കു ഗാന്ധിയെ കൊലചെയ്ത പ്രത്യയശാസ്ത്രത്തെ തോല്പിക്കാനാവുമോ? അതാണ് യഥാർത്ഥ ചോദ്യം
എൻ ഇ സുധീർ

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വകുപ്പു  മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർത്ഥികളുടെ  സമാധാനപരമായ  സമരത്തെ നേരിടാൻ പോലും അറിയാത്തവരാണ് ‘' രാഷ്ട്രീയ ചാണക്യന്മാർ’ എന്ന സ്വയം വിശേഷണവുമായി ഇന്ത്യയുടെ തലസ്ഥാനത്ത് അധികാരം കൈയാളുന്നതെന്ന് ലോകം തിരിച്ചറിയുകയായിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള അടിച്ചമർത്തൽ നയം മാത്രം പരിചയിച്ച അധികാരികൾ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിപ്പിലായി. ഒറ്റ രാത്രി കൊണ്ട് വിദ്യാർത്ഥി പ്രക്ഷോഭം രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. എല്ലായിടത്തും യുവജനങ്ങൾ തെരുവിലിറങ്ങി. വിദ്യാർത്ഥികൾ പുതിയ രാഷ്ട്രീയം സംസാരിച്ചു. പ്രതിരോധത്തിലൂടെയാണ് ജനാധിപത്യം നിലനിൽക്കേണ്ടത് എന്നവർ തിരിച്ചറിഞ്ഞു. മാനിപ്പുലേഷൻ്റെ തന്ത്രങ്ങൾ കൊണ്ട് മാത്രം അടിച്ചമർത്താവുന്ന ഒന്നല്ല യഥാർത്ഥ ജനാധിപത്യം എന്ന് മോദി - ഷാ ഭരണകൂടത്തിനെ ബോധ്യപ്പെടുത്തുകയായിരുന്നു ‘പാറ്റകൾ ' എന്ന്  നമ്മുടെ മുഖ്യ ന്യായാധിപൻ കളിയാക്കിയയുവാക്കൾ.  അതൊരു പകരം വീട്ടലായിരുന്നു. 

വിദ്യാഭ്യാസത്തോടുള്ള ഹിന്ദുത്വ സർക്കാരിൻ്റെ അലംഭാവമനോഭാവത്തിൽ അക്ഷമരായി കഴിഞ്ഞിരുന്ന  ഇന്ത്യയിലെ  വിദ്യാർത്ഥി സമൂഹത്തെ പെട്ടന്ന്  പ്രകോപിപ്പിച്ചത് നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയുമൊക്കെയാണെങ്കിലും അവരുടെ മനസ്സിലെ ജനാധിപത്യ ബോധവും മതേതര ബോധവും പുറത്തുവരികയായിരുന്നു. അതാണ് നമ്മളിപ്പോൾ തെരുവിൽ കാണുന്നത്. നശിച്ചുപോയ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ച് അവർക്ക് ആശങ്കയുണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജുഡിഷ്യറി, മാധ്യമങ്ങൾ,  തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയൊക്കെ ഭരണകൂട വിധേയമായി അധഃപതിക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു. ‘ഗോദി മീഡിയ‘ ക്കാരെ സമര സ്ഥലത്തേക്കു കടക്കാൻ പോലും വിദ്യാർത്ഥികൾ സമ്മതിച്ചില്ല. ശ്രമിച്ചവർ നാണം കെട്ട് സ്ഥലം വിടേണ്ടി വന്ന കാഴ്ചകൾ എത്ര ആശ്വാസകരമാണ്.

സമരക്കാരെ ക്രൂരമായി അക്രമിക്കുന്ന വീഡിയോകൾ കാണാൻ സമയമില്ലെന്നു പറഞ്ഞ നീതിപീഠത്തോട് ഞങ്ങളിതാ അവയെല്ലാം ജനങ്ങളെ കാണിച്ചു കൊള്ളാമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കുട്ടികൾ. സി ജെ പി അതിനായി ഒരു വെബ് സൈറ്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വൈകിയ വിവേകം എന്ന പോലെ സുപ്രീം കോടതിയും വിഷയത്തിൽ ഇടപെടാമെന്നു സമ്മതിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്കും വെളിപാട് വന്ന് വീഡിയോ സന്ദേശത്തിനു തയ്യാറായി. ഇന്നിപ്പോൾ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചിരിക്കുന്നു. തിരുത്തിക്കാൻ പറ്റുമെന്നു തെളിയിക്കുകയാണ് നമ്മുടെ കുട്ടികൾ. മോദിയും കൂട്ടരും ഭരിച്ചു ഭരിച്ചു കുളമാക്കിയ നമ്മുടെ സിസ്റ്റത്തെ അവർ പുതുക്കിപ്പണിയുക തന്നെ ചെയ്യും.

ഇതെങ്ങനെ അവസാനിക്കും? ഈ രാജിയിൽ തീരുമോ?

ലോകം ഉറ്റുനോക്കുന്ന ചോദ്യമാണിത്. ഗാന്ധിയൻ മാർഗത്തിലൂടെ സമരം ചെയ്യുന്ന കുട്ടികൾക്കു ഗാന്ധിയെ കൊലചെയ്ത പ്രത്യയശാസ്ത്രത്തെ തോല്പിക്കാനാവുമോ? അതാണ് യഥാർത്ഥ ചോദ്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തെ ഇങ്ങനെ തെരുവിൽ നിർത്തേണ്ടി വന്നത് ഞങ്ങളുടെ തലമുറയുടെ പരാജയമാണ്. ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ, ജനാധിപത്യത്തെ നിങ്ങൾക്കായി കാത്തുസൂക്ഷിക്കുവാൻ ഞങ്ങളുടെ തലമുറയ്ക്കായില്ല. ഏറെ കുറ്റബോധത്തോടെ ഞങ്ങൾ നിങ്ങളിൽ വലിയൊരുത്തരവാദിത്തം ഏല്പിക്കുകയാണ്. ഇന്ത്യയെ വീണ്ടെടുക്കൽ. ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ഇന്ത്യ വർഗീയ ഫാസിസത്തിൻ കീഴിൽ പിടഞ്ഞു മരിക്കുന്നതിന് കാഴ്ചക്കാരായി നോക്കി നിൽക്കാനേ നിലവിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് കഴിയുന്നുള്ളു. അവർക്ക്  പുതിയ വഴി കാണിച്ചു കൊടുക്കുകയാണ് പാറ്റകൾ ചെയ്തത്. അങ്ങേയറ്റം മുറിവേറ്റ രാജ്യത്തെ രക്ഷിക്കുവാനുള്ള ശ്രമം. ഇത് ആധുനിക മനുഷ്യരുടെ രാജ്യമാണ് എന്നാണ് തെരുവിലെ മുദ്രാവാക്യങ്ങൾ ഘോഷിക്കുന്നത്.

തണുത്തുറഞ്ഞു പോയതെന്നു നമ്മൾ തെറ്റിദ്ധരിച്ച യുവതയുടെ രാഷ്ട്രീയം നരേന്ദ്ര മോദിയെയും അമിത് ഷായെയും ഞെട്ടിച്ചിരിക്കുന്നു. അവർ അക്ഷരാർത്ഥത്തിൽ വിറച്ചുപോയി. അവർക്ക് പരിചിതമില്ലാത്ത ഒരു രാഷ്ടീയം അവരെ ഭയപ്പെടുത്തുന്ന കാഴ്ച. അതിൻ്റെ ആനന്ദത്തിലാണ് എൻ്റെ തലമുറ. അതാണ് ഇന്നത്തെക്കാലത്തിൻ്റെ രാഷ്ട്രീയം. അതേറ്റെടുക്കാൻ ഇന്ത്യയിലെ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാവണം.ഭയപ്പെടുത്തി ഭരിച്ചവരെ ഭയപ്പെടുത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിരിക്കുന്നു. അവരോടൊപ്പം നിന്ന് നമുക്ക് നമ്മുടെ രാജ്യത്തെ വീണ്ടെടുക്കാം. ഇതൊരു തുടക്കം മാത്രം. നമ്മുടെ പാറ്റകൾ ഇനിയും വിറപ്പിച്ചു കൊണ്ടിരിക്കും. കസേരകൾ പലതും തെറിക്കും.

വാൽകഷ്ണം:

ചീഫ് ജസ്റ്റിസ്സ് സൂര്യകാന്തിനു നന്ദി. ആക്ഷേപത്തിലൂടെ പാറ്റകൾക്ക് ജീവൻ നൽകിയതിന്.

N.E. Sudheer’s article explores the rise of a youth-led democratic movement in India following protests linked to the NEET examination controversy. The article highlights how Generation Z has challenged the prevailing political environment by raising concerns about accountability, institutional independence, education, and democratic values. The author presents the student movement as a symbol of renewed political awareness and a fresh wave of energy within Indian democracy.

The article argues that the government’s response to the protests reveals growing tensions between state authority and public dissent. It portrays young protesters as advocates of democratic principles who are demanding transparency, justice, and a more inclusive political system. Sudheer concludes that the responsibility for protecting and revitalizing democratic values increasingly lies with the younger generation and their commitment to social and political transformation.