ഭക്ഷണത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും സവിശേഷവും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെട്ടതുമായ കൃതികളിലൊന്നാണ് ഹാജി മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദിന്റെ 'ഭക്ഷണം' (1952). സാഹിത്യകാരനായ പുത്തേഴത്ത് രാമമേനോന്റെ അവതാരികയോടെ പുറത്തിറങ്ങിയ ഈ ഗ്രന്ഥം വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും: ഭക്ഷ്യസുരക്ഷ, ജൈവ പോഷകാഹാരം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ സൗഹാര്‍ദ്ദം തുടങ്ങി ഇന്ന് നാം ചര്‍ച്ച ചെയ്യുന്ന എല്ലാ ആധുനിക ഭക്ഷണവിഷയങ്ങളും ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ പുസ്തകം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഒരു കാലഘട്ടത്തിന്റെ ഭക്ഷണപ്രതിസന്ധികളെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും മുന്‍നിര്‍ത്തി, മലയാളത്തിന്റെ ചിന്താലോകത്തേക്ക് കടന്നുവന്ന ഈ ഗ്രന്ഥം, കേരളത്തിലിന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 'ഫുഡ് സ്റ്റഡീസ്' (Food Studies) അഥവാ ഭക്ഷണ വിജ്ഞാനീയ ശാഖയ്ക്ക് ദാര്‍ശനികവും ശാസ്ത്രീയവുമായ അടിത്തറയിട്ട അപൂര്‍വ്വങ്ങളായ കൃതികളിലൊന്നാണെന്ന് എത്രപേര്‍ അംഗീകരിച്ചിട്ടുണ്ട്?
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ ഗ്രന്ഥം രചിക്കപ്പെട്ടത് ഗ്രന്ഥകാരന് സുഖക്കേട് നിമിത്തം ഒരു കാല് ആംപ്യൂട്ട് ചെയ്ത് വിശ്രമിക്കുന്ന സമയത്താണ് എന്നതാണ്. 1935-ല്‍ 10 മാസക്കാലം തൃശ്ശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ കുറ്റവാളിയായി കഴിഞ്ഞ ചരിത്രവും രചയിതാവിനുണ്ട്. അതാകട്ടെ ബ്രിട്ടീഷ് രാജവാഴ്ചയെക്കുറിച്ച് ഒരു കത്തെഴുതിയതിന്റെ പേരിലാണ്. ജയിലില്‍ മത്തായി മാഞ്ഞുരാനോടൊപ്പം ഒരു മാതൃകാ കൃഷിത്തോട്ടം ആരംഭിച്ച അനുഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അതായത്, അദ്ദേഹത്തിന്റെ ഭക്ഷണവിജ്ഞാനം പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല, സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഉടലെടുത്തത്.
ബര്‍മ്മ (മ്യാന്മാര്) യില്‍ നിന്നുള്ള അരി ഇറക്കുമതി നിലയ്ക്കുമെന്ന ഭീതി തോന്നിത്തുടങ്ങിയ കാലത്താണ് അദ്ദേഹം ഈ മേഖലയിലേക്ക് ശ്രദ്ധ ചെലുത്തിയത്. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് 1921 ഏപ്രില്‍ 11-ന് ഇഹലോകവാസം വെടിഞ്ഞ തന്റെ വന്ദ്യപിതാവിന്റെ സ്മരണയ്ക്കായാണ്. മതത്തിന്റെ വിശാലതയെ മനസ്സിലാക്കിയ യഥാര്‍ത്ഥ ദൈവവിശ്വാസി എന്നാണ് പുത്തേഴത്ത് രാമമേനോന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ഭക്ഷണാവശ്യം, ഭക്ഷിക്കേണ്ടത് എന്ത്, പാനീയങ്ങള്‍, പാചകം, ഭക്ഷ്യവ്യവസ്ഥ, അമിതഭക്ഷണം തുടങ്ങി 20 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഭക്ഷണം ശാരീരികം, മാനസികം, അദ്ധ്യാത്മികം, സാമുദായികം, രാഷ്ട്രീയം എന്നീ വ്യവഹാരങ്ങളിലൂടെ എങ്ങനെ പ്രസക്തി നേടുന്നു എന്നതാണ് ഗ്രന്ഥകാരന് ചര്‍ച്ച ചെയ്യുന്നത്. കേവലം ഭക്ഷണ ഉപദേശമല്ല, ബഹുതലങ്ങളില്‍ ഭക്ഷണാവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അവതാരികയില്‍ രാമന്മേനോന് കുറിക്കുന്നു: 'തീറ്റയുടെ കാര്യത്തില്‍ തോറ്റമ്പിയവര്ക്ക് പല പുതിയ തോറ്റങ്ങളും ഈ ഗ്രന്ഥത്തില്‍ നിന്ന് ഗ്രഹിക്കുവാനും, ഇല്ലായ്മയെ ഓണം ആക്കി മാറ്റുവാനും സാധിക്കുന്നതായിരിക്കും.' ശീമ (ഇംഗ്ലണ്ട്)യിലെ പുസ്തകത്തിലോ അമേരിക്കയിലെ പത്രത്തിലോ കണ്ടതൊന്നുമല്ല ഇതില്‍ ഉള്ളത്-സ്വന്തം അനുഭവത്തില്‍ അറിഞ്ഞതും ആര്‍ക്കും ആചരിച്ച് അനുഭവപ്പെടുത്താവുന്നതുമായ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പുസ്തകത്തിന്റെ ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളിലൊന്ന് അരിയോടുള്ള മലയാളികളുടെ അമിതാസക്തിയെക്കുറിച്ചാണ്. തവിട്ടുകളഞ്ഞ് വെളുപ്പിച്ച അരിയോടുള്ള അനാവശ്യ പ്രിയത്തെ പുസ്തകം രൂക്ഷമായി വിമര്‍ശിക്കുന്നു. നെല്ലിന്റെ ജീവാംശവും പോഷകങ്ങളും അടങ്ങിയ തവിട് കുത്തിക്കളഞ്ഞ് കാലികള്‍ക്ക് നല്‍കുകയും വെറും അന്നജം മാത്രം അടങ്ങിയ ചവറുകള്‍ മനുഷ്യന് ഭക്ഷിക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും അതിജീവിക്കാന്‍ ചെറുധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു.
ഗോതമ്പ്, ബാര്‍ലി, ചാമ, തിന, ബജറ, മുത്താറി എന്നിവയും, കൊള്ളിക്കിഴങ്ങ് (കപ്പ), ചേന, മധുരക്കിഴങ്ങ്, ചേമ്പ് എന്നിവയും പോഷകസമ്പന്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവ് തരുന്ന കപ്പ കൃഷി വ്യാപിപ്പിക്കുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പാചകത്തെ കേവലം അടുക്കളജോലിയായല്ല, ഒരു ചിത്രകാരന്റെയോ ശില്പിയുടെയോ പണിപോലെ വിശിഷ്ടമായ ഒരു 'കല'യായിട്ടാണ് പുസ്തകം കാണുന്നത്. 'നല്ലവന്‍ വിളമ്പണം' എന്ന പഴഞ്ചൊല്ലിനെ തിരുത്തിക്കൊണ്ട് നല്ലവന്‍ തന്നെ വെച്ചുണ്ടാക്കി വിളമ്പുമ്പോഴാണ് അതില്‍ പ്രീതിയും ഗുണവുമുണ്ടാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, താല്പര്യമുള്ള ആണ്‍കുട്ടികള്‍ക്കും പാചകം നിര്‍ബന്ധിത വിഷയമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും പട്ടിണി മാറ്റുന്നതിനും കൃഷിയാണ് അടിത്തറയെന്ന് പുസ്തകം ഊന്നിപ്പറയുന്നു. കര്ഷകന് സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ രാജ്യത്തിന് സ്വതന്ത്രമായി മുമ്പോട്ടുപോകാന്‍ സാധിക്കൂ. കൊച്ചിയിലെ ടി.ഐ എസ്റ്റേറ്റിലെ 2000-ല്‍ പരം ഏക്കര്‍ തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റിയ ശ്രമങ്ങളെ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാണിക്കുന്നു. കൂട്ടുകൃഷി രീതികള്‍ പ്രയോജനപ്പെടുത്തി ഭൂമി കൂടുതല്‍ ഫലഭൂയിഷ്ഠമാക്കാനും യന്ത്രവല്‍ക്കൃത കൃഷിരീതികള്‍ നടപ്പാക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി നവീന രീതിയിലുള്ള മത്സ്യം വളര്‍ത്തല്‍ വ്യാപിപ്പിക്കണമെന്നും പുസ്തകം ആവശ്യപ്പെടുന്നു. കരിമീന്‍, ബ്രാല്, കാളാഞ്ചി, കട്ടല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങള്‍ വളര്‍ത്തുന്നത് വ്യാവസായികമായും പോഷകാഹാരപരമായും ആദായകരമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
മതപരമോ രാഷ്ട്രീയമോ ആയ ഭിന്നതകള്‍ വളര്‍ത്താന്‍ ഭക്ഷണശീലങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള കടുത്ത വിമര്‍ശനമാണ് പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ സമുദായങ്ങള്‍ പരസ്പര ബഹുമാനത്തോടും സഹവര്‍ത്തിത്വത്തോടും കഴിയേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഗോവധവാദങ്ങളിലും മറ്റും ഇടുങ്ങിയ വര്‍ഗീയ മനോഭാവങ്ങള്‍ പുലര്‍ത്താതെ കര്‍ഷകരുടെ സാമ്പത്തിക വശങ്ങളും പശുക്കളുടെ സംരക്ഷണവും ഒരുപോലെ പരിഗണിക്കുന്ന പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
ദേശീയവാദവും വര്‍ഗീയവാദവും ധാര്‍മിക ദൃഷ്ട്യാ നിഷിദ്ധങ്ങളാണെന്നും മനുഷ്യരാശിയെ ദേശത്തിലും വര്‍ഗ്ഗത്തിലും ഇട്ട് കുടുക്കി വികൃതമാക്കുന്നത് വിശാലാശയന്മാരെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം എഴുതുന്നു. കേരളീയമായ രുചിവൈഭവത്തിന്റെ മഹിമയും അധിനിവേശ രുചിയുടെ കടന്നുവരവ് തിരിച്ചറിഞ്ഞുമാണ് അദ്ദേഹം എഴുതുന്നത്. 'ജീവിക്കാന്‍ വേണ്ടിയേ ഭക്ഷിക്കാവൂ, ഭക്ഷിക്കാനായി ജീവിക്കരുത്' എന്ന ആഹ്വാനം ശക്തമായി മുമ്പോട്ടുവെക്കുന്ന അദ്ദേഹം, അമിതഭക്ഷണം വ്യാധിക്കും ആമാശയ തകരാറുകള്‍ക്കും കാരണമാകുമെന്നും വാണിജ്യപരസ്യങ്ങളുടെ വ്യാമോഹങ്ങളില്പ്പെടാതെ മിതത്വവും വിവേകവും പാലിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.
ഒരു കാല് നഷ്ടപ്പെട്ട ശരീരത്തില്‍, രാഷ്ട്രീയ തടവുകാരനായി ജയില്‍ജീവിതം അനുഭവിച്ച, സ്വന്തം അനുഭവങ്ങളും പരീക്ഷണങ്ങളും മാത്രം ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ച ഒരു മനുഷ്യന് 'ഹാജി മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ്', മലയാളത്തിന്റെ ഭക്ഷണചിന്തയുടെ ആദ്യകാല പ്രാണേതാക്കളില് ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പേരാണ്. അധികമാരും ശ്രദ്ധിക്കാതെപോയ ഈ കൃതി വീണ്ടെടുക്കേണ്ടതും പഠിക്കപ്പെടേണ്ടതുമാണ്. കാരണം അതില്‍ ഇന്നും നമുക്ക് ആവശ്യമായ പാഠങ്ങളുണ്ട്. ഭക്ഷണത്തെ ബഹുമാനിക്കുക, അതിന്റെ രാഷ്ട്രീയം തിരിച്ചറിയുക, സാമുദായിക സൗഹാര്‍ദ്ദത്തോടെ ജീവിക്കുക, പരമ്പരാഗത ഭക്ഷണത്തിലേക്ക് മടങ്ങുക, സ്ത്രീ-പുരുഷ സമത്വം പാചകരംഗത്ത് സ്ഥാപിക്കുക എന്നിവയാണവ.
Haji Manappattu P. Kunhumuhammed’s Bhakshanam (Food), published in 1952 with a foreword by literary figure Puth ezhathu Rama Menon, is one of the most distinctive yet overlooked works on food and nutrition in Malayalam literature. Written nearly seven decades ago, the book explored themes that remain central to contemporary discussions, including food security, nutritional awareness, sustainable agriculture, gender equality, food politics and social harmony. Drawing from his personal experiences, including political imprisonment in 1935 and his involvement in agricultural activities, Kunhumuhammed presented food as more than a basic human necessity. The book, comprising 20 chapters, examines food through physical, mental, spiritual, social and political perspectives.